Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202216Tuesday

നമുക്കുചുറ്റും നാം കാണുന്ന ചിലർ; അവരുടെ, പുറംലോകമറിയാത്ത വ്യഥകൾ; പരസ്യപ്പെടുത്താൻ മടിച്ച ആഗ്രഹങ്ങൾ; എരിഞ്ഞടങ്ങാൻ വിടാതെ ഊതികത്തിച്ച് മരിക്കാതെ കാക്കുന്ന സ്വപ്നങ്ങൾ; ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്‌ച്ചയുമായി രവികുമാർ അമ്പാടിയുടെ ചെറുകഥാ സമാഹാരം

നമുക്കുചുറ്റും നാം കാണുന്ന ചിലർ; അവരുടെ, പുറംലോകമറിയാത്ത വ്യഥകൾ; പരസ്യപ്പെടുത്താൻ മടിച്ച ആഗ്രഹങ്ങൾ; എരിഞ്ഞടങ്ങാൻ വിടാതെ ഊതികത്തിച്ച് മരിക്കാതെ കാക്കുന്ന സ്വപ്നങ്ങൾ; ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്‌ച്ചയുമായി രവികുമാർ അമ്പാടിയുടെ ചെറുകഥാ സമാഹാരം

ആവണി ഗോപാൽ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ വായനാനുഭവം പകരുകയാണ് ആമസോൺ കിൻഡിൽ പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച ''നേർക്കാഴ്‌ച്ചകൾ'' എന്ന ചെറുകഥാ സമാഹാരം. മറുനാടൻ മലയാളിയിലെ യാത്രാവിവരണങ്ങളിലൂടെ ശ്രദ്ധേയനായ രവികുമാർ അമ്പാടിയുടേതാണ് ഈ ചെറുകഥാ സമാഹാരം. കച്ചിക്കുറുക്കിയ വാക്കുകളിലെ വിവരണങ്ങളിലൂടെ അനുവാചകരെ സഹയാത്രികരാക്കുന്ന യാത്രാവിവരണങ്ങളിലെ അതേ ശൈലിയാണ് ഇവിടെയും എഴുത്തിൽ പുലർത്തിയിട്ടുള്ളത്.

കഥാപാത്രങ്ങളുടെ സ്വഭാവ രൂപീകരണത്തിലും അത് വായനക്കാരിലേക്ക് എത്തിക്കുന്നതിലും സൂക്ഷമമായി ഉപയോഗിച്ച വാക്കുകൾ പൂർണ്ണ ഫലംചെയ്യുന്നു. കഥാ പശ്ചാത്തല വർണ്ണന നമ്മളെ കഥാപാത്രങ്ങൾക്ക് അരികിലേക്ക് എത്തിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുമുണ്ട്. നമുക്കു ചുറ്റും കാണുന്ന കുറേ കഥാപാത്രങ്ങളിലൂടെ സമകാലീന സമൂഹത്തിന്റെ അവസ്ഥാ വിശേഷങ്ങൾ ചിത്രീകരിക്കുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു എന്നുതന്നെ പറയാം.

ജീവിതത്തിലനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളുടെ പരമ്പരയിൽ കരയാൻ പോലും മറന്നുപോയ കാർത്യായനി പക്ഷെ കഥാന്ത്യത്തിൽ രുദ്രഭാവത്തോടെ ഉയർത്തെഴുന്നെൽക്കുമ്പോൾ സ്ത്രീ നിസ്സഹായയല്ലെന്ന ആധുനികകാല സിദ്ധാന്തം സ്ഥാപിക്കപ്പെടുകയാണ്. അതേ സമയം, ദുരന്തങ്ങൾ തലമുറകളിലൂടെ ആവർത്തിക്കുമ്പോൾ, നമ്മുടെ നിയന്ത്രണത്തിലൊതുങ്ങാത്ത, എല്ലാം നിയന്ത്രിക്കുന്ന ശക്തിയോട് പരിഭവമോതി സ്വയം കീഴടങ്ങുന്ന കല്യാണി സമൂഹത്തിലെ ദുർബലയായ സ്ത്രീയുടെ പ്രതീകമായി മാറുകയാണ്. ആധുനിക സ്ത്രീയുടെ തികച്ചും വ്യത്യസ്തമായ രണ്ട് മുഖങ്ങളാണ് രണ്ട് കഥകളിലൂടെ വരച്ചു കാട്ടുന്നത്.

മോഹഭംഗങ്ങളിൽ തളർന്ന് മനസ്സിനകത്ത് കടുംനിറക്കൂട്ടുകൾ കൊണ്ട് വിചിത്ര രൂപങ്ങൾ വരയ്ക്കുന്ന തീപ്രാന്തൻ ഒരൽപം സഹതാപം അർഹിക്കുന്നു. അതുപോലെ, പ്രശസ്തിയുടെ പിന്നാലെയോടി ലക്ഷ്യം കാണാനാകാതെ പോയ മൈക്ക് ആന്റണിയും. ജീവിത് തകർച്ചയുടെ ഉദാഹരണങ്ങളാണ് ഇവർ രണ്ടുപേരുമെങ്കിലുംരണ്ട് കഥകളുടെയും പശ്ചാത്തലവും പരിണാമഗതിയും തികച്ചും വ്യത്യസ്തമാണ്. മൈക്ക് ആന്റണിമാർ നിറഞ്ഞ സമൂഹത്തിൽ ജീവിക്കുന്ന നമുക്ക് അധികം അകലെയല്ലാതെ തീപ്രാന്തന്മാരേയും കാണാനാകും. കഥാഗതിക്കനുസൃതമായ ഷേക്സ്പീരിയൻ ഡയലോഗുകൾ തീപ്രാന്തന്റെ വികാര തീക്ഷണത വരച്ചു കാണിക്കുന്നതിൽ വിജയിച്ചു എന്നുതന്നെ പറയാം. സ്ഥാപനവത്ക്കരിക്കപ്പെട്ട മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോള്ളത്തരം വിളിച്ചോതുന്ന കഥയാണ് ആശാരിയുടെ മകൻ.

ജീവിതം നിയോഗമായി ഏൽപിച്ച കർമ്മങ്ങൾ പൂർത്തീകരിക്കുവാൻ കാത്തുനിന്ന പ്രണയിതാക്കളുടെ കഥ കന്യാകുമാരിയിൽ ഒരു അസ്തമനകാലത്ത് എന്ന കഥയിൽ പറയുമ്പോൾ ആധുനിക ജീവിതത്തിലെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളായ സെക്സ് ഡോളുകളാണ് പ്രണയസരോവരതീരത്തിലെത്തുന്നത്. കാമവും പ്രണയവും തീർത്തും വ്യത്യസ്ത കോണുകളിലൂടെ ഈ രണ്ടു കഥകളിലും വിചാരണ ചെയ്യപ്പെടുന്നു. അതുപോലെ മറ്റൊരു നിയോഗത്തിന്റെ കഥ പറയുകയാണ് എമർജൻസി ലാൻഡിംഗിൽ. സ്വാതന്ത്യപൂർവ്വ ഇന്ത്യയിൽ നടന്ന ഒരു പ്രണയകഥയുടെ അന്ത്യം സ്വതന്ത്ര ഇന്ത്യയിൽ നടക്കുന്ന അസാധാരണമായ ഒരു കഥ.

ഇത്തരത്തിൽ തികച്ചും വ്യത്യസ്തമായ, എന്നാൽ യാഥാർത്ഥ്യങ്ങളോട് അടുത്തു നിൽക്കുന്ന പത്ത് കഥകളാണ് നേർക്കാഴ്‌ച്ച എന്ന ഈ കഥാസമാഹരത്തിലുള്ളത്. സ്വതസിദ്ധമായ ശൈലിയിൽ, നീട്ടിപ്പരത്താതെ ചുരുക്കം ചില വാക്കുകളിൽ, നേരിട്ട് സംഭവങ്ങളിലേക്ക് കൂട്ടുക്കൊണ്ടുപോകുന്ന ശൈലിയാണ് ഇതിൽ എഴുത്തുകാരൻ പുലർത്തിയിട്ടുള്ളത്. ആധുനികതയുടെ ദുരൂഹതകളും പ്രതീകങ്ങളുമില്ലാതെ അനുവാചകരുമായി നേരിട്ടു സംവേദിക്കാൻ ഇതിലൂടെ എഴുത്തുകാരന് കഴിയുന്നുണ്ട്. അതുപോലെ വായനാക്കാർക്ക് നല്ലൊരു വായനാനുഭവം പകരാനും ഈ ശൈലിക്ക് കഴിയുന്നുണ്ട്.

ആമസോൺ കിൻഡിൽ പബ്ലീഷേഴ്സ് ഇത് ഒരു ഇ- ബുക്കായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊറോണാനന്തര കാലഘട്ടത്തിൽ മറ്റുപലതിലുമെന്ന പോലെ വായനയുടെ സ്വഭാവത്തിലും വരാൻ പോകുന്ന മാറ്റത്തിന്റെ മുന്നോടിയായിരിക്കാം ഇത്. മറ്റു പലതിനും സംഭവിച്ചതുപോലെ വായനയും ഒരുപക്ഷെ പുസ്തകങ്ങളുടെ ലോകത്തുനിന്നും പറിച്ചുമാറ്റി ഓൺലൈൻ രംഗത്ത് ശക്തിപ്രാപിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP