Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഒൻപതാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഒൻപതാം ഭാഗം

ജീ മലയിൽ

ദൂരെ നിന്നുമെത്തിയഒന്നാം വർഷ വിദ്യാർത്ഥികൾ എല്ലാവരുംആദ്യ ദിവസമായ അന്ന് ക്ലാസ്സു കഴിഞ്ഞ് ഹോസ്റ്റലിലെത്തിച്ചേർന്നിരുന്നു. കൂടെ വന്നവർ രാവിലെ തന്നെമടങ്ങിപ്പോയിരുന്നതിനാൽ തങ്ങളെസഹായിക്കാൻ അവിടെ ആരുമില്ല എന്ന ചിന്ത റാഗിംഗിനെക്കുറിച്ചു കേട്ടിട്ടുള്ളഅവരിൽ ഭയവുംവേദനയും ഉളവാക്കിക്കൊണ്ടിരുന്നു.

വൈകുന്നേരമായപ്പോഴേക്കും കൂടുതൽ കാറുകൾ നവാഗതരെ വഹിച്ചുകൊണ്ട്‌ഹോസ്റ്റലിനു മുമ്പിൽ എത്തിത്തുടങ്ങി.അവരെ ഇറക്കി വിട്ട ശേഷം ആ കാറുകളും പാഞ്ഞു പോയി.

സന്ധ്യയ്ക്ക് ഇനിയും സമയമുണ്ടെങ്കിലും ഹോസ്റ്റൽ അന്തരീക്ഷം പൂർണമായും ശബ്ദായമാനമായിക്കഴിഞ്ഞിരുന്നു.

സീനിയർ വിദ്യാർത്ഥികൾ ഒരു ആഘോഷം മാതിരിചിരിച്ചു രസിച്ചു മദിച്ച്് നവാഗതരുടെ മുറികളിലെല്ലാം കയറിയിറങ്ങി നടക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങളിൽ തെളിഞ്ഞ പ്രസാദമായിരുന്നുകാണപ്പെട്ടത്.

''നില്ലെടാ അവിടെ', ''ഓടെടാ, ''ഇരിയെടാ' തുടങ്ങിയ ആക്രോശങ്ങൾ കൊണ്ടു മുഖരിതമായിരുന്നു, അന്തരീക്ഷം.

പ്രതികരിക്കാനും എതിരിടാനും കരുത്തില്ലാത്തവരുടെ മുമ്പിൽ ഏതു കുറുക്കനും കഴുതയ്ക്കും ദുഷ്ട കോമരത്തിനും രാജാവാകാൻ സാധിക്കും. അതാണ് മനുഷ്യവർഗ്ഗത്തിന്റെ പ്രത്യേകത. ഒരിക്കൽ രാജാവായാൽ അയാൾ എന്നും രാജോൽക്കർഷം ബോധത്തിനു അടിമപ്പെട്ടവനായിരിക്കും. ആ ഉൽക്കർഷത ബോധം അയാളെ എക്കാലവും ഭരിക്കുകയും ചെയ്യും. പക്ഷേ അതെത്ര നാൾ? വിനോദ് അവരുടെ അമിതമായ തിമിർപ്പും തിളപ്പും കണ്ടു ചിന്തിച്ചു പോയി.

ഒരു കാറിൽ ഹോസ്റ്റലിന്റെ മുമ്പിൽവന്നിറങ്ങിയ ഒരു നവാഗതന്റെ തലയിലേക്ക് അവിടെ നിന്നിരുന്നസീനിയർ വിദ്യാർത്ഥികൾ അവന്റെ കിടക്ക പിടിച്ചു വച്ചു കൊടുത്തിട്ടുപറഞ്ഞു.''നടക്കെടാ.'

ഹോസ്റ്റലിൽ താമസിക്കാൻ പല മോഹന സ്വപ്നങ്ങളുമായി എത്തിയ അവൻ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്നു.

വീണ്ടും അവർ നടക്കാൻ പറഞ്ഞപ്പോൾ കാര്യം എന്തെന്നറിയാതെ തന്നെ അവൻ നടന്നുതുടങ്ങി. ആ കിടക്കയും തലയിൽ വയ്പിച്ച് അവനെ ഹോസ്റ്റലിന്റെ മുമ്പിൽ കൂടി പല പ്രാവശ്യം നടത്തി.

'ശരണം വിളിയെടാ.'എന്ന ആജ്ഞ കേട്ടപ്പോൾ അവൻ പകച്ചു നിന്നു.

പെട്ടെന്ന് ഒരു സീനിയർ വിദ്യാർത്ഥി ഓടി വന്ന് അവന്റെ മുണ്ടഴിച്ചു മാറ്റി. അതു വട്ടത്തിൽ ചുറ്റി ഒരു ചുമ്മാടായി ശിരസ്സിൽ വച്ചു കൊടത്തു.

ഷർട്ടും ജെട്ടിയും മാത്രം ധരിച്ചു നില്ക്കുന്ന അവൻ വല്ലാതെനാണിച്ചു വിഷമിച്ചു. നിസ്സഹായത അവനെ പുൽകിയിരുന്നതിനാൽ അവർപറയുന്നവ അനുസരിക്കാനേ തരമുണ്ടായിരുന്നുള്ളു.

ഒരുവൻ അവനെ തടഞ്ഞു നിർത്തിയിട്ട് അവന്റെ തുടകളിൽ ഒന്നു തഴുകി. ആ മാംസളഭാഗങ്ങൾ വിശദമായി ഞെക്കി ഞെക്കിപരിശോധിച്ചുകൊണ്ടു പറഞ്ഞു.

'' കുണ്ടനാണല്ലോ. പറ്റിയ തടിയാ.' അയാൾ കമന്റു പാസ്സാക്കി. ഹോസ്റ്റലിൽ സുന്ദരനായ ആൺകുട്ടിയെ 'കുണ്ടൻ ' എന്നാണു വിളിക്കുന്നതെന്ന് അറിയില്ലായിരുന്നതിനാൽ ആ പറഞ്ഞവാക്കിന്റെ അർത്ഥം മനസ്സിലാക്കാതെ അവൻ വീണ്ടും നടന്നു.

വേറൊരു നവാഗതനെക്കൂട്ടി കുറെ സീനിയർ വിദ്യാർത്ഥികൾ അപ്പോൾ ഹോസ്റ്റലിലേക്കു നടന്നു വരുന്നുണ്ടായിരുന്നു. ബസിറങ്ങി വന്ന അവനെ പെട്ടിയും കിടക്കയും തലയിൽ വയ്പിച്ച് കോളേജ് ജംഗ്ഷൻ മുതൽ അവർ അനുഗമിക്കുകയായിരുന്നു. തലയിലെ ഭാരവും ശരണം വിളിയും റോഡിലെ കയറ്റവും മൂലം അവൻ വല്ലാതെ തളർന്നുപോയിരുന്നു. ഹോസ്റ്റലിന്റെ മുമ്പിൽ എത്തിയപ്പോഴേക്കും അവൻ നന്നേ കിതച്ചു.

സൂട്‌കേസ് തറയിൽ പിടിച്ചു വച്ചിട്ട് വീണ്ടും അവന്റെ കിടക്ക തലയിലേക്കു തന്നെ വച്ചു കൊടുത്തുകൊണ്ട് ഒരു സീനിയർ വിദ്യാർത്ഥി പറഞ്ഞു. 'ആ പോകുന്നവന്റെ കൂടെ നടക്ക്.'

അയാൾഅവന്റെ മുണ്ടും ഉരിഞ്ഞു മാറ്റി.

അർദ്ധനഗ്നരായ നവാഗതർ രണ്ടു പേരും ഹോസ്റ്റലിന്റെ വിശാലമായ മുറ്റത്തു കൂടി പല പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. സീനിയർ വിദ്യാർത്ഥികളുടെ ആജ്ഞ പ്രകാരം നവാഗതരിൽ ഒരുവൻ ശരണം വിളിച്ചു കൊടുത്തു. മറ്റവൻ അത് ഏറ്റു പറഞ്ഞു. അവരെ മേയിച്ചുകൊണ്ട് ഒരുപറ്റം രണ്ടാം വർഷ വിദ്യാർത്ഥികളും അവരോടൊപ്പം കൂടി.

അതു കണ്ട് ഒരു സീനിയർ വിദ്യാർത്ഥി ഹോസ്റ്റലിനുള്ളിൽ കടന്ന് കുറെ ഒന്നാം വർഷവിദ്യാർത്ഥികളെ കൂടി കിടക്കയും തലയിൽ വയ്പിച്ചുകൊണ്ടുവന്നു. ആ നവാഗതരെല്ലാം വരിവരിയായി, അർദ്ധ നഗ്നരായി ഹോസ്റ്റലിനു മുമ്പിൽ കൂടി ശരണം വിളിച്ചുകൊണ്ടു നടന്നു. ഇമ്പം ഏറിയ ആ ശരണം വിളികളിൽസമയം മരവിച്ചു വീണുകൊണ്ടിരുന്നു.

ദൈവത്തെ ആശ്രയിക്കുന്നതിനും ദൈവത്തിൽ ശരണം പ്രാപിക്കുന്നതിനുമായി വിളിക്കുന്ന പ്രാർത്ഥന വിളികളെപ്പോലും ഇവിടെ അപഹാസ്യമാക്കിയിരിക്കുന്നു... മലിനപ്പെടുത്തിയിരിക്കുന്നു. അതു കോപം വിളിച്ചു വരുത്തുമെന്നറിയാതെയാണെങ്കിൽ പോലും ആ കുറ്റത്തിന്റെ കറ അവരുടെ മേൽ പതിച്ചിരിക്കുന്നു. ആ കുറ്റത്തിൽ നിർദ്ദോഷ രക്തത്തെയും പങ്കാളികളാക്കിയിരിക്കുന്നുവല്ലോ.

സന്ധ്യയുടെ ആഗമനത്തിൽ വൈദ്യുതവിളക്കുകൾ തെളിഞ്ഞുതുടങ്ങി. അപ്പോൾ തങ്ങളുടെ മുറികളിലേക്ക് പോകാൻ അവർക്ക് അനുവാദം കിട്ടി. കൂടെ ഒരാജ്ഞയും. ''എത്രയും വേഗം എല്ലാവരും കുളിച്ചു റെഡി ആയി അവരവരുടെ മുറികളിൽ നില്ക്കുക.''

അന്നു സീനിയർ വിദ്യാർത്ഥികൾ വിനോദിനെ ഒട്ടും തന്നെ ഗൗനിച്ചില്ല. അത് ഒരു വിധത്തിൽ അനുഗ്രഹമായിരിക്കുന്നു എന്ന് വിനോദ് ചിന്തിച്ചു.
തലേ ദിവസം വന്നതിനാൽ തന്നിൽ കാണേണ്ടവയെല്ലാം എല്ലാവരും കണ്ടു കഴിഞ്ഞു. തന്റെ പുതുമ ഇല്ലാതായിരിക്കുന്നു എന്ന് വിനോദിനു തോന്നി. ഇഷ്ടം പോലെ പുതിയ ഇരകളും എത്തിയിട്ടുണ്ട്. ഓരോ ദിനവും എല്ലാവർക്കും വേണ്ടത് അതാതു ദിനത്തിന്റെ പുതുമയാണ്. അതിനാലാവും താൻ ഇന്ന് പിടിക്കപ്പെടാതെയിരിക്കുന്നത് എന്നു ചിന്തിച്ചുകൊണ്ട് വിനോദ് തന്റെ മുറിയിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ പമ്മിയിരുന്നു.

രാത്രി ഒമ്പതു മണിയായപ്പോൾ സീനിയർ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയ എല്ലാ ഒന്നാം വർഷ വിദ്യാർത്ഥികളെയും അവിടുത്തെ പൊതു മുറിയിലേക്ക് ആനയിച്ചു.

ഒന്നാം വർഷ വിദ്യാർത്ഥികൾ സീനിയർ വിദ്യാർത്ഥികളാൽ ചുറ്റപ്പെട്ട് ആ മുറിയുടെ തറയിൽ കുത്തിയിരുന്നു. തങ്ങളുടെ ഓരോ ചലനവും അവിടെയുള്ള കഴുകന്മാരുടെ കണ്ണുകൾ കാണുന്നുണ്ട് എന്നവർക്ക് അറിയാമായിരുന്നു.

'ഈ കോളേജ് ഹോസ്റ്റലിലെ നിയമാവലി ഞാനിവിടെ വായിക്കുകയാണ്. അത് നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കേട്ട് അനുസരിച്ചു കൊള്ളണം.' ഹോസ്റ്റൽ സെക്രട്ടറി നിവർത്തിപ്പിടിച്ചിരിക്കുന്ന ഒരു കടലാസിൽ നോക്കിക്കൊണ്ട് ഉറക്കെപ്പറഞ്ഞു.

അയാൾ അവരെയെല്ലാം ഒന്നു നോക്കിയിട്ട് വീണ്ടും വായന തുടർന്നു.

''ഒന്ന്. റാഗിങ് പിരിയഡ് കഴിയുന്നതു വരെ ഒന്നാം വർഷ വിദ്യാർത്ഥികൾ സീനിയർ വിദ്യാർത്ഥികളെ 'സർ ' എന്നു സംബോധന ചെയ്യണം.

രണ്ട്. എവിടെ വച്ചു കണ്ടാലും സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കണം. അവർ എന്തു പറഞ്ഞാലും അനുസരിക്കണം.

മൂന്ന്. ഹോസ്റ്റലിലായാലും പുറത്തായാലും പുള്ളികളുള്ളതും കടും നിറമുള്ളതും ആയ ഷർട്ടും കൈലിയും ധരിക്കാൻ പാടില്ല.

നാല്. കോളേജിൽ പാന്റ്‌സ് ധരിച്ചു പോകാൻ പാടില്ല.

അഞ്ച്. റാഗിങ് കഴിയുന്നതു വരെ മീശയോ കൃതാവോ വച്ചു നടക്കാൻ പാടില്ല.

ആറ്. റാഗിങ് പിരിയഡ് കഴിയുന്നതു വരെ, അതായത് നിങ്ങൾക്കു സ്വാതന്ത്ര്യം തരുന്നതു വരെ സീനിയർ വിദ്യാർത്ഥികളുടെ അനുവാദം കൂടാതെ ഹോസ്റ്റലിനു വെളിയിൽ പോകാൻ പാടില്ല.

ഏഴ്. ഹോസ്റ്റലിൽ നിന്ന് കോളേജിലേക്കും കോളേജിൽ നിന്ന് ഹോസ്റ്റലിലേക്കും വരുമ്പോൾ എല്ലാ ഒന്നാം വർഷ വിദ്യാർത്ഥികളും തങ്ങളുടെ ബുക്കുകൾ തലയിൽ വച്ചുകൊണ്ട് വരിവരിയായി നടക്കണം.

എട്ട്. ഇവിടെ നടത്തുന്ന പൊതുപരിപാടികളിൽ എല്ലാ ഒന്നാം വർഷ വിദ്യാർത്ഥികളും പങ്കെടുക്കണം.

ഒമ്പത്. ആരും യാതൊരു രാഷ്ട്രീയ വിദ്യാർത്ഥിസംഘടനയും ഈ കോളേജ് കോമ്പൗണ്ടിൽ കൊണ്ടുവരാൻ പാടില്ല. രാഷ്ട്രീയ സംഘടനകൾക്കു വേണ്ടി പ്രവർത്തിക്കാനും പാടില്ല.

പത്ത്. റാഗിംഗിന് വിധേയരായെന്നോ റാഗിങ് നേരിട്ടു കണ്ടുവെന്നോ ഇവിടുത്തെ അദ്ധ്യാപകരുടെ അടുത്തു യാതൊരു കാരണവശാലും പറയാൻ പാടില്ല.

പതിനൊന്ന്. ഈ നിയമങ്ങൾ ആരെങ്കിലും ലംഘിച്ചാൽ അവർക്കു കർശന ശിക്ഷ നല്കുന്നതും, അവരുടെ റാഗിങ് കാലാവധി ദീർഘിപ്പിക്കുന്നതും ക്രൂരമായ രീതിയിൽ അവരെ കൈകാര്യം ചെയ്യുന്നതുമാണ്.

പന്ത്രണ്ട്. ഈ നിയമാവലി മാറ്റമില്ലാത്തതും ആരും മാറ്റാൻ പാടില്ലാത്തതുമാകുന്നു. ഈ നിയമാവലി എല്ലാ വർഷവും തുടരേണ്ടതാണ്. ആയതിനാൽ ഇത് എല്ലാ വർഷവും നടപ്പാക്കാൻ നിങ്ങളും ബാദ്ധ്യസ്ഥരായിരിക്കും.''

വായിച്ചു തീർത്തിട്ട് സെക്രട്ടറി നവാഗതരായ എല്ലാവരുടേയും മുഖങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി. പേടിച്ചു വിറച്ച് ശ്വാസം പോലും വിടുന്ന ശബ്ദത്തെ നിയന്ത്രിച്ചുകൊണ്ട് അവർ ഇരിക്കുകയായിരുന്നു.

രാഷ്ട്രീയപ്രബുദ്ധമായ ഒരു സാമൂഹ്യ അന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയത്തിന്റെ തല്ലും തടയും പഠിപ്പിക്കുന്ന ഒരു ആർട്‌സ് ആൻഡ് സയൻസ് കോളേജ് അന്തരീക്ഷത്തിൽ നിന്നും വന്നവരോടാണോ ഇവർ ഇത്ര കർക്കശമായ നിയമങ്ങൾ അടിച്ചേല്പിക്കുന്നത് എന്നോർത്തപ്പോൾ വിനോദിനു ആശ്ചര്യം തോന്നി. അത് അവിശ്വസനീയമായും തോന്നി. എന്നിട്ടും ആരും ഒരക്ഷരവും മിണ്ടുന്നില്ല. ഇത് കേരളം തന്നെയോ? ഇവിടുത്തുകാർ ഈ നാട്ടുകാരാല്ലാതായി തീർന്നുവെന്നോ? ഒരു പക്ഷേ ജനങ്ങൾ ഇവിടെ നടക്കുന്നതൊന്നും അറിയുന്നുണ്ടാകില്ല.

സമൂഹത്തിന്റെ ഒരു വിളിപ്പാടകലെയാണെങ്കിലും ഇവിടെ എന്തും നടക്കും. അതിനു പട്ടപ്പാതിരയുടെ ആവശ്യമില്ല. ഒരു മതിൽക്കെട്ടിന്റെയും ആവശ്യമില്ല. സമൂഹത്തിന്റെ കണ്മുമ്പിൽ തന്നെ നടക്കും... നടക്കുന്നുണ്ട്. പക്ഷേ കണ്ടിട്ടും കണ്ടാലും അതാരും കാണുന്നില്ല. കേട്ടിട്ടും കേട്ടാലും അതാരും കേൾക്കുന്നില്ല. വായിച്ചിട്ടും വായിച്ചിട്ടും എത്ര പ്രാവശ്യം വായിച്ചാലും അതാർക്കും മനസ്സിലാകുന്നുമില്ല.

ഇതു മൃഗങ്ങളുടെ ഇടയിൽ നടക്കുന്നതല്ല. മൃഗങ്ങളുടെ ഇടയിലെ നിയമവുമല്ല. വസ്ത്രം ധരിച്ചിട്ടുണ്ടെന്നു കരുതിയഹങ്കരിക്കുന്ന നഗ്‌നരായ മനുഷ്യരുടെ ഇടയിൽ തന്നെ ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്ന ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും മൃഗീയതയുടെയും നിയമമാണ്. വിനോദ് ചിന്തയിൽ മുങ്ങിപ്പോയതിനാൽ പിന്നീട് അവിടെ പറഞ്ഞതൊന്നും കേട്ടതേയില്ല.

'ഇനിയും എല്ലാ ദിവസങ്ങളിലും ഈ റൂമിൽ വച്ചു പൊതുവായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്, അതിൽ എല്ലാവരും പങ്കു ചേർന്നിരിക്കണം'എന്ന് സെക്രട്ടറി അവരെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചിട്ടു നിർത്തിയപ്പോഴാണ് വിനോദ് ഉണര്ന്നത്.

മറ്റൊരു സീനിയർ വിദ്യാർത്ഥി അപ്പോൾ വിളിച്ചു പറഞ്ഞു. ''സീനിയേഴ്‌സിനെ കാണുമ്പോൾ എല്ലാവരും ഇതു പോലെ സല്യൂട്ടു ചെയ്തു ബഹുമാനിക്കണം.''

എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കു തിരിഞ്ഞു. അയാൾ സല്യൂട്ടു ചെയ്യേണ്ട വിധം കാണിച്ചു കൊടുത്തു.

നടക്കുകയാണെങ്കിൽ വേഗം വലതു കാൽ ആഞ്ഞു ചവിട്ടിവലതു കരം സല്യൂട്ടു ചെയ്യുന്നതുപോലെ മടക്കി തലയിൽ മുട്ടിച്ച് ഇടതുകരം കൊണ്ടു തന്റെ മദ്ധ്യഭാഗം മുണ്ടോടു കൂടി കൂട്ടിപ്പിടിച്ചു കുലുക്കി നില്ക്കണം.

അയാളുടെ ആ പ്രവൃത്തി കണ്ട് നവാഗതരുടെ മുഖങ്ങളിൽ പുഞ്ചിരി വിടർന്നു. അപ്പോൾ അയാൾ ദേഷ്യത്തിൽ പറഞ്ഞു. ''ഒരുത്തനും സൊണക്കണ്ടാ. എല്ലാത്തിന്റെയും തൊലി മാറ്റിത്തരുന്നുണ്ട്.''

അതു കേട്ടപ്പോൾ, പൊന്തിവന്ന അവരുടെ പുഞ്ചിരി എങ്ങോ പോയ്മറഞ്ഞു.

അവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ വിളിച്ചു പൊക്കി താൻ ചെയ്തതുപോലെ ചെയ്തുകാട്ടാൻ അയാൾ ആവശ്യപ്പെട്ടു. അവൻ അതു പോലെ ചെയ്തു കാണിച്ചപ്പോൾ അയാൾ മറ്റുള്ള നവാഗതരോടായിചോദിച്ചു. ''എല്ലാവർക്കും മനസ്സിലായോ?''

അവരെല്ലാം തലയാട്ടി.

അയാൾ തുടര്ന്നു പറഞ്ഞു. ''ഇതാണ് ഇവിടുത്തെ എഞ്ചിനീയറിങ്‌സല്യൂട്ട് '

''എല്ലാവരും എഴുന്നേൽക്കു.'' ഹോസ്റ്റൽ സെക്രട്ടറി ആജ്ഞാപിച്ചു. നിശ്ശബ്ദരായി എല്ലാവരും എഴുന്നേറ്റു നിന്നപ്പോൾവീണ്ടും ആജ്ഞ ഉയര്ന്നു .

''ഇരിക്ക്.''

''വിനോദും ഹരിയും എവിടെ?'' അയാൾ തിരക്കി.

അവർ രണ്ടുപേരും എഴുന്നേറ്റു നിന്നു.

''ഇങ്ങുവരൂ.'' അവർ വിറയലോടെയുംഭയത്തോടെയും നടന്നു ചെന്നു.

''നിങ്ങളെ പഠിപ്പിച്ച ആ പാട്ടുകളെല്ലാം ഓർമ്മയുണ്ടല്ലോ. അതെല്ലാം ഇവർക്ക് ചൊല്ലി കൊടുക്കണം.''

അയാൾ മറ്റുള്ളവരോടായി തുടർന്നു പറഞ്ഞു. ''നിങ്ങൾ അവ ഏറ്റു ചൊല്ലണം.''

കണ്ഠനാളങ്ങളിൽ നിന്നും ഉയരുന്ന അസഭ്യഗാനങ്ങൾ അവിടമാകെ ഒഴുകിത്തുടങ്ങി. അവ ആ മുറിയുടെ ഭിത്തികളിൽ തട്ടി മാറ്റൊലി കൊണ്ടു.തങ്ങൾ ജീവിതത്തിൽ ഇത്തരംഅശ്ലീല ഗാനങ്ങൾ കേട്ടിട്ടില്ലാത്തതിനാൽ ഇതെന്തൊരു ലോകംഎന്നു ചിന്തിച്ച്ആദ്യംഅമ്പരന്നുവെങ്കിലും നവാഗതർ അവയെല്ലാംമുറ തെറ്റാതെ ഏറ്റു പാടിക്കൊണ്ടിരുന്നു.

ആലാപം തുടർന്നു കൊണ്ടിരിക്കുമ്പോൾ രണ്ടു സീനിയർ വിദ്യാർത്ഥികൾ കത്രികകളുമായി എത്തിച്ചേർന്നു. അവരുടെയെല്ലാം മുടി അപ്രത്യക്ഷമായിത്തുടങ്ങി. താഴേക്കു വളഞ്ഞതും, മുകളിലേക്കു പിരിച്ചതും, കിളിർത്തു തുടങ്ങിയതും, കറുത്ത് ഇടതിങ്ങി വളർന്നതുമായ എല്ലാത്തരം മീശകളും നീക്കം ചെയ്യപ്പെട്ടു.ഹരിയുടെയും വിനോദിന്റെയും മനസ്സിനപ്പോൾ കുളിർമ്മ അനുഭവപ്പെടുന്നുണ്ടായിരുന്നു.

ആരാത്രിയിൽഅവിടെ വളരെ നേരമായി തുടരുന്ന ഗാനാലാപവുംഅന്നത്തെയാത്രയുടെ ക്ഷീണവും അവരെ തളര്ത്തി ത്തുടങ്ങിയിരുന്നു.എങ്കിലും ഉറക്കം തൂങ്ങുന്നനയനങ്ങളുമായി അവർആ പരിപാടികളിൽ പങ്കുകൊണ്ടേയിരുന്നു.

അതു വളരെ സമയം നീണ്ട്പാതിരാത്രി കഴിഞ്ഞു.പിരിയാൻ നേരം സെക്രട്ടറി വീണ്ടും ഓർമ്മിപ്പിച്ചു. ''നാളെയും എല്ലാവരും ഇന്നത്തെ സമയത്തിനു തന്നെ ഈ റൂമിൽ വന്നു ചേരണം. ഇപ്പോൾ എല്ലാവർക്കും പോകാം.''

അവരെല്ലാം എഴുന്നേറ്റു നടന്നു തുടങ്ങി.

''ഒരു ലൈനായി പോയിനെടാ കൊരങ്ങന്മാരെ. ഇവിടുത്തെ നിയമങ്ങൾ വായിച്ചു കേട്ടിട്ടും ഒന്നിനും മനസ്സിലായില്ലേ?'' ഒരു സീനിയർ വിദ്യാര്ത്ഥി വിളിച്ചു പറഞ്ഞു.

അവർ ഒരു വരിയായി മുറിയിൽ നിന്നും വെളിയിലേക്കിറങ്ങി നടക്കുമ്പോൾഅവസാനം ആ മുറിയിൽ നിന്നും ഇറങ്ങിയ രണ്ടുപേരെചില സീനിയർ വിദ്യാർത്ഥികൾ മറ്റൊരു മുറിയിലേക്കാനയിച്ചു. ആ ഒന്നാം വർഷ വിദ്യാർത്ഥികളെ നഗ്നരാക്കി നിർത്തിയിട്ട് ആദ്യം എല്ലാവരോടും കൈക്രിയ ചെയ്യാനുംഅല്പം കഴിഞ്ഞു നിർത്താനുംആവശ്യപ്പെട്ടു.
പെട്ടെന്ന്ഒരാൾ ചോദിച്ചു.''നിങ്ങൾക്ക് തവളച്ചാട്ടം അറിയാമോ?''

അവർ മറുപടി ഒന്നും പറഞ്ഞില്ല.

അവരിൽ ഒരുവനെ അടുത്തേക്കു വിളിച്ച് അയാൾ പറഞ്ഞു. ''തവള ചാടുന്നതു പോലെ ചാടിക്കേടാ, കാണട്ടെ.''

അവൻ തവള ചാടുന്നതു പോലെ ചാടിക്കാണിച്ചു.

''തവളക്കരച്ചിലും കൂടി ആകാം.'' അപ്പോൾഅവൻ തവള കരയുന്ന ശബ്ദവും കൂടിഉണ്ടാക്കി ചാട്ടം തുടർന്നു.

''നീയും അവന്റൊ കൂടെ ചാടെടാ.രണ്ടു പേരും കൂടി നിരന്നു ചാട്. മുറിയുടെ ആ അറ്റത്തു ചെല്ലുമ്പോൾ തിരിഞ്ഞ് ഇങ്ങോട്ടു ചാടണം. ഈ അറ്റത്തു വരുമ്പോൾ വീണ്ടും അങ്ങോട്ടു ചാടണം. ഊം. ചാടിക്കേ.കാണട്ടെ.''

ക്രാ...ക്രാ...ക്രാ.. ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള അവരുടെ ഒന്നിച്ചുള്ള തവളച്ചാട്ടം കാണികൾക്കു രസം പകർന്നുകൊടുത്തു.

അല്പനേരത്തെ ചാട്ടത്തിനു ശേഷം കല്പന ഉണ്ടായി. ''നിർത്തൂ.''

ആ സമയം അടുത്ത മുറിയിൽ നവാഗതരെ റാഗ് ചെയ്തുകൊണ്ടിരുന്നസീനിയർ വിദ്യാർത്ഥികൾ ക്രാ...ക്രാ...ശബ്ദങ്ങൾ കേട്ട്അവരെക്കൂടി ആ മുറിയിലേക്കു കൊണ്ടുവന്നു.

നഗ്നരായി നില്ക്കുന്ന നവാഗതരിൽ ഒരുവന്റെ കയ്യിലേക്ക് ഒരു സിഗററ്റു കൊടുത്തിട്ട്അതു വലിക്കാൻ ഒരു സീനിയർ വിദ്യാർത്ഥി ആവശ്യപ്പെട്ടു. അവൻ വലിച്ചു തുടങ്ങിയപ്പോൾ ബാക്കിയുള്ള നവാഗതർക്കും ഓരോ സിഗററ്റു കൊടുത്തു.

സിഗററ്റു വലിക്കാൻ അറിവില്ലാത്തവർക്കും അതുവരെ വലിച്ചിട്ടില്ലാത്തവർക്കും സീനിയർ വിദ്യാർത്ഥികൾ വലിച്ചതിന്റെ കുറ്റികളാണുനല്കിയത്.അവരിലൊരുവൻസിഗററ്റു വലിച്ചു നല്ല പരിചയമുള്ളവൻആണെന്നു മനസ്സിലായപ്പോൾ കത്തി തീരാറായ ഒരു കുറ്റി കൊടുത്തിട്ടു പറഞ്ഞു. ''ഇതിന്റെ തീ വായിക്കകത്തു വച്ചു നീവലിക്ക്.''

അതു കേട്ട് സിഗററ്റുകുറ്റിയുടെ തീയുള്ള ഭാഗം അവൻ വായ്ക്കുള്ളിൽആക്കി ചുണ്ടുകൾ അടുപ്പിച്ചു പിടിച്ചു.അല്പനിമിഷങ്ങൾക്കു ശേഷം അവന്റെക മുഖത്തുള്ള പേശികൾ വലിഞ്ഞു മുറുകുന്നതു കണ്ട്അതു കളയാൻ അവനോട്ആവശ്യപ്പെട്ടു.

ഒരു വലിയ സിഗററ്റു കുറ്റി അവന്റെ കയ്യിൽ കൊടുത്തിട്ട് ഒരുവൻ ചോദിച്ചു. ''ഇത് ചുണ്ടിൽ നിന്നും എടുക്കാതെവലിച്ചുകൊണ്ട് പുകമുഴുവൻ മൂക്കിൽക്കൂടി വിടാൻ നിനക്കറിയാമോ?''

ആപറഞ്ഞവന്റെ മുഖത്തേക്കു നോക്കിനില്ക്കുന്ന അവനോട് മറ്റൊരുവൻ വിശദീകരിച്ചു കൊടുത്തു.''എടാ മണക്കൂസേ...അതായത,് അതു തീരുന്നതു വരെ നിർത്താതെ വലിക്കണം എന്നർത്ഥം. മനസ്സിലായോടാ?''

അയാൾ പറഞ്ഞതു പോലെ ചെയ്തുതുടങ്ങിയപ്പോൾഅവന്റെകണ്ണുകളും മൂക്കും വായും പുകഞ്ഞുതുടങ്ങി.കണ്ണുകൾ നിറഞ്ഞു തൂകുന്നതു കണ്ട്അവന് അതിൽ നിന്നും മോചനം ലഭിച്ചു.

തുറന്നു കിടന്നജനലിലൂടെ ആ മുറിയിലേക്ക് അപ്പോൾ ഒരു വണ്ട് പറന്നു വന്നു.അതിന്റെ മൂളൽ അവരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഭിത്തിയിൽ തട്ടി വണ്ട് താഴെ മലർന്നു വീണു.

അതുതറയിൽ കിടന്നു പിടഞ്ഞു. അല്പ നിമിഷത്തെ ശ്രമകരമായ അഭ്യാസത്തിനു ശേഷം അതു തിരിഞ്ഞു വീണ്ഉടൻ പറന്നുയർന്നു. അതിനെ പിടിക്കാൻ മറ്റൊരു നവാഗതനോട് ആ സീനിയർ വിദ്യാർത്ഥി ആവശ്യപ്പെട്ടു. അവൻ ആ വണ്ടിനെ കൈപ്പത്തികൊണ്ട് അടിച്ചു താഴെയിട്ടു.

''ആഹാ! നീ ഇത്ര മിടുക്കനാണോടാ?'' അയാൾ ചോദിച്ചു.

''അതു കയ്യിലെടുക്കെടാ.'' അവൻ ആ വണ്ടിനെ കയ്യിലെടുത്തുപിടിച്ചപ്പോൾ അയാൾ പറഞ്ഞു.

''ഇനീം വിഴുങ്ങിക്കോ.'' ആ ആജ്ഞകേട്ട് അവൻ അയാളുടെ മുഖത്തേക്ക് നിർന്നിമേഷനായി നോക്കിക്കൊണ്ട്അറച്ചു നിന്നു.

ആജ്ഞ പുറപ്പെടുവിച്ചവൻ ക്രോധത്തോടെ വീണ്ടും ഉത്തരവിട്ടു. ''അത് വായിലിടെടാ.''

അവൻ മടിച്ചു മടിച്ച് അതിനെ വായിലേക്കിടുമ്പോൾ അയാളുടെ അടുത്ത ആജ്ഞ ഉണ്ടായി.

''ഇടണ്ടാ.'' പക്ഷേ വണ്ട് അവന്റെ വായിക്കുള്ളിൽ അകപ്പെട്ടിരുന്നു.

വണ്ടിനെ വായിൽ നിന്നുംപുറന്തള്ളിയപ്പോൾ അവന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അധരങ്ങളിലും വായിലും ഒരുതരം വല്ലാത്തചുവയും അനുഭവപ്പെട്ടു.

അതോടെ ആ രാത്രിയിലെ അവരുടെ ഹോസ്റ്റൽ അനുഭവങ്ങള്ക്കും വിരാമമായി.

(തുടരും.....)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP