Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ജാതിവ്യവസ്ഥയെ നശിപ്പിക്കുന്നതിനുള്ള ശരിയായ മാർഗം മിശ്രവിവാഹമോ മിശ്രഭോജനമോ അല്ല; പിന്നെയോ ജാതിയുടെ അടിസ്ഥാനമായ മത വിശ്വാസങ്ങൾ നശിപ്പിക്കുകയാണ്'; അംബേദ്ക്കറിന്റെ 'ജാതിനിർമൂലം' എന്ന പുസ്തകത്തെക്കുറിച്ച് പി എ സിദ്ധീഖ് എഴുതുന്നു

'ജാതിവ്യവസ്ഥയെ നശിപ്പിക്കുന്നതിനുള്ള ശരിയായ മാർഗം മിശ്രവിവാഹമോ മിശ്രഭോജനമോ അല്ല; പിന്നെയോ ജാതിയുടെ അടിസ്ഥാനമായ മത വിശ്വാസങ്ങൾ നശിപ്പിക്കുകയാണ്'; അംബേദ്ക്കറിന്റെ 'ജാതിനിർമൂലം' എന്ന പുസ്തകത്തെക്കുറിച്ച് പി എ സിദ്ധീഖ് എഴുതുന്നു

പി എ സിദ്ധീഖ്

അംബേദ്കർ ലാഹോറിൽ ഹിന്ദുനവോത്ഥാനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തിലേക്ക് ക്ഷണിക്കപ്പെടുന്നു. ആ യോഗത്തിൽ സംഘടകരുമായുള്ള തർക്കം മൂലം അദ്ദേഹത്തിന് അദ്ധ്യക്ഷം വഹിക്കാൻ കഴിയുന്നില്ല. ആയോഗത്തിനായി തയ്യാറാക്കിയ പ്രസംഗത്തിന്റെ കരട് രൂപമാണ് 'ജാതിനിർമൂലനം' എന്ന അദ്ദേഹത്തിന്റെ പുസ്തകം.

ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അതിൽ പ്രധാനം എന്ന് തോന്നിയ ചില സംഗതികൾ ആണ് താഴെ കുറിക്കുന്നത്.

ജാതിനശീകരണത്തിന് ഈ പുസ്തകത്തിൽ ആകെ അദ്ദേഹം ഊന്നി പറയുന്ന ഒരു കാര്യമേയുള്ളു . അദ്ദേഹം പറയുന്നു.'ജാതിവ്യവസ്ഥയെ നശിപ്പിക്കുന്നതിനുള്ള ശരിയായ മാർഗം മിശ്രവിവാഹമോ മിശ്രഭോജനമോ അല്ല. പിന്നെയോ ജാതിയുടെ അടിസ്ഥാനമായ മത വിശ്വാസങ്ങൾ നശിപ്പിക്കുകയാണ്. '

കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സാമൂഹ്യ പരിഷക്കരണ കാര്യത്തിലുള്ള നിലപാട് പറയുന്നിടത്ത് ശ്രി.അംബേദ്കർ കുറിക്കുന്നു.'രാഷ്ട്രീയ പരിഷ്‌ക്കരണവാദികൾ നാഷണൽ കോൺഗ്രസും സാമൂഹ്യപരിഷക്കരണവാദികൾ സോഷ്യൽ കോൺഫറൻസും രൂപീകരിച്ചു. ആദ്യകാലത്ത് കോൺഗസ് സമ്മേളനങ്ങൾ കഴിഞ്ഞാൽ ബാക്കി സമയം സോഷ്യൽ കോൺഫറൻസ് അതേ വേദികളിൽ തന്നെ സാമൂഹ്യ ഉന്നതി ലക്ഷ്യമാക്കി മീറ്റിങ്ങുകൾ സംഘടിപിച്ചിരുന്നു ..പിന്നീട് കോൺഗ്രസ്സിലെ ചിലരുടെ എതിർപ് മൂലം ഈ പരിപാടി ഉപേക്ഷിച്ചു. 'അതോടെ സാമൂഹ്യ പരിവർത്തനം എന്ന ആശയം കോൺഗ്രസ് കയ്യൊഴിഞ്ഞു.

കമ്മ്യൂണിസ്റ്റ് കാരോട് സാമ്പത്തിക പരിവർത്തനം മാത്രമല്ല ജാതിക്കെതിരായ പ്രവർത്തനം കൂടി ശക്തമാക്കണം എന്ന് ആഹ്വാനം ചെയ്യുന്നു.'കമ്മ്യൂണിസ്റ്റുകളോട് രാഷ്ട്രീയ പരിഷ്‌ക്കാരമോ സാമ്പത്തി പരിഷ്‌ക്കാരമോ സാധ്യമാകണമെങ്കിൽ നിങ്ങൾ ജാതിക്കെതിരായ പ്രവർത്തനം ആദ്യം നടത്തണം. '

ഹിന്ദു എന്ന സംഞ്ജയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം.'ഹിന്ദു എന്നാൽ അത് ഒരു സങ്കൽപം മാത്രമാണ്.തങ്ങളെ നാട്ടുകാരിൽനിന്ന് വേർതിരിച്ച് കാണിക്കുന്നതിന് വേണ്ടി അക്രമത്തിന് എത്തിയ മുഹമ്മദീയർ കൊടുത്ത പേരാണ് അത്. മുഹമ്മദീയരുടെ അക്രമത്തിനു മുമ്പുള്ള ഒരു സംസ്‌കൃതിയിലും കൃതിയിലും ആ പേര് കാണുന്നില്ല 'നാല് വർണത്തിനു വെളിയിലുള്ളവരെ അസ്പൃശ്യർ എന്നാണ് അദ്ദേഹം വിളിക്കുന്നത്.ഹിന്ദുക്കളും അസ്പൃശ്യരും എന്നാണ് അംബേദ്കർ പറയുന്നത്. അതായത് അധകൃതരെ ഹിന്ദുക്കളുടെ കൂടെ കൂട്ടുന്നില്ല.

രവിചന്ദ്രൻ സി. അദ്ദേഹത്തിന്റെ ജാതി സംബന്ധിച്ചുള്ള പ്രഭാഷണങ്ങളിൽ ജാതിചിന്ത കുറയാൻ പഴയ കാലത്ത് ഒരു ജാതി മറ്റൊരു ജാതിയോട് ചെയ്ത കാര്യങ്ങളെ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്ന് പ്രസ്തുത ജാതിയാൽ ഉള്ളവരോട് വൈരം തീർക്കരുത് എന്ന് പറയാറുണ്ട് . സമാനമായ രീതിയിൽ ഉള്ള ഒരു നിരീക്ഷണം ആണ് അംബേദ്കർ നടത്തുന്നത്. നോക്കുക.

പഴയകാല ജാതി വൈരങ്ങൾ മറക്കണം എന്ന് പറയുന്ന കൂട്ടത്തിൽ അംബേദ്ക്കർ പറയുന്നു ...
'ഇന്നത്തെ അബ്രാഹ്മണർക്ക് ഇന്നത്തെ ബ്രാഹ്മണരോട് ഉള്ള വിദ്വേഷം അവരുടെ മുൻതലമുറക്കാർ ശിവാജി യോട് കാണിച്ച നിന്ദ കാരണം പൊറുക്കാൻ ആവുന്നില്ല ...ഇന്നത്തെ കായസ്ഥർക്ക് ഇന്നത്തെ ബ്രാഹ്മണരോട് ഉള്ള വിദ്വേഷം അവരുടെ പൂർവികന്മാർ തങ്ങളുടെ പൂർവ്വികന്മാരോട് കാണിച്ച് വിദ്വേഷം ഹേതുവായി മറക്കാൻ കഴിയുന്നില്ല :ഈ തുടർച്ചകൾക്ക് കാരണമെന്താണ് ? ജാതി വ്യവസ്ഥ മൂലമാണെന്ന് എന്ന് വ്യക്തം .. ജാതി സമ്പ്രദായത്തെയും ജാതിചിന്തയുടെ നിലനിൽപ്പ് ജാതികൾ തമ്മിൽ ഉണ്ടായ പൂർവകാല വൈരങ്ങൾ ഓർമ്മയിൽ കൊണ്ടുവരികയും അവർ രമ്യമാകുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. '

ഘർവാപ്പസിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം.
ഹിന്ദുമതത്തിലേക്ക് മതം മാറിയാലുള്ള സ്ഥിതിയെക്കുറിച്ച് അംബേദ്കർ പറയുന്നത് ഇങ്ങനെയാണ്.
'ഹിന്ദു സമൂഹം ജാതികളുടെ ഒരു സമാഹാരം ആയതു കൊണ്ടും ഓരോ ജാതിയും വായു കയറാത്ത ഓരോ കോർപ്പറേഷൻ ആയതുകൊണ്ടും അതിൽ ഒരു പരിവർത്തകന് (മതം മാറി വരുന്ന വ്യക്തി) സ്ഥാനമൊന്നുമില്ല ... ഇതര മതസ്ഥരെ സ്വീകരിച്ചു പ്രോത്സാഹിപ്പിക്കുന്നതിന് ഹിന്ദുക്കൾക്ക് പ്രതിബന്ധമായി നിൽക്കുന്നത് ജാതിയാണ്.ജാതി നിലനിൽക്കുന്ന കാലത്തോളം ഹിന്ദുമതത്തെ ഒരു മിഷനറി മതമാക്കാൻ ആവില്ല. ശുദ്ധികർമം എന്നത് ഒരു അസംബന്ധവും അയഥാർത്ഥ്യവും ആണ് . '

ഇനി ഹിന്ദുക്കൾ പറയാറുള്ള എല്ലാവർക്കും സ്വപ്രയത്നത്താൽ ബ്രാഹ്മണന്റെ നിലവാരത്തിലേക്ക് ഉയരാൻ കഴിയുമെന്ന വാദത്തിന് അദ്ദേഹം കൊടുക്കുന്ന മറുപടി നോക്കാം.ചാതുർവർണ്യ വ്യവസ്ഥിതിയിൽ പറയുന്ന വർണ്ണവ്യവസ്ഥ സിദ്ധാന്ത പ്രകാരം താഴെക്കിടയിലുള്ളവർക്ക് ബ്രാഹ്മണനായി ഉയരാൻ കഴിയുമെന്ന ഹിന്ദുക്കളുടെ വാദത്തിന് അംബേദ്കർ മറുപടി പറയുന്നു......
ശ്രീരാമൻ ജംബുകൻ എന്ന ചണ്ഡാളൻ തലകീഴായി നിന്ന് തപസ്സ് അനുഷ്ഠിച്ചപ്പോൾ ഗളഛേദം ചെയ്തു കൊന്നു കളഞ്ഞ ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ടാണ്.അബേദ്കർ തുടരുന്നു...'രാമ രാജ്യം ചാതുർ വർണ്യ അടിസ്ഥാനത്തിൽ ഭരിക്കപ്പെട്ട ഒരു രാജ്യം ആയിരുന്നു. ഒരു രാജാവ് എന്ന നിലയിൽ ചാതുർവർണ്യം സംരക്ഷിക്കാൻ രാമൻ ബാദ്ധ്യസ്ഥനായിരുന്നു. ഇതുകൊണ്ടാണ് സ്വന്തം വർഗ നിയമംലംഘിച്ചു ബ്രാഹ്മണനാകാൻ ശ്രമിച്ച ജംബൂകനെ കൊല്ലുന്നത്. '

സഹോദരൻ അയ്യപ്പനെ പോലുള്ള ഉൽപതിഷ്ണുക്കൾ നടത്തിയ മിശ്രഭോ ജനത്തിന് അംബേദ്കർ വലിയ ഗുണമൊന്നും കാംക്ഷിക്കുന്നില്ല. മിശ്രഭോജനത്തെക്കുറിച്ചും മിശ്രവിവാഹത്തെക്കുറിച്ചും അംബേദ്കർ എന്തുപറയുന്നു എന്ന് നോക്കാം.മിശ്രഭോജനം ജാതി പോകാനുള്ള ഒരു മാർഗ്ഗമായി ആയി അംബേദ്കർ കാണുന്നില്ല.അതേസമയംമിശ്ര വിവാഹത്തെ ജാതി നിർമ്മാർജ്ജനത്തിനുള്ള ഉത്തമ മാർഗം ആയി അംബേദ്കർ മനസ്സിലാക്കുന്നു ...
'ചങ്ങാതിമാരുംചാർച്ചക്കാരും എന്ന തോന്നലുണ്ടാക്കണമെങ്കിൽ രക്ത മിശ്രണം തന്നെ വേണം. അതിനാൽ മിശ്രഭോജനങ്ങളല്ല മിശ്രവിവാഹങ്ങൾ ആണ് വേണ്ടത്. :'
ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനത്തെക്കാൾ ദുഷ്‌ക്കരമാണ് സാമൂഹ്യപരിഷ്‌ക്കരണ പ്രവർത്തനങ്ങൾ എന്ന് സൂചിപ്പിക്കുന്നിടത്ത് ഇങ്ങനെ പറയുന്നു.'സർക്കാറിനെ ധിക്കരിക്കുന്ന രാഷ്ട്രീയക്കാരനെക്കാൾ
ധീരനാണ് സമൂഹത്തെ ധിക്കരിക്കുന്ന ഒരു പരിഷ്‌കൃത ആശയക്കാരൻ '.

ഇനി ജാതിയിൽ പെട്ടു പോയ മനുഷ്യരെക്കുറിച്ചുള്ള മറ്റൊരു വീക്ഷണം ശ്രദ്ധിക്കുക. ഇപ്പോഴത്തെ ജാതി നവോത്ഥാനം നടത്തുന്നവർ ഒരു വേദിയിലും പറയാത്ത ഒരു കാര്യമാണ് ഇവിടെ അംബേദ്കർ ഉന്നയിക്കുന്നത്.

'ഹിന്ദുക്കൾ ജാതി ആചരിക്കുന്നത് അവർ തല പിരിഞ്ഞുപോയതുകൊണ്ടല്ല. അവർക്ക് മനുഷ്യത്വം ഇല്ലാതെ പോയതുകൊണ്ടും അല്ല . ഇക്കാര്യം സമ്മതിക്കുക തന്നെ വേണം. . അവർ ജാതി ആചരിക്കുന്നത് ആരുടെ തീഷ്ണമായ മത നിഷ്ഠ മൂലമാണ് . ജാതി ആചരിക്കുന്ന ജനങ്ങൾ തെറ്റു ചെയ്യുന്നില്ല. എന്റെ വീക്ഷണത്തിൽ തെറ്റ് ചെയ്യുന്നത് അത് ഇവിടെ ജാതി എന്ന ആശയം കുത്തിവെച്ച മതമാണ് ....
ഇത് ശരിയാണെങ്കിൽ ശ്രേഷ്ഠമായി നിങ്ങൾ പിടികൂടേണ്ട ശത്രു ജാതി ആചരിക്കുന്ന ജനങ്ങളെയല്ല : പിന്നെയോ ജാതി ധർമ്മം പഠിപ്പിക്കുന്ന ശാസ്ത്രങ്ങളെയാണ്. ' അദ്ദേഹം തുടർന്ന് ഇങ്ങനെ വിശദീകരിക്കുന്നു.

'മിശ്രഭോജനം മിശ്രവിവാഹം എന്നിവ ചെയ്യാത്തതുകൊണ്ടോ അഥവാ ഇടയ്ക്കിടെ മിശ്രജാതി സദ്യകൾ സംഘടിപ്പിക്കാത്തതു കൊണ്ടോ മിശ്രവിവാഹ മഹോത്സവം ആചരിക്കാത്തതു കൊണ്ടോ ജനങ്ങളെ കുറ്റം പറയുന്നത് അത് നിശ്ചിത കാര്യം നേടുന്നതിനുള്ള ഉള്ള വിഫല ശ്രമം മാത്രമാണ്. വാസ്തവത്തിൽ ഉള്ള പരിഹാരമാർഗം വേദശാസ്ത്രങ്ങൾ പരിപാവനം ആണെന്ന വിശ്വാസം നശിപ്പിക്കുക യാണ് .
പരിഷ്‌കൃത രാഷ്ട്രീയക്കാരനായ ഗാന്ധിജി പോലും മതവിശ്വാസങ്ങൾ മത ശാസ്ത്രങ്ങൾ ജനങ്ങളിൽ കുത്തിവെച്ച വിശ്വാസങ്ങൾ മൂലം മാത്രമാണ് ജനങ്ങൾ തെറ്റായി പെരുമാറുന്നത് എന്ന സത്യം അംഗീകരിക്കുന്നതായി തോന്നുന്നില്ല :
ബഹളങ്ങൾ കൂട്ടുന്നതും മിശ്രഭോജനങ്ങളും മിശ്രവിവാഹങ്ങളും സംഘടിപ്പിക്കുന്നതും പ്രകൃതി വിരുദ്ധമായ രീതിയിൽ ബലംപ്രയോഗിച്ച് ഊട്ടുന്നതുപോലെയാണ് .... മത തത്വങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ച വിനാശകരമായ ആശയങ്ങളെ ജനഹൃദയങ്ങളിൽ നിന്ന് തുടച്ചുനീക്കി ശുദ്ധി ചെയ്യുക ... അപ്പോൾ അവനോ അവളോ മിശ്രഭോജനം ചെയ്യും. മിശ്രവിവാഹം നടത്തും. നിങ്ങൾ അവരോട് പറയണ്ട ആവശ്യം തന്നെയില്ല : '
അംബേദ്കറിന്റെ ഈ പുസ്തകത്തിൽ അതിൽ എനിക്ക് അ രുചികരമായിതോന്നിയത് അദ്ദേഹം ബ്രാഹ്മണ സമൂഹത്തെ ഒന്നാകെ അതായത് ബ്രാഹ്മണനായി ജനിക്കുകയും അതേസമയം തന്നെ ബ്രാഹ്മണ്യം ഉപേക്ഷിച്ചു മതേതരരായി ജീവിക്കുന്നവരെയും ഒന്നാകെ ഒരേ തരത്തിൽ ഒരേ വികാരത്തിൽ ശത്രുക്കൾ ആയി കാണുന്നു.അദ്ദേഹം ഇങ്ങനെ കുറിക്കുന്നു

ബ്രാഹ്മണ പുരോഹിതന്മാർക്ക് എതിരായുള്ള ഉള്ള ഒരു പ്രസ്ഥാനത്തിൽത്തിൽ മതേതര ബ്രാഹ്മണർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിയില്ല.അദ്ദേഹം തുടരുന്നു ....
മതേതര ബ്രാണർക്കും പുരോഹിത ബ്രാഹ്മണർക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന് കാണുന്നതുകൊണ്ട് കാര്യമൊന്നുമില്ല .അവർ ഇരുകൂട്ടരും ചാർച്ചക്കാരും ബന്ധുക്കളും ആണ് . ഒരേ ശരീരത്തിലെ രണ്ടു കൈകൾ ആണ് അവർ......ക്രാസ്ത്യാനിറ്റിയെ ബ്രാഹ്മണിസത്തോട് ഉദാഹരിച്ച് അദ്ദേഹം തുടരുന്നു ....
പോപ്പ് ആകാനുള്ള ജനവിഭാഗത്തിൽ ഇതിൽ പെടുന്ന ആളല്ല വിപ്ലവകാരി . പോപ്പ് ആകാവുന്ന ജന വിഭാഗത്തിൽ പെടുന്ന വ്യക്തിക്ക് വിപ്ലവകാരി ആവാൻ താല്പര്യം ഉണ്ടാവില്ല : ഈ പ്രസ്താവന ഇന്ത്യയിലെ ബ്രാഹ്മണരുടെ കാര്യത്തിലും പ്രസക്തമാണെന്ന് എന്ന് ഞാൻ കരുതുന്നു:

സാമൂഹ്യ പരിഷ്‌കരണ രംഗത്ത് ഒരു വിപ്ലവകാരി ആകുവാൻ ഒരു ബ്രാഹ്മണന് സാധ്യമല്ല എന്നു കൂടി അംബേദ്കർ പറഞ്ഞു വെക്കുന്നു ....ഇത്തരത്തിൽ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഈ ഭാഗത്ത് മതേതരരും അല്ലാത്തവരുമായ ആയ എല്ലാ ബ്രാഹ്മണരേയും ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുതായാണ് കാണുന്നത്.ബ്രാഹ്മണരായി ജനിച്ചുവെങ്കിലും മതം ഉപേക്ഷിച്ച് സാമൂഹ്യ നവോത്ഥാനത്തിനും രാജ്യത്തിന്റെ വളർച്ചയ്ക്കും വേണ്ടി വേണ്ടി പ്രവർത്തിച്ച എത്രയോ മതേതരനായ ആളുകളെ നമുക്ക് കാണുവാൻ കഴിയും.
വളരെ വികലമായ വീക്ഷണവും ചിന്താഗതിയും ആണിത് .

അംബേദ്കർക്ക് ജാതിയെ ക്കുറിയ്യുള്ള ഒരു സംക്ഷിപ്ത വിവരണമാണ് ഈ പുസ്തകം. മൈത്രി ബുക്സാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP