Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയഞ്ചാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയഞ്ചാം ഭാഗം

ജീ മലയിൽ

മാഷ് ആ കത്ത് ഒന്നു കൂടി വായിച്ചു. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്തവനെപ്പോലെ പലയാവൃത്തി.

''എന്താ മാഷേ, ഇത്രയധികം വായിക്കാൻ. അധികമൊന്നും ആലോചിക്കണ്ടാ. തക്ക ഒരു മറുപടി അങ്ങു കാച്ചിയേക്കണം.'' കുര്യൻ പറഞ്ഞു.

മാഷിനു ദുഃഖം അടക്കാൻ കഴിഞ്ഞില്ല.മാഷ് പറഞ്ഞു. ''ന്നാലും അ തള്ളച്ചി തുപോലൊരു കത്ത് നിക്കയച്ചല്ലൊ.''

മാഷിന്റെ സ്വരം വിറയാർന്നിരുന്നു. നയനങ്ങൾ തുളുമ്പിയിരുന്നു. അടക്കാനാവാത്ത ദുഃഖം മുഖത്ത് മുറ്റി നിന്നിരുന്നു.

എന്താണു ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയുമില്ലാത്തവനെപ്പോലെമാഷ് ചിന്താമഗ്നനായി.

''അതൊന്നും അത്ര കാര്യമാക്കണ്ടാ മാഷേ.''സ്റ്റീഫനുംമാഷിനെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു.

ആയിടയ്ക്കാണ് മാഷിന്റെ ഉറ്റ സ്‌നേഹിതനായ എഞ്ചിനീയറിങ് വിദ്യാർത്ഥി മത്തായി അവന്റെ നാട്ടിൽ വച്ചു പുഴയിൽ വീണു മരിച്ചത്.

മത്തായിയുടെ നിനച്ചിരിക്കാത്ത സമയത്തുണ്ടായഅപകടമരണം മാഷിൽ ദുഃഖത്തിന്റെ അഗ്നി സ്ഫുരണങ്ങൾ വിതറി. ഒരു മാസം കഷ്ടിച്ചാകുന്നു, ആ ഉറ്റസുഹൃത്ത് ഈ ലോകത്തോടു വിട പറഞ്ഞിട്ട്.

നീന്തൽ വിദഗ്ധൻ കൂടിയായിരുന്ന മത്തായി വെള്ളത്തിൽ വീണു മുങ്ങി മരിച്ചത് എങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും മാഷിനു മനസ്സിലായില്ല. ബോധം നശിക്കുന്നതുവരെ അവൻ കഞ്ചാവു വലിക്കാറുണ്ടായിരുന്നു.

മരണത്തിനു മുമ്പ് നാട്ടിലേക്കു പോയപ്പോൾ മാഷാണ് മൂന്നു കഞ്ചാവുപൊതികൾ അവനു കൊടുത്തുവിട്ടത്.അതു വലിച്ചു ബോധമില്ലാതെ വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിത്താണതാവുമോ? അങ്ങനെയുണ്ടായ അപകടം മൂലമാവുമോ അവൻ മരിച്ചത്?അപ്രകാരമുള്ള ചിന്തകൾ മാഷിന്റെ മനസ്സിലൂടെ കടന്നു പോകുകപതിവായപ്പോൾ അവ മാഷിനെ വല്ലാതെ അലട്ടുകയും വേട്ടയാടുകയും ചെയ്തു കൊണ്ടിരുന്നു.

മത്തായി തട്ടി വിടാറുള്ള അഭിപ്രായങ്ങളൊക്കെ തന്റെ അഭിപ്രായങ്ങളുമായി വളരെ പൊരുത്തമുള്ളവയായി പലപ്പോഴും മാഷിനു തോന്നാറുണ്ടായിരുന്നു. അതിനാൽ മത്തായിയോടു സംസാരിക്കാൻ മാഷിനു പ്രത്യേക ഉത്സാഹമായിരുന്നു.

ജീവിതം വെറും മായയാണെന്ന് ഉറക്കെപ്പറയാറുള്ള മത്തായിയുടെ വ്യക്തിത്വം ആർക്കും അളക്കാൻ പറ്റാത്തതായിരുന്നു. കുടുബബന്ധങ്ങളും മാതൃപിതൃപുത്ര ബന്ധങ്ങളുമെല്ലാം സ്വാർത്ഥതയുടെ ചിഹ്നങ്ങളാണെന്നു കൊട്ടിഗ്‌ഘോഷിച്ചു നടന്ന മത്തായി ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത കണ്ണിയായിരുന്നു. അജ്ഞതയുടെ കൂമ്പാരത്തിൽ മറ്റുള്ളവരെ തള്ളിയിട്ട്അജ്ഞാത ലോകത്തിലേക്ക് ഒഴിഞ്ഞു മാറി നടന്നു, മത്തായി. ജീവിതം സുഖിക്കാനുള്ളതാണ്, അതു സുഖിച്ചു തന്നെ തീർക്കണം, കഴിവു കിടക്കുന്ന കാലത്തോളം എന്ന് എപ്പോഴും മന്ത്രിച്ചുകൊണ്ട്, മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ സുഖഭോഗങ്ങളും ആവോളം ആസ്വദിച്ചു നടന്ന മത്തായി ഇപ്പോൾ വെറും സ്വപ്നമായി തീർന്നിരിക്കുന്നു.

മത്തായിയുടെ മരണ ശേഷം അവന്റെ കിടക്കയും പെട്ടിയും മറ്റു സാധനങ്ങളും മാഷും കുര്യനും കൂടിമത്തായിയുടെ വീട്ടിൽ എത്തിച്ചിരുന്നു.മകന്റെ മരണം സൃഷ്ടിച്ച മുറിപ്പാടുകൾ ഉണങ്ങാതിരുന്നതിനാലാവാം, അന്ന് അവന്റെ അമ്മ ആതിഥ്യ മര്യാദയോ സ്‌നേഹ നന്ദി പ്രകടനങ്ങളോ ഒന്നും കാട്ടാതിരുന്നത് എന്നു മാഷ് ചിന്തിച്ചു.

'ഇപ്പോ മനസ്സിലാക്ണു, ആ മുഖത്ത് അന്നു നിഴലിച്ചിരണത് എന്നോടുള്ള വെറുപ്പായിരുന്നുന്ന്. ഇതാ ഈ കത്തിൽ ആ വെറുപ്പു മുഴുവൻ എഴുതിക്കൊള്ളിച്ച് എന്റെ നേരെ അയച്ചിരിക്ക്ണു. ഒരു കൊല്ലം മുമ്പു മത്തായിയുടെ വീട്ടിൽ ചെന്നപ്പോ ആ അമ്മയ്ക്ക് എത്ര സ്‌നേഹമായിര്ന്നു എന്നോട്. അന്ന് ആ അമ്മ പറഞ്ഞ വാക്കുകൾ ഓളങ്ങളായി തലച്ചോറിൽ ഒഴുകാറുണ്ട്. ഉപദേശം,അപേക്ഷ, ശാസന എല്ലാമെല്ലാം ഉൾക്കൊണ്ടിര്ന്നു ആ വാക്കുകളിൽ. ഈ കത്തിലൊ? അതിനു പകരം വെറുപ്പു നിറഞ്ഞ വാക്കുകൾ. ഈ കത്ത് ന്നെ നോക്കി പല്ലിളിക്കുന്നൊ?'

മാഷ് ആ കത്ത്ഒന്നുകൂടി വായിക്കാൻ ശ്രമിച്ചു. കത്തിലെ ചെലവാചകങ്ങളിൽ ദൃഷ്ടികൾ തറഞ്ഞു നിന്നു.

'എന്റെ മൂത്ത മകനെ നിങ്ങൾ എല്ലാവരും കൂടി നശിപ്പിച്ച് ഇല്ലാതാക്കി. എന്റെ ഭർത്താവു മരിച്ചിട്ടും അല്ലലോ ദുഃഖമോ അറിയിക്കാതാണ് ഞാനവനെ വളർത്തിയത്.നിങ്ങളുടെ നശിക്കപ്പെട്ട വർഗ്ഗത്തിന്റെ കൂട്ടുകെട്ടിൽ അവൻ നാശത്തിലേക്കു നീങ്ങുന്നതായി എനിക്കറിയാമായിരുന്നു. ഞാൻ അവനെ വളരെ ദിനങ്ങൾ ഉപദേശിച്ചു നോക്കിയിട്ടുണ്ട്. ഞാനവനയച്ച കത്തുകളിൽ മുഴുവനും എന്റെ കണ്ണുനീരിന്റെ വടുക്കൾ കാണാമായിരുന്നു. പക്ഷേ അവനുഅതൊന്നും പ്രശ്‌നമായിരുന്നില്ല എന്ന് എനിക്കു നല്ലതു പോലെമനസ്സിലായിരുന്നു. ഞാൻ പറയുന്നതൊക്കെ അവനു പുല്ലായിരുന്നു. നിങ്ങൾ നയിച്ച വഴിയായിരുന്നു അവന്റെ സ്വർഗ്ഗം. ആ സ്വർഗ്ഗം അവനെ കുഴിച്ചു മൂടിയിരിക്കുന്നു. എന്റെ കുടുംബത്തിലെ വിളക്കു നിങ്ങൾ അണച്ചു കളഞ്ഞിരിക്കുന്നു.

അവൻ ഇവിടെ പഠിക്കുന്ന കാലം എത്ര മര്യാദയോടും അനുസരണയോടും കൂടി വളർന്നവനായിരുന്നു. നിങ്ങൾ ഒരിക്കൽ ഇവിടെ വന്നത് ഓർമ്മയുണ്ടാകുമല്ലോ? അന്ന് നിങ്ങളെ കണ്ടപ്പോൾത്തന്നെ എനിക്കു തോന്നിയിരുന്നു, എന്റെ മകനെ നിങ്ങൾ നശിപ്പിക്കുമെന്ന്.അത്ര ദുഷ്ടത നിറഞ്ഞതായിരുന്നു, നിങ്ങളുടെ മുഖം. അതു സംഭവിക്കാതിരിക്കാൻ ഞാൻ നിങ്ങളെ അന്നു ഒരുപാട് ഉപദേശിച്ചെന്നാണ് ഓർമ്മ.

അവന്റെ സാധനങ്ങളെങ്കിലും കൊണ്ടുവന്നു തരാൻ സ•നസ്സു തോന്നിയതിന് നന്ദി പറയണമല്ലോ? പക്ഷേ മൂന്നു പവനുള്ള അവന്റെ മാലയും ഒരു പവനുള്ള മോതിരവും വാച്ചും എവിടെ? ഒന്നുകിൽ നിങ്ങൾ എടുത്തു. അല്ലെങ്കിൽ എന്റെ മകൻ നശിച്ചു കൊണ്ടിരിക്കുമ്പോൾ അവ നിങ്ങളെല്ലാവരും കൂടി കുടിച്ചു മുടിച്ചു. മരണത്തിനു രണ്ടാഴ്ച മുമ്പ് അവൻ ഇവിടെ വന്നപ്പോഴും അവന്റെ ദേഹത്ത് ഇവയെല്ലാം ഉണ്ടായിരുന്നു. പിന്നെ അവ എവിടെപ്പോയി? നിങ്ങൾ ഒതുക്കിക്കളഞ്ഞു. അല്ലേ? അവസാനം വന്നപ്പോൾ അവയെപ്പറ്റി ഞാൻ ചോദിച്ചതിനൊന്നും അവൻ ശരിയായ മറുപടി തന്നില്ല. ആ സാധനങ്ങൾ പോയാലും എനിക്കൊന്നുമില്ല. എന്റെ മകനെത്തന്നെ ഇല്ലാതാക്കിയില്ലേ?അവനേക്കാൾ വലുതല്ലല്ലോ അവ? ഇനിയെങ്കിലും മറ്റുള്ള അമ്മമാരുടെ അരുമ മക്കളെ നിങ്ങൾ നശിപ്പിക്കരുതേ എന്നു മാത്രമേ എനിക്കു കേണപേക്ഷിക്കാനുള്ളു.'

ആ വാചകങ്ങളിൽ ദൃഷ്ടികൾ ഉടക്കി നിന്നപ്പോൾ മാഷിന്റെ ദുഃഖം അണപൊട്ടിരണ്ടു ചാലുകളായി കവിളുകളിൽക്കൂടിഒഴുകി. വിങ്ങിപ്പൊട്ടാതിരിക്കാൻ നന്നേ ശ്രമിച്ചു.

മാഷ്‌സ്വയം ചോദിച്ചു.''ആരണ് മത്തായിയെ കൊന്നത്? നശിപ്പിച്ചത്? ഞാനൊ?അതൊ,വൻതന്നെ നശിക്കുവാര്‌ന്നൊ? ഞാൻ നശിച്ചിട്ടുണ്ടെന്ന് സമ്മതിക്കാം. പക്ഷേ മറ്റുള്ളരെ നശിപ്പിക്കാൻ കൂട്ടു നിന്നിട്ടുണ്ടൊ? മത്തായി എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്, അവന്റെ അപ്പനുള്ളപ്പോൾ അസ്വാതന്ത്ര്യത്തിന്റെ ഇടുങ്ങിയ മുറികളിൽ ബന്ധിക്കപ്പെട്ടവാനായിരുന്നു താനെന്ന്. നിന്നു തിരിഞ്ഞാൽ പോലും ശകാര വർഷം പതിയുമായിരുന്നെന്ന്. അപ്പൻ മരിച്ചു കഴിഞ്ഞപ്പോഴും അമ്മ അവനെ അടക്കി നിർത്താൻ ശ്രമിച്ചു.

നാടും വീടും വിട്ട്ബന്ധുക്കൾ ആരോരും ഇല്ലാത്ത സ്ഥലത്തു താമസം തുടങ്ങിയപ്പോൾ താൻ അനുഭവിച്ച സ്വാതന്ത്ര്യം അവൻഅമിതമായി ആസ്വദിച്ചു. അരുതെന്ന് മാതാപിതാക്കൾ മുമ്പ് കർശനമായി വിലക്കിയവയെല്ലാം നിർല്ലോഭം അനുഭവിച്ചു. അത് അവനെ നാശത്തിലെക്കുനയിച്ചെങ്കിൽ അതിനുള്ള കാരണക്കാർ ആരണ്? വീട്ടിലെഅമിതമായ ബന്ധനവും ശാസനയുംഅസ്വാതന്ത്ര്യവുമായിരുന്നില്ലെ അവനെ നാശത്തിൽഎത്തിച്ചത്?''

മാഷ് വളരെ നേരം ചിന്താധീനനായിരുന്നു. കുര്യനും സ്റ്റീഫനും മാഷിനെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.

''ടേക്ക് ഇറ്റ് ഈസി. വട്ടുപിടിച്ച തള്ളമാർ ഇതല്ല, ഇതിനപ്പുറോം എഴുതും. അതൊക്കെ കാര്യമാക്കിയാൽ നമ്മക്ക് ജീവിക്കാൻ പറ്റുമോ?'' കുര്യൻ ഉദീരണം ചെയ്തു.

''ശരിയാണെന്നേ.'' സ്റ്റീഫനും പറഞ്ഞു.

മാഷിന്റെ തൊണ്ട വിറച്ചു. '' എല്ലാം സഹിക്കാര്ണു. അവന്റെ മാലയും മറ്റും നമ്മൾ ഒതുക്കിയെന്ന് എഴുതിയെ എങ്ങനെ സഹിക്കും? അവർ ഇത്ര നികൃഷ്ടജീവിയായിപ്പോയല്ലോ.''

മാഷിന്റെ കണ്ണീർ കണങ്ങൾ തറയിൽ വീണു ചിതറി.

''അതിനു തക്ക ഒരു മറുപടിയങ്ങ് വിട്ടേച്ചാൽ മതി. അവർ മേലിൽ ആർക്കും ഇതു പോലെ എഴുതില്ല,'' കുര്യൻ വീണ്ടും ഓർമ്മിപ്പിച്ചു.

മാഷ് ചിന്തിച്ചു. 'എഴുതണോ? ക്ഷമിക്കാവുന്നതല്ലേള്ളൂ. തീർച്ചയായുംഅല്ല. കള്ളനും കൊലപാതകിയും ആക്കിയെങ്ങനെ സഹിച്ചിരിക്കും? ഇതിന് മറുപടി എഴ്തണം.'

മാഷ് പേനയും കടലാസും മുമ്പിൽ വച്ചു ആലോചിച്ചു. 'എന്തെഴുത്ണം?'

പേന കയ്യിലെടുത്തു തുറന്നു പിടിച്ചു. എഴുതാൻ വാക്കുകൾക്കുവേണ്ടി പരതി നടന്നു. കടലാസിൽ ഒന്നും എഴുതാൻ കഴിയാതെ വളരെ നേരം ഇരുന്നു. ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം സന്ധ്യയ്ക്ക് എഴുതാമെന്നു ചിന്തിച്ചുറച്ച് വീണ്ടും എഴുതേണ്ടതെന്തെന്നു ആലോചിച്ചു തുടങ്ങി. രാത്രിയുടെ നിശ്ശബ്ദതയിൽ മാഷ് കത്തെഴുതി.

'മത്തായിയുടെ പ്രിയപ്പെട്ട പ്രിയമുള്ള അമ്മയ്ക്ക്.

അവിവേകമായോ അനാവശ്യമായോ എന്തെങ്കിലും എഴുതിയാൽ സാദരം ക്ഷമിക്കണമെന്ന് ആദ്യമേ അപേക്ഷിക്കുന്നു.

അർത്ഥമില്ലാത്ത ആരോപണങ്ങൾ എഴുതി വിട്ടതു നിഷേധിക്കാതെയിരുന്നാൽ ഞാൻ കുറ്റക്കാരനായി നിങ്ങൾ ചിന്തിക്കുമല്ലോ എന്നു ഭയപ്പെടുന്നു. അതിനാൽ എഴുതാൻ നിർബന്ധിതനാവുകയാണ്.

ആദ്യമേ എഴുതട്ടെ.നിങ്ങളുടെ മൂത്ത മകനെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഞാൻ കൂട്ടു നിന്നിട്ടില്ല.വീട്ടിലെ അമിതമായ പാരതന്ത്ര്യം അവനെ അലട്ടിയിട്ടുണ്ട് എന്ന് അവൻ തന്നെ എത്രയോ പ്രാവശ്യം ഞങ്ങളോട് ഉരുവിട്ടിട്ടുണ്ട്. ആ അസ്വാതന്ത്ര്യത്തിൽ നിന്നും മോചനം കിട്ടിയെന്നു ധരിച്ച് ഇവിടെ ഒറ്റക്കു കഴിയുമ്പോൾ അമിതമായി പലതിലും വഴുതി വീണ് സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്തതിൽ ഞാനോ ഇവിടുത്തെ മറ്റു കൂട്ടുകാരോ എങ്ങനെ കുറ്റക്കാർ ആവും? അടിമയെപ്പോലെ വീട്ടിൽ വളർന്ന അവൻഇവിടെ യജമാനനെപ്പോലെപെരുമാറിയതിൽ അത്ഭുതപ്പെടാനുണ്ടോ?

ഒന്നു ചോദിച്ചു കൊള്ളട്ടെ. നിങ്ങളുടെ രണ്ടാമത്തെ മകൻ അവിടെ അമ്മയുടെ കൂടെ താമസിച്ചിട്ടും കൊളേജിൽ കുറുവടിയും പാലാക്കത്തിയുമായി നടക്കുന്നതും തല്ലു കേസുകൾ ഉണ്ടാക്കുന്നതും എന്തു കൊണ്ടാണ്? അതിനും കുറ്റക്കാർ ഞങ്ങളാണെന്നു പറയില്ലല്ലോ? ഇതൊക്കെ വളർന്ന സാഹചര്യത്തിന്റെയോ വളർത്തിയ രീതിയുടേയോ ദോഷഫലം കൊണ്ടാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലാകുമല്ലോ?

സ്വന്തം കുട്ടികളാണെന്നു കരുതി അവരെ അടിമകളായി കരുതാതെ ആവശ്യത്തിനു സ്വാതന്ത്ര്യം നല്കിയാൽ, മാതാപിതാക്കളിൽ നിന്നും അകലെയായിരിക്കുമ്പോഴുംഅവർ കിട്ടിയ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യില്ല. അവർക്കുള്ളതും സ്വതന്ത്രമായ ജീവനാണ്. അവരും ദാഹിക്കുന്നതു ബന്ധനമില്ലാത്ത ജീവിതത്തിനാണ.

പിന്നെ നിങ്ങളുടെ മകന്റെ മാലയും മോതിരവും മറ്റും. അവ അവൻ തന്നെ വിറ്റു നശിപ്പിച്ചതിനു ഞങ്ങളാരുംതന്നെ ഉത്തരവാദികളല്ല. ആ പണത്തിന്റെ പങ്ക് ഞങ്ങളാരും അനുഭവിച്ചിട്ടുമില്ല. ഞങ്ങൾക്കും വീട്ടിൽ നിന്നുകാശയച്ചു തരാറുണ്ട്. മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തിലല്ല ഞങ്ങൾ കഴിയുന്നത്. നിങ്ങളുടെ മകനെപ്പോലെ തന്നെ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളുടെ കാശാണു ചെലവാക്കുന്നത്.

ഞാൻ അവിടെ വന്നപ്പോഴേ നിങ്ങൾക്കു തോന്നി, ഞാനൊരുദുഷ്ടനാണെന്ന്. അല്ലേ? അതിനുത്തരവാദി ഞാനല്ലല്ലോ?എന്റെ മുഖം ദുഷ്ടതയുള്ളതായി തോന്നുന്നുവെങ്കിൽ സൃഷ്ടി വൈരുദ്ധ്യമെന്നു കരുതൂ. മനുഷ്യനെ ബാഹ്യമായ തൊലിയുടെ സൗന്ദര്യത്തിൽ കൂടി അളക്കാതെ, പ്രകൃതത്തിലൂടെയും സ്വഭാവത്തിലൂടെയും അളക്കാൻ പഠിക്കൂ. മേലിൽ ആർക്കും ഇതു പോലെയുള്ള നികൃഷ്ടമായ വാക്കുകൾ ഉപയോഗിച്ചു കത്തിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ശ്രമിക്കണമെന്നും അപേക്ഷ.

മത്തായി മരിച്ചുവെങ്കിലും അവൻ ഇപ്പോഴുംഞങ്ങളുടെ കൂടെ ജീവിക്കുന്നു. ഓർമ്മകളിലൂടെ.... ഞങ്ങളുടെ മരണം വരെയും അവൻ ഞങ്ങളുടെ സ്പന്ദനതന്തുക്കളിൽ ഉണ്ടായിരിക്കും.

അവന്റെ അമ്മയ്ക്ക് ഇങ്ങനെയൊരു കത്തിടേണ്ടി വന്നതിൽ അതിയായ ദുഃഖമുണ്ട്. ജാസ്തിയായി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ മാപ്പ്.

മറുപടി അയയ്ക്കണമെന്നില്ല.

മത്തായിയുടെ സ്‌നേഹിതൻ, രാഹുലേയൻ.'

കത്തെഴുതിക്കഴിഞ്ഞ് ഒരു പ്രാവശ്യം മാഷ് വായിച്ചു നോക്കി. മനസ്സിൽ സംതൃപ്തി നിഴൽ വിരിച്ചു.

കത്ത് കവറിലിട്ടു ഒട്ടിച്ച്, അഡ്രസ്സെഴുതി ഭദ്രമായി വച്ചു.

മാഷ് എഴുന്നേറ്റു.

''വന്നേ നമുക്കൊന്നു നടന്നിട്ടു വരാം.'' മാഷ് കുര്യനെ വിളിച്ചു.

അവർ വെളിയിലേക്കിറങ്ങുമ്പോൾ ലൂയി അവിടേക്കു നടന്നു വരുന്നതു കണ്ടു.മുമ്പോട്ടു വച്ച കാലുകൾ വേഗം നിശ്ചലമായി.

''മാഷ് ഇവിടെ കാണുമെന്നെനിക്കു തോന്നി. ഉച്ച തൊട്ട് ഹോസ്റ്റലിലൊക്കെ മാഷിനെ തെരക്കി നടക്കുവാരുന്നു.'' ലൂയി ചിരിച്ചു.

''ഞങ്ങൾ ഹോസ്റ്റലിലെക്കാ.''

മാഷ് പറഞ്ഞപ്പോൾ ലൂയി തന്റെ മുണ്ടിനിടയിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു.

''നമുക്കല്പം വീത്തിയിട്ടു പോകാം.'' ലൂയി അവരെ മുറിക്കുള്ളിലേക്കു വിളിച്ചു.

കുപ്പിയിലെ ചുവന്ന മദ്യം നേരേ അവരുടെ വായിലേക്ക് ഒഴുകി. കണ്ഠനാളത്തിലൂടെ താഴേക്കു പോയപ്പോൾ എരിയുന്ന പ്രതീതി അനുഭവപ്പെട്ടു.

കുര്യൻ പറഞ്ഞു. ''നെഞ്ചെരിയുന്നല്ലോ. ഇത്തിരി വെള്ളം കൊണ്ടുവരട്ടെ.''

തൊണ്ടയിൽ നിന്നും നീണ്ട ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു കുര്യൻ വെള്ളം എടുക്കാനോടി.

കുപ്പി കാലിയായി.

മാഷിന്റെ ദുഃഖം മദ്യത്തിൽ മുങ്ങിത്താണു. മദ്യം മൂന്നു പേരിലും നല്ലതു പോലെ പ്രവർത്തിക്കാൻ തുടങ്ങി.

''വാ. ഇനി നമുക്കു പൊവാം.'' മാഷ് ലൂയിയുടെ കൈയ്ക്കു പിടിച്ചിട്ട് കുര്യനെ നോക്കി.

കുര്യൻ പറഞ്ഞു. ''കൂട്ടായില്ലേ? ഇനിയും ഞാൻ വരണോ, മാഷേ?''

''വരണില്ലേൽ വര്ണ്ട. നമുക്ക് പൊവാം''.

അവർ എൻകോസിൽ നിന്നും ഇറങ്ങിസാന്ദ്രതയേറിയ ലഹരിയുടെ അടിയേറ്റ് ആടി നടന്നു. നിലാവിന്റെ അരണ്ട വെളിച്ചമേ ഉണ്ടായിരുന്നുള്ളു. ബസുകൾ പോകുന്ന റോഡിലൂടെ നടന്ന് അവർ കോളേജ് ജംഗ്ഷനിലെത്തി.

''ഒരു പായ്ക്കറ്റ് സിഗററ്റ് വാങ്ങി വരട്ടെ, മാഷേ.'' ലൂയി ഒരു കടയിലേക്കു കയറി.

സിഗററ്റു് വാങ്ങിയിട്ട് ഒന്നു കത്തിച്ചു പിടിച്ചുകൊണ്ടു മാഷിന്റെ അടുത്തേക്കു നടന്നു ചെന്നു. നിശ്ചലനായി അവിടെ നിന്നിരുന്ന മാഷിന്റെ ചിന്ത വീണ്ടും മത്തായിയുടെ അമ്മയുടെ കത്തിലേക്കു കടന്നു ചെന്നിരുന്നു.

''മാഷെ, സിഗററ്റ്.''

മാഷ്ചിന്തയിൽ നിന്നും ഉണർന്ന് സിഗററ്റിനു തീ കൊളുത്തുമ്പോൾ ഒരു കാർ കുന്നു കയറി പോകുന്നതവർ കണ്ടു. ലൂയിയുടെയും മാഷിന്റെയും ശ്രദ്ധ ആ കാറിലേക്കു തിരിഞ്ഞു.

''നമ്മളെ തല്ലിയവനാണു മാഷെ.''

''ആര്?ശിവനൊ?''മാഷ് ആരാഞ്ഞു.

''ഉം..........''

അവർ പതുക്കെ കയറ്റം കയറാൻ തുടങ്ങി. രണ്ടു പേരിലും പകയും ക്രൗര്യവും ഇരച്ചു കയറുകയായിരുന്നു.

മാഷ് ചിന്തിച്ചു. 'ലൂയിയെ തല്ലിയവൻ. അവൻ തിരിച്ചു വരുമ്പോ കാർ തടഞ്ഞു നിർത്തി പൊട്ടിക്കണം. ലൂയിയെ തല്ലിയ നാൾ തൊട്ടു വിചാരിക്ക്വാണ്. ഇപ്പൊ കിട്ടിയ അവസരം പാഴാക്കര്ത്.'

ലൂയിയും അതേ കാര്യത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു. 'ഷാപ്പിൽ നിന്നും വരുന്ന വഴിക്ക് അവൻതല്ലിയതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല.'

ലൂയി അറിയാതെ കവിളൊന്നു തടവിയിട്ട് ശ്വാസം പുറത്തേക്ക് ആഞ്ഞു വിട്ടു.

മാഷ് പറഞ്ഞു. ''അവൻ തിരിച്ചു വരുമ്പം കാർ തടഞ്ഞു നിർത്തി രണ്ടു കൊടുക്ക്ണം.''

''കാറിനകത്ത് മറ്റാരെങ്കിലും കാണുമോ?''

''കാണില്ലാര്ക്കും.അല്ലാണ്ടിപ്പം കണ്ടാലെന്ത്?വര്‌ട്ടെ. റോഡിന്റെ നടുക്കുന്ന് മാറര്ത്. കാറു വരുമ്പൊ തിരിഞ്ഞങ്ങ് നിക്ക്ണം.''

മാഷിന് ഒരുതരം ആവേശം ഉണ്ടായി.

''അവന്റെ കയ്യുടെ ലിവറേജ് ഇത്തിരി കിട്ടിയാരുന്നു മാഷേ.''

ലൂയിവീണ്ടും കവിൾ തടവി. കവിളിൽ കൈ തൊട്ടപ്പോൾ കവിൾ തരിച്ചു വന്നു. വാശി തീർക്കാൻ കിട്ടുന്ന അവസരം വിനിയോഗിക്കാൻ പോകുന്നതിനു മുന്നോടിയായി നെഞ്ചിടിപ്പും ഏറിക്കൊണ്ടിരുന്നു.

മത്തായിയുടെ അമ്മ അയച്ച കത്തിൽക്കൂടി കിട്ടിയ ചൂടേറിയ പ്രഹരത്തിനു പ്രതികാരം വീട്ടാനായി മാഷ്‌കൈകൾ കൂട്ടിത്തിരുമ്മി.

വൃക്ഷങ്ങളും അവരുടെ സംഭാഷണത്തിന്റെ പൊരുൾ മനസ്സിലാക്കിയതുപോലെ നടക്കാൻ പോകുന്ന സംഭവത്തെ പ്രതീക്ഷിച്ചു നിശ്ചലമായി നിന്നു. ആകാശത്തിൽ ചന്ദ്രൻ ചെറിയ കല പോലെ മാത്രം കാണപ്പെട്ടു.

റോഡിന്റെ ഇരുവശങ്ങളിലും നില്ക്കുന്ന മരങ്ങളുടെ നിഴലുകൾഅരണ്ടവെളിച്ചത്തിൽറോഡിൽ പതിഞ്ഞു കിടന്നിരുന്നു.

കറുത്ത റോഡിൽ ഇരുണ്ട നിഴലുകൾ കൂടിലയിച്ചതിനാൽ അവ്യക്തമായി മാത്രമേ റോഡു കാണാമായിരുന്നുള്ളു.

അവർകാലുകൾ ഇടറാതെ, കുഴഞ്ഞ മേനിയെ നിയന്ത്രിച്ചു നിർത്തി.

നാഡിയിലൂടെഒഴുകുന്നരക്തത്തിലും ഞരമ്പുകളിലൂടെ ഒഴുകുന്ന വൈദ്യുതിപ്രവാഹത്തിലും ധൈര്യം ശേഖരിച്ച്, കൈകൾ വായുവിൽ ആഞ്ഞു വീശി, അവർ കയറ്റം കയറി.

വളവു തിരിയാൻ നേരം ദൂരെ നിന്നും രണ്ടു പ്രകാശ ഗോളങ്ങൾ തങ്ങളുടെ നേർക്കു വരുന്നതു കണ്ടു. വേഗം വളവ് ഓടിക്കടന്നു മുമ്പോട്ടു നടന്ന്, റോഡിന്റെ നടുവിൽ പുറം തിരിഞ്ഞു നിന്നു.

ഗോളങ്ങൾ അടുത്തടുത്തു വന്നു. നിശ്ചലമായി.

കാറിന്റെ ഹെഡ് ലൈറ്റുകൾ അണയ്ക്കാതെ ഡ്രൈവർ ശിവൻ തല വെളിയിലേക്കിട്ടു വിളിച്ചു പറഞ്ഞു. ''മാറിനെടാ അവിടന്ന്''

അവർ ചെകിടരെപ്പോലെ അനങ്ങാതെ നിന്നു.

ഡ്രൈവർ എഞ്ചിൻ നിർത്തി. പ്രാകാശ ഗോളങ്ങൾ അണഞ്ഞു.അയാൾ കാറിന്റെ ഡോർ തുറന്നു വെളിയിലേക്കിറങ്ങി.

ആകാശത്തിലെചന്ദ്രക്കല മാത്രമേ അവരെ നോക്കി നിന്നുള്ളു.

''ആരാടാ റോഡിന്റെ നടുക്കു കേറി നില്ക്കുന്നെ?മാറി നില്ലെടാ.'' അഹംഭാവ പ്രൗഢിയിൽ, റൗഡിത്തരം മുറ്റിനില്ക്കുന്ന ശബ്ദത്തോടെ അയാൾ അവരുടെ നേർക്കു പാഞ്ഞടുത്തപ്പോൾ അവർ തിരിഞ്ഞു നിന്നു.

''ഞങ്ങളാടാ.'' മാഷ് അലറി.

മാഷ് ശിവന്റെ ഷർട്ടിനു കടന്നു പിടിച്ചു നിർത്തി. ലൂയി അയാളുടെ പിറകിൽ ചെന്നു ഷർട്ടിന്റെ കോളറിനു കൂട്ടിപ്പിടിച്ചു.

''നീ എന്നെ തല്ലിയവനല്യോ? അതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. അതിനു തിരിച്ചു തന്നില്ലെങ്കി നിനക്ക് എന്തു തോന്നുമെന്നു കരുതി നിന്നതാ. എടാ പാആടി മോനേ, നീ ഞങ്ങളെ തല്ലാൻ വളർന്നോ?'' ലൂയി അയാളുടെ കരണക്കുറ്റി തീർത്തു മൂക്കടക്കം ഒരടി.

അടി പുറകിൽ നിന്നും വരുമെന്നു ഡ്രൈവർ പ്രതീക്ഷിച്ചിരുന്നില്ല.ചെവിക്കുള്ളിൽ വണ്ടൻ മൂളുന്നതു പോലെ തോന്നി. ഡ്രൈവർ തിരിഞ്ഞു ലൂയിയെ അടിക്കാൻ തുനിയുമ്പോൾ മാഷ് അയാളുടെ മൂക്കിനൊരിടി.

ഡ്രൈവർ താഴെ വിണു. എങ്കിലും വേഗം എഴുന്നേറ്റു.

ലൂയി അയാളെ കടന്നു പിടിച്ചു.

''നീ ലൂയിയെ തല്ലാൻ വളർന്നൊടാ.'' മാഷിന്റെ അലർച്ച ദിഗന്തത്തിൽ മുഴങ്ങിക്കേട്ടു.

ശിവൻ ലൂയിയുടെ പിടിയിൽ നിന്നും കുതറി മാറി. ചോരയൊലിക്കുന്ന മൂക്ക് അമർത്തിപ്പിടിച്ചുകൊണ്ട് റോഡിൽ കൂടി താഴേക്ക് ഓടി. മാഷും ലൂയിയും പിന്നാലെ പാഞ്ഞു ചെന്നു. ലൂയി താഴെ നിന്നും വേഗം ഒരു കല്ലെടുത്ത് പായുന്ന രൂപത്തിനു നേരേ ഒരേറ്.

അയ്യോ എന്നു നിലവിളിച്ചുകൊണ്ട് അയാൾ താഴെ പതിച്ചു.

അവർ അവനെ വളഞ്ഞു.

അവന്റെഷർട്ടിനു കൂട്ടിപ്പിടിച്ചു പൊക്കി മാഷ് ഗർജ്ജിച്ചു. ''നീ ഇനീം തല്ലുമൊടാ പട്ടീ.''

''ഇല്ല സാറന്മാരെ.തല്ലില്ല.എന്നെ ഇനിയും തല്ലല്ലേ.''

അവന്റെ കാലിൽ നിന്നും കല്ലുകൊണ്ടു പൊട്ടിയൊലിക്കുന്ന ചോര റോഡിൽ വീണു പടർന്നു. മാഷ് അരിശം തീരാത്തവനെപ്പോലെ വീണ്ടും ഡ്രൈവറുടെ കവിളത്തു ആഞ്ഞടിച്ചു.

''ഇനി തല്ലല്ലേ സാറന്മാരെ.'' അയാൾ മൂക്കു പൊത്തിപ്പിടിച്ചു കേണു.

''നീ ഞങ്ങളെ എന്തു വിചാരിച്ചെടാ തെണ്ടിപ്പരിഷെ. നിന്റെ തല്ലു വാങ്ങാനാണോ ഞങ്ങൾ ഇവിടെ വന്നു കിടക്ക്‌ണെ. നീയൊക്കെ റൗഡി കളിക്കണത് മറ്റുള്ളോര്‌ടെ തലയി മതി. എഞ്ചിനീയറിങ് കോളേജിലെപിള്ളേര്‌ടെ തലയിൽ വെണ്ട. അവര്‌ടെ കൈക്കും എല്ലുമൂപ്പുണ്ട്. മനസ്സിലായൊടാ?''

അയാൾ നിശ്ശബ്ദനായികേട്ടുകൊണ്ടു നിന്നു.

മൂക്കിൽ നിന്നും ഊറി വരുന്ന ചോര അയാൾ കൈകൾ കൊണ്ടു തുടച്ചു. വെളിച്ചം ഇല്ലാതിരുന്നതിനാൽ ചോരയൊലിച്ചിറങ്ങുന്നതു ലൂയിയും മാഷും കണ്ടില്ല.

''മതി മാഷേ, വിട്ടേര്.'' ലൂയി ക്രോധം കൊണ്ടു തുള്ളുന്ന മാഷിനെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു.

''ഇവനെയൊക്കെ ഇങ്ങനെ വിട്ടാപ്പൊരാ.'' മാഷ് ആഞ്ഞു തുപ്പി. മദ്യത്തിന്റെ ഗന്ധം കലർന്ന ഉമിനീർ റോഡിൽ വീണു ചിതറി.

''നീ ഇതിനു പ്രതികാരം ചെയ്യാൻ മുതിർന്നാ ഇതിന്റെയൊക്കെ ഇരട്ടി തരും. പറഞ്ഞെക്കാം.ആരെയെങ്കിലും വിട്ടു കാർ പിടിപ്പിച്ച് വഴിയിൽ ഇട്ട് നിന്നെയൊക്കെമതിയാവോളം തല്ലാൻ ഞങ്ങൾക്കൊരിക്കലും പ്രയാസമുണ്ടവില്ലെന്നൊർത്തൊ.പൊടാ, തെമ്മാടീ.''

മാഷ് അയാളുടെ ദേഹത്തു പിടിച്ചൊരു തള്ളു കൊടുത്തു. ദേഷ്യമടക്കാൻ പാടുപെട്ടുകൊണ്ടു വേഗം ഹോസ്റ്റലിലേക്ക് ആഞ്ഞു ചവിട്ടി നടന്നു.

ഡ്രൈവർ കിട്ടിയ പ്രഹരങ്ങളുടെ വേദന ശമിക്കാൻ വേണ്ടി റോഡിൽ ഇരുന്നു.

അബോധമായി അടിഞ്ഞു കിടന്നിരുന്നവൈരാഗ്യത്തിനു ശമനം കിട്ടിയപ്പോൾ മാഷിന്റെയും ലൂയിയുടെയും മനസ്സുകൾ ശാന്തമാകാൻ തുടങ്ങി.

വികസിച്ചു നിന്നിരുന്ന സിരകളിലെ അമിതപ്രവാഹവും ശരീരത്തിലാകമാനം ഇഴഞ്ഞു നടന്നിരുന്ന പെരുപ്പും ഹൃദയത്തിന്റെ ദ്രുതഗതിയിലുള്ള മിടിപ്പും അവസാനിച്ചിരുന്നു.

ഹോസ്റ്റലിലേക്കു നടക്കുമ്പോൾ മാഷ് ഉരുവിട്ട വചനങ്ങൾ അന്തരീക്ഷത്തിലൂടെ ഒഴുകി നടന്നു.

''മത്തായ്‌ടെ അമ്മേന്റെ് കത്തിലൂടെ കിട്ടിയ അടിക്കുടെ ചേര്ത്ത്‌ന മ്മ്‌ടെ തല്ല് കിട്ടൻ യൊഗം അ തെണ്ടിക്കാര്ണു. ഒരു വെടിക്ക് രണ്ട് പ്രതികാരം ഒന്നിച്ച് കഴിഞ്ഞ പൊലെ. പ്രതികാരം ചെയ്തു കഴിഞ്ഞപ്പൊ മനസ്സിന്റെു വാശിയും വൈരാഗ്യൊം കെട്ടടങ്ങി. പ്രതികാരം പ്രതിയോഗിയോട് ആകണെന്നില്ല. കൈയിൽ കിട്ടണ ആരൊടുമാകാം.പകരക്കാരനൊടുമാകാം. അതണ്മനുഷ്യമനസ്സിന്റെ് വക്രത. അവനു പൊലും അറിയാത്ത അവനു പൊലും മനസ്സിലാകാത്ത വക്രത.''

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP