Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

നിഷ്‌കളങ്കൻ - വായനാസ്വാദനം

നിഷ്‌കളങ്കൻ - വായനാസ്വാദനം

ജോയ് ഡാനിയേൽ

ളിത ആഖ്യാനശൈലിയിൽ ഭാവസാന്ദ്രമായി രചിക്കപ്പെട്ട എട്ട് ചെറുകഥയുടെ കൂട്ടാണ് രഞ്ജിത്ത് വാസുദേവന്റെ 'നിഷ്‌കളങ്കൻ' എന്ന കഥാസമാഹാരം.

പ്രവാസവും, ഗൃഹാതുരത്വവും ഒന്നുപോലെ നിറഞ്ഞുനിൽക്കുന്ന കഥകൾ. ഓരോ കഥയിലും രഞ്ജിത്ത് അനുവർത്തിച്ചിരിക്കുന്ന അവതരണ രീതി വായനക്കാരനെ പിടിച്ചിരുത്താൻ പോന്നതാണ്. വ്യത്യസ്ത പ്രമേയങ്ങൾ അവതരിപ്പിക്കുവാൻ കഥാകാരൻ ശ്രമിക്കുന്നുവെങ്കിലും ഒന്നിനൊന്ന് ബന്ധപ്പെട്ടതാണ് ഓരോ കഥയിലെയും തുടിപ്പുകൾ. അതാകട്ടെ ഗൃഹാതുരത്വം എന്ന വികാരവും.

അർത്ഥസമ്പുഷ്ടമായ കഥയാണ് 'നിരർത്ഥകമായ സമ്മാനങ്ങൾ'. വായനക്കാരനെ ചിന്തയുടേയുടെ പടവുകളിലേക്ക് കയറ്റിക്കൊണ്ടുപോകുന്ന കഥാപരിസരം. നിസ്സാരമെന്ന് നമുക്ക് തോന്നുന്നത് പോലും നമ്മുടെ വേണ്ടപെട്ടവർക്ക് അമൂല്യം എന്ന ഉപദേശവും ഒപ്പം സ്വന്തം ഭാര്യയ്ക്ക് വേണ്ടത് പുറംപൂച്ചുകളല്ല, പിന്നെയോ ഭർത്താവിനൊപ്പം സ്വതന്ത്രമായി ഇത്തിരിനേരം മാത്രമാണെന്നുള്ള തത്വവും ഇഴചേർത്ത് വായനാസുഖമുള്ള വരികളിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ മനോഹരമായ കഥകളിൽ ഒന്നാണിത്.

കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന തത്വം പോലെ സർഗ്ഗാത്മകതയുടെ വേദനയും, ജനിച്ച കുഞ്ഞ് ചാപിള്ളയോ അംഗവൈകല്യം ഉള്ളതോ എന്ന ഓരോ എഴുത്തുകാരന്റെയും സംശയം തുളുമ്പുന്ന ചിന്തകളുടെ സങ്കരസന്തതിയാണ് 'നിഷ്‌കളങ്കൻ' എന്ന കഥ. ഈ സമാഹാരത്തിലെ ഏറ്റവും ചെറുതെങ്കിലും വായനക്കാരനെ ഏറ്റവും ആകർഷിക്കുന്ന കഥയാണിത്. കഥകൾ കാച്ചികുറുക്കുമ്പോൾ ഉണ്ടാകുന്ന മധുരവായനാനുഭവം ഈ കഥയിൽ കാണാം. ഓരോ എഴുത്തുകാരന്റെയും ചിന്തയും സ്വപ്നവും ഒക്കെ ഇവിടെ മൂർത്തഭാവം പൂണ്ട് നിൽക്കുന്നു.

'സൗഹൃദം തലമുറകളുടെ ഒരോർമ്മക്കുറിപ്പ്' എന്നത് ഒരേസമയം കഥയും ഓർമ്മകുറിപ്പുമാകുന്ന എഴുത്താണ്. ഗ്രാമപച്ചയിലേക്ക് തിരിഞ്ഞുനോക്കുന്ന എഴുത്തുകാരന്റെ ഗതകാലസ്മരണകളുടെ സുന്ദരമായ ആവിഷ്‌കാരം. പുസ്തകത്തിന്റെ തുടക്കത്തിൽ രഞ്ജിത്ത് പുസ്തകം സമർപ്പിക്കുന്നത് അച്ഛച്ഛനാണ്. ആ തുടിപ്പിന്റെ തുടർച്ചയാണ് ഈ കഥ. ഓർമ്മകളെ അടുക്കും ചിട്ടയുമായി ചിത്രീകരിക്കാൻ എഴുത്തുകാരനുള്ള കൗശലം അഭിനന്ദനാർഹം തന്നെ.

'ഗണിക്കാൻ പറ്റാത്ത കണക്കുകൾ' എന്ന കഥയും ഇന്നിന്റെ പടിവാതുക്കലിരുന്ന് ഇന്നലെകളുടെ ഓർമ്മകളെ തഴുകി തലോടലാണ്. മകളുടെ പരീക്ഷയുടെ റിസൾട്ട് അറിയുന്ന ദിവസം തന്റെ സ്‌കൂൾ കോളേജ് അനുഭങ്ങളുടെ ഭാണ്ഡം ഇറക്കിവെച്ച് പരിശോധിക്കുകയാണിവിടെ. പുതിയ തലമുറയ്ക്ക് അന്യമായ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ. തന്റെ വരികളുടെ ഒപ്പം വായനക്കാരനെ കൈ പിടിച്ചു നടത്തുവാൻ ഒരു കഥാകൃത്തിന് കഴിയുക എന്നതാണ് ഈ കഥയിൽ കാണുന്ന പ്രത്യേകത.

തട്ടുതടവും ഇല്ലാതെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പറ്റിയ പുസ്തകമാണ് 'നിഷ്‌കളങ്കൻ'. പേജുകൾ മറിയുന്നത് വായനക്കാരൻ അറിയുന്നേയില്ല. ചില രംഗങ്ങളാകട്ടെ കവിതപോലെ അനുഭവപ്പെട്ടുന്നവയും.

എഡിറ്റിംഗിലെ അപാകത ചിലയിടത്തൊക്കെ കാണുന്നുണ്ട്. ചില കഥകൾ ചെറുകഥകളേക്കാൾ ഒരു നോവലെറ്റ് രീതിയാണ് അവലംബിച്ചിരിക്കുന്നത്. പല സംഭവങ്ങൾ ഒരു കുടകീഴിൽ കൊണ്ടുവരുവാൻ കഥാകാരൻ നടത്തുന്ന ശ്രമം കഥയുടെ വലുപ്പം കൂട്ടുന്നു. വലിയ കഥകളേക്കാൾ രഞ്ജിത്തിന്റെ ചെറിയ കഥകളാണ് മനസ്സിൽ തട്ടുന്നത് എന്നത് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു.

വായനക്കാരനെ മടുപ്പിക്കാത്ത ഒരു ചെറുകഥാപുസ്തകമാണ് 'നിഷ്‌കളങ്കൻ'. കളങ്കമേശാത്ത കഥാവതരണം. ഭാവനയുടെയും വർണ്ണനകളുടെയും ഒരു മനോഹരപ്രപഞ്ചമാണ് ഓരോ കഥയിലും പൂത്ത് വിരിയുന്നത്. തനിക്ക് പറയാനുള്ളത് നേരെ പറയുന്നതാണ് രഞ്ജിത്തിന്റെ എഴുത്തുശൈലി. അനാവശ്യമായ പ്രയോഗങ്ങളും, കടുകട്ടി വാക്കുകളും, ഉദാഹരണങ്ങളും കൂടാതെ കഥ പറഞ്ഞുപോകുന്ന ശൈലി. ഏത് സാധാരണക്കാരനും വായിച്ച് ആസ്വദിക്കാവുന്ന, ചിന്തകളെ കൂടുതൽ ആകർഷിക്കുന്ന ലളിതമായ പദവിന്യാസം. നൂറ്റിപന്ത്രണ്ടു പേജുകളുള്ള ഈ കഥാസമാഹാരത്തിലെ ഓരോ കഥയും കത്തിച്ചുവച്ച ഓരോ മൺചിരാതുകൾ പോലെ വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞു പ്രഭചൊരിഞ്ഞുകൊണ്ടേയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP