Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടുംവേനലിലെ കുളിർ മഴ പോലെ; സ്വാമി അധ്യാത്മാനന്ദയുടെ 'വിദ്യാസ്മൃതിലയം' കഥകൾക്ക് വേണ്ടി അവതാരികയുമായി സി രാധാകൃഷ്ണൻ

കൊടുംവേനലിലെ കുളിർ മഴ പോലെ; സ്വാമി അധ്യാത്മാനന്ദയുടെ 'വിദ്യാസ്മൃതിലയം' കഥകൾക്ക് വേണ്ടി അവതാരികയുമായി സി രാധാകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

ലുപ്പവും തൂക്കവും നോക്കിയാൽ ഇതൊരു ചെറിയ പുസ്തകമാണ്. ഏതാനും മണിക്കൂറുകളിൽ വായിച്ചു തീർക്കാം- ഇത് ഇപ്പോൾ ഞാൻ ചെയ്ത പോലെ . പക്ഷെ ഈ പുസ്തകത്തിന്റെ യഥാർത്ഥ ആകാരം ഏറെ വലുതു തന്നെ. കാരണം, ഇത് അനേകതരം വർത്തമാനകാല മഹാഭയങ്ങളിൽ നിന്ന് മോചനം നൽകാൻ മതിയാവുന്നു. അത്ഭുതമില്ല. അറിവും വാത്സല്യവും ആത്മശുദ്ധിയുമുള്ള ആചാര്യന്മാരുടെ അനുഗ്രഹം അങ്ങനെ ആണല്ലോ. അകത്തു വിതയ്ക്കപ്പെട്ട വിത്തായി അത് കിളിർത്തുവളർന്ന് ഉള്ളത്തെ പച്ചപിടിപ്പിക്കുന്നു.

മൂന്നു വൻ പേടികളെയാണ് മായാജാലം കൊണ്ടെന്ന പോലെ ഈ ഒരുപ്പുകിൽ കൃഷിയിലൂടെ ഒഴിപ്പിക്കുന്നത്. വിദ്യാലയം എന്നിടത്തെ കുറിച്ച് അദ്ധ്യാപകനും വിദ്യാർത്ഥിക്കുമുള്ള താന്താങ്ങളുടെ ഇനം പേടിയാണ് ആദ്യത്തേത് . ഉപന്യസിച്ചല്ല, കഥ പറഞ്ഞ് ഇരുകൂട്ടരേയും സ്വാമിജി കഥയുള്ളവരാക്കുന്നു. ഒട്ടും മുഷിപ്പിക്കാതെ .

കഥ കേൾക്കുന്നവരുടെ വിതാനത്തിൽ താഴെ നിലത്തു നിന്നാണ് , ഉന്നത പീഠത്തിലിരുന്നല്ല, കഥ പറയുന്നത് എന്നൊരു വിശേഷവുമുണ്ട്.

ഗുരു അദ്ധ്യാപകനും അവിടം വിട്ട് അദ്ധ്യാപഹയനും പിന്നെയും മുരടിച്ച് വെറും മാഷും, ഒപ്പം ശിഷ്യൻ വിദ്യാർത്ഥിയും വെറും മാർക്കാർഥിയും പിന്നെ രാഷ്ട്രീയക്കാർക്കു വേണ്ടി തായാട്ടു കാട്ടുന്ന കുട്ടിക്കുരങ്ങും ആയതോടെ അടിമുടി ചേറായ വിഡ്ഢ്യാഭ്യാസ ചന്തയെ എങ്ങനെ ഇനിയുമൊരു പൂങ്കാവനമാക്കാമെന്ന് ഏതു സാധാരണക്കാരനും മനസ്സിലാവാൻ ഇതു മതി.

മൂന്നു സ്‌നേഹങ്ങളാണ് ഈ ചികിത്സയുടെ മധുര മരുന്നുകൾ . പ്രാഥമികമായി ഗുരുവിന് താൻ പഠിപ്പിക്കുന്ന വിഷയത്തോടുള്ള പ്രിയം, പിന്നെ ശിഷ്യരോടുള്ള പ്രിയം. ഈ മൂന്നും സ്വാഭാവികമായി ഉണ്ടാവുന്നതാക്കുകയും വേണം. അങ്ങനെയെങ്കിൽ ഗുരു എന്തു പറഞ്ഞാലും, മൗനം പാലിച്ചാൽ പോലും , ശിഷ്യൻ എല്ലാം പഠിച്ചിരിക്കും ! ഏതു കുഞ്ഞിന്റേയും ആദ്യ ഗുരുക്കളായ മാതാപിതാക്കൾക്കും ഇതേ അളവിൽ ഗുരുത്വമുണ്ടായാൽ സർവ്വം ശുഭം . ഏതു ഹെർക്കുലിയൻ കുതിരത്തൊഴുത്തും വൃത്തിയുടേയും വെടുപ്പിന്റേയും കാര്യത്തിൽ പഞ്ചനക്ഷത്ര നിലവാരത്തിലേക്ക് ഉയരും!

ഇന്ന് സർവസാധാരണമായ മറ്റൊരു പേടി കല്യാണപ്പേടിയാണ്. കല്യാണം എന്നാൽ മംഗളം എന്നാണ് അർത്ഥമെന്നിരിക്കെയാണ് ഇത് !. പേടി മൂത്ത് , വിവാഹമേ വേണ്ട എന്ന് നിശ്ചയിക്കുന്നവരും കുറവല്ല. സ്വാതന്ത്ര്യം പോകുമെന്ന് കരുതിയാണ് ഉപക്ഷ എന്നേ പരസ്യമായി പറയൂ !. സത്യത്തിൽ മറ്റൊരാളെ അംഗീകരിക്കാൻ തനിക്കാകുമോ എന്നും മറ്റൊരാൾ തന്നെ അംഗീകരിച്ചില്ലെങ്കിലോ എന്നുള്ള പേടിയാണ് ഈ ഗതികെട്ട നിലപാടിന്റെ തായ് വേര്.

പൊട്ടിയെ കെട്ടിയാൽ കെട്ടിയോൻ പോറ്റിക്കോളണം എന്നാണ് പ്രമാണം. പൊട്ടനെ കെട്ടിയാൽ കെട്ടിയോളുടെ ഗതിയും ഇതു തന്നെ എന്നു മറുവശം. ആരുമങ്ങനെ പുറത്ത് പറയാറില്ലെന്നാലും, തുല്യ അളവിൽ ശരിയാണ്. ഭാരമാകുന്ന ഇണ ഒരിക്കലും തുണയല്ല!. എന്നാലോ, തുണയാകാവുന്ന ഇണയെ ഭാരമാക്കുന്ന മണ്ടത്തരമാണ് പലപ്പോഴും ജീവിത നാടകം !. അവകാശവും അധികാരവും പരസ്പരം മത്സരിച്ച് ദുരന്തത്തിലെത്തുന്നു. പ്രകൃതിയിൽ ആർക്കും ആരുടെ മേലും ഒരധികാരവുമില്ല. ഉണ്ടെന്നു കരുതിയാൽ ചെറുതായാലും വലുതായാലും കുരുക്ഷേത്രം ഫലം, എന്ന ലഘുവായ കാര്യം ഒരു നിമിഷം ഓർത്താൽ വഴി സുഗമമായി. പണിയെടുക്കാനായാലും കെട്ടിപ്പിടിക്കാനായാലും പ്രാതികൂല്യങ്ങളോട് പോരാടാനായാലും രണ്ടിനു പകരം നാലായി കൈകൾ !. കുന്നിൽ പുറത്തു മേയാൻ കയറഴിച്ചു വിടുന്ന പശു അന്തിക്ക് വേറെയെണ്ടും മുളയാറില്ല. കെട്ടിയിട്ട പശുവോ, O -വട്ടത്തെ പുല്ലു തിന്നു തീർത്ത് വിശന്നും ദാഹിച്ചും അമറിക്കരഞ്ഞ് നാടിന്റെ സ്വൈരം കെടുത്തും , ചിലപ്പോൾ കയർ അറുത്തെന്നും വരും !. പാണിഗ്രഹണമന്ത്രം പ്രാണനാവസാനം വരേയും മറക്കാനാവുമോ എന്നാണ് സീത രാമനോട് ചോദിക്കുന്നത്. സ്‌നേഹം ഒരു നനുത്ത മുളയാണ് , ഒടിയാൻ എളുപ്പം. പക്ഷെ കാതലായാൽ എളുപ്പം വളക്കാൻ പോലും പറ്റില്ല !. എപ്പോഴും ചിരിക്കുന്ന പുരുഷനേയും എപ്പോഴും കരയുന്ന സ്ത്രീയെയും വിശ്വസിക്കാൻ കൊള്ളില്ല എന്നൊരു പ്രമാണമുള്ളത് എപ്പോഴായാലും ഒപ്പം കരയുകയും ചിരിക്കുകയും ചെയ്യുന്നവരുടെ പാരസ്പര്യത്തിൽ തരിമ്പും പ്രസക്തമല്ല. തീർച്ച. അധികാരത്തിന്റെ ധാർഷ്ട്യം ആവശ്യപ്പെടുന്ന അടയാളങ്ങളുടെ കാർക്കശ്യം കാൺകെ കണ്വൻ കണ്ഠം ബാഷ്പനിരുദ്ധമാവുന്നു. മൂല്യ സ്മൃതിയുടെ മധുരത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്ന ഈ സന്ന്യാസിവര്യന്റെ സ്വരത്തിലുള്ളതും അതേ കാരുണ്യബാഷ്പത്തിന്റെ ആർദ്രത .

ജീവിതാശാ ബലീയസി ! സങ്കൽപ ശേഷിയാൽ സ്വന്തം അന്ത്യം ദു:സ്വപ്നമായി സദാ മനസ്സിൽ കാണുന്നതിനാൽ സർവ്വഥാ പ്രമുഖമാണ് മനുഷ്യന് മരണ ഭയം. അതിനെ അതിജീവിക്കാൻ ദർശനമെന്ന ഔഷധം ഒന്നു മാത്രമേ ഫലപ്രദമായുള്ളൂ. ജനിക്കുന്നതും മരിക്കുന്നതും ഞാനല്ല എന്നെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതാണ്. യഥാർത്ഥമായ ഞാൻ എന്ന സത്യത്തെ കുറിച്ചുള്ള ബോധത്തിൽ ഉറച്ചു നിൽക്കുക. കാലത്തായാലും അകാലത്തായാലും എവിടെ വിരിയുന്ന പൂവും കരുപ്പിടിപ്പിക്കുന്ന കായും ഒന്നൊഴിയാതെ അചിരേണ കൊഴിഞ്ഞേ തീരൂ. എത്ര നാൾ ഞെട്ടിൽ നിന്നു എന്നതല്ല, എത്ര സന്തോഷമായി നിന്നു എന്നും ആ നിൽപ്പിൽ എത്ര സന്തോഷം ലോകത്തിന് പകർന്നു എന്നതുമാണ് പ്രധാനം. ഞാൻ നിത്യവും സത്യവും പൂർണവും സ്വതന്ത്രവുമായ ഈശ്വരനാണെന്നിരിക്കെ എനിക്കു മരണമില്ല എന്ന ഉറച്ച വിശ്വാസമേ സങ്കടഹാരിയായി ഉള്ളൂ. അത് എന്നും അകത്തു തന്നെ മറവിലുണ്ടുതാനും.

യോഗിയായാലും ഭോഗിയായാലും ഭൗതികശരീരം അനിത്യമാണ്. മനുഷ്യ ശരീരമെന്നല്ല ഭൗതിക പ്രപഞ്ചത്തിൽ ഒന്നും ശാശ്വതമല്ല. ആക്കിത്തീർക്കാൻ ആരാലും ആവുകയുമില്ല. അതുകൊണ്ട് അപരിഹാര്യമായ മരണത്തെ കുറിച്ച് ആരും വിഷമിക്കേണ്ട എന്നാണ് ഭഗവദ് വചനം. വിവരമുള്ളവർ ഇത് ഉൾക്കൊള്ളുകയും കാര്യം അത്രയും വശമാകാത്തവരെ അതിലേക്ക് കൊണ്ടുവരാൻ സസ്‌നേഹം ശ്രമിക്കുകയും വേണം. കരച്ചിൽ ദൗർബല്യമോ കുറച്ചിലോ അല്ല. കരിങ്കാറുകൾ പെയ്‌തൊഴിഞ്ഞാൽ മാനം നന്നായി തെളിയും. വായുവിലെ അഴുക്ക് നീങ്ങും. പിന്നത്തെ സൂര്യോദയം അപൂർവ്വ സുന്ദരമാവും.!

വിവേകമില്ലാതെ നൂറ്റാണ്ടു ജീവിക്കുന്ന സന്തതിയെ അപേക്ഷിച്ച് പതിനാറു വയസ്സിനകം പരമജ്ഞാനിയാവുന്ന ജന്മത്തെയാണ് കാംക്ഷിക്കുന്നതെന്നതാണ് മാർക്കണ്ഡേയന്റെ അമ്മ ഭഗവാനോട് പറഞ്ഞത്. ആ പ്രായം കൊണ്ട് സച്ചിദാനന്ദവും ചിരഞ്ജീവിയാകാനുള്ള വഴിയും ആ കുട്ടി കണ്ടെത്തുകയും ചെയ്തു. ശരിയായ അറിവും ബോധവും തന്നെയാണ് ഈശ്വരൻ. അതുമായി സമ്പർക്കമുണ്ടായാൽ എല്ലാ സൗഭാഗ്യങ്ങൾക്കും വഴിയൊരുങ്ങും. കാരണം, അതും പരിശ്രമവും ഒരുമിക്കുന്നേടത്ത് നിശ്ചയമായും ജയവും ഐശ്വര്യവും പുലരും.

കവി കൂടിയായ ഈ സ്വാമിയുടെ ഭാഷ അദ്ദേഹത്തിന്റെ ജീവിതം പോലെ ലളിത സുന്ദരവും പ്രസന്നവുമാണ്. ഒരേ സമയം ചങ്ങാതിയും സാക്ഷിയും രക്ഷകനും വഴിക്കാട്ടിയും ഗുരുവുമാണ് ഇദ്ദേഹം. തന്റെ ധർമ്മവും കർമ്മവും സൂക്ഷ്മമായി തിരിച്ചറിഞ്ഞ ഒരാളുടെ നിസ്സംഗതയും അനുതാപവും സമഭാവനയും വരികൾക്കിടയിൽ വായിക്കാം. അതോടൊപ്പം കുട്ടിത്തത്തിന്റെ നിറ വിശുദ്ധിയും നർമ്മ സമൃദ്ധിയും കൂസലില്ലാക്കുസൃതിയും .

കേരളീയ നവോത്ഥാനത്തിന് ഇനിയുമൊരു വസന്തമുണ്ടാകുമെന്ന ഉറപ്പാണ് സ്വാമി അധ്യാത്മാനന്ദയുടെ പുറപ്പാടുകളിൽ നിന്ന് നമുക്കു കിട്ടുന്നത്. അദ്ദേഹത്തിനും അദ്ദേഹത്തെ കേൾക്കുകയും വായിക്കുകയും ചെയ്യുന്നവർക്കും വിജയം സുനിശ്ചിതം. എന്തുകൊണ്ടെന്നാൽ, കെട്ടിലും മട്ടിലും ഉള്ളിലിരിപ്പിലും ഭിന്നങ്ങളായ കോടാനുകോടി ചരാചരവാദ്യങ്ങളുടെ നാദതാളമേളപ്പൊരുത്തത്തിൽ അവതരിപ്പിക്കുന്ന അമൃത തുല്യമായ വിശ്വമഹാസിംഫണിയിലെ മഹാലയത്തിന് അവകാശികളാക്കാൻ അവർ സന്നദ്ധരാവുകയാണല്ലോ.

സ്വസ്തിയുരുവിട്ട് കൈകൂപ്പി നിൽക്കാം

സി.രാധാകൃഷ്ണൻ.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സ്വാമി അധ്യാത്മാനന്ദയുടെ 'വിദ്യാസ്മൃതിലയം' കഥകൾക്ക് വേണ്ടി എഴുതിയ അവതാരിക) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP