Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർ എത്തും; കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ മത്സരങ്ങളും ചർച്ചകളും; കഥയും കവിതയും ചരിത്രവും ഇഴപിരിഞ്ഞ് നവംബറിൽ മൂന്നുനാൾ കോവളം സാഹിത്യതീരമാകും; 'ബുക്‌സ് ഓൺ ബീച്ച്‌' ആദ്യ തിരുവനന്തപുരം രാജ്യാന്തര സാഹിത്യോത്സവത്തിന് ചുക്കാൻ പിടിച്ച് ശശി തരൂർ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർ എത്തും; കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ മത്സരങ്ങളും ചർച്ചകളും; കഥയും കവിതയും ചരിത്രവും ഇഴപിരിഞ്ഞ് നവംബറിൽ മൂന്നുനാൾ കോവളം സാഹിത്യതീരമാകും; 'ബുക്‌സ് ഓൺ ബീച്ച്‌' ആദ്യ തിരുവനന്തപുരം രാജ്യാന്തര സാഹിത്യോത്സവത്തിന് ചുക്കാൻ പിടിച്ച് ശശി തരൂർ

തിരുവനന്തപുരം: കോവളത്ത് 'ബുക്‌സ് ഓൺ ദി ബീച്ച്' എന്ന പേരിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. നവംബർ 10 മുതൽ 12 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ എഴുത്തുകാർ പങ്കെടുക്കും. വർഷംതോറും നടത്താനുദ്ദേശിക്കുന്ന മൂന്നുദിവസത്തെ പരിപാടി നല്ല സാഹിത്യം ആഘോഷിക്കുന്നതും അർഥവത്തായ ചർച്ചകൾക്കു ലക്ഷ്യമിടുന്നതുമാണെന്ന് ഡോ ശശി തരൂർ എം പി കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ വേണു വി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനും ഇൻഡിപെൻഡന്റ് മീഡിയാ ഇനീഷ്യേറ്റീവ് സഹസ്ഥാപകനുമായ സബിൻ ഇക്‌ബാലാണ് ഫെസ്റ്റിവൽ ഡയറക്ടർ.

വായനാവേളകൾക്കും ആത്മാവുള്ള സംഗീതത്തിനും മേളയിൽ ഇടമുണ്ടാകും. കുട്ടികൾക്കുള്ള കഥപറയൽ സെഷനുകൾക്കും വേഡ് ഗെയിമുകൾക്കുമെല്ലാം സ്ഥാനം നൽകുന്ന ഒരു അന്താരാഷ്ട്ര സാംസ്‌കാരിക ബ്രാൻഡായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.  ഇന്ത്യയ്ക്കകത്തും പുറത്തുംനിന്ന് കവിത, കഥ, കഥേതര രചന, ലേഖനം എന്നീ മേഖലകളിലുള്ളവർ, പരിസ്ഥിതി പ്രവർത്തകർ, കലാകാരന്മാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, റിപ്പോർട്ടർമാർ, എഡിറ്റർമാർ തുടങ്ങിയവരെ മേള കോവളത്തെത്തിക്കും. ചൂടുള്ള ചർച്ചകൾക്കും, ചരിത്രത്തെ സംബന്ധിച്ച സംവാദങ്ങൾക്കും കവിതാ പാരായണങ്ങൾക്കും ഗദ്യ വായനകൾക്കും ഇവിടെ വേദിയൊരുക്കും. കേരള ടൂറിസത്തിന്റെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

യുവത്വത്തിന്റെ പ്രസരിപ്പും സാംസ്‌കാരികമേന്മയുമുള്ള നഗരമെന്ന നിലയിൽ ഇത്തരം ഒരു മേളയ്ക്ക് ആതിഥ്യം വഹിക്കുന്നതിന് തിരുവനന്തപുരത്തിന് ഏറെ സാധ്യതകളുണ്ടെന്ന് ഡോ ശശി തരൂർ പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും ചിന്തകരേയും ആകർഷിക്കുകവഴി ബുക്‌സ് ഓൺ ദി ബീച്ച് മേള നഗരജീവിതത്തെ പരിപോഷിപ്പിക്കുക മാത്രമല്ല, സംസ്‌കാരത്തിനും വിനോദസഞ്ചാരത്തിനുമായുള്ള പ്രമുഖ ലക്ഷ്യസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരത്തിന് പ്രചാരണം നൽകുകയും ചെയ്യും. ഏറെ കാലമായി തിരുവനന്തപുരം സംസ്‌കാരത്തിന്റെയും ആശയങ്ങളുടെയും നഗരമാണെന്ന് ഡോ. ശശി തരൂർ പറഞ്ഞു. കുറച്ചു വർഷങ്ങൾക്കുമുൻപ് ഇവിടെ സംഘടിപ്പിച്ച ഹേ ഫെസ്റ്റിവൽ വലിയ വിജയമായിരുന്നു. തലസ്ഥാനത്തെ വായനക്കാർക്കും ചിന്തകർക്കുമായി സമകാലീന സാഹിത്യം എത്തിക്കുന്നതിനായി പ്രതിവർഷ പദ്ധതിയുള്ളതും തുടർച്ചയുള്ളതുമായ ഒരു പ്രസ്ഥാനം സൃഷ്ടിക്കാനുള്ള സമയമായതായി കരുതുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിബദ്ധതയോടെയുള്ള ബന്ധങ്ങളിലൂടെയാണ് മികച്ച ബ്രാൻഡുകൾ പിറവിയെടുക്കുന്നത്. ബുക്‌സ് ഓൺ ദി ബീച്ചും കേരള ടൂറിസവും പരസ്പരം ഗുണംചെയ്യുന്നതും ഈടുനിൽക്കുന്നതുമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്.

ലക്ഷ്യസ്ഥാനങ്ങളെ ബ്രാൻഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും സാംസ്‌കാരിക മേളകൾ വലിയ പങ്ക് വഹിക്കുന്നതായി ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെ, കേരള രാജ്യാന്തര ചലച്ചിത്രമേള എന്നിവ പോലെ സാംസ്‌കാരിക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തിന്റെ ബ്രാൻഡിന് സഹായകരമാകുന്ന ഒന്നാകും ബുക്‌സ് ഓൺ ദി ബീച്ച് എന്നാണ് പ്രതീക്ഷ. കോവളത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ വന്ന കുറവ് പരിഹരിക്കാനും സാഹിത്യമേളയ്ക്കു കഴിയും. സുസ്ഥിര വികസനത്തിനും ലക്ഷ്യസ്ഥാനത്തിന്റെ മൂല്യവർദ്ധനക്കും പ്രേരകമെന്ന നിലയിൽ കലയ്ക്കും സംസ്‌കാരത്തിനും ഉള്ള വില ലോകമൊട്ടാകെയുള്ള പ്രമുഖനഗരങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ബുക്‌സ് ഓൺ ദി ബീച്ച് പോലെയുള്ള ഒരു ഫെസ്റ്റിവൽ കോവളത്തിനും കേരളത്തിനും ഇത്തരത്തിൽ പ്രയോജനപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പരാഗതമായി നഗരങ്ങളെ രാഷ്ട്രീയ ശക്തികേന്ദ്രങ്ങളായോ സാമ്പത്തിക കേന്ദ്രങ്ങളോ ആയാണ് കണ്ടുവന്നതെങ്കിലും, സാംസ്‌കാരിക കേന്ദ്രങ്ങളെന്ന നിലയിൽ നഗര വിനോദസഞ്ചാരത്തിലൂടെ സാമ്പത്തിക വളർച്ച സാധ്യമാകുമെന്നതിനാൽ നഗരങ്ങളുടെ ശക്തി ഇന്ന് ആഗോള നേതാക്കൾ അംഗീകരിക്കുന്നുണ്ട്. സാംസ്‌കാരിക വിനോദസഞ്ചാരികളെ ആകർഷിക്കാനുതകുന്ന രീതിയിലുള്ള ആഗോള സാംസ്‌കാരിക ബ്രാൻഡ് ആകാനും അതേ സമയം നഗരത്തിന്റെ സാംസ്‌കാരിക രംഗത്തേക്ക് സംഭാവനകൾ നൽകുന്ന ഒന്നാകാനുമാണ് ബുക്‌സ് ഓൺ ദി ബീച്ച് ലക്ഷ്യമിടുന്നതെന്ന് സബിൻ ഇഖ്ബാൽ പറഞ്ഞു.

ആദ്യ പതിപ്പിൽ മുപ്പതോളം എഴുത്തുകാരെയാണു പ്രതീക്ഷിക്കുന്നത്. ചരിത്രം, കഥയും കഥേതരവും, കവിത, ബാലസാഹിത്യവും കഥപറച്ചിലും, ശാസ്ത്രം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ ഉണ്ടാകും. സാഹിത്യോത്സവം കേന്ദ്രമാക്കി കോവളത്ത് മൂന്ന് ദിവസത്തെ ആഘോഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബങ്ങൾ മേളയിൽ പങ്കെടുക്കാനെത്തി സാഹിത്യവും സംഗീതവും ഭക്ഷണവും സാംസ്‌കാരിക പരിപാടികളും ആസ്വദിച്ചുമടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്്സ് ഓൺ ദി ബീച്ച് സംഘടിപ്പിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ഇന്ത്യ ബുക്ക് ഫൗണ്ടേഷന്റെ അനേകം പ്രവർത്തനങ്ങളിൽ ഒന്നാണ് പ്രതിവർഷ സാഹിത്യ മേള. നഗരത്തിലുടനീളമുള്ള കോളജുകളിലും സ്‌കൂളുകളിലും എഴുത്ത് ശിൽപ്പശാലകൾ സംഘടിപ്പിക്കുകയും സ്ഥിരമായ വായനാ സെഷനുകൾ നടത്തുകയും ചെയ്യുന്ന ബുക്‌സ് ഓൺ ദി ബീച്ച് ബുക് ക്ലബ് ആരംഭിക്കാനും പദ്ധതിയുണ്ടെന്നും സബിൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP