Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിമൂന്നാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിമൂന്നാം ഭാഗം

ജീ മലയിൽ

ദിനങ്ങൾ കൊഴിഞ്ഞുവീണു. ഹോസ്റ്റലിൽ താമസിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികളും മറ്റു വിദ്യാർത്ഥികളെ പോലെ ഇൻഡോർ കളികളിലും ഔട്ട് ഡോർ കളികളിലും വിനോദങ്ങളിലും മറ്റും പങ്കെടുത്തു തുടങ്ങിയിരുന്നു.

കോളേജിൽ ക്ലാസ്സുള്ള ദിവസങ്ങളിൽ വൈകുന്നേരം കളികളിൽ താല്പര്യമില്ലാത്ത ഒന്നാം വർഷ വിദ്യാർത്ഥികളിൽ മിക്കവരും ഹോസ്റ്റലിന്റെ മുമ്പിൽ കൂടിയിരുന്ന് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്‌ബോൾ കളിനോക്കിക്കൊണ്ടിരിക്കും. അതോടൊപ്പം സമയം പോകാൻ അപ്പോൾ തോന്നുന്ന സകല വിഷയങ്ങളെപ്പറ്റിയും സംസാരിക്കും.

അന്ന് ആദ്യമായിട്ടായിരുന്നു വിനോദ് ഫുട്‌ബോൾ കളി കാണാൻ അവിടെ എത്തിയത്. അവനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന ചില ഒന്നാം വർഷ വിദ്യാർത്ഥികൾ ഗൂഡാർത്ഥത്തിൽ ചിരിക്കാനും അന്യോന്യം നോക്കി അപശബ്ദങ്ങൾ ഉണ്ടാക്കാനും തുടങ്ങി.

''നിങ്ങൾക്കറിയാമോ, ഇവിടെ ചിലർ വീട്ടിലേക്കു മണിയോർഡർ അയച്ചു തുടങ്ങിയെന്നു കേൾക്കുന്നു. നേരാണോ?''

''എന്നു ഞാനും കേട്ടു. അതാരാടാ?''

വിനോദ് ആ പറയുന്നവരെ ഏറുകണ്ണിട്ടു നോക്കി.

''അങ്ങനെ ഇവിടെ സ്വയം തൊഴിൽ കണ്ടെത്തിയ ചിലർ ഉണ്ട്.''

''എൻകോസ് ലോഡ്ജിലും സീനിയേഴ്‌സ് ഹോസ്റ്റലിലും ഒക്കെ ഓടി നടന്ന വില്പന.''

''അതെന്തു സാധനമാടാ ഈ ഓടി നടന്നു വില്പന നടത്തുന്നെ?''

''അതു ഞാൻ പറയില്ല. ഒരു ക്ലൂ തരാം. രാത്രിയിൽ നല്ല ഡിമാൻഡ് ഉള്ള സാധനമാ.''

''എന്നാലും പറയെടാ. നമുക്കും കൂടി ആ കച്ചവടം തുടങ്ങാൻ പറ്റുമോന്നറിയാനാ?

''കച്ചവടം തുടങ്ങണമെങ്കിൽ നിനക്ക് ആവശ്യക്കാർ വേണ്ടേ?''

''അതെന്താടാ എനിക്ക് ആവശ്യക്കാരെ കിട്ടില്ലേ?''

''കച്ചവടം നടക്കണമെങ്കിൽ കാണാൻ കൊള്ളാവുന്ന കുണ്ടനായിരിക്കണം. നീയൊരു കുണ്ടനാണോ? പിന്നെ സാധനം വാങ്ങുന്നവർ വിളിക്കുമ്പോഴൊക്കെ എവിടേക്കാണെങ്കിലും കൂടെ ചെല്ലണം. കള്ളുഷാപ്പിലും മദ്യഷാപ്പിലും ഒക്കെ കൂടെ കൊണ്ടു പോയി ആവശ്യത്തിനു തിന്നാനും കുടിക്കാനും വാങ്ങി തരും. പിന്നെയായഥാർത്ഥ കച്ചവടം. നല്ല വരുമാനമാണെന്നാ കേട്ടെ?''

അവരുടെ സംഭാഷണങ്ങൾ വിനോദിന്റെ കാതുകളിൽ വന്ന് അടിക്കുണ്ടായിരുന്നുവെങ്കിലും അവൻ കേൾക്കുന്നതായി ഭാവിച്ചില്ല. അവൻ കാര്യം പിടി കിട്ടാതെ ഫുട്‌ബോൾ കളി ശ്രദ്ധിച്ചു കൊണ്ടു നിന്നു.

''അവൻ എങ്ങനാടാ ഇങ്ങനെ എല്ലാവരെയും സന്തോഷിപ്പിച്ചു നിർത്തുന്നെ? ആ കളി നമ്മളെക്കൂടിയൊന്നു പഠിപ്പിച്ചു തരാൻ പറയെടാ?''

''സന്തോഷിപ്പിച്ചാൽ മാത്രം പോരാ... അവരെ എന്റെർടെയ്ൻ ചെയ്യണം. ആ ടെക്‌നിക്ക് നിനക്കറിയാമോ?''

ഇത്രയും കാര്യങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ വിനോദ് അവിടെ നിന്നും പോയി. അവനു മനസ്സിലായിതന്നെ കളിയാക്കിയാണ് അവർ അങ്ങനെയൊക്കെ പറയുന്നതെന്ന്.

നേരത്തേ ചില കാര്യങ്ങൾ തന്നെപ്പറ്റി പറയുന്നത് അവന്റെ ചെവിയിലും എത്തിയിരുന്നു. അതു പക്ഷേ തന്റെ സാന്നിദ്ധ്യത്തിലായിരുന്നില്ല.

മുറിയിൽ എത്തി കതകു ചാരിയിട്ട് അവൻ തല കൈകളിൽ താങ്ങി തറയിലേക്കു നോക്കി കട്ടിലിൽ ഇരുന്നു.

അപ്പോൾ തന്നെപ്പറ്റിനേരത്തേ പറഞ്ഞു കേട്ടതൊക്കെ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

മാഷിന്റെ ഇംഗിതാനുസരണം ചലിക്കുന്ന വിനോദിനെപ്പറ്റി ഹോസ്റ്റലിലെ ചില അന്തേവാസികൾ അപവാദകഥകൾ പറയാന്തുടങ്ങിയിട്ട് കുറെ നാളുകളായി.

''മാഷ്‌വിനോദിനെ കൊണ്ടു നടക്കുന്നതെന്തിനെന്നറിയ്വോ?''

''വിനോദിനെയല്ലെ? കുണ്ടന്മാരെ എന്തിനാ കൊണ്ടു നടക്കുന്നെ? ''

''പരിപാടിക്കുതന്നെ. അല്ലാതെന്തിനാ?''

''ഇക്കണക്കിനു ബിസിനസ്സ് തുടങ്ങിയാ അവനു നല്ല വരുമാനം ആയിരിക്കുമല്ലോ.'' ''എന്നും അവന് വെള്ളംവാങ്ങികൊടുത്തിട്ടല്ലേ പല പാർട്ടികളും പരിപാടി ഇണക്കുന്നത്.''

''അവൻ വീട്ടിലോട്ട് എം.ഒ. അയച്ചു തുടങ്ങിയെന്നുകേട്ടു. ബാങ്കു ബാലൻസും കുറെയായി.''

''ദൈവം നമുക്ക് ഇത്തിരി സൗന്ദര്യം തന്നില്ല. അതു പോട്ടെന്നു വയ്ക്കാമായിരുന്നു. കാലിൽ നിറയെ പൂടയും തന്നു. എന്തുചെയ്യാം? വിധി!''

അപവാദംമൂലം മനുഷ്യമനസ്സ് നൊമ്പരപ്പെടുന്നു. ചില ദുർബുദ്ധിക്കാർ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടിയാണ് നേരിൽ കാണാത്ത അത്തരം അപവാദകഥകൾ മെനഞ്ഞുണ്ടാക്കുന്നത്. അസത്യജടിലമായ ആ അപവാദകഥകളുടെ താപമേറ്റു പൊരിഞ്ഞുവെന്തു നീറുന്നവരുടെകാര്യം അപവാദ നിർമ്മാതാക്കൾ പരിഗണിക്കാറില്ല.

മാഷിനെ ഭയന്നതുകൊണ്ട് അവർ അടക്കം പറഞ്ഞു നടന്നതല്ലാതെ വെളിയിൽ പറഞ്ഞു നടക്കാൻ അത്രയും നാൾതുനിഞ്ഞിരൂന്നില്ല.

ഇന്ന് തന്റെ. മുമ്പിൽ വച്ചും അങ്ങനെയൊക്കെ പറയാൻ അവർ ധൈര്യം കാട്ടിയിരിക്കുന്നു.

അത്തരം അപവാദകഥകൾ മൂലം തന്റെ ബാച്ചിലെ സഹാപാഠികളോടു അടുക്കാൻ വിനോദിനു താല്പര്യം തോന്നിയിരുന്നില്ല.

മാഷും കൂട്ടരും തനിക്കു വരുത്തി വച്ചിരിക്കുന്നവിന വളരെ വലുതാണ്. എല്ലാവരിൽ നിന്നും ഒളിച്ചോടേണ്ട ഗതികേടിൽ അവർ തന്നെ കൊണ്ട് എത്തിച്ചിരിക്കുന്നു. മാഷും കൂട്ടരും ആണ് തന്നെ ആ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് ഓർത്തപ്പോൾ അവന് അരിശം തോന്നി.

തന്റെ ക്ലാസ്സിലുള്ളവർക്കു പോലും തന്നെ മനസ്സിലാകുന്നില്ല. അവിടുത്തെ സാഹചര്യങ്ങൾ അങ്ങനെയായതിൽ അവനു വല്ലാത്ത വേദന തോന്നി. മനസ്സു പിടഞ്ഞു.

വിനോദിന്റെ കാതുകളിൽ അന്ന് അലയടിച്ചപരിഹാസവചനങ്ങൾക്കുകൂർത്ത മുനകൾ ഉണ്ടായിരുന്നു. ആ മുനകൾ വിനോദിന്റെ മനസ്സിലേക്കുതുളച്ചുകയറി വ്രണങ്ങൾ ഉണ്ടാക്കി. ആ വ്രണങ്ങൾ അസഹനീയമാം വിധംവിങ്ങിത്തുടങ്ങി.

അവൻ ചിന്തിച്ചു. 'മാഷിൽ നിന്നും രക്ഷപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിലും അയാളുടെ ക്രൂരമായ നിഴലിനു മുമ്പിൽ എതിർക്കാനുള്ള ധൈര്യവുംശക്തിയും പോരാ.

എന്തപവാദം പറഞ്ഞാലെനിക്കെന്ത്? ഇതുവരെയും അസാന്മാർഗ്ഗിക കാര്യങ്ങൾക്ക് അവർ എന്നെ പ്രേരിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ അതുമറ്റുള്ളവർ അറിയുന്നില്ലല്ലോ. അതുകൊണ്ടവർ അപവാദം പറഞ്ഞുണ്ടാക്കുന്നു. എന്നെ നാണം കെടുത്താൻ അതു പറഞ്ഞു നടക്കുന്നു. തൃണം പോലെ തള്ളിക്കളയാൻ പറ്റുമോ അപവാദങ്ങളൊക്കെ? ഇല്ല. അതു നാണക്കേടും കുറച്ചിലും ഉണ്ടാക്കുകയും മറ്റുള്ളവരുടെ മുമ്പിൽ തല കുനിക്കാൻ ഇട വരുത്തുകയും ചെയ്യുന്നു.

ആണും പെണ്ണും സംസാരിച്ചാൽ കഥകൾ മിനഞ്ഞുണ്ടാക്കുന്ന ഈ നാട്ടിൽ ആണും ആണും ഒന്നിച്ചു നടന്നാലും ഗതി ഇതുതന്നെയോ? ഇവിടെ വന്നിട്ടാണ് സ്വവർഗ്ഗകഥകളൊക്കെ ഞാൻ കേൾക്കുന്നതുതന്നെ. ഇതെന്തു ലോകമപ്പാ!'

''എങ്ങനെയെങ്കിലും മാഷുമായി പിണങ്ങണം. അവരുടെ ശല്യംകാരണം എനിക്കു പഠിക്കാൻ സാധിക്കുന്നില്ല. പോരാത്തതിന് അപവാദങ്ങളും. ഒരു മാഷും കുറെ അളിയന്മാരും. ''അവൻ മന്ത്രിച്ചു.

അവനു എല്ലാവരോടും ഈർഷ്യ തോന്നി. ആ ഈർഷ്യ അവനെക്കൊണ്ട് ഒരു തീരുമാനമെടുപ്പിച്ചു. എങ്ങനെയും അവരോടു പിണങ്ങണം.

'പക്ഷേ അവരുടെ പിടിയിൽ നിന്നും എങ്ങനെ പിണങ്ങി ഒഴിഞ്ഞു മാറും? അതിനുള്ള ധൈര്യം എന്നിൽ എവിടെ? ''അവൻ സ്വയം ചോദിച്ചു.

താൻ കേട്ട അപവാദങ്ങൾ ചെവിക്കുള്ളിൽ മൂളുന്നതു പോലെ അവനു തോന്നി.

''അതെ ഞാൻ പണം അയച്ചു തുടങ്ങി.'' അവൻ ആരോടെന്നില്ലാതെ ഉരുവിട്ടു.

സന്ധ്യയായിരിക്കുന്നു. എല്ലാ ദിവസവും മാഷ് വിളിപ്പിക്കുന്ന സമയം അടുക്കുന്നു. അവർ കഞ്ചാവടിച്ചു തുടങ്ങുമ്പോൾ ഒന്നുകിൽ തന്നെ വിളിക്കാൻ ആളെ വിടും. അല്ലെങ്കിൽവിതളിച്ചു കൊണ്ടു പോകാൻ അയാൾ തന്നെവരും.

എന്നും അതു കാണുന്നവരുടെ ഉള്ളിൽ താൻ ഒരു അപഹാസ്യപാത്രമായിമാറിയിരിക്കുന്നു. അത്തരം കണ്ണിലൂടെ തന്നെകാണുന്ന സഹാപാഠികളോട് എങ്ങനെയാണ് അടുപ്പം തോന്നുക? ഇപ്പോൾ തന്റെ മുമ്പിൽ വച്ചും അപവാദം പറയാൻ അവർ ധൈര്യം കാണിച്ചിരിക്കുന്നു.

''ഇന്ന് എന്തൊക്കെ സംഭവിച്ചാലും മാഷും കൂട്ടരും വിളിച്ചാൽ പോകരുത്.'' അവൻ തീരുമാനിച്ചുറച്ചു.

അതെങ്ങനെ സാധിച്ചെടുക്കും എന്നതിനെപ്പറ്റി ചിന്തിച്ചപ്പോൾ ഒരു പോംവഴിയും തോന്നിയില്ല. പെട്ടെന്ന് അവനു തോന്നി, കട്ടിലിനടിയിൽ ഇറങ്ങി ആരും കാണാതെ ഒളിച്ചുകിടക്കാമെന്ന്. വിളിക്കാൻ വരുന്നവർ മുറിയിൽ നോക്കിയിട്ട് തന്നെ കാണാതെ മടങ്ങി പൊയ്‌ക്കൊള്ളും.

അവൻ ഉടൻ തന്നെ കട്ടിലിന് അടിയിലേക്കു കയറി അനങ്ങാതെ കിടന്നു. അവൻ അവിടെ കിടന്നുകൊണ്ട് ചിന്തിച്ചു. 'ഇന്നവർ എന്നെ കൊണ്ടു പോകുന്നത് ഒന്നു കാണണം.'

അല്പ സമയം കഴിഞ്ഞപ്പോൾ ഹോസ്റ്റൽ ബോയി കതകു തുറന്ന് അകത്തു കയറി നോക്കുന്നത് അവൻ കണ്ടു.

തന്നെ തിരക്കിയാണ് ഹോസ്റ്റൽ ബോയി വന്നതെന്ന് അവനു മനസ്സിലായി. ശ്വാസം ഉണ്ടാക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ അവൻ കട്ടിലിനടിയിൽ കിടന്നു. ഹോസ്റ്റൽ ബോയി പോയിക്കഴിഞ്ഞപ്പോൾ അവന് ആശ്വാസം തോന്നി.

കുറച്ചു നേരം കൂടി കഴിഞ്ഞ് കട്ടിലിനടിയിൽ നിന്നും എഴുന്നേല്ക്കാം എന്നു കരുതി അവൻ അവിടെ തന്നെ കിടന്നു.

അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ ആമുറിയിലേക്ക് മൂന്നു പേർ കയറി വന്നു. ഒരാൾ തന്റെ മുറിയിൽ താമസിക്കുന്ന മാത്യു ആണെന്ന് സംസാരത്തിൽ നിന്നും വിനോദിനു മനസ്സിലായി. മറ്റു രണ്ടു പേർ ആരെന്ന് ആദ്യം അവനു മനസ്സിലായില്ല. മാത്യു ഒരു കസേരയിൽ ഇരുന്നു. ആഗതരായ മറ്റു രണ്ടു പേരുംവിനോദിന്റെ കട്ടിലിൽ ആണ് വന്നിരുന്നത്.

കട്ടിലിൽ ഇരിക്കുന്നവരിൽ ഒരാൾ സംസാരിച്ചു കൊണ്ട് കാല് ആട്ടാൻ തുടങ്ങി. അയാളുടെ കാല് ദേഹത്തു വന്നു തൊടാതിരിക്കാൻ വിനോദ് ഭിത്തിയോട് കുറച്ചു കൂടി ചേർന്നു കിടന്നു.

തന്നെ പിടിക്കുമോ എന്ന ഭയത്താൽ അവർ സംസാരിച്ചത് ആദ്യമൊന്നും വിനോദ് ശ്രദ്ധിച്ചില്ല. അല്പനേരം കഴിഞ്ഞപ്പോൾ അവരുടെ സംസാരം വിനോദ് ശ്രദ്ധിച്ചു തുടങ്ങി. അവർ ബാസ്‌കറ്റ്‌ബോൾ ടീം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് സംസാരിക്കുന്നത് എന്ന് വിനോദിനു മനസ്സിലായി. വിനോദിന്റെ കൂടെ ആ മുറിയിൽ താമസിക്കുന്ന സഹമുറിയൻ മാത്യു ഒരു നല്ല ബാസ്‌കറ്റ്‌ബോൾ കളിക്കാരനാണ്. കോളേജ് ടീമിൽ ഇടം കിട്ടാൻ സാദ്ധ്യതയുള്ളവൻ.

പെട്ടെന്ന് ഒരുബാസ്‌കറ്റ്‌ബോൾ തറയിൽ വീണുരുളുന്നത് വിനോദ് കണ്ടു. അതു എടുക്കാൻ കട്ടിലിൽ ഇരുന്ന ആഗതരിൽ ഒരാൾ എഴുന്നേറ്റു.

ബോൾ എടുക്കുമ്പോൾ അപ്രതീക്ഷിതമായി അയാളുടെ നോട്ടം കട്ടിലിനടിയിലേക്കു നീണ്ടു. വിനോദ് അയാളുടെ മുഖം ഒളിഞ്ഞു കണ്ടു. രണ്ടാം വർഷ വിദ്യാർത്ഥിയായ ഫ്രാൻസിണസ്.

''ദാ, കട്ടിലിനടിയിൽ ഒരാൾ കിടക്കുന്നു.'' അയാൾ ആശ്ചര്യത്തോടെ പറഞ്ഞു.

അവിടെയുണ്ടായിരുന്ന എല്ലാവരും കട്ടിലിനടിയിലേക്കു നോക്കി. വിനോദ് ഉറങ്ങുകയാണെന്ന ഭാവത്തിൽ അനങ്ങാതെ കിടന്നു.

''എടോ വിനോദേ... താനെന്തിനാടോ കട്ടിലിനടിയിൽ കിടക്കുന്നത്? ഇങ്ങേഴുന്നേറ്റു വാടോ. നാണക്കേടേ....''

വിനോദ് അനങ്ങിയില്ല. അവരുടെ കൂടെയുണ്ടായിരുന്ന രണ്ടാം വർഷ വിദ്യാർത്ഥി സഹദേവൻ കട്ടിലിനടിയിലേക്ക് മുഖം കുനിച്ചു പിടിച്ച് ഉറക്കെ വിളിച്ചു. ''എടോ വിനോദേ.''

വിനോദ് ഉറക്കത്തിൽ നിന്നും ഉണരുന്നതു പോലെ കണ്ണുകൾ തുറന്ന് അയാളെ നോക്കി.

''ഇങ്ങ് ഇറങ്ങി വാടോ. താനെന്തിനാ അവിടെ കിടക്കുന്നത്?''

വിനോദ് കട്ടിലിനടിയിൽ നിന്നും മെല്ലെ പുറത്തു വന്നിട്ട് എഴുന്നേറ്റു നിന്നു.

''താൻ ആരെയെങ്കിലും പേടിച്ചു കിടന്നതാണോ?''

വിനോദ് ഉത്തരം പറഞ്ഞില്ല. എന്തു പറയണമെന്നു ചിന്തിച്ചു നോക്കിയെങ്കിലും ഉചിതമായ ഉത്തരം കിട്ടിയില്ല.

വീണ്ടും ഫ്രാന്‌സിസ് ചോദിച്ചപ്പോൾ വിനോദ് പറഞ്ഞു. ''സിമിന്റു തറയിലെ തണുപ്പു കിട്ടാൻ അതിനടിയിൽ കിടന്നതാ. അവിടെ കിടന്നുറങ്ങിപ്പോയി.''

''അതു കള്ളം. തന്റെ മുഖം കണ്ടാലറിയാമല്ലോ താൻ കളവു പറയുകയാണെന്ന്. താൻ ആരെയോ പേടിച്ചു കിടന്നതല്ലേ?'' ഫ്രാൻസിസ് ചോദിച്ചു.

''മ്ച്. ''വിനോദ് അല്ല എന്ന അർത്ഥത്തിൽ ഒരു ശബ്ദം ഉണ്ടാക്കി.

''താൻ ഒരാണല്ലേടോ? താനാരെയാ പേടിക്കുന്നത്. റാഗിങ് കഴിഞ്ഞ് ഇത്രയും നാളായിട്ടും താൻ ഇങ്ങനെ പേടിക്കുന്നത് എന്തു നാണക്കേടാ.''

സഹദേവൻ പറയുന്നതു കേട്ട് വിനോദ് ലജ്ജകൊണ്ട് തല കുനിച്ചു പിടിച്ചു.

സഹദേവൻ തുടർന്നു പറഞ്ഞു. ''താൻ ജോലി കിട്ടി വല്യ ആളായാലും തന്നെ കാണുമ്പോൾ ഞങ്ങൾ ഇത് ഓർക്കും. ഇനീം ഇത്തരം മണ്ടത്തരം ഒന്നും കാട്ടിയേക്കരുത്. ഒളിച്ചോടാനും നോക്കരുത്. കേട്ടല്ലോ? താൻ ആരെയാ ഭയപ്പെടുന്നത്? ഭയക്കേണ്ട കാര്യമില്ല. ഞങ്ങളൊക്കെ ഇവിടെയില്ലേ?''

അവൻ മിണ്ടിയില്ല.

അവന്റെ മൗനം കണ്ട് ഫ്രാൻസിസ് പറഞ്ഞു. ''ഇങ്ങനെ ഭയപ്പെട്ടാൽ എങ്ങനെയാടോ താൻ ഇനീം ജീവിക്കാൻ പോണത്? എല്ലാം ധൈര്യമായി നേരിടാൻ പഠിക്കണം. നമ്മുടെ കോളേജുകളിൽ റാഗിങ് നടത്തുന്നത് അതിനു വേണ്ടി കൂടിയാണ്. കഷ്ടം!''

അവർ ഉപദേശം നിർത്തിയിട്ട് പോയി.

വിനോദ് എന്തു പറയണമെന്നു നിശ്ചയമില്ലാതെ അല്പനേരം കട്ടിലിൽ കിടന്നു. അവന്റെ സഹമുറിയൻ അതേപ്പറ്റി ഒറ്റ അക്ഷരവും ചോദിച്ചില്ല. അവന് അറിയാം, വിനോദിനെ അലട്ടുന്ന പ്രശ്‌നം എന്താണെന്ന്.

അല്പം കഴിഞ്ഞപ്പോൾ ഹോസ്റ്റൽ ബോയി അവിടേക്കു വന്നു. ''വിനോദ് സാറിനോട് മാഷിന്റെ മുറിയിലേക്കു ചെല്ലാൻ പറഞ്ഞു.''

'ഈ പോക്ക് ഒഴിവാക്കാൻ നോക്കിയിട്ടും സാധിച്ചില്ലല്ലോ' എന്നു ചിന്തിച്ചു കൊണ്ട് അവൻ നടന്നു.

'ഇതെന്തു വിധിയാണ്? ആ ദുഷ്ടനിൽ നിന്നും തനിക്കു മോചനമില്ല എന്നാവുമോ അതിന്റെ അർത്ഥം? ഒരിക്കലും തന്റെ മുറിയിൽ വന്നിട്ടില്ലാത്ത സഹദേവനെയും ഫ്രാൻസിസിനെയും ഏത് അജ്ഞാത ശക്തിയാണ് ഇവിടേക്കുനയിച്ചു കൊണ്ടു വന്നത്?'

അത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവന്റെ മനസ്സിൽ കടന്ന് അവനോടു സംസാരിക്കാൻ തുടങ്ങി.

'റാഗിങ് കഴിഞ്ഞിട്ടും എന്നും ശല്യം അനുഭവിക്കാൻ തക്കവണ്ണം എന്തു തെറ്റാണ് ഞാൻ ചെയ്തിരിക്കുന്നത്? എന്തു പാപമാണ് എന്റെ മേലുള്ളത്? എന്നെ കണ്ടുകൊണ്ടിരിക്കുന്നതിൽ എന്തു സുഖമാണ് അവർക്കു ലഭിക്കുന്നത്? അവിടെ ചെല്ലുമ്പോൾ അവർ പറയുന്നതെല്ലാം വെറുതെ കേട്ടുകൊണ്ടിരിക്കുക. അപ്പോൾ എനിക്ക് അവരോടു തോന്നുന്നതുകൊടിയ വെറുപ്പാണ്.

'അവരെ എതിർക്കാനുള്ള ധൈര്യം എനിക്ക് ഇപ്പോഴുമില്ല.

പെട്ടെന്ന് ശശി കാട്ടിക്കൂട്ടിയ അക്രമവും മറ്റും അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

'ഇവിടെ നിന്നും രക്ഷപ്പെടാൻ വേണ്ടി എനിക്കും ശശിയെപ്പോലെ ആകാൻ പറ്റുമോ? മാതാപിതാക്കളെ ഓർക്കുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. തന്നെപ്പോലെ ഒന്നിനും ധൈര്യമില്ലാത്തവൻ പൊത്തിൽ ഒളിക്കേണ്ടി വരും. ജീവിതത്തിൽ നിന്നും ഒളിച്ചോടും. കട്ടിലിനടിയിൽ കയറി കിടക്കും. അവനു ജീവിതം ആസ്വദിക്കാൻ കഴിയുകയില്ല. ഞാനും അക്കൂട്ടത്തിൽ പെട്ടവൻ തന്നെ.'

അന്നു രാത്രി പതിനൊന്നു മണി കഴിഞ്ഞാണ് വിനോദ് മാഷിന്റെ മുറിയിൽ നിന്നും മടങ്ങിയെത്തിയത്. എല്ലാ ദിവസങ്ങളിലെയും പോലെ മദ്യവും കഞ്ചാവും കൂടാതെ മാഷിന്റെ കൂട്ടിനു കാപാലികരായ കുറെജന്മങ്ങളും അവിടെയുണ്ടായിരുന്നു. മനുഷ്യന്റെ വേദന എന്തെന്നു മനസ്സിലാവാത്ത ജന്മങ്ങൾ. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടുന്ന ദുഷ്ടന്മാർ... വഷളത്തം നിറഞ്ഞ ചങ്ങാതിക്കൂട്ടം.

അന്നു വൈകുന്നേരം വിനോദ് കേട്ട അപവാദങ്ങൾ അപ്പോഴും അവന്റെ മനസ്സു തുളച്ചു കൊണ്ടിരുന്നു. ചിന്തിക്കുന്തോറും ഹൃദയഭിത്തിയിൽ കൂടുതൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിക്കൊണ്ടുമിരുന്നു.

അവിടെ നിന്നും ചുടുചോര ഒലിച്ചിറങ്ങുന്നതായി വിനോദിനു അനുഭവപ്പെട്ടു.

അല്പനേരം ചിന്തിലാണ്ടു കിടന്നപ്പോൾ തലയാകെ മരവിച്ചതു പോലെ.

'എന്തു ചെയ്യണം? ചെയ്യാത്ത കുറ്റത്തിനു അപവാദം കേൾക്കേണ്ടി വരിക എന്നത് അഭിമാനികളായ മനുഷ്യർക്ക് ഭീതിജനകവും അസ്സഹനീയവും അത്രേ? അതും സമൂഹത്തിൽ നികൃഷ്ടമെന്നു കരുതുന്ന പ്രവൃത്തികൾ ചെയ്യുന്നവരായി മുദ്ര കുത്തപ്പെടുമ്പോൾ.

ചിലർ അപഹാസ്യപാത്രങ്ങളുടെ മക്കളായി അപഹാസ്യരായി ജനിക്കുന്നു. മറ്റു ചിലർ അപഹാസ്യ പാത്രങ്ങൾ ആകാൻ തന്നെ ജനിക്കുന്നു.

ഇനിയും ചിലരുണ്ട്. അവർ അഭിമാനകാര്യങ്ങൾക്കായി സൃഷ്ടിക്കപ്പെടുന്നു. മറ്റു ചിലർ അപമാനകാര്യങ്ങൾക്കായും സൃഷ്ടിക്കപ്പെടുന്നു.

ചില പാത്രങ്ങളെ പ്രധാന മുറി അലങ്കരിക്കാനായി യജമാനൻ പളുങ്കുപാത്രങ്ങളുടെ ഇടയിൽ അഭിമാനത്തോടെ വയ്ക്കുന്നു. മറ്റു ചിലതിനെ മനുഷ്യർക്കു തുപ്പാനുള്ള കോളാമ്പിപാത്രമായും മെനെഞ്ഞുണ്ടാക്കുന്നു.

ചിലർ രാജാക്കന്മാരായി, ചിലർ പ്രജകളായി, ചിലർ അധികാരികളായി, ചിലർ സാധാരണ ജനമായി, ചിലർ യജമാനന്മാരായി, ചിലർ അടിമകളായി, ചിലർ മോഷ്ടാക്കളായി, ചിലർ വ്യഭിചാരികളായി, ചിലർ വേശ്യകളായി, ചിലർ വേശ്യകളെ രൂപപ്പെടുത്തുന്നവരായി, ചിലർ ധനികരായി, ചിലർ ധനികരാകാനായി, ചിലർ ദരിദ്രരായി, ചിലർ ദരിദ്രരാകാനായി... അങ്ങനെ എത്രയെത്ര വിഭിന്ന മനുഷ്യജന്മങ്ങൾ ഇവിടെ ജനിക്കുന്നു. എന്തെല്ലം സൃഷ്ടി വൈരുദ്ധ്യങ്ങൾ...

ഈ ലോകത്തിലേക്ക് അയയ്ക്കപ്പെട്ട് ഓരോ തരത്തിലുള്ള ജന്മം എടുക്കാനായി കണക്കിൽ എടുക്കപ്പെട്ട യോഗ്യതകൾ എന്തെല്ലാമാണ്? ആരാണ് ആ യോഗ്യതകൾ നിശ്ചയിക്കുന്നത്?

ഇവിടെ റാഗിംഗിൽ കൂടുതലായി പീഡിപ്പിക്കപ്പെടുന്നവർ സൗന്ദര്യമുള്ളവരും അഴകുള്ളവരും വെളുത്ത നിറമുള്ളവരും ആർഭാടം കാണിക്കുന്നവരും സ്‌റ്റൈൽ കാട്ടുന്നവരും ധനികരുടെ മക്കളും ഉയർന്ന ജോലിക്കാരുടെ മക്കളും നല്ല മാർക്കോടെ വരുന്നവരും ഒക്കെയാണ്. അതിനാൽ അവരോടു കാണിക്കുന്ന പീഡനങ്ങളും ക്രൂരതകളും അസൂയയിൽ നിന്നും ജന്മമെടുക്കുന്നവയാണ്. ഇവിടെ ചെറിയ തോതിൽ പീഡിപ്പിക്കപ്പെടുന്ന മറ്റൊരു കൂട്ടരുമുണ്ട്. കറുത്തവരും വൈരൂപ്യമുള്ളവരും സമൂഹത്തിന്റെ താഴേക്കിടയിൽ നിന്നു വന്നവരും. അതിന്റെ പിന്നിലെ ചേതോവികാരം എന്താണ്? അഹന്തയോ?

ചില വൃത്തികെട്ട ജന്മങ്ങൾ സ്വന്തം മാലിന്യം മറ്റുള്ളവരുടെ മേൽ വാരിയെറിയുന്ന പരിഹാസികളും മറ്റുള്ളവരെ മലിനപ്പെടുത്തി വിജയം കൊയ്യാൻ ജനിച്ചവരുമാണ്.

സമൂഹമദ്ധ്യത്തിൽ എന്തു വൃത്തികേടു കാട്ടിയാലും അതു പരിഗണിക്കപ്പെടാതെ ഉയർത്തപ്പെടുന്നവരും ഒരു കുറ്റവും ചെയ്യാതെ താഴ്‌ത്തപ്പെടുന്നവരും ഉണ്ട്.

അങ്ങനെ എത്രയെത്ര വിഭിന്ന തരത്തിലുള്ള മനുഷ്യർ?

ഞാൻ ഇക്കൂട്ടത്തിൽ ഏതു ഗ്രൂപ്പിൽ പെടുന്നു? ഞാൻ ഒരു അപഹാസ്യപാത്രമാകാൻ ജനിച്ചവനോ? വിനോദ് സ്വയം ചോദിച്ചു.

അപമാനിതനാകാൻ ജനിച്ച തന്റെ സൃഷ്ടിപ്പിനെപ്പറ്റി ഓർത്ത് അവൻ ദുഃഖിച്ചു. ചെയ്യാത്ത നികൃഷ്ടമായ കുറ്റത്തിന് അപമാനിതനാകുന്നവന്റെ വേദന അവനും അനുഭവിച്ചു. അതൊരു സൃഷ്ടിവൈരുദ്ധ്യമാകാം. വളരെ ഉയർന്ന മാർക്കു നേടിയിട്ടും ഇവിടെ തന്നെ വന്നുപെട്ടത്, അതും ഇവിടുത്തെ ദുഷ്ടക്കൂട്ടരുടെ ഇരയായി അവരുടെ കൈകളിൽ വന്നുപെട്ടത് തന്റെ വിധിയുടെ ഭാഗവുമാകാം.

ആ ചിന്ത വിനോദിനെ വല്ലാതെ അസ്വസ്ഥനാക്കി.

തന്റെ മുറിയിൽ താമസിക്കുന്നവൻ നല്ല ഉറക്കത്തിലായിരിക്കുന്നു.

വിനോദ് മെല്ലെ എഴുന്നേറ്റു. അവൻ ശബ്ദമുണ്ടാക്കാതെ മുറി തുറന്ന് ഇറങ്ങി നടന്നു. എങ്ങോട്ടാണു പോകുന്നതെന്നു തീരുമാനം എടുക്കാതെ തന്നെ.

ഹോസ്റ്റൽ ഇടനാഴിയിൽ ആരെയും കണ്ടില്ല.

വിനോദ് ഹോസ്റ്റലിനു വെളിയിൽ എത്തി.

ശാന്തമായ അന്തരീക്ഷം. എങ്കിലും അവന്റെ മനസ്സു കലുഷിതമായിരുന്നു. അവൻ ആകാശത്തേക്കു നോക്കി. ചന്ദ്രപ്രകാശം ഉണ്ടെങ്കിലും ചന്ദ്രനെ കാണുന്നില്ല. വൃക്ഷത്തലപ്പുകൾ ചന്ദ്രനെ മറച്ചിരിക്കുന്നുവോ?

ചന്ദ്രനെ പ്രകാശിപ്പിക്കുന്ന വെളിച്ചം ഏതു വഴിയിലൂടെയാണ് ചന്ദ്രനിൽ എത്തുന്നത്? തന്നിലേക്ക് ദൈവത്തിന്റെ ഒരു പ്രകാശകിരണമെങ്കിലും കടന്നു വന്നിരുന്നുവെങ്കിൽ എന്ന് അവൻ അപ്പോൾ ആശിച്ചു പോയി.

ഇരുട്ടിൽ തപ്പുന്നവനെപ്പോലെ അവൻഅവിടെ എകനായി നിന്നു. നാലു പാടും നോക്കി. ആരുമില്ല. ഒരു ശബ്ദവും കേൾക്കാനില്ല.

സമയം പന്ത്രണ്ടു മണി. അർദ്ധ രാത്രി. അങ്ങ് ദൂരേയെവിടെയോ പട്ടികൾ ഓലിയിടുന്നു. അത് ഏതു ഭൂതത്തെ കണ്ടാവും? അതോ കാലനെ കണ്ടാണോ? ഭൂമിയിലെ ജീവിതത്തിേെന്റ സമയം തികച്ച ആരെയെങ്കിലും കൊണ്ടു പോകാൻ കാലൻ ഊരുചുറ്റുന്നതു കണ്ട് പട്ടികൾ ഓലിയിടുമെന്നു പറയുന്നത് ശരിയാണോ? കാലന്റെ ആ വരവിന്റെ ഉദ്ദേശ്യം ഞാനായിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു.

അവൻ നടന്നു. എങ്ങോട്ടെന്നു തീരുമാനിക്കാതെ.

അവൻ ചെന്നു നിന്നത് ഹോസ്റ്റലിന്റെ അടുത്തുള്ള കിണറിനരികിലായിരുന്നു. ഹോസ്റ്റലിലേക്കു വെള്ളം നല്കുന്ന കിണർ. അതിനരികിൽ ഒരു പമ്പ് ഹൗസുണ്ട്.

കിണറിനരികിൽ ഒരു ഇരുമ്പു തൊട്ടിയും കയറും വച്ചിരിക്കുന്നത് അവൻ കണ്ടു. അല്പനേരം ആ കയറിലേക്ക് അവൻ നോക്കി നിന്നു.

കിണറിനുള്ളിലേക്ക് എത്തി നോക്കിയപ്പോൾ അതിനുള്ളിലെ വെള്ളത്തിൽ തന്റെ പ്രതിബിംബം കണ്ടു. അടുത്ത് തന്നെ ചന്ദ്രബിംബവും. അവൻ ആകാശത്തേക്കു നോക്കി. ചന്ദ്രൻ തന്റെ തലയ്ക്കു മുകളിൽ നില്ക്കുന്നു. ഇവിടെ ഇതാ എനിക്കു കൂട്ടിനായി ചന്ദ്രൻ ഇറങ്ങി വന്നിരിക്കുന്നു. അവൻ വീണ്ടും കിണറിനുള്ളിലേക്കു നോക്കി. അവിടെ ചന്ദ്രബിംബം തന്റെ തലയ്ക്കും താഴെ കൂടുതൽ ആഴത്തിൽ ആണ്. അവൻ ചന്ദ്രനെ സൂക്ഷിച്ചു നോക്കി. കിണറിനുള്ളിലെ വെള്ളത്തിൽ വെളിച്ചം വിതറുന്ന ആ ചന്ദ്രൻ തന്നെ മാടി വിളിക്കുന്നുവോ?

''വരൂ... എന്റെ അടുത്തേക്ക്. വരൂ... അതു നിനക്കു പറ്റിയ ലോകമല്ല. നീ ആ ലോകത്തിനു യോജിച്ചവനമല്ല. നിനക്കവിടെ ഒന്നും ചെയ്യാൻ പറ്റില്ല. അതിനുള്ള കഴിവ് ദൈവം നിന്നിൽ നിക്ഷേപിച്ചിട്ടില്ല. നീ ആ ലോകത്തിന്റെ ഇരയാണ്.. എല്ലാവരുടെയും ഇരയാണ്. ഒരു ഇരയായി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവൻ. വരൂ എന്നോടൊപ്പം വരൂ. നിനക്ക് ഞാൻ മോചനം തരാം. രക്ഷ തരാം. നിനക്ക് ഇപ്പോൾ വിടുതൽ ആവശ്യമാണ്.''

കിണറിനുചുറ്റും കെട്ടിയിരിക്കുന്ന മൂന്നടി പൊക്കമുള്ള സംരക്ഷണ ഭിത്തിയുടെ മുകളിൽ കയറി അവന് കിനണറിനുള്ളിലേക്ക് കാലുകൾ ഇട്ടുകൊണ്ട് ഇരുന്നു.

ഇന്നത്തെ ഈ രാത്രിയിൽ തനിക്കു കൂട്ടിനായി ചന്ദ്രനുണ്ട്. അതു തന്നെ ധാരാളം. അവിടെ ഇരുന്നുകൊണ്ട് അവൻ കിണറിനുള്ളിലേക്കു വീണ്ടും നോക്കി. കിണറ്റിൽ ധാരാളം വെള്ളമുണ്ട്. ആ വെള്ളിത്തിലേക്ക് അവൻ ഇമ വെട്ടാതെ നോക്കിയിരുന്നു.

അപ്പോൾ അവനു വല്ലാത്തദാഹം അനുഭവപ്പെട്ടു. കിണറിനുള്ളിലേക്ക് ഇറങ്ങി ചെന്ന് കൈക്കുമ്പിളിൽ വെള്ളം കൊരിയെടുത്തു കുടിച്ചാൽ ദാഹം ശമിക്കുമോ? ആ വെള്ളത്തിന് കൂടുതൽ സ്വാദ് ഉണ്ടാകുമോ?

അവൻ മുന്നോട്ടു ആയുമ്പോൾ ഒരാൾ പിറകിൽ നിന്നും തന്നെ പിടിച്ചിരിക്കുന്നതായി അവനു തോന്നി. അവൻ തിരിഞ്ഞു നോക്കി. മൂന്നാം വർഷ വിദ്യാർത്ഥിയ ഗീവർഗീസ്.

'അയാൾ ഇപ്പോൾ ഇവിടെ എങ്ങനെ വന്നു?' വിനോദ് ഉള്ളിൽ മന്ത്രിച്ചു.

''താനെന്തിനാ ഇവിടെ ഒറ്റക്കിരിക്കുന്നെ?''

വിനോദ് ഉത്തരം പറഞ്ഞില്ല.

''അവിടെ നിന്നും കിണറ്റിലോട്ടു വീണാൽ തന്റെൂ പൊടി പോലും കിട്ടില്ല. വല്യ ആഴമുള്ള കിണറാ. താനിങ്ങ് ഇറങ്ങി വാ.

എന്നിട്ടും വിനോദ് ഒന്നും സംസാരിച്ചില്ല.

ഗീവർഗീസ് അവനെ പിടിച്ചു വലിച്ചു. അവൻ കിണറിന്റെ അരഭിത്തിയിൽ നിന്നും താഴെയിറങ്ങുമ്പോൾ വീണു പോകാതിരിക്കാൻ ഗീവർഗീസ് അവനെ ബലമായി പിടിച്ചിരുന്നു.

വിനോദ് ഒന്നും സംസാരിക്കാതെ ഗീവർഗീസിനോടൊപ്പം ഹോസ്റ്റലിലേക്കു നടന്നു.

''താൻ അവിടെ ഈ സമയത്ത് എന്തിനാ പോയത്?

''വെറുതെ.''

''ഓ.. വെറുതെ..'' ഗീവർഗീസ് തലയാട്ടിക്കൊണ്ട് ഉരുവിട്ടു.

താൻ പറഞ്ഞത് ഗീവർഗീസ് വിശ്വസിച്ചിട്ടുണ്ടാവില്ല എന്ന് അവനു തോന്നി.

ഗീവർഗീസ് എങ്ങനെ തന്റെ പിന്നാലെ വന്നു എന്നു ചിന്തിച്ചുനടക്കുമ്പോൾ അയാൾ പറഞ്ഞു. ''മുറിയുടെ ജനലിനരികിൽ നിന്ന് വെറുതെ വെളിയിലേക്കു നോക്കുമ്പോൾ താൻ കിണറിനടുത്തേക്കു നടക്കുന്നത് എന്റെ കണ്ണിൽ പെട്ടു. താൻ ഈ സമയത്ത് എവിടെ പോകുകയാണെന്നറിയാൻ തന്റെ പിന്നാലെ വന്നതാ. തന്നെ കണ്ടത് ഭാഗ്യം.''

അവർ വിനോദിന്റെ മുറിയിൽ എത്തി.

''താൻ കിടന്നോളൂ. പാതിരാത്രിയായി. നാളെ ക്ലാസ്സിൽ പോകേണ്ടതല്ലേ?''

ഇറങ്ങാൻ തുടങ്ങുമ്പോൾ ഗീവർഗീസ് പതുക്കെ പറഞ്ഞു. ''ഇനീം ഇത്തരം മണ്ടത്തരം ഒന്നും ചിന്തിച്ചേക്കരുത്. കേട്ടോ? എന്തു പ്രശ്‌നം ഉണ്ടെങ്കിലും എന്നോടു പറയാം. തന്റെ എല്ലാ സഹായത്തിനും എപ്പോഴും ഞാൻ തന്റെ കൂടെയുണ്ടാവും.... കേട്ടല്ലോ? ഇപ്പോൾ ശാന്തനായി കിടന്നുറങ്ങുക. മറ്റൊന്നും ചിന്തിക്കേണ്ടാ. ഇതാരും അറിയുകയും വേണ്ടാ. ഗുഡ് നൈറ്റ്.''

വിനോദ് ഗീവർഗീസിന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു തലയാട്ടി. ഗീവർഗീറസ് മുറിയിൽ നിന്നും ഇറങ്ങിയിട്ട് കതകു ചാരുന്നതിനു മുമ്പ് ഒന്നു കൂടി വിനോദിനെ നോക്കി.

വിനോദ് കിടക്കയിൽ ഇരുന്നുകൊണ്ടു മന്ത്രിച്ചു. ''അതെ ഞാൻ ഉറങ്ങാൻ പോകുന്നു. ശാന്തമായി ഉറങ്ങാൻ പോകുന്നു.''

അവൻ കിടക്കയിൽ അഭയം തേടി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവൻ അന്നു രാത്രിയിൽ ആരും കാണാതെ ആരും അറിയാതെ വളരെ നേരം വിങ്ങിക്കരഞ്ഞു. കണ്ണുകളിൽ നിന്നും ചുടുകണ്ണീർ ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു. അത് അവന്റെ ഹൃദയത്തിൽ നിന്നും ഒഴുകി വരുന്ന ചുടുചോര തന്നെയായിരുന്നു.

ഉള്ളിലിരുന്ന് ആരോ തന്നോടു മന്ത്രിക്കുന്നത് അവൻ കേട്ടു. ''ഒരു മനുഷ്യന്റെയും ജീവിതം അവൻ ആഗ്രഹിക്കുന്ന വഴികളിലൂടെ ആകണമെന്നില്ല. അവൻ സ്വയം സഞ്ചരിക്കുന്നതോ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നതോ ആയ വഴികളിലൂടെ ആകണമെന്നുമില്ല.''

'അതെ.. അതു സത്യമാണ്.

അത് ഇന്ന് എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു.

എന്റെ യാത്ര എനിക്കു വേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന വഴികളിലൂടെ അത്രേ. എനിക്കു വേണ്ടി എഴുതപ്പെട്ടിരിക്കുന്ന ജീവിതനാടകത്തിൽ എന്റെ ഭാഗം അഭിനയിക്കുക മാത്രമാണ് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഏക കർത്തവ്യം. അതിൽ നിന്നും മാറിപ്പോകാനോ വഴിമാറി നടക്കാനോ എന്റെ മുമ്പിൽ പുതിയ വഴികൾ ഒന്നും തുറന്നു കിട്ടുകയില്ല. വഴി മാറി നടക്കണമെങ്കിൽ നാടകം എഴുതിയ ആൾ തന്നെ അതു മാറ്റി എഴുതണം. അതും സംഭവ്യമാണ്. എങ്കിൽ കൂടി അതെങ്ങനെ സംഭവിക്കും എന്നോ അതെങ്ങനെ നേടിയെടുക്കാം എന്നോ ആർക്കും നിശ്ചയമില്ല.

ചിലപ്പോൾ അഭിനയിക്കുന്ന നടന് നാടകത്തിലെ ചില സംഭാഷണങ്ങൾ മാറ്റി പറയാൻ കഴിഞ്ഞേക്കാം. ചില സംഭവങ്ങൾക്കു വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന രംഗങ്ങളും സംവിധാനങ്ങളും സാഹചര്യങ്ങളും മാറിയേക്കാം. സംഭവ മുഹൂർത്തങ്ങൾ കാലോചിതമായും സമയോചിതമായും സാഹചര്യങ്ങൾക്കനുസൃതമായും മാറിയെന്നും വരാം. എങ്കിലും ആത്യന്തികമായി സംഭവിക്കാനുള്ളതു സംഭവിക്കും. അതാണ് അന്ത്യപരിണതഫലം. അതിൽ നിന്നും ആരും ഒളിച്ചോടിയിട്ടു കാര്യമില്ല. സംഭവിക്കാനുള്ളത് എവിടെ പോയി ഒളിച്ചാലും പിന്തുടരും... പിന്തുർന്നു നിറവേറ്റപ്പെടും.

അതിനെയാണ് ജീവിതം എന്നു പറയപ്പെടുന്നത്.

അതാണ് ഈ ഭൂവിലെ മനുഷ്യരുടെ ജീവിത രഹസ്യം.

അതാണ് ഏതൊരു മനുഷ്യന്റെയും ജീവിതഗാഥ.

അതാണ് നാം അറിയാതെ വിധിയെന്നു പറഞ്ഞു പരിതപ്പിക്കുന്നതും.

ചിന്തിച്ചുകൊണ്ടു കിടക്കുകയായിരുന്ന വിനോദ് അന്നു രാത്രിയിൽ ഉറങ്ങിയതത് എപ്പോഴാണെന്ന് അറിഞ്ഞതേയില്ല.

(തുടരും.............)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെകഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതുതരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP