Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത് ഇഷ്ടവിഭവങ്ങളുടെ ചിരി സദ്യയെന്ന് ഇന്നസെന്റ്; ജനനേന്ദ്രിയം തകർക്കൽ മുതൽ നോട്ടെണ്ണൽ യന്ത്രംവരെ അറുപതോളം ഫലിതങ്ങൾ; കോടിയേരിയുടെ തമാശകളുമായി ചിരിയുടെ കൊടിയേറ്റം

ഇത് ഇഷ്ടവിഭവങ്ങളുടെ ചിരി സദ്യയെന്ന് ഇന്നസെന്റ്; ജനനേന്ദ്രിയം തകർക്കൽ മുതൽ നോട്ടെണ്ണൽ യന്ത്രംവരെ അറുപതോളം ഫലിതങ്ങൾ; കോടിയേരിയുടെ തമാശകളുമായി ചിരിയുടെ കൊടിയേറ്റം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ തമാശ പറയുമോ? പണ്ട് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പൊലീസ് സ്‌റ്റേഷനിൽ ബോംബുവയ്ക്കുമെന്ന വിവാദ പ്രസംഗം നടത്തിയ ഇന്ന് സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ പാടത്തെ പണിക്ക് വരമ്പത്ത് കൂലി കൊടുക്കണമെന്ന് പറഞ്ഞ് വിവാദത്തിൽ അകപ്പെട്ട കോടിയേരി ബാലകൃഷ്ണൻ വലിയ തമാശപ്രാസംഗികനാണെന്ന് പറഞ്ഞാൽ കേൾക്കുന്നവർ അന്തിച്ചുപോയേക്കും.

എന്നാൽ സംഗതികൾ അങ്ങനെയൊന്നുമല്ല. കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും അധികം തമാശകൾ പ്രസംഗങ്ങളിൽ ഉൾക്കൊള്ളിക്കുന്ന ഫലിതരസപ്രിയൻ കൂടിയാണ് കോടിയേരി. ചിരിയുടെ കൊടിയേറ്റം എന്ന പേരിൽ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ചിരി സമാഹാരം വായിച്ചാൽ അത് നന്നായി ബോധ്യപ്പെടുകയും ചെയ്യും. കോടിയേരിയുടെ പ്രസംഗങ്ങളിലെ തമാശകൾ കോർത്തിണക്കി മാദ്ധ്യമപ്രവർത്തകൻ കെവി മധുവാണ് ചിരിയുടെ കൊടിയേറ്റം എഴിതിയത്. റിപ്പോർട്ടർ ടിവിയിലെ ഡെമോക്രെയ്‌സി എന്ന ആക്ഷേപഹാസ്യപരിപാടിയുടെ അവതാരകൻ കൂടിയാണ് കെവിമധു.

കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസംഗങ്ങളിലെ ഫലിതങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി കടന്നുവന്ന വിഷയങ്ങളാണ് ഏറെയും. സോളാർ അഴിമതി മുതൽ ബാർകോഴ വരെയും നരേന്ദ്ര മോദി മുതൽ പൊലീസിന്റെ ജനനേന്ദ്രിയം തകർക്കൽ വരെയും ആറുപതോളം ഫലിതങ്ങളാണ് പുസ്തകത്തിലുള്ളത്. ഓരോന്നിനും അനുയോജ്യമായ നിലയിൽ പ്രശസ്ത ചിത്രകാരൻ ദേവപ്രകാശ് വരച്ച കാർട്ടൂൺ ചിത്രങ്ങളും ഉണ്ട്. 105 പേജുള്ള പുസ്തകത്തിന് 100 രൂപയാണ് വില.

ഓഗസ്റ്റ് പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ മാതൃഭൂമിയുടെ അന്താരാഷ്ട്ര പുസ്തകമേളയിലെ വേദിയിൽ വച്ച് വി എസ് അച്യുതാനന്ദൻ ആദ്യകോപ്പി മുകേഷിന് നൽകിക്കൊണ്ടാണ് പ്രകാശം നിർവഹിക്കുക. ചടങ്ങിൽ കോടിയേരി ബലകൃഷ്ണൻ, ഇന്ദ്രൻസ് തുടങ്ങിയവർ സംബന്ധിക്കും. പുസ്തകത്തിന് ഇന്നസെന്റ് എംപി വിരസമായ സദ്യകളും കോടിയേരിയുടെ ചിരിയും എന്ന പേരിൽ എഴുതിയ അവതാരികയിൽ നിന്ന് ഒരു ഭാഗം താഴെ.

''ശ്രീ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങൾ മധുരതരമാക്കി മാറ്റുന്നിൽ അവയിലെ നർമത്തിന് കാര്യമായ പങ്കുണ്ടെന്ന് സംശയമൊന്നും ഇല്ലാതെ പറയാം. കോടിയേരിയുടെ പ്രസംഗങ്ങളിലെ നർമമധുരമായ ഭാഗങ്ങൾ കോർത്തിണക്കി തയാറാക്കിയ ഈ പുസ്തകം ഞാൻ ഒറ്റയിരിപ്പിനാണ് വായിച്ചുതീർത്തത്. അപ്പോൾ ഒരു പഴയ അനുഭവം എന്റെ മനസ്സിലേക്ക് വന്നു.

ഒരുസുഹൃത്തിന് ഞാൻ ഒരുപുസ്തകം വായിക്കാൻ നൽകിയിരുന്നു. പുസ്തകത്തെ കുറിച്ച് അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ അഭിപ്രായവും തേടി.
'എങ്ങനെയുണ്ട് പുസ്തകം?'
അദ്ദേഹം നിരാശയോടെയാണ് പ്രതികരിച്ചത്
' വലിയ ഗുണമില്ല; എങ്ങനെയോ വായിച്ചുതീർത്തു'
ഈ പ്രതികരണം കേട്ടപ്പോൾ ഞാൻ ചോദിച്ചു.
' എങ്കിലെന്തിനാ ഇത്ര കഷ്ടപ്പെട്ട് വായിച്ചത്?'
അതിന് അദ്ദേഹം നൽകിയ മറുപടി രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ഒരുസദ്യയെയും പുസ്തകത്തെയും ഉപമിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു
'' നമ്മൾ ഒരു സദ്യ ഉണ്ണാൻ ഇരിക്കുന്നു എന്നുകരുതുക, ഇലയിൽ പലതരം കറികൾ വിളമ്പുമല്ലോ. ചില കറികളുടെ മണവും നിറവും കണ്ട് ചോറ് വരുന്നതിന് മുമ്പ് തന്നെ അവ രുചിച്ചുനോക്കും. നല്ലതും ചീത്തയുമായ കറികൾ അങ്ങനെ നാം മനസ്സിലാക്കും. ഇതാണ് ഒരു ശരാശരി ഭക്ഷണപ്രിയന്റെ ശീലം. ഇങ്ങനെ രുചിച്ച് നോക്കുമ്പോൾ ചില കറികൾ നമുക്ക് അരോചകമായി തോന്നും. അതുകൊണ്ട് അത്തരം കറികൾ ചോറുവരും മുമ്പ് ആദ്യം കഴിച്ച്, തീർത്തുകളയും. കാരണം പിന്നീട് ചോറിനൊപ്പം കഴിച്ച് കഷ്ടപ്പെടേണ്ടല്ലോ. സമാനമായിരുന്നു ഇന്നസെന്റ് ഇന്നലെ തന്ന പുസ്തകവും. അത് അരോചകമുണ്ടാക്കുന്നതിനാൽ വേഗം വായിച്ചുതീർത്തു എന്നുമാത്രം''

അന്ന് അദ്ദേഹത്തിന്റെ ആ ഉപമയെ കുറിച്ച് കൂടുതൽ ആലോചിച്ചപ്പോഴാണ് ഒരുപുസ്തകത്തിന് ഈ മട്ടിലുള്ള തത്വവും ബാധകമാണല്ലോ എന്ന് ഞാനോർത്തത്. അതായത് സദ്യയെ കുറിച്ച് പറഞ്ഞ ആ തത്വം പുസ്തകങ്ങൾക്ക് നന്നായി യോജിക്കും. ആസ്വദിച്ചുകഴിക്കുന്ന, ഇഷ്ടവിഭവങ്ങൾ മാത്രമുള്ള, ഒരു സദ്യയുടെ അനുഭൂതിയാണ് ചിരിയുടെ കൊടിയേറ്റം എന്ന ഈ കോടിയേരീ ഫലിതങ്ങൾ സമ്മാനിക്കുന്നത്. ഒരോ പേജും നമ്മെ അടുത്തതിലേക്ക് നാമറിയാതെ തന്നെ നയിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP