Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനിലയുടെ ആത്മകഥ- നോവൽ 29

അനിലയുടെ ആത്മകഥ- നോവൽ 29

'നീ പോകാമെന്നു സമ്മതിക്കുക. പക്ഷെ നീ മാത്രമല്ല പോവുക. നീ മാത്രമായിക്കൂടാ'

വളരെ വേണ്ടപ്പെട്ട ഒരു ബന്ധുവിന്റെ സുരക്ഷിതത്വം ഉത്തരവാദിത്വമായി ഏറ്റെടുത്ത ആത്മാഭിമാനിയായ ഉദ്യോഗസ്ഥന്റെ സ്വരം അഖിലിന്റെ വാക്കുകളിൽ അലയിട്ടു.
ചഞ്ചൽ മുഖത്തണിഞ്ഞ നേർത്ത കുങ്കുമ വർണ്ണമുള്ള പുതിയ ചമയം ആ വാക്കുകൾ ഉണ്ടാക്കിയതാണെന്ന് ഊഹിക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട.
എനിക്കത് മനസ്സിലായി. എങ്കിലും മനസ്സിലായില്ലെന്ന് ഭാവിക്കുകയാണ് ഉചിതമെന്ന് ഞാൻ ചിന്തിച്ചു.

പ്രണയമങ്കുരിക്കുന്നതിന്റെ ആദ്യ പ്രകൃതങ്ങൾ നിരീക്ഷിച്ചറിയാൻ മനുഷ്യന് ചിട്ടപ്പെടുത്തിയ പരിശീലനത്തിന്റെ ആവശ്യകതയെന്ത്?
എനിക്ക് കലശലായ കോപം തോന്നി.
വളരെ ചിട്ടയോടെ പണിതെടുത്ത് കാലങ്ങളോളം മനസ്സിന്റെ ഉലയിൽ എരിഞ്ഞ മോഹങ്ങളുടെ കനത്ത കനലുകളിൽ ഇട്ടു നിശ്വാസ സഹസ്രങ്ങൾ കൊണ്ട് ഊതിപ്പഴിപ്പിച്ച്, കണ്ണീരു കൊണ്ട് പൊടുന്നനെ തണുപ്പിച്ച് കാഠിന്യം ഉറപ്പുവരുത്തി, ചിന്തയും അത് പകർന്ന വാക്കുകളും കൊണ്ട് രാകി മൂർച്ചകൂട്ടി കാത്തു വച്ച ആയുധമാണ് ചഞ്ചൽ. ഒടുവിൽ അന്ത്യ യുദ്ധം മുറുകുന്ന വേളയിൽ ഇതാ അവളിൽ പ്രണയം മുളക്കുന്നു.

പ്രണയം!

വെറുപ്പാണ് ആ വാക്കിനോട് എനിക്ക്.
അറപ്പാണ് അത് പകരുന്നു എന്ന് പറയുന്ന അനുഭൂതിയെ കുറിച്ച് കേൾക്കുമ്പോൾ.
വാക്കുകളുടെ ബൗദ്ധികമായ സമ്മിശ്രണം കൊണ്ട് മനസ്സിലെ തിന്മയെ മറച്ചു വച്ച് ചതിക്കുഴി പണിയുന്ന അധമ വികാരം.
അതിലും എത്രയോ മെച്ചമാണ് ആത്മാവിനെ കളങ്കപ്പെടുത്താതെ ശരീരങ്ങൾ തമ്മിൽ ഇടപഴകി പോകുന്നത്.
ഉള്ളിൽ ആളിക്കത്തിയ കോപം ശോഷിച്ച ശരീരത്തിൽ പ്രതിഫലിക്കാതിരിക്കാൻ ഞാൻ നടത്തിയ തീവ്ര ശ്രമം എന്നിൽ ഒരു വിറയൽ ഉണ്ടാക്കി.
എന്റെ ശ്വാസഗതി അതി ശീഘ്രഗതിയിലായി.
കണ്ണുകൾ നിറഞ്ഞൊഴുകി.
'അമ്മേ...അമ്മേ..........'
ചഞ്ചൽ വിളിക്കുന്നത് ഞാൻ കേട്ടു.
അഖിൽ ഡോക്ടർ അയ്യരെ കൂട്ടിവന്നു
'അനിലാ.....എന്താ കുട്ടീ.....ഇത്?'
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഞാനെന്തു പറയും?
എന്റെ മകൾ എന്നെ തോൽപ്പിക്കാനായി ഞാൻ വിശ്വസിച്ചു തുണയായി കൂട്ടിയവനെ പ്രണയിച്ചു തുടങ്ങി എന്നോ?
എന്നെ നിതാന്ത നരകത്തിലേക്ക് തള്ളി വീഴ്‌ത്തിയ കാരണങ്ങളിൽ ചെറുതല്ലാത്ത നിരർത്ഥകതയുടെ ജ്വാലയിലേക്ക് എന്റെ മകൾ ഇയ്യാം പാറ്റയായി പറന്നു വീഴുന്നുവെന്നോ?
ഞാൻ സരുൺ ദാസിനെ ഓർമ്മിച്ചു.
അവൻ പഴയ സന്നാഹത്തോടെ മുന്നിൽ എത്തിയെങ്കിൽ ഇവരെ കൊന്നുകളയാൻ പറയാമായിരുന്നു. അവൻ കേൾക്കുമെന്നെനിക്ക് തീർച്ച തോന്നി.
ഞാൻ റഫീക്കിനെ ഓർമ്മിച്ചു.
ഷാഫി റബ്ബാനിയെ ഓർമ്മിച്ചു.
ആ നിമിഷം എന്റെ മിഴികൾ വരണ്ടു.
എന്റെ തനുവിനെ തളർത്തിയ വിറയൽ വിടചൊല്ലി.
'ഒന്നുമില്ല ഡോക്ടർ ..എനിക്കൊന്നുമില്ല'
'നുണ പറയാനുള്ള ശേഷി നിനക്കിനിയും ആർജ്ജിക്കാനായിട്ടില്ല'
'അതവൾക്ക് ഒരിക്കലും ഇല്ലായിരുന്നു ഡോക്ടർ. പറയാൻ അരുതാത്തത് അവൾ മൗനം കൊണ്ട് പൊതിഞ്ഞു വച്ചിരുന്നു. അങ്ങെനെയാണവൾ പലപ്പോഴും വിജയിച്ചത്'
നീനയുടെ ശബ്ദം ഞാൻ കേട്ടു.
നേരീയ മഞ്ഞിന്റെ നൈർമ്മല്യമാർന്ന കുളിര് എന്നെ പൊതിഞ്ഞു.
പുറത്തു ശക്തമായ കാറ്റ് വീശും പോലെ തോന്നി.
ഞാൻ ആർത്തിയോടെ ജനാലയിലേക്ക് നോക്കി.
അഖിൽ കർട്ടൻ മാറ്റി ഇട്ടു.
വിഷാദത്തിലും തിളങ്ങുന്ന സ്ഥൈര്യം ആ മുഖത്ത്.
ഡോക്ടർ എന്നെ തൊട്ടു പരിശോധിച്ചു.
ജനാലയിലൂടെ കടന്നു വന്ന വേറിട്ട വെളിച്ചത്തിന്റെ കണികകൾ എന്റെ കണ്ണിലെ ചില്ലുകളിൽ പ്രതിഫലിക്കുന്നത് ഡോക്ടർ നോക്കി ഇരുന്നു.
അദ്ദേഹം ചിന്തയാൽ വശംകെട്ട പോലെ.
'അനിലാ ..നിനക്ക് ജിതേന്ദ്ര യതിയെ കാണാൻ സമയമായി എന്ന് തോന്നുന്നു'
മോഹ വലയത്തിൽ അകപ്പെട്ടു ഉഴലുന്ന മനുഷ്യന് ഗാർഹിക ലൗകിക ജീവിത മാർഗ്ഗം വെടിയാതെ തന്നെ, മോഹങ്ങളെ മോഹ ഭംഗങ്ങൾ ആക്കാതെ തന്നെ, വരുതിയിലാക്കി ആത്മാവിനെ പുതുജീവനത്തിലേക്ക് ആനയിക്കാൻ പോന്ന ലളിത കർമ്മ പദ്ധതികളെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തക പരമ്പര ഞാനും നീനയും വായിച്ചിരുന്നു. മരണം തിരികെ വിളിക്കും വരെ മൈഥിലിയും അവ വായിച്ചിരുന്നു.
ഞാനത് പറയാൻ മറന്നു.
അവളെ ഞാൻ ആവാഹിച്ചെടുത്ത് അധിക കാലം കഴിയും മുമ്പേ ജീവൻ അവളുടെ ശരീരം വെടിഞ്ഞു പോയി.
നടപടി ക്രമങ്ങൾ അനുസരിച്ച് കണ്ടെത്താനായ എല്ലാ ബന്ധു ജങ്ങളെയും ഞങ്ങൾ വിവരം അറിയിച്ചു.
ജീവൻ പോയ ആ ശരീരത്തിന്മേൽ ആരും അവകാശം ഉന്നയിച്ചില്ല.
എങ്കിലും കൂടുതൽ വാർത്താ പ്രാധാന്യം ഇല്ലാതെ ശരീരം കത്തിച്ചുകളയാൻ കണക്കില്ലാതെ പണം ഒഴുക്കാൻ പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ഒരുപാട് പേർ വന്നെത്തി.
ആ പുസ്തക പാരായണവും അദ്ദേഹത്തിന്റെ പൂർവ്വ ആശ്രമത്തിൽ ഉള്ള പേരും എന്നെ ആകർഷിച്ചിരുന്നു.
ഞാൻ സ്വയം ഈ വഴി തെരഞ്ഞെടുത്ത ശേഷം അധികകാലം കഴിയും മുമ്പേ കണ്ടിരുന്ന ഒരു രാജേന്ദ്ര പ്രസാദ് ആണ് ജിതേന്ദ്ര യതി എന്നെനിക്ക് തോന്നി.
പൂർവ്വാശ്രമത്തിൽ ആ പേരായിരുന്നു തനിക്ക് എന്നൊരു സൂചന യതി തന്നിരുന്നു.
ഹരിതഭംഗി തുളുമ്പി നിന്ന പ്രകൃതിയുടെ മടിയിലെ ഒരു വിശ്രമ കേന്ദ്രത്തിൽ എന്നെ രാജേന്ദ്രപ്രസാദ് വിളിച്ചു വരുത്തിയതാണ്. മൂന്നു ദിന രാത്രങ്ങൾ ഞാൻ അയാൾക്കൊപ്പം തങ്ങി.
എന്റെ സങ്കൽപ്പങ്ങളിൽ വിള്ളൽ വീഴ്‌ത്തിയ പുരുഷൻ.
അതാണ് യതിയെ കാണണം എന്ന തോന്നൽ എന്നിൽ വളരാൻ ഹേതു.
ഒരുപാട് തവണ ആവശ്യപ്പെട്ടു ഞാൻ.
ഒക്കെയും ഈ കിടക്കയിൽ അടിഞ്ഞതിനു ശേഷമാണ്.
'വന്നുകാണും ഒരിക്കൽ' എന്ന മറുപടി എപ്പോഴും കിട്ടിയിരുന്നു.
ഡോക്ടർ അയ്യർക്ക് ഈ വിവരങ്ങൾ അറിവുള്ളതാണ്.
അദ്ദേഹം ഇപ്പോൾ പറയുന്നു യതിയെ കാണാറായി എന്ന്.

കരചരണങ്ങൾ മുറിച്ചുമാറ്റപ്പെട്ട്, ആസന്ന മരണയായി കിടന്നിരുന്ന വസവദത്തയുടെ ചാരത്തേക്ക് വന്നെത്തിയ പുരുഷന്റെ പൂർണ്ണകായ രൂപം ഞാൻ ഓർമ്മിച്ചു. അവളിൽ പക്ഷെ ആത്മാവ് ബന്ധിച്ച അനുരാഗം കനത്തു കിടന്നിരുന്നു. എന്നിൽ അതില്ല. മൂന്ന് രാത്രികളും പകലുകളും ഒരുമിച്ചു കഴിഞ്ഞപ്പോൾ ലഭ്യമായ ചിലത് മാത്രം.

ഇതിൽ ഒരു സൂചനയുണ്ട്.
എന്റെ മരണം ആസന്നമാണ്.
പരാജയ ബോധം പടപുറപ്പെടുന്ന മനസ്സുമായി ഞാൻ മരിക്കണമെന്നോ?
ഇല്ല.
ആ ബോധം എന്റെ ചിന്തയിൽ മാത്രമേയുള്ളൂ.
എന്റെ ചെയ്തികളുടെ വ്യാഖ്യാനത്തിൽ വിജയം മാത്രം.
ഞാൻ പ്രയാസപ്പെട്ടു ചിരിച്ചു.
'അഖിൽ, ഇവളുടെ കഥ ഏതുവരെ ആയി?'
ഡോക്ടർ അഖിലിനോട് ചോദിച്ചു.
'ആന്റി പറഞ്ഞു തന്നത്രയും ഡീ ടീ പീ ചെയ്തു കഴിഞ്ഞു. അല്ലറ ചില്ലറ എഡിറ്റിങ് വേണ്ടി വന്നു എന്ന് മാത്രം'
'കഥയിൽ ചഞ്ചൽ എങ്ങിനെ, എവിടെ നിൽക്കുന്നു?'
അഖിൽ മറുപടി പറഞ്ഞില്ല.
അവൻ ചഞ്ചലിനെ നോക്കി.
അവൾ എന്നെ നോക്കി.
ഞാൻ നീനയെ നോക്കി.
നീന ഓരോ മുഖത്തും മാറി മാറി നോക്കി.
അവളുടെ കണ്ണുകൾ ഈറൻ കണ്ടു.
'എനിക്കറിയാം കുട്ടികളെ...... നിങ്ങൾക്കത് പ്രയാസകരമാണ്'
മൗനം ആ മുറിയിൽ പതിയിരുന്നു.
ഡോക്ടർ തുടർന്നു.
'അനിലാ, ചഞ്ചൽ എങ്ങനെ ആകണം എന്ന് നിനക്കൊരു കണക്കു കൂട്ടലുണ്ട്. അതെനിക്ക് നന്നായി അറിയാം. അതിനു നീ കാണുന്ന ശരികൾ കാരണമാണ് താനും. പക്ഷെ ആ ശരികൾ എല്ലാപേർക്കും ശരി ആകണം എന്നില്ല'
'അതുകൊണ്ട്?'
എന്റെ ശബ്ദം വല്ലാതെ ഉയർന്നതായി എനിക്കും തോന്നി.
'ആരോഗ്യമുള്ള ശരീരത്തിൽ മാത്രമാണ് ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുക. നിന്റെ ശരീരം വളരെ ക്ഷീണിതമാണ്. ഇവരുടെ ശരീരങ്ങൾ പ്രതിദിനം കരുത്താർജ്ജിക്കുന്ന താരുണ്യത്തിന്റെ ആരോഗ്യപൂർണ്ണതയിലും. സ്വാഭാവികമായും ആരോഗ്യമുള്ള മനസ്സുകളുടെ തീരുമാനം ശരിയോട് അടുത്തു നിൽക്കും'
'ദുഷ്ടൻ. പുരുഷനല്ലേ നിങ്ങൾ. ഞാനോ നീര് വാർന്നുപോയി തുടി കെടാറായ ഒരു പാഴ്‌ചെടി'
ഞാൻ തേങ്ങി.
ആരും എന്നെ ആശ്വസിപ്പിക്കാൻ മുതിർന്നില്ല.
'ഇല്ല കുട്ടീ...നിന്റെ ജീവിതം നിനക്ക് തന്ന അനുഭവം നിന്നിൽ ചില ശരികൾ ഉരുവാക്കി. അതിനു ഞാൻ എതിരല്ല. പക്ഷെ ആ ശാപം നീ എന്തിന് അവളിലേക്ക് പകരണം? വിശേഷിച്ച് അവൾ അതാഗ്രഹിക്കുന്നില്ല എങ്കിൽ?'
'അവൾ തന്നെ പാപം ഉരുവായതാണ്. ഞാൻ ചൊല്ലിക്കൊടുത്ത കാര്യം എഴുതിയ അഖിലിന് അറിയാം അത്. എനിക്ക് തന്ന വാക്കനുസരിച്ച് അവൻ അവളെ അതറിയിച്ചിരിക്കില്ല'
അത് പറയുമ്പോൾ എന്നിൽ ഒരാവേശം നിറഞ്ഞു കത്തി.
'ഇല്ലമ്മേ....എനിക്കറിയാം എന്റെ അച്ഛൻ ആരെന്ന്... അഖിൽ എന്നോട് പറഞ്ഞിരുന്നു'
'നോക്ക് . അപ്പോൾ അതിലും വഞ്ചന. നീയും ആണല്ലേ, ദ്രോഹീ'
ഞാൻ ചീറി.
'അനിലാ ആശ്വസിക്കൂ.....നോക്ക് നിന്റെ ശരികൾ തെറ്റുകളായി പരിണമിക്കാതെ കാക്കുകയാണ് ഈ കുട്ടികൾ എന്ന് കരുതൂ....'
'സ്വാർത്ഥരായ വർഗ്ഗം. അറിയാം നിങ്ങൾക്ക് എന്റെ ഗതികേട്. അപ്പോൾ ഇഷ്ടം പോലെ എന്തും കളിക്കാമല്ലോ. നീനാ നിനക്കെങ്കിലും പറയരുതോ ഇവളോട്?'
ഞാൻ പിന്നെയും വെട്ടി വിറച്ചു.
'ആന്റി വിഷമിക്കരുത്. ചഞ്ചൽ പോകും കാസിം അലിയെ കാണാൻ. അവൾ മാത്രമല്ല. ഞാനും ഉണ്ടാകും. എന്റെ ഒരു ഫ്രണ്ടും. വിജയധരനും ഞാനും ആയി ഒരു ഡീൽ ഉണ്ട്. കാസിം അലി ഹോട്ടൽ മുറിയിൽ ഇടപെടുന്ന കാര്യങ്ങൾ വീഡിയോ ചെയ്യണം. സ്‌പൈ ക്യാമറ കൊണ്ട്. അതവന് കിട്ടുന്നതോടെ എനിക്ക് ലഭിക്കുക ലക്ഷങ്ങൾ ആണ്. അതോടെ കാസിം അലിയുടെ രാഷ്ട്രീയ പ്രവേശം മുടങ്ങും. അത് കഴിയുമ്പോൾ കാസിം അലിയോടോത്തു ചിത്രീകരിക്കപ്പെടുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വരും. അവളെ അതിനു നിയോഗിച്ചത് വിജയധരൻ ആണെന്ന് പറഞ്ഞു കൊണ്ട്. എന്നെ സംബന്ധിച്ച് ഒരു വെടിക്ക് ഒന്നിലധികം കിളികൾ. ഇത് നടത്തിയെടുക്കാൻ എനിക്ക് ചഞ്ചലിന്റെ സഹായം കൂടിയേ പറ്റൂ'
'കാസിം അലിയെ കാണുന്നത് ചഞ്ചൽ തന്നെ ആയിരിക്കണം'
ഞാൻ പറഞ്ഞു.
എന്നിൽ നടമാടുന്ന സത്യം അവളിലേക്ക് പകരാൻ അത് ഇടയാകും എന്ന് ഞാൻ വിശ്വസിച്ചു.
'ചഞ്ചൽ കാസിമിനെ കാണും. തീർച്ച. പിന്നെ ആന്റീ ഒരു കാര്യം കൂടി എനിക്ക് ആന്റിയെ അറിയിക്കാൻ ഉണ്ട്. ചഞ്ചൽ അവളുടെ അച്ഛനെ ചെന്ന് കണ്ടിരുന്നു. ഞാനും ജിതേന്ദ്ര യതിയും ഒപ്പം ഉണ്ടായിരുന്നു'
പുറത്തു മഴ തുടങ്ങി.
ജനാല വഴി വീശുന്ന കാറ്റിനു ദുസ്സഹമായ തണുപ്പ് തോന്നി.
'അതെ അമ്മെ. അമ്മ ക്ഷമിക്കണം. അദ്ദേഹം മാപ്പ് പറഞ്ഞു. എന്റെ കയ്യിൽ നിന്ന് ഒരിറക്ക് വെള്ളം കുടിച്ചു മരിക്കണം എന്ന് പറഞ്ഞു'
ആ നിമിഷം പുറത്തു ശക്തമായ ഇടി മുഴങ്ങി.
എനിക്കിവരെ വിശ്വസിക്കാമോ?
എനിക്കാ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.
നീനയുടെ വിതുമ്പൽ ഞാൻ കേട്ടു.

തുടരും...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP