Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ പറ്റിയ ബോംബുമായി നട്‌വർ സിംഗിന്റെ പുസ്തകം വരുന്നു; ദുരന്തം ഒഴിവാക്കാൻ അപേക്ഷിച്ച് സോണിയയും പ്രിയങ്കയും; മനസ്സു തുറക്കാതെ മുൻ വിദേശകാര്യമന്ത്രി

കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ പറ്റിയ ബോംബുമായി നട്‌വർ സിംഗിന്റെ പുസ്തകം വരുന്നു; ദുരന്തം ഒഴിവാക്കാൻ അപേക്ഷിച്ച് സോണിയയും  പ്രിയങ്കയും; മനസ്സു തുറക്കാതെ മുൻ വിദേശകാര്യമന്ത്രി

പാർലമെന്റിൽ അടുത്തടുത്ത സീറ്റുകളിൽ മണിക്കൂറുകളോളം ഒപ്പമിരുന്നാലും ഒരു വാക്കു പോലും പരസ്പരമുരിയാടാത്ത നട്‌വർ സിംഗിനെ കാണാൻ കോൺഗ്രസ് പ്രഡിഡന്റ് സോണിയാ ഗാന്ധി അദ്ദേഹത്തിന്റെ വസതിയിൽ പോയതെന്തിനാണ്? മകൾ പ്രിയങ്കയെയും കൂട്ടി അവിടെ പോയതും പോരാഞ്ഞിട്ട് അദ്ദേഹത്തിനൊപ്പം 50 മിനിറ്റോളം സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. 2005 മുതൽ പരസ്പരം കണ്ടാൽ മുഖം തിരിക്കുന്നവരാണിവർ എന്നു കൂടി ഓർക്കുക. ഇതിന് പുറകിലുള്ള രഹസ്യമെന്താണെന്നാണ് പറഞ്ഞു വരുന്നത്. അത്ര പരസ്യമല്ലാത്ത ഒരു രഹസ്യമാണിതെന്നാണ് ചില വൃത്തങ്ങൾ ഇതിനെക്കുറിച്ച് പറയുന്നത്.

നട്‌വർ സിങ് എഴുതിയ ഒരു പുസ്തവുമായി ബന്ധപ്പെട്ടാണത്രെ സോണിയയും മകളും അദ്ദേഹത്തെ കാണാനെത്തിയതെന്ന് ചില ഉറവിടങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. 2005ൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ നട്‌വർ സിങ് പുസ്തകം എഴുതിയാലും ഇല്ലെങ്കിലും സോണിയക്കെന്ത് എന്നാവും സ്വാഭാവികമായും മനസ്സിലുയരുന്ന സംശയം. കോൺഗ്രസിൽ നിന്നും പുറത്തായെങ്കിലും ദീർഘകാലം മന്ത്രിയായും അല്ലാതെയും കോൺഗ്രസിൽ പ്രവർത്തിച്ച ഈ നട് വർ സിംഗിന് പാർട്ടിയുടെ അരമന രഹസ്യങ്ങളെല്ലാം അറിയാമെന്നതും അതിൽ ചിലതെല്ലാം തന്റെ പുതിയ പുസ്തകത്തിലൂടെ നട്‌വർ സിങ് മറയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ടെന്നതുമാണ് കോൺഗ്രസ് പ്രസിഡണ്ടിന്റെ ഉറക്കം കെടുത്തിയിരിക്കുന്നത്. ആ പുസ്തകം പുറത്തിറക്കി പാർട്ടിയെ നാണം കെടുത്തരുതെന്ന് അപേക്ഷിക്കാനാണത്രെ സോണിയയും പ്രിയങ്കയും നട്‌വറിന്റെ വസതിയിലെത്തി കാലുപിടിച്ചിരിക്കുന്നത്. വൺ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന പേരിലുള്ള പുസ്തകം ആഗസ്റ്റ് ഏഴിന് പുറത്തിറങ്ങാനിരിക്കുകയാണ്. മുൻ അറ്റോർണി ജനറലായ സോളി സൊറാബ്ജിയാണ് പുസ്തകം റിലീസ് ചെയ്യുന്നത്. മുൻ എക്‌റ്റേണൽ അഫയേർസ് മിനിസ്റ്ററായ ഇദ്ദേഹത്തിന്റെ തുറന്നെഴുത്ത് തെരഞ്ഞെടുപ്പിൽ പാടെ തകർന്ന കോൺഗ്രസിനെ പൂർണമായും തകർക്കുമോയെന്നാണ് സോണിയ ഭയപ്പെടുന്നത്.

1984ൽ കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാക്കളിലൊരാളാണ് നട്‌വർ സിങ്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് മുതിർന്ന ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങളും പിന്നീട് രാജിവ് ഗാന്ധി, പി.വി. നരസിംഹറാവു, മന്മോഹൻ സിങ് എന്നിവർക്കൊപ്പം പാർട്ടിയിലും സർക്കാരിലും പ്രവർത്തിച്ചതിന്റെ അനുഭവങ്ങളുമടക്കം ഒരു കാലഘട്ടത്തിന്റെ ചരിത്രമായിരിക്കും നട്‌വർ സിങ് തന്റെ ആത്മകഥയിലൂടെ കോറിയിടുന്നത്.

ഈ കൂടിക്കാഴ്ചയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നാണ് നട്‌വർസിങ് പ്രതികരിച്ചിരിക്കുന്നത്. 2001ൽ നട്‌വർസിംഗായിരുന്നു മന്മോഹൻ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി. തുടർന്ന് ഇറാഖ് എണ്ണ കുംഭകോണത്തിൽ കുറ്റാരാപിതനായി 2005 ഡിസംബറിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. 2005ൽ പോൾ വോൾക്കർ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ സിംഗും അദ്ദേഹത്തിന്റെ പുത്രനായ ജഗത്തും ഓയിൽ ഫോർ ഫുഡ് പ്രോഗ്രാമിൽ നിന്നും തിരിമറി നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നട്‌വർസിംഗും മകൻ ജഗത്തും ഇയാളുടെ ബാല്യകാലത്തെ കളിക്കൂട്ടുകാരനായ അന്ദലീബ് സെഗാളും നേതൃത്വം നൽകിയ കമ്പനി സ്വിസ് സ്ഥാപനത്തിന് എണ്ണ നൽകിയ നിയമാനുസൃതമല്ലാത്ത കച്ചവടത്തിന്റെ മധ്യവർത്തികളായി വർത്തിച്ചുവെന്നാണ് കേസ്.
ആരോപണവിധേയനായ സിങ് 2008ൽ കോൺഗ്രസിൽ നിന്നു തന്നെ രാജിവയ്ക്കുകയായിരുന്നു. 2006ൽ ജസ്റ്റിസ് ആർ.എസ് പതക്ക് ഇൻക്വയറി അഥോറിറ്റി നടത്തിയ അന്വേഷണത്തിൽ സിംഗും മകനും തങ്ങളുടെ സ്ഥാനങ്ങൾ എണ്ണയിടപാടിനായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ അവർക്ക് യാതൊരു സാമ്പത്തികലാഭവും നേടാനായിട്ടില്ലെന്നും കണ്ടെത്തി.

ഏതായാലും മേല ആകാശവും താഴെ ഭൂമിയുമെന്ന നിലയിൽ നടക്കുന്ന നട്‌വർ സിങ് തന്റെ പുസ്തകത്തിലൂടെ എന്തൊക്കെയാണ് വിളിച്ചു പറയുക എന്ന ടെൻഷനിലാണ് കോൺഗ്രസും സോണിയയും. നഷ്ടപ്പെടാൻ നട്‌വർ സിംഗിന് ഒന്നുമില്ലെന്ന് പാർട്ടിക്ക് നന്നായറിയാം. തങ്ങളുടെ അപേക്ഷ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞ് ആഗസ്റ്റ് 7ന് അദ്ദേഹം വിവാദപുസ്തകം പുറത്തിറക്കുമോയെന്നറിയാതെ ഇനി സോണിയക്കും കൂട്ടർക്കും ഉറക്കം മുറുകില്ലെന്നുറപ്പായി...!!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP