Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

ചട്ടയുമിട്ട് പുഞ്ചിരിയോടെ തറവാട്ടിലെ വരാന്തയിൽ ഇരുന്ന് പറയും: 'എനിക്കിങ്ങനെ എല്ലാ ദിവസവും രാവിലെ എഴുതാനും വായിക്കാനും ആണിഷ്ടം'; എഴുത്തുപുരയിൽ ധൃതിയോടെ പിറവികൊള്ളുന്നത് കഥയും കവിതയും ലേഖനങ്ങളും; 25 കൃതികൾ ചേർത്ത് 'മിഴികൾ നനയാതെ' എന്ന സമാഹാരം പ്രകാശിതമായത് 92 ാം വയസിൽ; കോട്ടയം കൂത്രപ്പള്ളിയിലെ ഏലിക്കുട്ടി അമ്മച്ചിക്ക് ഇത് എഴുത്തിന്റെ യൗവനകാലം

ചട്ടയുമിട്ട് പുഞ്ചിരിയോടെ തറവാട്ടിലെ വരാന്തയിൽ ഇരുന്ന് പറയും: 'എനിക്കിങ്ങനെ എല്ലാ ദിവസവും രാവിലെ എഴുതാനും വായിക്കാനും ആണിഷ്ടം'; എഴുത്തുപുരയിൽ ധൃതിയോടെ പിറവികൊള്ളുന്നത് കഥയും കവിതയും ലേഖനങ്ങളും; 25 കൃതികൾ ചേർത്ത് 'മിഴികൾ നനയാതെ' എന്ന സമാഹാരം പ്രകാശിതമായത് 92 ാം വയസിൽ; കോട്ടയം കൂത്രപ്പള്ളിയിലെ ഏലിക്കുട്ടി അമ്മച്ചിക്ക് ഇത് എഴുത്തിന്റെ യൗവനകാലം

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: എഴുതിയാൽ മാത്രമേ എഴുത്തിന്റെ പ്രയാസം മനസ്സിലാകൂ. അതുകൊണ്ട് തന്നെ ഉള്ള സമയത്ത് എറ്റവും നന്നായി എഴുതി ഫലിപ്പിക്കുകയാണ് പണിപ്പാട്. ചിലർ കുട്ടിക്കാലത്തോ, കൗമാരകാലത്തോ ഒക്കെ ചില്ലറ സർഗ്ഗമിന്നലുകൾ കാട്ടിയ ശേഷം ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പെട്ട് സ്വയം അടങ്ങും. കോട്ടയം ജില്ലയിലെ കറുകച്ചാൽ പഞ്ചായത്തിൽ പെട്ട കൂത്രപ്പള്ളിയിലെ 92 കാരിയായ ഏലിക്കുട്ടി അമ്മച്ചിയെ അതിന് കിട്ടില്ല. അമ്മച്ചി പറയും: എനിക്കിങ്ങനെ തറവാട്ടിലെ സിറ്റൗട്ടിലിലിരുന്ന് എല്ലാ ദിവസവും രാവിലെ എഴുത്തിലും, വായനയിലും മുഴുകുന്നതാണ് ഇഷ്ടം. ചില്ലറക്കാരിയല്ല ഏലിക്കുട്ടി അമ്മച്ചി. ഡയറികളിലെവിടെയൊക്കെയോ കുറിച്ചിട്ട രചനകളും ചിന്താശകലങ്ങളും പുസ്തകമായി പുറംലോകം കണ്ടിരിക്കുകയാണ്. അമ്മച്ചിയുടെ 25 കൃതികൾ ചേർത്തൊരു സമാഹാരം പ്രകാശിതമായി.

'മിഴികൾ നനയാതെ' എന്ന പേരിൽ പുസ്തകരൂപത്തിലായ തന്റെ തിരഞ്ഞെടുത്ത ഇരുപത്തിനാലു ലേഖനങ്ങളും കവിതയും കൺകുളിർക്കെ കണ്ട്, വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും തൊണ്ണൂറ്റിരണ്ടിന്റെ നിറവിൽ നിൽക്കുന്ന ഏലിക്കുട്ടിഅമ്മച്ചി ഇപ്പോഴും വായനയുടെയും എഴുത്തിന്റെയും തിരക്കിലാണ്.

1928 സെപ്റ്റംബർ 11 ചൊവ്വാഴ്ച കോട്ടയം കറുകച്ചാൽ പുത്തൻപുരയ്ക്കൽ കുടുംബത്തിൽ പി.ഡി സെബാസ്റ്റ്യന്റെ (പാതയിൽ കുഞ്ഞച്ചൻ )യും മറിയക്കുട്ടി (കാവാലം പുളിമൂട്ടിൽ)യുടെയും എട്ടാമത്തെ അംഗമായായിരുന്നു ഏലിക്കുട്ടി അമ്മച്ചിയുടെ ജനനം. ഒന്നര വയസ്സുള്ളപ്പോൾ തന്നെ സ്വന്തം അമ്മയെ നഷ്ടമായെങ്കിലും ജ്യേഷ്ഠത്തി അന്നമ്മയുടെയും മറ്റു സഹോദരങ്ങളുടെയും രണ്ടാനമ്മയുടെയും സംരക്ഷണത്തിൽ വളർന്ന്, നെടുംകുന്നം എം.എം.ജി സ്‌കൂളിൽ നിന്നും ഏഴാം ക്ലാസുവരെ വിദ്യാഭ്യാസവും നേടി. പതിനാറാമത്തെ വയസ്സിൽ കൂത്രപ്പള്ളി കളപ്പുരയ്ക്കൽ സ്‌കറിയ സെബാസ്റ്റ്യ(അപ്പച്ചൻ)നുമായുള്ള വിവാഹശേഷം കൂത്രപ്പള്ളിയിലുള്ള കളപ്പുരയ്ക്കൽ തറവാട്ടിലാണ് താമസം.

'ഹൃദയത്തിന്റെ നാലറകളിലും അവൾ ഓരോ ബിംബത്തെ സൂക്ഷിക്കുന്നു. ഒന്നാമത്തെ അറയിൽ ഒരമ്മയെ, രണ്ടിൽ ഒരു പെങ്ങൾ, മൂന്നിൽ ഒരു സഖി, നാലിൽ ഒരു സന്യാസിനി' എന്ന് ഫാദർ ബോബി ജോസ് കട്ടികാട് പറഞ്ഞതുപോലെ, മകളായി തുടങ്ങി പെങ്ങളായി, സഖിയായി, അമ്മയായി അവസാനം പക്വത നിറഞ്ഞ ഒരു സന്യാസിനിയുടേതായ സാരോപദേശങ്ങളും നിർദ്ദേശങ്ങളും ആഗ്രഹങ്ങളുമാണ് 24 ലേഖനങ്ങളും കവിതയുമടങ്ങിയ 'മിഴികൾ നനയാതെ' എന്ന പുസ്തകത്തിൽ കാണുവാൻ കഴിയുന്നത്.

'നിങ്ങൾക്ക് നൈവേദ്യമേകുവാൻ രാവെത്ര
ഒട്ടിയ വയറുമായ് കാത്തിരുന്നീ അമ്മ'

എന്ന് തന്റെ കവിതയിൽ കുറിച്ചിട്ട വരികൾ, ഏതൊരു അമ്മയുടെയും ജീവിതത്തിൽ അനുഭവിക്കുന്ന യാതനകളുടെ ബഹിർസ്ഫുരണമാണ്.

92 വർഷത്തെ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ

' വിലമതിക്കാനാവാത്ത നിധിയാണ് സ്ത്രീത്വം. ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം സമ്മാനിച്ചത് എന്താണെന്ന് ചോദിച്ചാൽ, എന്റെ സ്ത്രീത്വം എന്ന മഹനീയ സ്ഥാനം തന്നെ. ഈ ഭൂമിയിൽ 92 വർഷം അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാൻ കഴിഞ്ഞതു തന്നെ എത്രയോ വലിയ ദൈവാനുഗ്രഹമാണ്. മക്കൾക്കു ജന്മം നൽകി വളർത്തി ഓരോ നല്ല സ്ഥാനങ്ങളിൽ എത്തിക്കുവാൻ ഒരമ്മ എത്രമാത്രം ത്യാഗമാണ് സഹിക്കുന്നത്! ജീവിതത്തിൽ ആസ്വദിച്ച് മതിവരാത്ത അനുഭൂതികൾ സമ്മാനിച്ച വിവിധ പദവികളിൽ ഏറ്റവും ശ്രേഷ്ഠമായ വരദാനം മാതൃത്വം തന്നെ'.

കുടുംബിനിയായി 76 വർഷം

തീച്ചൂളയിലെ സഹനവും ത്യാഗവും വഴി മഹത്വത്തിലേയ്ക്ക് പ്രവേശിക്കുവാൻ വിളിക്കപ്പെട്ടവരാണ് കുടുംബിനികൾ. വിവാഹിതയാകുമ്പോൾ അവൾ ഒരു വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. ഭർത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും കാര്യങ്ങളിൽ അവൾ ശ്രദ്ധയും പ്രതീക്ഷയുമുള്ളവളായിരിക്കണം. കുടുംബജീവിതം ഭദ്രവും പരിശുദ്ധവും ഉറപ്പുള്ളതുമാകണമെങ്കിൽ, കുടുംബാംഗങ്ങൾക്ക് പരസ്പരസ്‌നേഹവും സഹിഷ്ണുതയും വിശ്വാസവും ഉണ്ടായിരിക്കണം. ഭാര്യാഭർത്താക്കന്മാർ പരസ്പര ഐക്യത്തോടെയല്ല ജീവിക്കുന്നതെങ്കിൽ, ഒറ്റ ചിറകടിച്ച് ഉയരത്തിലേയ്ക്കു പറന്നുയരുവാൻ ശ്രമിക്കുന്ന പക്ഷിയുടെ തൃഷ്ണ പോലെ ജീവിത ലക്ഷ്യങ്ങൾ നിഷ്പ്രഭമായി പോകാം. തിളക്കം ഒട്ടും കുറയാതെ പുഞ്ചിരിയോടെ നിലനിൽക്കുന്ന ഉറ്റവർ കരുത്തായി എന്നും കൂടെയുണ്ടെങ്കിൽ കുടുംബങ്ങൾ എന്നുമെന്നും ഇമ്പമുള്ളതായി നിലനിൽക്കും.

ലേഖനങ്ങളിൽ നിറയുന്നത് സ്‌നേഹം

'നിരാശബോധത്തിനും പരാജയഭീതിക്കുമെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് സ്‌നേഹം. സുഖങ്ങൾ കേവലം നിസ്സാരങ്ങളാണ്. അവ, അനന്തവിഹായസ്സിലേക്കു പറന്നു പോകുന്ന പക്ഷികളെപ്പോലെ എവിടേക്കോ പറന്നുമറയും', ഏലിക്കുട്ടിയമ്മ പറയുന്നു.

'സ്‌നേഹമാണഖിലസാരമൂഴിയിൽ' എന്ന ലേഖനത്തിൽ അമ്മച്ചി പറയുകയാണ്.'കയ്‌പേറിയ അനുഭവങ്ങൾ വിസ്മരിക്കാതെയിരുന്നാൽ, നാം മറ്റുള്ളവരുടെ വിഴുപ്പുകൾ ചുമക്കുന്ന മൃഗങ്ങൾക്ക് തുല്യമാകും. പകയുടെ, കുറ്റബോധത്തിന്റെ, നിരാശയുടെ, ശത്രുതയുടെ വിഴുപ്പുകൾ നമ്മെ ദ്രോഹിച്ചവർ തന്നെ ചുമക്കട്ടെ. മറ്റുള്ളവർ ചെയ്ത തെറ്റുകളെയോർത്ത് അവരല്ലെ കൂടുതൽ വിഷമിക്കേണ്ടത്?'. സാമൂഹിക പ്രതിബദ്ധതയുടെ നിറഭേദങ്ങളെയാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ഈ വാക്കുകളിലൂടെ നാം ദർശിക്കുന്നത്.

ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിയാവാം തൊണ്ണൂറ്റി രണ്ടുകാരിയായ ഏലിക്കുട്ടി അമ്മച്ചി. ഒരു നൂറ്റാണ്ടിനോടടുത്ത അനുഭവങ്ങളാൽ മനസ്സ് നിറഞ്ഞു നിൽക്കുമ്പോഴും ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പ്രസരിപ്പും ചുണ്ടുകളിൽ വാടാതെ വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിയും പ്രതിസന്ധികളിൽ ഇളംതലമുറയ്ക്ക് ഊർജ്ജമാകും. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും എന്നും ആറു മണിയോടെ ഏലിക്കുട്ടി അമ്മച്ചി എഴുന്നേൽക്കും. എട്ടു മണിയോടെ ടി.വിയിലൂടെ കുർബ്ബാനയിൽ പങ്കെടുക്കും. പിന്നീട് പത്രവായനയാണ്. പ്രഭാതഭക്ഷണത്തിന് ശേഷം വായന തുടരും. കഥയും കവിതയും ലേഖനങ്ങളുമുൾപ്പെടെ എല്ലാ തരത്തിലുള്ള പുസ്തകങ്ങളും ഇഷ്ടമാണ്. കേൾവിക്കുറവുണ്ടെങ്കിലും കാഴ്ചയ്ക്ക് കുഴപ്പമില്ല.

മക്കളുടെയും കൊച്ചുമക്കളുടെയുമുൾപ്പെടെ നാലു തലമുറകളിൽ പെട്ട ഭൂരിഭാഗം ബന്ധുമിത്രാദികളുടെയും ജന്മദിനമുൾപ്പെടെ എല്ലാ വിശേഷദിനങ്ങളും മന:പ്പാഠമാണ് അമ്മച്ചിക്ക്. മുണ്ടും ചട്ടയുമണിഞ്ഞ് പുഞ്ചിരിയോടെ തറവാട്ടിലെ സിറ്റൗട്ടിലിലിരുന്ന് എല്ലാ ദിവസവും രാവിലെ തന്നെ എഴുത്തും വായനയും തുടങ്ങുന്ന ഏലിക്കുട്ടി അമ്മച്ചി, പുസ്തകങ്ങൾക്കു നേരെ നെറ്റിചുളിക്കുന്ന ഇളംതലമുറയ്ക്ക് ഒരു മാതൃക തന്നെയാണ്.

75 വർഷം താങ്ങും തണലുമായിരുന്ന ഭർത്താവ് കഴിഞ്ഞ വർഷം മരിച്ചതോടെ മൂത്ത മകൻ കുഞ്ഞും മൂന്നാമത്തെ മകൻ കുഞ്ഞുമോനും ഭാര്യ ബ്ലോസവും ഏതു നിമിഷവും സഹായത്തിനായി കൂടെയുണ്ട്. ഓസ്ട്രിയയിലുള്ള ഇളയ മകൻ മോനിച്ചന്റെ ഉത്സാഹത്തിൽ പുസ്തകമാക്കിയ 'മിഴികൾ നനയാതെ'യ്ക്കു ശേഷം അടുത്ത ഗ്രന്ഥത്തിനായുള്ള തയ്യാറെടുപ്പുകൾ ഏലിക്കുട്ടി അമ്മച്ചി തുടങ്ങിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP