Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ - പത്രപ്രവർത്തന ചരിത്രം; എടത്തട്ട നാരായണന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

ഇന്ത്യയുടെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ - പത്രപ്രവർത്തന ചരിത്രം; എടത്തട്ട നാരായണന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ ഇതിഹാസമായിരുന്ന എടത്തട്ട നാരായണന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. കോട്ടയം പ്രസ്സ് ക്ലബിൽ വെച്ച് മലയാള മനോരമ, മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മഹേഷ് വിജയൻ എടത്തട്ടക്ക് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. രാം കുമാർ പിയാണ് രചയിതാവ്. എടത്തട്ടയെ കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം 40 വർഷത്തിന് ശേഷം ഇംഗ്ലീഷിലോ മലയാളത്തിലോ ആദ്യമായി പുറത്ത് വരുന്ന കൃതിയാണ് ഇത്.

സ്വതന്ത്ര ഇന്ത്യയിലെ മികച്ച പത്രാധിപമാരിലൊരാളായ എടത്തട്ട നാരായണന്റെത് ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ വേറിട്ടൊരു വ്യക്തിത്വമാണ്. കേരളത്തിന്റെ വടക്കു നിന്നൊരാൾ ഇന്ത്യയുടെ വടക്കെത്തി ദേശീയ പത്രപ്രവർത്തനത്തിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായി മാറുകയായിരുന്നു. എടത്തട്ട നാരായണൻ എന്ന പത്രപ്രവർത്തകന്റെ ജീവചരിത്രം മാത്രമല്ല, ഇന്ത്യയുടെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയചരിത്രവും പത്രപ്രവർത്തന ചരിത്രവും കൂടിയാണ് പുസ്തകത്തിൽ രേഖപ്പെടുത്തുന്നത്.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും അതിന്റെ പേരിൽ ഒരു കടലാസുകഷണം പോലും സമ്മാനമായി കൈപ്പറ്റുകയും ചെയ്യാതിരുന്ന നിസ്വാർത്ഥനായ പോരാളി, സാക്ഷാൽ ജവഹർലാൻ നെഹ്റുവിനൊപ്പം പതിവായി ചായ - ചില നേരങ്ങളിൽ സ്മോളും കുടിച്ചിരുന്ന സുഹൃത്ത്. ഇടതുപക്ഷാഭിമുഖ്യമുള്ള ലിങ്ക് വാരികയും പേട്രിയറ്റ് പത്രവും ഇംഗ്ലിഷിൽ തുടങ്ങി വിജയിപ്പിച്ച പത്രാധിപർ, ബിസിനസുകാരുടെയോ രാഷ്ട്രീയകക്ഷികളുടെയോ പിൻബലമില്ലാതെ ഡൽഹിയുടെ ഹൃദയത്തിൽ ലിങ്ക് ഹൗസ് എന്ന വലിയ പത്രമോഫീസ് പണി തീർത്ത സംരംഭകൻ എന്നിങ്ങനെ ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ ഇതിഹാസമായി മാറിയ എടത്തട്ടയുടെ ജീവിതമാണ് പുസ്തകത്തിലൂടെ പുതുതലമുറയ്ക്ക് മുന്നിലെത്തുന്നത്.

1907 മുതൽ 1978 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ബോളിവുഡ് സിനിമയെ പോലും അതിശയിക്കുന്നത്ര സംഭവബഹുലമായിരുന്നു. ഒരു നോവൽ പോലെ വായന സാധ്യമാകുന്ന രൂപത്തിലാണ് പി. രാംകുമാർ എഴുതിയ 'എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും'. എന്ന ജീവചരിത്രം.

ഇന്ത്യയിലെ ആദ്യത്തെ വാർത്താ വാരികയായ ' ലിങ്ക്' ന്റെ (1957) സ്ഥാപക പത്രാധിപരായിരുന്ന എടത്തട്ട 1963 ൽ ആരംഭിച്ച 'ഇടതുപക്ഷ വീക്ഷണമുള്ള, ഡൽഹിയിലെ ആദ്യത്തെ ഇംഗ്ലീഷ് ദിനപത്രമാണ് ' പേട്രിയറ്റ്'. ബോംബെയിലെ ഫ്രീ പ്രസ് ജേർണലിന്റെ ആദ്യത്തെ മലയാളിയായ എഡിറ്റർ. ( 1958) വിഖ്യാതമായ ശങ്കേഴ്സ് വീക്കിലിയെ വിജയത്തിലെത്തിച്ച, പേര് വെക്കാത്ത, എഡിറ്റർ. എന്നിങ്ങനെ പോകുന്നു അര നൂറ്റാണ്ട് കാലം മുഴുവൻ സമയ പത്രപ്രവർത്തകനായിരുന്ന, എടത്തട്ടയുടെ ഖ്യാതി.

സംഭവബഹുലമായി ജീവിച്ചപ്പോഴും കാര്യമായ രേഖകളൊന്നും അവശേഷിപ്പിക്കാതെയാണ് എടത്തട്ട കടന്നുപോയത്. 'ടൈംസ് ഓഫ് ഇന്ത്യ'യിലും 'ശങ്കേഴ്‌സ് വീക്കിലി'യിലും 'പേട്രിയറ്റി'ലുമൊക്കെയുള്ള കോളങ്ങളിലൂടെ ആയിരക്കണക്കിനു വായനക്കാരെ സ്വന്തമാക്കിയ എടത്തട്ട, ആത്മകഥ പോയിട്ട് മരുന്നിനൊരു പുസ്തകം പോലും എഴുതിയില്ല. ഇന്റർനെറ്റിൽ നല്ല ചിത്രങ്ങളോ വിക്കിപീഡീയയിൽ നല്ലൊരു ജീവചരിത്രക്കുറിപ്പോ അദ്ദേഹത്തെക്കുറിച്ച് ഇല്ല.

എടത്തട്ടയുടെ സമകാലികരെ അന്വേഷിച്ചെടുത്തും മറവിയിലാണ്ടുപോയ ചില പുസ്തകങ്ങളും ലേഖനങ്ങളും തിരഞ്ഞുപിടിച്ചുമൊക്കെയാണ് 22 കൊല്ലത്തെ പരിശ്രമത്തിനു ശേഷം രാംകുമാർ പുസ്തകം പൂർത്തിയാക്കിയത്. സാഹസികം എന്നല്ലാതെ വേറൊന്നും ഈ പ്രയത്‌നത്തേക്കുറിച്ച് പറയാനില്ല.

ഒ വി വിജയനും എം പി നാരായണപിള്ളയും മുതൽ കാർട്ടൂണിസ്റ്റ് കുട്ടിയും ബാബു ഭാസ്‌കറും വരെയുള്ളവരുടെ ഓർമകൾ ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എടത്തട്ടയ്‌ക്കൊപ്പം പേട്രിയറ്റിൽ ജോലി ചെയ്ത പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ ഓർമകൾ ആമുഖക്കുറിപ്പായി ചേർത്തിരിക്കുന്നു. പത്രപ്രവർത്തകർക്കും ചരിത്രാന്വേഷികൾക്കും ഒരു നിധിയായി ഈ പുസ്തകം അനുഭവപ്പെടും. ഇന്ദുലേഖ ഡോട്ട് കോം പ്രസാധനം ചെയ്ത ഈ പുസ്തകത്തിന്റെ വില 200 രൂപയാണ്.

ദേശിയ പത്ര രംഗത്തുള്ള ഒരു മലയാളി എഡിറ്ററെ കുറിച്ച് മലയാളത്തിൽ വരുന്ന ആദ്യത്തെ ജീവചരിത്രമാണ് ഇത്. പോത്തൻ ജോസഫിന്റെ ഇംഗ്ലീഷ് പരിഭാഷ (ടിജെഎസ്. ജോർജ് ). സി.പി.രാമചന്ദ്രൻ - എഡിറ്റർ - രഘുനാഥൻ പറളി (2001) എന്നിവ മലയാളത്തിലെ ഈ നിരയിൽ ഉള്ളവ.

എടത്തട്ട എഴുതിയ ലേഖനങ്ങളും, എടത്തട്ടയെ അനുസ്മരിച്ച് നാല് സമകാലിനരായ വ്യക്തികൾ, പി.എൻ ഹക്‌സർ, സി.അച്ചുത മേനോൻ ,എം. ചലപതിറാവു, നിഖിൽ ചക്രവർത്തി എന്നിവർ എഴുതിയ ഓർമ്മക്കുറിപ്പും ഇതിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്. അതാണ് നേരത്തെ പറഞ്ഞ രണ്ട് ബുക്കിൽ നിന്ന് ഇതിനെ വ്യതസ്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP