Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഒന്നാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഒന്നാം ഭാഗം

ജീ മലയിൽ

മാധവൻ ഉറങ്ങാതെ തന്റെ കട്ടിലിൽ മലർന്നു കിടന്നു. കൊണ്ടുവന്ന കിടക്ക പോലും വിരിക്കണമെന്നു തോന്നിയില്ല. മരപ്പലകയുടെ പരുപരുത്ത പ്രതലം മേനിയിൽ തുളച്ചു കയറുന്നതുപോലെ അനുഭവപ്പെട്ടു. തിരിഞ്ഞും മറിഞ്ഞും മലർന്നും കമിഴ്ന്നും കിടന്നു നോക്കി.

സമയം ദൂരൂഹമായി, നീണ്ട ശതാബ്ദമായി തോന്നി. വാച്ചിലെ സൂചികൾ അക്ഷമയോടെ തെരഞ്ഞു. സൂചികൾ തിരിച്ചു വച്ചാലോ എന്നു പല പ്രാവശ്യം തോന്നി. അത്ര ദുസ്സഹമായിരുന്നു ആ രാവിലെ നിമിഷങ്ങൾ. മനസ്സിന്റെ അന്തരാത്മാവിൽ ഓളം വെട്ടുന്ന ഓർമ്മകൾ.

'എന്നെ ഇവിടുത്തെ കാട്ടാളന്മാർ എന്തെല്ലാമാണു കാട്ടിയത്?' ഓർക്കുമ്പോൾ വിങ്ങൽ. വിങ്ങൽ തേങ്ങലായിപുറത്തുവരാതെ നിയന്ത്രിച്ചുനോക്കി. എങ്കിലും അടക്കാൻ കഴിഞ്ഞില്ല. കൺകോണുകളിൽക്കൂടി കണ്ണുനീർപ്രവാഹം. അതു ആരും കാണുന്നില്ലല്ലോ എന്ന് അവൻ ആശ്വസിച്ചു.

'ജീവിതത്തിൽ ആദ്യമായി ഇത്ര നീചമായ രീതിയിൽ ആക്രമിക്കപ്പെട്ടു'. വല്ലാത്ത രോഷം തോന്നി. തന്റെ ആ തീരുമാനത്തിൽ ഒന്നു കൂടി ഉറച്ചു.

'ഇല്ല.ഇനി ഒരു നിമിഷം അമാന്തിക്കാൻ വയ്യ'.അവൻ ചാടി എഴുന്നേറ്റു.സമയം വീണ്ടും വീണ്ടും നോക്കി. ജനലിൽക്കൂടി മങ്ങിയ പ്രകാശം ഊളിയിട്ടു വരുന്നു. പുറത്തേക്കു നോക്കി. ആ അന്ധകാരത്തിലും ഭൂമിയെ പുതപ്പിച്ചുറക്കുന്ന അരണ്ട വെളിച്ചം. ശ്മശാന മൂകത തളം കെട്ടി നില്ക്കുന്ന സമയം.

'ഇതാണു പറ്റിയ സമയം'. അവൻ വീണ്ടും വാച്ചു നോക്കി. നാലു മണി.

'എല്ലാവരും ഉണരുമ്പോഴേക്കും പുറത്തു കടക്കണം. തിരിച്ചു പോകണം. ഈ ചങ്ങലപ്പൂട്ടിൽക്കിടന്നു ഞെരിയാൻ വയ്യ. ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ടേ മതിയാകൂ. ഇവിടെ മുഴുവൻ അശുദ്ധ വായുവാണ്. അതു തുടർന്നു ശ്വസിച്ചാൽ ഞാൻ വിങ്ങി വിങ്ങി മരിക്കും. ജീവിക്കാനുള്ള വക വീട്ടിലുണ്ട്. അതു മതി. അതിൽ കൂടുതലൊന്നും വേണ്ട. സമ്പാദിക്കണ്ട. എനിക്ക് എഞ്ചിനീയറും ആകണ്ട, ഒന്നുമാകണ്ട. ആയതൊക്കെ മതി'.

അവന്റെ ഉള്ളു കരഞ്ഞു.

ശബ്ദമുണ്ടാക്കാതെ ബ്രീഫ് കേസിൽ കൊള്ളാവുന്ന അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്തു വച്ചു. പെട്ടി പൂട്ടി വച്ചു. കിടക്ക കെട്ടി വച്ചു. ഡ്രസ്സ് ചെയ്ത് പമ്മിപ്പമ്മി ബ്രീഫ്‌കേസും എടുത്തു മുറിയിൽ നിന്നും ഇറങ്ങി. ശബ്ദം ഉണ്ടാകാതെ ആവോളം ശ്രദ്ധിച്ചു. ഹോസ്റ്റലിനു വെളിയിൽ കടന്നു. എന്തൊരാശ്വാസം! വേഗം നടന്നു. അല്ല, ഓടി. ഒന്നു തിരിഞ്ഞു നോക്കി. ശ്മശാന മൂകത തന്നെ. വീണ്ടും കാലുകൾ കവച്ചു വച്ച് വച്ചു പിടിച്ചു.

ഹോസ്റ്റലിൽ അതൊരു വാർത്തയായിരുന്നു. മാധവൻ ഒളിച്ചോടി.

ഹോസ്റ്റൽ ഇടനാഴിയിൽ ആരോ വിളിച്ചുപറയുന്ന ശബ്ദം കേട്ടാണ് വിനോദ് അന്നുണർന്നത്. തലേദിവസം മാധവൻ തന്റെ് നിസ്സഹായമായ ആ അവസ്ഥയിൽ അനുഭവിച്ച ക്രൂരമായ റാഗിങ് കണ്ട് വിനോദിന്റെ ഉള്ളം കലങ്ങിയിരുന്നതിനാൽ അത് അവനിൽ വല്ലാത്ത ഞെട്ടൽ ഉണ്ടാക്കി. മാധവന്റെ പെട്ടിയും കിടക്കയും മുറിയിലുണ്ട്. അതുകൊണ്ട് അവൻ മടങ്ങി വരുമെന്നു അവർ ഊഹിച്ചു. എന്തു തീരുമാനിച്ചാകും പോയത് എന്നു ചിന്തിച്ചപ്പോൾ പലർക്കും അങ്കലാപ്പ് ഉണ്ടായി. ഉറക്കം നഷ്ടപ്പെട്ടു. സംശയത്തിന്റെ തീനാമ്പുകൾ ചീറിപ്പാഞ്ഞു. അവനെ റാഗ് ചെയ്തവരുടെ ഉള്ളിൽ ഭയം ആളിക്കത്തി.

കുറ്റം ചെയ്യുമ്പോഴുള്ള ധൈര്യം പിടിക്കപ്പെടുമോ എന്ന ഭയത്തിൽ ചോർന്നു പോകുന്നുവോ? അതിനാലാവാം പലരും മൗനം ദീക്ഷിച്ചു നടന്നു. സത്യത്തിൽ ആരും അങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചതല്ല. ഹോസ്റ്റൽ വാർഡൻ ഹോസ്റ്റൽ ബോയിയെ വിളിച്ചു വിരട്ടി. ''എന്തുകൊണ്ട് ഹോസ്റ്റലിന്റെ ഗേറ്റ് രാത്രിയിൽ അടച്ചു പൂട്ടിയില്ല''എന്നു ചോദിച്ചു കൊണ്ട്.

അന്നു മുഴുവൻ ഹോസ്റ്റലിൽ മൗനത്തിന്റെ കാളിമ പരന്നു കിടന്നു.

വിനോദിനെയും ആ മൗനം ബാധിച്ചിരുന്നു. 'ഭയന്നോടുന്നവൻ ഒന്നും നേടുന്നില്ല. ക്ഷണികമായ ഈ ജീവിതം പോയാൽ പോകട്ടെ എന്നു വയ്ക്കുന്നവനു മാത്രമേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ.' തന്നോട് ആരോ മന്ത്രിക്കുന്നതു പോലെ വിനോദിനു തോന്നി. ആരാണത്? അതു തന്റെ ഉള്ളം തന്നെയെന്ന് അവനു മനസ്സിലായി. മാധവൻ ജീവിതമാകുന്ന യുദ്ധക്കളത്തിൽ നിന്നും തിരിഞ്ഞോടാൻ തീരുമാനിച്ചെങ്കിൽ പിന്നെ ആർക്ക് അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയും?

ജീവിതവും ഒരു യുദ്ധക്കളമാണ്. തിരിഞ്ഞോടുന്നത് പരാജയം സമ്മതിക്കലാണ്. അവൻ എന്നും തിരിഞ്ഞോടിക്കൊണ്ടേയിരിക്കും...പരാജയപ്പെട്ടുകൊണ്ടേയിരിക്കും...കാരണം ഈ ലോകത്തിൽ ജയം വാഗ്ദാനം ചെയ്യുന്ന ഒരു യുദ്ധമേഖലയുമില്ല എന്നതാണ് വാസ്തവം. അതുപോലെ തന്നെയാണ് ജീവിതത്തിലും. ജയിക്കുമെന്നു ഉറപ്പിക്കുമ്പോൾ തന്നെ അപ്രതീക്ഷിതമായി പരാജയപ്പെടാം. അതാണു ജീവിതം. വിനോദ് അപ്പോൾ ആഗ്രഹിച്ചുപോയി, മാധവൻ മടങ്ങി വരണേ എന്ന്. അവൻ ഇവിടെ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ മടങ്ങി വരുന്നതു തന്നെയാണ് ഉത്തമം...അതാണ് അവന്റെി വിജയവും.

കോളേജ് പ്രിൻസിപ്പാളും അദ്ധ്യാപകരും വിവരം അറിഞ്ഞു കഴിഞ്ഞു. വിദ്യാർത്ഥികൾ പ്രതീക്ഷിച്ചു, 'എന്തും സംഭവിക്കാം'.

എന്താകും സംഭവിക്കാൻ പോകുന്നത് എന്ന് അവർ അക്ഷമയോടെ നോക്കിയിരുന്നു. സീനിയർ വിദ്യാർത്ഥികളുടെ ഉള്ളിൽ ആദ്യമായി പേടിയുടെ മുളകൾ അങ്കുരിച്ചു. പക്ഷേ അന്ന് ഒന്നും സംഭവിച്ചില്ല. ഓടിപ്പോയവൻ മടങ്ങി വന്നില്ല. അവനെപ്പറ്റി യാതൊരു വിവരവുംലഭിച്ചുമില്ല. പിറ്റേദിവസം മാധവന്റെ ജ്യേഷ്ഠൻ ഒരു കാറിൽ ഹോസ്റ്റലിന്റെ മുമ്പിൽ വന്നിറങ്ങി. അയാൾ നേരേ ഹോസ്റ്റൽ വാർഡന്റെ മുറിയിലേക്കു കയറിച്ചെന്നു. വിദ്യാർത്ഥികൾ വാർഡന്റെമുറിയുടെ വെളിയിൽ, അവർ സംസാരിക്കുന്നതു ശ്രദ്ധിച്ചു കേട്ടുകൊണ്ടു നിന്നു. ഹോസ്റ്റൽ ബോയിയെക്കൊണ്ട് മാധവന്റെ കിടക്കയും പെട്ടിയും എടുപ്പിച്ചു കാറിൽ വയ്പിച്ചു. അവിടെ നിന്നും അയാൾ നേരേ കോളേജ് പ്രിൻസിപ്പാളിനെ പോയിക്കണ്ടു. ഒരു പരാതി എഴുതിക്കൊടുത്തു. വേഗം കാറിൽ കയറി യാത്രയായി. അതു തന്നെ ലാക്കെന്നു കരുതി, പ്രിൻസിപ്പാളും അദ്ധ്യാപകരും.

ഹോസ്റ്റലിലെ കിരാതമായ റാഗിങ് ഭയന്ന് ഒരുവൻ ഒളിച്ചോടിയിരിക്കുന്നു. ആ വാർത്ത പത്രങ്ങളിൽ സ്ഥാനം പിടിക്കും. എല്ലാവരും അറിയും. കോളേജിനു ദുഷ്‌പേരാകും. അദ്ധ്യാപകർക്കും പ്രിൻസിപ്പാളിനും കുറച്ചിലാകും. പ്രിൻസിപ്പാളിനു പലരോടും സമാധാനം പറയേണ്ടി വരും.

ക്രൂരമായ റാഗിംഗിനെതിരെ ചിന്തിച്ചു തുടങ്ങിയിരുന്ന അദ്ധ്യാപകർ തക്ക കാരണം നോക്കിയിരിക്കുകയായിരുന്നു. ആരിൽ നിന്നും പരാതി ലഭിക്കാതിരുന്നതിനാൽ അവർ മൗനം ഭജിച്ചുവെന്നേയുള്ളു. ഇപ്പോൾ പരാതി കിട്ടിയിരിക്കുന്നു.

'ആക്ഷൻ എടുത്തേ പറ്റൂ. കുറ്റക്കാരായവരെ ശിക്ഷിച്ചേ പറ്റൂ'. അദ്ധ്യാപകർ ആ വഴിക്കു ചിന്തിച്ചു തുടങ്ങി. മൃഗീയമായ രീതിയിൽ റാഗ് ചെയ്ത പലരെയും ഇതിനോടനുബന്ധിച്ചു ശിക്ഷിക്കണമെന്ന് അവർ മനസ്സിൽ തീരുമാനിച്ചിരുന്നു.

പ്രിൻസിപ്പാൾ അദ്ധ്യാപകരുടെ ഒരു മീറ്റിങ് രഹസ്യമായി വിളിച്ചു കൂട്ടി. അദ്ധ്യാപകരും പ്രൊഫസ്സർമാരും കുറ്റക്കാരെ ശിക്ഷിക്കണമെന്ന അഭിപ്രായം ഊന്നിപ്പറഞ്ഞു. ''കുറ്റക്കാർ ആരും തന്നെ ശിക്ഷിക്കപ്പെടാതെ പോകരുത്. ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഇനിയും പരാതികൾ നിർബന്ധിച്ചു എഴുതി വാങ്ങണം. ആ പരാതികളുടെ അടിസ്ഥാനത്തിൽ ക്രൂരമായി റാഗ് ചെയ്ത എല്ലാവരേയും ശിക്ഷിച്ചേ തീരൂ. ഇനി മേലിൽ ഇവിടെ നിന്നും ആരും റാഗിങ് ഭയന്ന് ഓടിപ്പോകാനുള്ള അവസരം ഉണ്ടാകരുത്. മനുഷ്യത്വരഹിതമായ റാഗിങ് ആവർത്തിക്കപ്പെടരുത്. അതിനു തക്കവണ്ണം മാതൃകാപരമായ ശിക്ഷ കുറ്റക്കാർക്കു കൊടുക്കണം.''

അദ്ധ്യാപകരും പ്രിൻസിപ്പാളും അതിനു വേണ്ടി കരുക്കൾ നീക്കി.

അന്നു മദ്ധ്യാഹ്നമായി. ഒരു മണിക്കാണു കാലത്തെ ക്ലാസ്സു തീരുന്നത്. പന്ത്രണ്ടര ആയപ്പോൾ............

ഒന്നാം വർഷ വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ ഒരു ഡ്രോയിങ് ഹാളിലേക്കു വിളിച്ചു വരുത്തി. സീനിയർ വിദ്യാർത്ഥികളിൽ യാതൊരുസംശയത്തിനും ഇടവരാതിരിക്കത്തക്കവണ്ണം. പുതുവിദ്യാർത്ഥികൾ അന്തം വിട്ടു. എന്തിനാകാം ഇവിടെ വിളിച്ചിരുത്തിയിരിക്കുന്നതെന്നു പലരും അന്യോന്യം അന്വേഷിച്ചു. പ്രിൻസിപ്പാളും കുറെ അദ്ധ്യാപകരും അവിടെയെത്തി. ഒന്നാംവർഷ വിദ്യാർത്ഥികൾ നിശ്ശബ്ദരായി ഇരുന്നു. സീനിയർ വിദ്യാർത്ഥികൾക്കു ക്ലാസ്സുകൾ നടക്കുന്നു. അവർ വിവരം അറിയുന്നതിനു മുമ്പു പരാതികൾ എഴുതി വാങ്ങണം. അതായിരുന്നു അവരുടെ ഉദ്ദേശ്യം.

പ്രിൻസിപ്പാൾ ലളിതമായി സംസാരിച്ചു. ''നിങ്ങൾ എല്ലാവരും റാഗിങ് കാലത്ത് അനുഭവിച്ച കഷ്ടതകളെക്കുറിച്ച് എഴുതണം. ആരൊക്കെയാണു കഷ്ടപ്പെടുത്തിയതെന്നും, പേരുകൾ അറിയില്ലെങ്കിൽ അവരുടെ നിറം, വലിപ്പം, പ്രകൃതി മുതലായവ എഴുതണം. മീശ മുകളിലേക്കാണോ, താഴേക്കാണോ വളഞ്ഞിരിക്കുന്നതെന്നൊക്കെ നിങ്ങൾ ഓർക്കുന്ന രീതിയിൽ എഴുതിയാൽ മതിയാകും. ആരും ഭയപ്പെടേണ്ട. നിങ്ങളെ ഞങ്ങൾ സൂക്ഷിച്ചു കൊള്ളാം.''പ്രിൻസിപ്പാൾ പറഞ്ഞു നിർത്തി.

എല്ലാവർക്കും ഓരോ ഷീറ്റു പേപ്പർ നല്കി. നവാഗതരിൽ പലരും എഴുതാതെ ഇരുന്നു. ഫ്രീഡം ലഭിച്ചവരാണുതങ്ങൾ. ഇനിയും പരാതി എഴുതിക്കൊടുത്താൽ അതു കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ കഠിനമായി ഉപദ്രവം ഏറ്റവർ തങ്ങളുടെ വാശി തീർക്കാനെന്നവണ്ണം പരാതി എഴുതിത്ത്ത്തുടങ്ങി. വീണ്ടും പേപ്പർ വാങ്ങി അവർ അനുഭവിച്ചതെല്ലാം എഴുതി പിടിപ്പിച്ചു.

സന്ദർഭവശാൽചില ഫൈനൽ ഇയർ വിദ്യാർത്ഥികൾ അതു വഴി വന്നു. നിശ്ശബ്ദരായി എഴുതിക്കൊണ്ടിരുന്ന ഒന്നാംവർഷവിദ്യാർത്ഥികളെയും, അവരെ കാത്തു രക്ഷിക്കാനെന്നവണ്ണം നില്ക്കുന്ന അദ്ധ്യാപകരെയും പ്രിൻസിപ്പാളിനെയും കണ്ടപ്പോൾ അവരിൽ സംശയം ജനിച്ചു. അവർ വേഗം ഹോസ്റ്റലിൽ ഓടിയെത്തി. കോളേജ് യൂണിയൻ ചെയർമാനെയും സെക്രട്ടറിയെയും കോളേജ് യൂണിയനിലെ മറ്റംഗങ്ങളെയും വിവരം അറിയിച്ചു. അവർക്കു മനസ്സിലായി, അവിടെയെന്താണു നടക്കുന്നതെന്ന്.

പിന്നെ ഒരു കൊടുങ്കാറ്റായിരുന്നു. വിദ്യാർത്ഥികൾ ചെയർമാന്റെ നേതൃത്വത്തിൽ അലറിക്കൊണ്ടു പരാതി എഴുതുന്നവരുടെ ഇടയിലേക്കു ചാടിവീണു. അപ്രതീക്ഷിതമായുണ്ടായ ആ സംഭവം മൂലം അദ്ധ്യാപകർ മിഴിച്ചു നിന്നു.

''ആർക്കാണെട നായീന്റെ മക്കളെ പരാതി എഴുതെണ്ടത്?'' മാഷ് എന്നറിയപ്പെടുന്ന രാഹു ഗർജ്ജിച്ചു. ഒച്ചയും ബഹളവും കേട്ട് സീനിയർ വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ നിന്നും ഇറങ്ങിച്ചാടി ആ മുറിയിലേക്കു ഇരമ്പിക്കയറി. അവർ പരാതിയെഴുതിയവരിൽ നിന്നും കടലാസുകൾ പിടിച്ചു വാങ്ങി.

പ്രിൻസിപ്പാളും അദ്ധ്യാപകരും അബദ്ധം പറ്റിയവരെപ്പോലെ മഞ്ഞളിച്ച് ഇതികർത്തവ്യതാ മൂഢരായി നിലകൊണ്ടു.

പ്രിൻസിളപ്പൽ തന്റെ വിദ്യാർത്ഥി കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ കണ്മുമ്പിൽ വന്ന് അവർ ഇത്രയും കാട്ടാൻ ധൈര്യപ്പെടുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല. നേരത്തേ കേരളത്തിൽ അരങ്ങേറിയിട്ടുള്ള വിദ്യാർത്ഥി സമരങ്ങളിലൂടെ വിദ്യാർത്ഥികൾക്കു പ്രിൻസിലപ്പാളിനെപ്പോലും ഭയമില്ലാത്ത ഒരു വിദ്യാഭ്യാസസംവിധാനം ആണ് അവർ നേടിയെടുത്തിരിക്കുന്നതെന്ന സത്യം അപ്പോൾ പ്രിൻസിയപ്പാൾ തിരിച്ചറിഞ്ഞു. അധികാരമുള്ള തനിക്ക് ഒന്നും ചെയ്യാൻ കഴിയാതെ ഒരുനിസ്സഹായനെപ്പോലെ വിദ്യാർത്ഥികളുടെ മുമ്പിൽ നിൽക്കേണ്ടി വന്നതിൽ സ്വയം പുച്ഛം തോന്നി.

സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെപൊതിഞ്ഞ്, അസഭ്യ വാക്കുകൾ ചൊരിഞ്ഞ്, ഹോസ്റ്റലിലേക്കു നടന്നു. പുതുവർഷക്കാർ ഭയന്നു വിറയ്ക്കാൻ തുടങ്ങി. വീണ്ടും കാളരാത്രികളും പകലുകളും പ്രത്യക്ഷപ്പെടുകയാണോ? അവർ നിശ്ശബ്ദരായി, നിസ്സഹായരായി നടന്നു. അവർക്കു പ്രിൻസിപ്പാളിനോടും അദ്ധ്യാപകരോടും വല്ലാത്ത അമർഷം തോന്നി.

'പ്രിൻസിപ്പാളിന്റെ വാഗ്ദാനം എത്ര പൊള്ളയായിരുന്നു. എല്ലാവരും കൂടി ഇളകി വന്നപ്പോൾ കാത്തു രക്ഷിക്കാമെന്നു പറഞ്ഞവർ എവിടെ? അവർ നിശ്ശബ്ദരായി നോക്കി നിന്നതല്ലേയുള്ളൂ'. വിനോദ് ചിന്തിച്ചുപോയി. 'വാഗ്ദാനം നല്കുമ്പോൾ തന്നെ ഉറപ്പിച്ചിരിക്കണം, അതിന്റെ നിവൃത്തിക്കു വേണ്ട വഴികളും. അല്ല, എങ്കിൽ ഇങ്ങനെയൊക്കെയാവും ഫലം. ഒന്നാം വർഷ് വിദ്യാർത്ഥികളെ അവരുടെ നിസ്സഹായതയിൽ, ഇത്ര മാരകമായി...ഇത്ര ക്രൂരമായി പീഡിപ്പിച്ചിട്ടും ഒന്നും ചെയ്യാൻ കഴിവില്ലാതെ നോക്കി നില്‌ക്കേണ്ടിവരുന്ന അധികാരികളും പ്രിൻസിപ്പാളും അദ്ധ്യാപകരും. ഇത്തരം അധികാരം കുരങ്ങന്റെ കയ്യിൽ കിട്ടുന്ന തേങ്ങ പോലെ ആണ്. താഴെക്കൂടി പോകുന്ന ഒന്നുമറിയാത്തവന്റെ തലയിൽ അതു പതിക്കും. ഒഴിഞ്ഞു മാറാൻ അറിയാവുന്നവന് ഏറു കൊള്ളില്ല...ഒരിക്കലും.'

സീനിയർ വിദ്യാർത്ഥികളുടെ നിശ്ചയം മറ്റൊന്നായിരുന്നു. പരാതികളിൽ എന്തെങ്കിലും നടപടിയുണ്ടായാൽ രൂക്ഷമായ രീതിയിൽ 'റീ റാഗിങ്' തുടങ്ങുക. അവർക്കു പരാതി എഴുതിക്കൊണ്ടിരുന്ന ആ നവാഗതരോട് വല്ലാത്ത പക തോന്നി. വീണ്ടും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം മാറിപ്പോവുകയാണോ?

ഒന്നാംവർഷ വിദ്യാർത്ഥികളോടു തങ്ങളുടെ മുറികളിൽ പോയി നിന്നു കൊള്ളാൻ ആവശ്യപ്പെട്ടിട്ട് സീനിയർ വിദ്യാർത്ഥികൾ കോളേജിലേക്കു മടങ്ങിപ്പോയി. ആരും ഇരിക്കാൻ പാടില്ല എന്ന കർശന നിർദ്ദേശം കിട്ടിയിരുന്നതിനാൽ അവർ തങ്ങളുടെ മുറികളിൽ വിഷമിച്ചു നിന്നതേയുള്ളു.

ഈ സമയം പ്രിൻസിപ്പാളിനെ പൊതിഞ്ഞു നിന്ന് യൂണിയൻ ചെയർമാൻ തോമസ്, സെക്രട്ടറി ജോസഫ് തുടങ്ങിയവർ സംസാരിക്കുകയായിരുന്നു.

''സാറ് ഇവിടുത്തെ സമാധാനപരമായ അന്തരീക്ഷംകളഞ്ഞു കുളിക്കാനാണോ ഭാവം?'' തോമസ് ചോദിച്ചു.

പ്രിൻസിപ്പാൾ മുഖത്തെ ഗൗരവം കുറയ്ക്കാതെ ശാന്തമായി ചോദിച്ചു. ''നിങ്ങൾ മൂലം പഠിക്കാൻ വന്ന ഒരു വിദ്യാർത്ഥി ഓടിപ്പോയില്ലേ? അതിനെക്കുറിച്ചു തോമസ് എന്തു പറയുന്നു? എനിക്കിവിടെ അയാളുടെ ചേട്ടനിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. ഞാനെന്തു ചെയ്യണം?ഇത്രയും നാൾ ഞങ്ങൾ ക്ഷമിച്ചു. റാഗിംഗിൽ ക്രൂരവും നിന്ദ്യവുമായരീതികൾ കൈക്കൊണ്ടാൽ ഞങ്ങൾ നോക്കിയിരിക്കണമോ? എനിക്കിനിയും ആരോടെല്ലാം സമാധാനം പറയണമെന്നറിയാമോ?''

പ്രിൻസിപ്പാളിന്റെ സംസാരം കേട്ടു മൂന്നാംവർഷ വിദ്യാർത്ഥിയായ ഭദ്രൻ ചോദിച്ചു. ''റാഗിങ് എല്ലാം കഴിഞ്ഞ് സമാധാനം ആയപ്പോഴാണോ സാറിന് ആക്ഷൻ എടുക്കാൻ തോന്നിയത്?''

''ഇത്രയും നാൾ താമസിച്ചതുകൊണ്ട് ഒരുവന്റെ ഭാവി നശിച്ചു പോയില്ലേ?'' പ്രിൻസിപ്പാൾപറഞ്ഞു.

''ഏതായാലും നടന്നതു നടന്നു. സാർ ശാന്തമായി ചിന്തിച്ച്, ഇവിടുത്തെ സമാധാനമുള്ള ഇപ്പോഴത്തെ അന്തരീക്ഷം നശിക്കാനുള്ള അവസരം സൃഷ്ടിക്കാതിരിക്കൂ.'' ചെയർമാൻ നിർദ്ദേശം വച്ചു.

പ്രിൻസിപ്പാൾ, ക്രൂരമായ രീതിയിൽ റാഗ് ചെയ്തവരുടെ പേരുകൾ എടുത്തു പറഞ്ഞ് ചെയർമാനോടു തട്ടിക്കയറി. അദ്ധ്യാപകരെല്ലാം മൗനം ഭജിച്ചു നിന്നതേയുള്ളൂ. അവസാനം ആക്ഷൻ ഒന്നും എടുക്കില്ല എന്നു പ്രിൻസിപ്പാളിൽ നിന്നും ചെയർമാന് ഉറപ്പു കിട്ടി. അതിനു മുമ്പ് വിദ്യാർത്ഥി നേതാവും ഉറപ്പു നല്കി, ''ഇനിയും ഈ വർഷം ഇവിടെ റാഗിങ് നടക്കില്ല'' എന്ന്.

അധികാരമുള്ള തനിക്ക് ഒന്നും ചെയ്യാൻ കഴിയാതെ വരുന്നതിൽ, അങ്ങനെ വിദ്യാർത്ഥി കളുടെ മുമ്പിൽ നിൽക്കേണ്ടി വന്നതിൽ വീണ്ടും സ്വയം പുച്ഛം തോന്നി. മൂക്കുകയറും ചങ്ങലയും ഇട്ടു ബന്ധിച്ച് അവയുടെ അറ്റം മറ്റാരുടെയോ കൈകളിൽ വച്ചു നീട്ടിയിരിക്കുന്ന അധികാരമേ തനിക്കുള്ളൂ. ഗുരുവിനെ വെറും 'കുരുവാക്കിയും' മാതാപിതാക്കന്മാരെ ഉത്തരവാദിത്വം മാത്രമുള്ള വീട്ടുവേലക്കാരാക്കിയും മാത്രം ഒതുക്കുന്ന പുത്തൻ തലമുറയുടെ തുടക്കം. സമൂഹത്തിന്റെട അധഃപതനത്തിന്റൊ ആരംഭം. ഉത്തമമായ വിദ്യാഭ്യാസം നല്കാൻ ഉത്തരവാദിത്വമുള്ള അദ്ധ്യാപകരെ നിർജ്ജീവമാക്കാൻ ഉതകുന്ന കടിഞ്ഞാണുകൾ കൊണ്ട് വലയം തീർത്ത വിദ്യഭ്യാസസമ്പ്രദായം ഇതാ നമുക്ക് ചുറ്റും മതിൽ തീർത്തി രിക്കുന്നു. അതു മറികടക്കാൻ താൻ അശക്തനാണെന്ന് താനെന്ന പ്രിൻസിചപ്പാൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.

അങ്ങനെ ശാന്തമായി അവർ പിരിഞ്ഞു. അന്നുച്ച കഴിഞ്ഞ് സന്തോഷസൂചകമായി വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്‌കരിച്ചു. നവാഗതർ ഭയന്ന്, തങ്ങളുടെ മുറികളിൽ നില്ക്കുകയാണ്. പരാതി എഴുതാതിരുന്നവരെയെല്ലാം വെറുതെ വിട്ടിട്ട്, പരാതി എഴുതിയവരെ മാറ്റി നിർത്തി രണ്ടാംവർഷ വിദ്യാർത്ഥികൾ വഴക്കു പറഞ്ഞു. ദേഷ്യപ്പെട്ടു. അങ്ങനെ ആ പ്രശ്‌നത്തിനൊരു വിരാമമിട്ടു.

എങ്കിലും മാഷിന് ഉള്ളിൽ അടക്കാനാവാത്ത കോപം തോന്നി. കഞ്ചാവിന്റെ പിടിയിലമർന്നപ്പോൾ അയാളുടെ കോപം വർദ്ധിച്ചു. വിദ്യാർത്ഥികൾ പരാതി എഴുതിയോ? അവരെ പിടിച്ചു ഒന്നു ഭയപ്പെടുത്തണമെന്നു തന്നെ അയാൾ തീരുമാനിച്ചു.

ആ പ്രശ്‌നം സൗമ്യമായും സമാധാനപരമായും കഴിഞ്ഞപ്പോൾ മാഷ് തന്റെ സ്‌നേഹിതനായ ഫൈനൽ ഇയർ വിദ്യാർത്ഥി ബാലകൃഷ്ണനോടു പറഞ്ഞു. ''നമുക്കവന്മാരെയെല്ലാന്നു പിടിക്കണല്ലോ ബാലാ.'' മാഷ് തന്റെ സ്വതസ്സിദ്ധമായ വല്ലാത്ത ആ ചിരി കാട്ടി.

''പിടിക്കണം മാഷേ.'' ബാലകൃഷ്ണൻ എരിവു കൂട്ടിക്കൊടുത്തു. രണ്ടു പേരെയും കഞ്ചാവിന്റെ ലഹരി ബാധിച്ചിരുന്നു. മൂന്നാം വർഷ വിദ്യാർത്ഥിയും അരരസികനും, അല്പം തെമ്മാടിയുമായ ഭദ്രനും അവരോടു സഹകരിക്കാമെന്നുറപ്പു നല്കി. അവർ മൂന്നു പേരും ജൂണിയർ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ ഗെയിംസ് റൂമിലേക്കു ചെന്നു. എല്ലാ മുറികളിൽ നിന്നും നവാഗതരെ വിളിച്ചു വരുത്തി. അവരോട് അനങ്ങാതെ മൗനമായി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു.

മാഷും ബാലകൃഷ്ണനും ഭദ്രനും ഓരോ കസേരയിൽ സ്ഥാനം പിടിച്ചു. ആ ഹോസ്റ്റലിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ ആ മുറിയുടെ വെളിയിൽ നിർന്നിമേഷരായി സംഭവിക്കാൻ പോകുന്നതെന്താണെന്നു നോക്കി ആകാംക്ഷയോടെ നിന്നു.

''ആരൊക്കെയാടാ പരാതിയെഴുതിയത്?'' മാഷ് ഗർജ്ജിച്ചു.

എല്ലാവരും നമ്രാംഗരായി. തല കുനിച്ചിരിക്കുന്ന അവരെ ഓരോരുത്തരെയായി എഴുന്നേല്പിച്ചു നിർത്തി അവർ ഭീഷണിപ്പെടുത്തി. അപ്പോൾ താൻ പരാതി എഴുതിയില്ല എന്ന് ഓരോ വ്യക്തിയും വളരെ ദയനീയമായ സ്വരത്തിൽ അവരെ അറിയിച്ചുകൊണ്ടിരുന്നു.അതു പറയുമ്പോൾ അവർ വിറച്ചിരുന്നു. അതു കണ്ടു മാഷിന് രസം കയറി.

പെട്ടെന്ന് മാഷിന്റെ ദൃഷ്ടിയിൽ തന്റെ പഴയ ശത്രുവിന്റെ ബന്ധുവിനെ കണ്ടു. ഫിലിപ് ലൂക്കോസ്.

അവനോട് എഴുന്നേൽക്കാൻ ആജ്ഞാപിച്ചു. അവൻ ഭയന്നു വിറച്ചുകൊണ്ട് എഴുന്നേറ്റു നിന്നു. അവന്റെ മുഖഭാവം ദയനീയമായിരുന്നു. നിസ്സഹായമായിരുന്നു.

''ഇവിടെ വാടാ.'' മാഷ് ഗർജ്ജിച്ചു. അവൻ വിറയ്ക്കുന്ന ചുവടു വയ്പുകളോടെയും പതറുന്ന മനസ്സോടെയും നടന്നു ചെന്ന് മാഷിന്റെ സമീപത്തു നിലകൊണ്ടു. എല്ലാ കണ്ണുകളും ആ നിസ്സഹായന്റെ മുഖത്തേക്കു പാഞ്ഞു.

''നീ പരാതി എഴുതി. അല്ലെടാ?'' അയാൾ അലറി.

അവൻ ഞെട്ടിവിറച്ചു.

''ഇല്ല സാറെ.''അവന്റെ മിഴികൾ ഈറനണിഞ്ഞു. തറയിൽ കണ്ണീർത്തുള്ളികൾ അടർന്നു വീണു.

''നീ എഴുതിയെടാ. നീ എന്റെ പേരിൽ പരാതി എഴുതി.'' മാഷ് ആക്രോശിച്ചുകൊണ്ടു ഭ്രാന്തനെപ്പോലെ അവന്റെ ഷർട്ടിനു പിടിച്ച് ഒരു തള്ളൽ.

അവൻ മലർന്നടിച്ചു തറയിൽ വീണു.തറയിൽ ചെന്നടിച്ചപ്പോൾ അവനൊന്നു ഞരങ്ങി.

അതു കണ്ടു നിന്നവർക്കും വിഷമം തോന്നി. ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഉള്ളു പിടഞ്ഞു. പക്ഷേ ആരും അനങ്ങിയില്ല.

'ഇപ്പോൾ പ്രിൻസിപ്പൽ ഞങ്ങൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഒരു ഭാരമായിരിക്കുന്നു. അദ്ദേഹത്തിന്റെറ ബലഹീനത ഞങ്ങളുടെ മേൽ ഒരു ഭാരമായി പതിച്ചിരിക്കുന്നു. ഈ ദുഷ്ടരിലൂടെ അധികാരം പ്രയോഗിക്കാൻ കഴിയാത്ത അധികാരികൾ ആയുധം ഉപയോഗിക്കാൻ അറിയാത്ത ഭീരുവായ യോദ്ധാവിനേക്കാൾ അധമനാകുന്നു...അപഹാസ്യനാകുന്നു. യുദ്ധത്തിൽ മരിക്കാൻ തയ്യാറല്ലാത്തവൻ യുദ്ധത്തിനിറങ്ങരുത്. അവന് ഒരിക്കലും ആയുധം പ്രയോഗിക്കാൻ സാധിക്കില്ല. അവന് അതുപയോഗിക്കേണ്ടത് എപ്പോൾ എങ്ങനെ എന്നറിയില്ല. അറിഞ്ഞാൽ തന്നെ ഉപയോഗിക്കാനുള്ള ധൈര്യവുമില്ല. ആയുധം അവനൊരു ഭാരമാകും. എടുക്കാൻ വയ്യാത്ത ഭാരം. അങ്ങനെ സമൂഹത്തിനും അവൻ ഒരു ഭാരമായി മാറുന്നു.ഞങ്ങളുടെ പ്രിന്‌സിമപ്പാളിനെപ്പോലെ...ഇപ്പോൾ പ്രിന്‌സിപ്പാൾ ഞങ്ങൾ ഒന്നാം വര്ഷപ വിദ്യാര്ത്ഥിസകള്ക്ക്ി ഒരു ഭാരമായതു പോലെ.'

വിനോദ് പെട്ടെന്ന് ഞെട്ടിപ്പോയി, മാഷിന്റെയഅലര്ച്ചങ കേട്ട്.''എഴുന്നേല്‌ക്കെടാ ഇണ്ടച്ചിമോനേ.'' ഫിലിപ് ലൂക്കൊസിനെഅയാൾ തൊഴിച്ചു പൊക്കി. അവൻ വേദനയൂറുന്ന ശരീരവും ഉറയ്ക്കാത്ത കാലുകളുമായി നിന്നു വിറച്ചു. അയാൾ അവന്റെ ഷർട്ടിനു വീണ്ടും കൂട്ടിപ്പിടിച്ചു.

''മാഷേ.'' ഒരലർച്ച.

ആ അലർച്ച മുറിക്കുള്ളിൽ പ്രതിധ്വനി സൃഷ്ടിച്ചു. ആ മുറിയാകെ പ്രകമ്പനം കൊണ്ടു. അതിന്റെ അലകൾ മിനിറ്റുകളോളം അതിനുള്ളിൽ തങ്ങി നിന്നു. ആ അലർച്ച കേട്ട് എല്ലാവരും ഞെട്ടിപ്പോയി.കോളേജ് ചെയർമാൻ തോമസിന്റെ അലർച്ചയായിരുന്നു, അത്. മാഷിന്റെ പിടി അയഞ്ഞു. ഒന്നാം വർഷ വിദ്യാർത്ഥികളെ ഒരു മുറിയിൽ ബലാൽക്കാരമായി പിടിച്ചിരുത്തിയിരിക്കുന്നുവെന്നറിഞ്ഞ് ഓടി വരികയായിരുന്നു തോമസ്. വന്നപ്പോൾ കണ്ട കാഴ്ച കോപത്തെ പതിന്മടങ്ങു ജ്വലിപ്പിച്ചു.

''നിങ്ങൾ എല്ലാം എഴുന്നേൽക്കൂ.'' തോമസ് അവിടെ കുത്തിയിരിക്കുന്ന വിദ്യാർത്ഥികളോട് ആജ്ഞാപിച്ചു.

''ഇറങ്ങി പൊയ്‌ക്കൊള്ളു. ഒരെണ്ണത്തിനെ ഇനി ഇങ്ങനെ കണ്ടു പോകരുത്.'' എല്ലാവരും ഇറങ്ങി തങ്ങളുടെ മുറികളിലേക്കു നടന്നു.

മാഷിനോടു തോമസ് കോപത്തോടെ ചോദിച്ചു.''മാഷിനറിയാമോ എന്തു പറഞ്ഞാണ് പ്രിൻസിപ്പാളിൽ നിന്നും രക്ഷപ്പെട്ടതെന്ന്? എന്നിട്ട് വീണ്ടും ആ പണി തന്നെ. അങ്ങനെ രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ഈ കോളേജിൽ നിന്നും പലരും വെളിയിലാകുമായിരുന്നു. അറിയാമോ?'' തോമസ് പല്ലു കടിച്ച് അലറി. അവിടെ നിന്നവരെയെല്ലാം തുറിച്ചു നോക്കി. അയാളുടെ കണ്ണുകൾ ജ്വലിച്ചു. തീപ്പൊരികൾ നാലു പാടും ചിതറി. അവിടെ നിന്നവരെ മുഴുവൻ ദഹിപ്പിച്ചു കളഞ്ഞു. ഇത്ര കോപം നിറഞ്ഞ നോട്ടം അവർ ആദ്യമായി കാണുകയായിരുന്നു.

കണ്ണുകള്ക്ക് ഇത്ര ആജ്ഞാശക്തിയുണ്ടെന്ന്! അന്നവർ ആദ്യമായി തിരിച്ചറിഞ്ഞു. കൂരമ്പിനേക്കാൾ മൂർച്ച...വെള്ളിടിയേക്കാൾ തീവ്രത...അഗ്‌നിയേക്കാൾ തീഷ്ണത...വെടിയുണ്ടയേക്കാൾ ശക്തി.

അതിനാൽആരും ഒന്നും സംസാരിച്ചില്ല. തോമസ് രോഷാകുലനായി അവിടെ നിന്നും ഇറങ്ങിപ്പോയി. പിന്നാലെ അവിടെ നിന്നിരുന്ന സീനിയർ വിദ്യാർത്ഥികളും.

മാഷും, ഭദ്രനും ബാലകൃഷ്ണനും സ്തംഭിച്ചിരുന്നു പോയി. എന്തു പറയണമെന്നോ, എന്തു ചെയ്യണമെന്നോ നിശ്ചയമില്ലാതെ.

അവരിലെ ലഹരിയും അതോടൊപ്പം ഒലിച്ചു പോയിരുന്നു.

ഏതു ലഹരിയും അതിനേക്കാൾ ലഹരിയും തീവ്രതയുമുള്ള സംഭവങ്ങൾക്കു മുമ്പിൽ വീണുടയുന്നു എന്നത് എത്രയോ ശരിയാൺഎങ്കിലും പക നിറഞ്ഞ മനസ്സിനു സമാധാനം ലഭിക്കില്ല...പകയുള്ളയിടത്തോളം കാലം ശാന്തി ലഭിക്കില്ല. തന്റെന്ന ശത്രുവിനോടുള്ള പക തീര്ക്കാ ൻ അവന്റെി അകന്ന ബന്ധുവിനെ കിട്ടിയാലും മതി, താല്ക്കാ ലിക ശമനത്തിന് എന്നു തോന്നും. പക്ഷേ ശമനം കിട്ടില്ല. ആ മനസ്സ് എത്ര നിഷ്ഠുരമാണ്... നികൃഷ്ടമാണ്... വെറുക്കപ്പെടേണ്ടതാണ്. മാഷിന്റെ മനസ്സ് അപ്പോഴും പക നിറഞ്ഞിരുന്നുവെന്നു വിനോദിനു തോന്നി.

തന്നോടൊപ്പം വർഷങ്ങൾക്കു മുമ്പു പഠിച്ച സഹപാഠിയോടുള്ള പക നിറഞ്ഞ് വിഷലിപ്തമായിരിക്കുന്നു, ആ മനസ്സ്...കുറ്റാക്കുറ്റിരുട്ടിൽ തപ്പിത്തടയുന്ന മനസ്സ്. അതായിരുന്നു മാഷ്, അപ്പോൾ. വിനോദ് ആ മനസ്സിനു മുമ്പിൽ പകച്ചു പോയി.

(തുടുരും...............)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP