Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തോലിക്കാ സഭയിൽ ലോകത്താകമാനം ലൈംഗികപീഡനം നിലനിൽക്കുന്നു; പുരോഹിതന്മാരും മെത്രാന്മാരും സ്ത്രീകളെയും കന്യാസ്ത്രീകളെയും ലൈംഗിക അടിമകളാക്കിമാറ്റുന്നതിന്റെ നേർച്ചിത്രങ്ങളുമായി 'ദ വർജിൻസ് ക്രൗൺ': കേരള പശ്ചാത്തലത്തിൽ അതിമനോഹര സാമൂഹ്യ നോവലുമായി വർഗീസ് വയലാമണ്ണിൽ ദേവസ്യ

കത്തോലിക്കാ സഭയിൽ ലോകത്താകമാനം ലൈംഗികപീഡനം നിലനിൽക്കുന്നു; പുരോഹിതന്മാരും മെത്രാന്മാരും സ്ത്രീകളെയും കന്യാസ്ത്രീകളെയും ലൈംഗിക അടിമകളാക്കിമാറ്റുന്നതിന്റെ നേർച്ചിത്രങ്ങളുമായി 'ദ വർജിൻസ് ക്രൗൺ': കേരള പശ്ചാത്തലത്തിൽ അതിമനോഹര സാമൂഹ്യ നോവലുമായി വർഗീസ് വയലാമണ്ണിൽ ദേവസ്യ

ബി രഘുരാജ്

The Virgin’s Crown 2019 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഒരു നോവലാണ്. 408 പേജുകളിലായി നീണ്ടുകിടക്കുന്ന അതിമനോഹരമായ, ഗഹനമായ സാമൂഹ്യബന്ധങ്ങളെയും മനുഷ്യനന്മകളെയും ചിത്രീകരിക്കുന്ന ഒരു നോവൽ. നൂറു വർഷത്തെ ഏകാന്തത എന്ന ഗബ്രിയൽ ഗസ്സിയ മാർക്കൂസിന്റെ ചരിത്ര ഗാഥയെപ്പോലെ ബൃഹത്തായ ഒരു കൃതി. ഏണസ്റ്റ് ഹെമിങ്ങ്‌വേയുടെ പോലുള്ള അതീവ ആകർഷകമായ ഭാഷാശൈലി. ഹെർമൻ ഹെസ്സേയുടേതുപോലുള്ള ശാലീനമായ, നിഗൂഢതയെ വിശകലനം ചെയ്യുന്ന അന്വേഷണാത്മകത. അതാണ് The Virgin’s Crown. ഒരു മലയാളി എഴുതിയ, ഇന്നത്തെയും, വരാൻപോകുന്ന തലമുറയ്ക്കും അഭിമാനിക്കാൻ വക നൽകുന്ന ഒരു ഇംഗ്ലീഷ് നോവൽ.

സങ്കീർണ്ണമായ മനുഷ്യസ്വഭാവത്തെ, കാര്യകാരണസഹിതം, വിശദീകരിക്കുന്ന ഈ നോവലിൽ മാനുഷിക മൂല്യങ്ങൾ ഉടനീളം ഉയർത്തിക്കാട്ടുകയാണ് കഥാകൃത്ത്. നമുക്കു ചുററും സംഭവിക്കുന്ന കാര്യങ്ങളാണ് നോവലിന്റെ കണ്ണികൾ. അവ സൗന്ദര്യത്തോടുകൂടി, ലാഘവത്തോടുകൂടി വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. മനുഷ്യാവകാശവും സാമൂഹ്യനീതിയുമാണ് ഈ നോവലിന്റെ അന്തസത്ത, ഇതിവൃത്തം.

കേരളത്തിന്റെ പശ്ചാത്തലത്തിൽ ഇതിവവൃത്തം ചർച്ച ചെയ്യപ്പെടുന്നു. മൂന്നു തലങ്ങളിലാണ് ഈ വ്യാഖ്യാനം മുന്നോട്ടുപോകുന്നത്.

1) കേരളവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും

2) കേരളത്തിലെ ക്രിസ്തിയീതയും ഇന്നുകാണുന്ന കത്തോലിക്കാ പുരോഹിതന്മാരും മെത്രന്മാരും.

3) കേരളവും  വർഗ്ഗീയ ശക്തികളും

മാറ്റങ്ങൾ കാഹളം ഊതുന്ന കേരളത്തിന്റെ അന്തസത്ത എന്തെന്ന് കഥാകൃത്ത് വ്യക്തമായ സന്ദർഭങ്ങളിലൂടെ, വ്യക്തിവികാസങ്ങളിലൂടെ, ചരിത്ര സംഭവങ്ങളിലൂടെ, തന്മയത്വത്തോടുകൂടി ചിത്രീകരിച്ചിരിക്കുന്നു. ഓരോ കഥാപാത്രവും ഓരോ ചരിത്രസംഭവങ്ങളുടെ നിഗൂഢമായ വ്യക്തിത്വത്തിന്റെയും, സമൂഹത്തിന്റെ നന്മയുടെയും, തിന്മയുടെയും പ്രതീകങ്ങളാണ്.

ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് അമ്മുവും രവിയും, എമീലിയയും സ്റ്റീഫനും, ആദിത്യയും ജനീഫറും, മാധവനും കല്യാണിയും, രേണുകയും അപ്പുക്കുട്ടനും, മൊയ്തീനും സുഹറയും, അബ്ദുൾഖാദറും ലിസ മാത്യവും, ഇവരിൽക്കൂടി അതിശക്തവും വ്യത്യസ്തവും വൈകാരിക ജഡിലവുമായ കഥാപാത്രങ്ങളെ കാഴ്ചവെക്കുന്നു.

അമ്മു എന്ന കഥാപാത്രമാണ് നോവലിന്റെ കേന്ദ്രബിന്ദു. ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറായ അമ്മു ഒരു ദേവാലയത്തിൽ ഒരു പുരോഹിതനെ കൊല്ലുന്നു. ആ വൈദികന്റെ മേശപ്പുറത്തിരുന്ന സ്റ്റീൽ കുരിശെടുത്ത് പുരോഹിതന്റെ തലയിലേക്ക് ആഞ്ഞടിക്കുന്നു. കുരിശിന്റെ ഒരു കരം വൈദികന്റെ തല തുരന്ന് ഉള്ളിലേക്ക് കയറി. അയാൾ തൽക്ഷണം മരിക്കുന്നു. പുരോഹിതന്റെ മരണത്തിന്റെ പിന്നാമ്പുറമായിരുന്നു അയാൾ ഏർപ്പെട്ടിരുന്ന ലൈംഗികപീഡനം.

കത്തോലിക്കാ സഭയിൽ ലോകത്താകമാനം ലൈംഗികപീഡനം നിലനിൽക്കുന്നു. പുരോഹിതന്മാരും മെത്രാന്മാരും സ്ത്രീകളെയും കന്യാസ്ത്രീകളെയും ലൈംഗിക അടിമകളാക്കിമാറ്റുന്നതിന്റെ ഒരു ചിത്രീകരണമാണിത്. കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കുവാൻ വൈദികർക്കും മെത്രാന്മാർക്കും കർദ്ദിനാളന്മാർക്കും ഒരു സങ്കോചവുമില്ല എന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ഈയിടെ പറഞ്ഞ വാക്കുകൾ ഇവിടെ അന്വർത്ഥമാകുന്നു.

അമ്മുവിനെ കേന്ദ്രീകരിച്ചാണ് കഥ എഴുതിയിരിക്കുന്നത്. കുട്ടനാട്ടിലെ കൊഞ്ച് കർഷകരുടെ ദാരിദ്ര്യവും പരാധീനതകളും അടുത്തറിഞ്ഞ അമ്മു അവരെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തുവാൻ ശ്രമിക്കുന്നു. കുട്ടനാട്ടിൽ എന്തുകൊണ്ട്, കൊഞ്ച് ഉദ്പാദനം വിയറ്റ്‌നാം, ഫിലിപ്പൈൻസ്, സ്വീഡൻ, അമേരിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരിക്കുന്നു എന്ന അറിവ് അമ്മുവിനെ വല്ലാതെ അലട്ടുന്നു. കുട്ടനാട്ടിലെ കൊഞ്ചിന്റെയും സ്വീഡിനിലെ ക്രേഫിഷിന്റെയും ഒരു സങ്കരം അത്യത്പാദനശേഷി ഉള്ളതാക്കുമെന്ന് അമ്മു ചിന്തിക്കുന്നു.

അതിനെപ്പറ്റി വിശദമായ ഒരു ഗവേഷണ രൂപരേഖ എഴുതി ഉപ്‌സാല യൂണിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡി ബിരുദം ചെയ്യുവാനും സാമ്പത്തിക സഹായം നൽകുവാനുമായി അപേക്ഷിക്കുന്നു. അമ്മുവിന്റെ ഗവേഷണത്തിന്റെ മഹത്വവും കൊഞ്ചുകൃഷിക്കാരെ അത് സാമ്പത്തികവും സാമൂഹികവുമായി ഉയർത്തുവാനുമുള്ള അനന്തമായ സാധ്യതയും മനസ്സിലാക്കിയ ഉപ്‌സാല യൂണിവേഴ്‌സിറ്റി അമ്മുവിന് പി.എച്ച്.ഡി ഗവേഷണത്തിന് എല്ലാ സഹായവും സാമ്പത്തിക പിൻബലവും നൽകുവാൻ തീരുമാനിക്കുന്നു.

അമ്മു സ്വീഡനിൽ ഏർക്കൻ, വാറ്റേൻ എന്നീ തടാകങ്ങളിലെ കൊഞ്ച് കൃഷിയെപ്പറ്റി ഗവേഷണം ആരംഭിക്കുന്നു. കുട്ടനാട്ടിലെ കൊഞ്ചുകളെയും സ്വീഡനിലെ ക്രേഫിഷിനെയും സംയോജിപ്പിച്ച് ഒരു ബ്രീഡ് വികസിപ്പിക്കുന്നു. കുട്ടനാട്ടിലെ കൊഞ്ചുകൃഷിക്കാർ ഈ പുതിയ ഹൈബ്രിഡ് ഏറ്റം ഉത്പാദനശേഷി ഉള്ളതാണ് എന്നു കണ്ടെത്തുന്നു. ഉപ്‌സാല യൂണിവേഴ്‌സിറ്റി അമ്മുവിന് പി.എച്ച്.ഡി ബിരുദം നൽകി ആദരിക്കുന്നു.

ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ അമ്മുവിനെ ലോകത്തിലെ പല യൂണിവേഴ്‌സിറ്റികളും സംഘടനകളും ക്ഷണിക്കുന്നു. അമ്മു കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപികയായി ചേരുന്നു.

സ്റ്റോക്ക്‌ഹോമിൽനിന്നും കേരളത്തിലേക്കുള്ള യാത്രാമധ്യേ അമ്മു, രവി എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു. രവി ബാലവേലക്കെതിരായി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ ലോയർ ആയിരുന്നു. അവർ പ്രണയിച്ചു, വിവാഹിതരായി. രവി എമീലിയായുടെയും സ്റ്റീഫൻ മേയറുടെയും മകനാണ്. എമീലിയ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നും മലബാറിലെ തെയ്യത്തെപ്പറ്റി ഗവേഷണം നടത്തുവാൻ കണ്ണൂരിലെത്തി. മലയാള ഭാഷയുടെയും ഹെർമ്മൻഗുണ്ടർട്ടിന്റെയും ഒരു വലിയ ആരാധികയായിരുന്നു എമീലിയ. സ്റ്റീഫൻ മേയർ മലബാറിലെ കർഷക തൊഴിലാളികളെപ്പറ്റിയുള്ള പഠനത്തിൽ ഏർപ്പെട്ടിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും. അയാൾ ജർമ്മനിയിലെ സ്റ്റുഡ്ഗാർട്ടിൽ നിന്നായിരുന്നു.

ഒരു രാത്രിയിൽ, കണ്ണൂർ റെയിൽവേസ്റ്റേഷനിലെ റെയിൽവേ ഓവർബ്രിഡ്ജിനടിയിൽ നിന്നും കീറിപ്പറിഞ്ഞ തുണിക്കഷ്ണങ്ങളിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ അവർ കണ്ടെത്തി. എമീലിയായും സ്റ്റീഫനും ആ കുഞ്ഞിനെ ദത്തെടുത്തു. അവന് രവി എന്ന് പേർ നൽകി.

ബാലവേലക്കെതിരായി രവി ഹൈക്കോടതിയിൽ അനേകം കേസുകൾ ഫയൽ ചെയ്തു. അനേകം കുട്ടികളെ കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും മോചിപ്പിക്കുന്നു. അമ്മു ഒഴിവു ദിസവങ്ങളിൽ രവിയെ സഹായിക്കുന്നു.

കേരളത്തിലും സ്വീഡനിലും ജർമ്മനിയിലും ഫ്രാൻസിലും അമേരിക്കയിലുമായി നീണ്ടുകിടക്കുന്ന സംഭവ പരമ്പരകളുടെ ചിത്രീകരണം ഈ നോവലിൽ ഉടനീളം കാണാം. സമൂഹത്തിലെ മൂല്യങ്ങളും മാനങ്ങളും വസ്തുനിഷ്ഠമായി ചിത്രീകരിക്കുന്നു. മാനുഷികമൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സമൂഹനീതി, സമാനത എന്നീ ആശയങ്ങളെ ആവാഹിച്ച് ഇതിവൃത്തത്തെയും പശ്ചാത്തല കഥാപാത്രങ്ങളെയും കൂട്ടിയിണക്കുന്നു.

സമൂഹത്തിലെ അസമത്വത്തിനും അനീതിക്കും അശാന്തിക്കും എതിരായ ശബ്ദം ഉയർത്തുവാൻ അമ്മുവും രവിയും എമീലിയായും സ്റ്റീഫനും മുന്നോട്ടുവരുന്നു. അവരുടെ ജീവിതത്തിന്റെ ഉദ്ദേശവും അന്തസ്സത്തയും അതാണ് എന്ന് അവർ വിശ്വസിക്കുന്നു. ഉദാത്തമായ മാനവികതയാണ് ജീവിതത്തിന്റെ അർത്ഥമെന്ന് കഥാപാത്രങ്ങൾ ഉയർത്തിക്കാട്ടുന്നു. നോവലിലെ കഥാപാത്രങ്ങൾ നമ്മെയെല്ലാവരെയും പോലെ പച്ചയായ മനുഷ്യരാണ്. അവരുടെ സുഖവും സന്തോഷവും വേദനയും പ്രതീക്ഷകും ആശകളും ഭീതികളും നമ്മുടേതുതന്നെ.

കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ഉത്പത്തി, വികാസം, അധികാരപങ്കുവെക്കൽ, ജനങ്ങളുമായുള്ള അഭേദ്യമായ ബന്ധം, ജനങ്ങൾക്ക് കമ്മ്യൂണിസത്തിലുള്ള വിശ്വാസം, അധികാര ദുർവിനിയോഗം, കൊലപാതക രാഷ്ട്രീയം, കമ്മ്യൂണിസത്തിലെ വ്യക്തിപൂജ, മൂല്യച്ഛുതി എന്നിവയിലേക്ക് കഥാകൃത്ത് വിരൽ ചൂണ്ടുന്നു.

കേരളത്തിലെ വിദ്യാഭ്യാസ വികസനത്തിൽ ക്രിസ്തീയ സഭകളുടെ പങ്കിനെപ്പറ്റി കഥാകൃത്ത് വിശകലനം ചെയ്യുന്നു. പണത്തോടുള്ള അമിതമായ ആഗ്രഹം, വേലചെയ്യാതെ പണമുണ്ടാക്കുവാനുള്ള പുരോഹിതന്മാരുടെയും, മെത്രന്മാരുടെയും, കർദ്ദിനാളന്മാരുടെയും വ്യഗ്രത, അധികാരമോഹം, സുഖജീവിതത്തോടുള്ള അഭിനിവേശം, യേശുവിന്റെ പേരിലുള്ള അനാശാസ നടപടികൾ, അതിലുപരി ലൈംഗിക വേഴ്ചകൾ, സ്ത്രീകളെയും പെൺകുട്ടികളെയും കന്യാസ്ത്രീകളെയും ലൈംഗിക അടിമകളാക്കിയുള്ള ജീവിത ശൈലി എന്നിവ കുലങ്കഷമായി വിശകലനം ചെയ്യുന്നു.

കേരളത്തിൽ അടുത്തകാലത്ത് തല ഉയർത്തിയിരിക്കുന്ന വർഗ്ഗീയ മേൽക്കോയ്മ ജാതിയുടെയും ലിംഗത്തിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ സംജാതമായിരിക്കുന്ന സഘർഷങ്ങൾ കഥാപാത്രങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഇന്നത്തെയും വരാൻപോകുന്ന തലമുറകളിലേക്കും ഈ നോവൽ ഒരു ദീപസ്തംഭമായി പ്രകാശിക്കും. സാഹിത്യത്തിൽ എന്നെന്നും ഈ നോവൽ ഒരു നാഴികക്കല്ലായിരിക്കും.

The Virgin’s Crown ആമസോൺ ബുക്‌സിൽനിന്നും ലഭ്യമാണ്. Kindle eBook Rs.284/- USD 3.99, Amazon Paper Back Rs. 1376, USD 14.99. വർഗ്ഗീസ് വയലാമണ്ണിൽ ദേവസ്യയാണ് കഥാകൃത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP