Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

വിട്ടുപോകാനുള്ള ഇടമല്ല കടൽ

വിട്ടുപോകാനുള്ള ഇടമല്ല കടൽ

രവികുമാർ ബി

മോൻസി ജോസഫ് എന്ന കവിയുടെ മൂന്നുപതിറ്റാണ്ടിലധികം കാലത്തെ മുപ്പത്തിമൂന്നു കവിതകൾ കടൽ ആരുടെ വീടാണ് എന്ന സമാഹാരത്തിൽ ഉള്ളടങ്ങുന്നു. കെ.സി.നാരായണൻ പത്രാധിപസമിതിയിൽ പ്രവർത്തിച്ചിരുന്ന എൺപത്തിയഞ്ചിലാണ് മോൻസിയുടെ ആദ്യകവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. പിന്നെ ഒരു മുപ്പത്തിമൂന്ന് കൊല്ലംകൂടി കഴിഞ്ഞ് ഈ കവിതാ സമാഹാരം പ്രകാശനം ചെയ്തതും അതേ കെ.സി തന്നെയെന്നത് മനുഷ്യരെല്ലാം ഒരേവീട്ടിൽ ജനിച്ചവർ എന്ന മോൻസിയുടെ ഭ്രമകല്പനയെ ശരിവെയ്ക്കുന്നതുപോലെ ആയിരുന്നു. ടി.പി.രാജീവൻ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് തന്റെ ആദ്യകവിതയും അതേ ആഴ്ചപ്പതിപ്പിലാണ് അച്ചടിമഷി പുരണ്ടതെന്നു പറഞ്ഞുകേട്ടപ്പോൾ യാദൃച്ഛികതയെ മറന്ന് അവിടെ കൂടിയ ഒരേ വീട്ടിലെ മനുഷ്യരെല്ലാം സന്തോഷത്താൽ കുട്ടികളായി കൗതുകപ്പെട്ടു. എൻ ശശിധരന്മാഷും കട്ടിക്കാട് അച്ചനും കെ.ബി.പ്രസന്നകുമാറും ആർ. രാജശ്രീയും ജയൻ ശിവപുരവും സംസാരിച്ചതും വീട്ടിലുള്ളവരായിത്തന്നെയായിരുന്നു.പ്രസാധകരായ മാതൃഭൂമി ബുക്സ് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അങ്ങനെ കവിതകൊണ്ട് ഒരു സന്ധ്യയെ പ്രകാശിപ്പിച്ചത്.

വീടും, വിൽപ്പനയ്ക്കു വെച്ചവീടും, വീടുവിട്ടുപോകലും, വീട്ടിലേക്കുള്ള മടങ്ങിവരവും, വീട്ടിലേക്കുള്ള വഴിയും മലയാളകാവ്യലോകത്ത് തെളിഞ്ഞുമറഞ്ഞതിനു പിന്നാലെയാണ് മോൻസിയുടെ എഴുത്തുകാലം. എന്നാൽ ഉള്ളിൽത്തന്നെയോ മൗനത്തിലോ ഒളിച്ചരിക്കുവാൻ ആഗ്രഹിച്ചിരുന്ന കവിയെ സഹൃദയലോകം ഏറെ അറിഞ്ഞില്ല. ആട്ടവിശേഷം പോലെ കൊല്ലത്തിലൊരിക്കലെങ്ങാനും ഒരു കവിത പുറത്തിറങ്ങും. നവമാധ്യമങ്ങളിലും അങ്ങനെ വെട്ടപ്പെടാറില്ലായിരുന്നു. അതുകൊണ്ടുതന്നെ സ്ഥകാലങ്ങളുടെ പ്രഹേളികയൊന്നും ബാധിക്കാത്ത കവിതകളുണ്ടായി.

“സ്ഥലമെല്ലാം കാലമാണേയ് കാലമെല്ലാം സ്ഥലമാണേയ്”. (തീവണ്ടിയൂഞ്ഞാൽ) എന്ന് പുതുകവിതയിലെ ലാളിത്യത്തോടെ കവിക്ക് പറയുവാനുമായി. ഒളിച്ചിരിക്കാൻ ഇടമുള്ളതെന്തും മോൻസിക്ക് വീടായിരുന്നു.

"ആകാശത്തിലും കടലിലും കുന്നിന്മുകളിലും

ഒളിച്ചിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു ” (പുതപ്പ്) എന്ന മൊഴിയിൽ കടൽ വീടാകുമ്പോൾ അതുകേവലം അഭയസ്ഥാനം മാത്രമല്ല. അടങ്ങാത്ത തിരകളിൽ പലപല വീടാകുന്ന കടൽ ഒരു പിടിതരാത്ത വിസ്മയമാവുന്നു. വീടുകളെല്ലാം അനുനിമിഷം മറ്റുവീടുകളായി (അ)പരിചിതമാവുന്നത് കവിതകളിൽ ഒരു അനുഭവമാകുന്നുമുണ്ട്.

“ദൈവം വഴിപോക്കനായി മുറ്റത്തുനിന്ന്

കല്ലെറിഞ്ഞുകളിച്ച കുട്ടിയോടു ചോദിച്ചു

ഈ വീട് ആരുടേതാണ്.?

കുട്ടികൈ മലർത്തി. വീട് എന്റെതല്ല.

പിന്നെയും കല്ലെറിഞ്ഞു.

മുറ്റത്ത് മാവ് പുറം തിരിഞ്ഞുനോക്കി

വീടിനുള്ളിൽ ഒരു വീട് മയങ്ങുന്നുണ്ടോ, എന്തോ.? "(വഴിപോക്കൻ) അനന്തത രാപാർക്കുന്ന കടലിൽ കാലങ്ങളായുള്ള മനുഷ്യരുടെ വന്നുപോവലുകളും വഴക്കുകളും കണ്ട മീനുകൾ പറയുന്നു        

“ഒടുവിൽ എല്ലാ വീടുകളും ഒഴിയേണ്ടിവരും "   (കടൽ ആരുടെ വീടാണ്) എങ്കിലും കടലിനോട് ആസക്തിയുള്ള മനുഷ്യനെ, തളരാതെ കയറിയിറങ്ങുന്ന തിരകളുടെ രതി കടലിലേക്ക് വലിക്കുന്നു.

"കടൽത്തീരത്തെ വീട്ടിൽ നിന്ന്

ചിലപ്പോൾ നിലാവുകീറിവീഴുന്ന

കടലിലേക്ക് ഓടിക്കയറുകയായിരുന്നു അയാൾ

പറഞ്ഞിട്ടെന്ത്.?

മുക്കുവനാണെങ്കിലും ഒരുമീനും പിടിച്ചില്ല.

അന്ധനും ബധിരനുമായിരുന്നു അയാൾ.

മതിവരാതെ അലഞ്ഞുതിരിഞ്ഞു." (ഒന്നു തിരിഞ്ഞു കിടക്കൂ) ക്ഷണികമെങ്കിലും ആസക്തികൾ കുടിപാർക്കുന്ന ഉടലുകളാണ് ഒന്നിനുപിന്നാലെ പിന്നാലെയായി ഇതൾ വിടർത്തുന്ന തിരമാലകളെല്ലാം. സ്വാഭാവികമായി വരുന്ന തിടുക്കവും സന്ദേഹവും ഉണ്ടെങ്കിലും തിരമാലകളുടെ ദൈർഘ്യം മറന്നു പോകുകയാണ് കവിത.

“എന്റെ ഇതളുകളിൽ കുഞ്ഞിനെപ്പോലെ

ഒളിച്ചുനിന്നോളൂ, ഇതാണ് നിന്റെ വീട്

അധികനേരമില്ല.. അധികനേരമില്ല ”. (കടൽ ആരുടെ വീടാണ്). ആസക്തികളിൽനിന്നൊന്നും വിട്ടുപോവാനിടതരാതെ ആരുടെയും വീടാവുകയാണ് കടൽ. കാമക്രോധങ്ങൾ പോലെ ദിനങ്ങൾ എരിഞ്ഞുതീരുമ്പോഴും മടങ്ങിയെത്താൻ മറ്റൊരിടമില്ല.

“എല്ലാം മാഞ്ഞ്, തെളിഞ്ഞുമായുന്ന

ഭൂമിയിൽ എല്ലാരും ഒരുപോലെ

സമയമാം രഥത്തിൽ സ്വർഗ്ഗയാത്ര ചെയ്യുന്നു

എന്നുപാടിക്കൊണ്ട് കന്യാസ്ത്രീകൾ കടന്നുവരുന്നത്

ഈ വീട്ടിലേക്കുതന്നെയല്ലേ ?" (കാളകൾ).                                                                                                                     

മുപ്പത്തിമൂന്നു കവിതകൾ ചേർന്ന ഒരു വലിയ കാവ്യമായി വായിക്കുമ്പോൾ മുഖചിത്രം മുതൽ നീലിച്ചുകിടക്കുന്ന അവസാനിക്കാത്ത വൈവിധ്യങ്ങളുടെ കടൽ കാണാനാകും. കെ..ജി. ശങ്കരപ്പിള്ളയുടെ കവിതയിൽ മുഖപടം കവിതയാകുന്നത് മുമ്പ് അനുഭവിച്ചിട്ടുണ്ട്. കൈയിലുണ്ടായിരുന്ന വായനാപ്പുസ്തകം യാദൃച്ഛികമായി കായലിലേക്ക് വീണുപോയി.

" നോവലിന്റെ കവർചിത്രത്തിൽ

ടൈറ്റാനിക് പോലൊരു കപ്പലുണ്ടായിരുന്നു.

അതിലൊരു കപ്പിത്താനും ഏതാനും കപ്പൽ ജീവനക്കാരും

അതിനാലിത്തിരിനേരം പുസ്തകത്തിന്

വെളിച്ചത്തളിക പോലെ പൊന്തിക്കിടക്കാനായി." (ആലപ്പുഴ ചങ്ങനാശ്ശേരി ബോട്ടുയാത്രയിൽ). കടൽ ഒട്ടുമിക്ക കവിതകളുടെയും രംഗപടമായി വായിക്കാവുന്ന മോൻസിയുടെ ഈ സമാഹാരത്തിൽ മുഖപടം ചേർത്ത് വെയ്ക്കുന്ന വൈകാരികസമൃദ്ധി പുതുകവിതയുടെ പലമകളിൽ ഒന്നാവുന്നു.അതിലേറ്റവും മനോഹരമായ ഒരു ചിത്രമണ് മോൻസി വരച്ച തിരിഞ്ഞുകിടക്കുന്ന കടൽ.

നേർരേഖയിൽ നിർത്താനാവാത്ത സമയവുംകാമനകളുടെ അനിയന്ത്രിതസഞ്ചാരവും അകാരണമായ നൊമ്പരങ്ങളും പറന്നുപോമെന്നു സങ്കടപ്പെടുത്തുന്ന പ്രണയങ്ങളും യുക്തിയുറയ്ക്കാത്ത കളിമട്ടുകളും വള്ളിപൊട്ടി ഇലകൾ വീശുന്ന ഒരു സസ്യമെന്നവണ്ണം പറയുന്ന ആത്മകഥയാണ് കവിതകളിൽ തളിർത്തു നിൽക്കുന്നത്. ഉത്തമപുരുഷനായ ഞാൻ കടന്നുവരാത്ത കവിതകൾ വളരെ കുറവാണ്. നമ്മളിലും ഞങ്ങളിലും അവനിലും നിന്നിലും കാണുന്നത്ആകഥയുടെ തുടരുകൾ മാത്രം.

“ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ ഏറ്റവും വലിയ വൃത്തികേട്

ഞാൻ എന്നെക്കുറിച്ച് മാത്രമോർക്കുന്നു എന്നതാണ്.

എവിടെ മറ്റെയാൾ, മറ്റെയാൾതീരെയില്ല

എന്റെ ലോകത്ത് ഞാന്മാത്രം." (മനുഷ്യനെപ്പോലെ ഒരു സസ്യം)

“ ആദ്യമായി ഇണചേരുന്ന കൊതിയോടെ

ഞങ്ങൾ ഇണ ചേർന്നു.

പക്ഷേ അവൾ കരയുന്നുണ്ടായിരുന്നു.

ഞാൻ ചോദിച്ചു, എന്തുപറ്റി ?

സ്നേഹംകൊണ്ടാണ്,അവൾ പറഞ്ഞു" (പൊന്നുണ്ണി, പൂങ്കരളേ

"തീവണ്ടിയിൽ കയറിയതും മകൻ ഉറങ്ങാൻ തുടങ്ങി

നിന്റെ കിടപ്പുകണ്ടാൽ

ഗാന്ധിജിയുടെ മകനാണെന്നുതോന്നുമെല്ലോ.

അവനെന്നേ ക്രുദ്ധനായി നോക്കി.

അവന്റെ അമ്മയുമായുള്ള എന്റെ വിവാഹമോചനം

കഴിഞ്ഞുള്ള ഉടൻ യാത്രയായിരുന്നു അത്.

നിന്റെ അമ്മയുടെ ആ നശിച്ച ഉറക്കമായിരുന്നു കാരണം.

അവർക്ക് അവരുടേതായകാരണങ്ങൾ കാണും

നീയാര്.. ജഡ്ജിയോ ? " (പോർബന്തർ എക്സ്പ്രസ്). ഇങ്ങനെ ആത്മഗതങ്ങളും സംഭാഷണങ്ങളും വലയങ്ങളായി ചുറ്റിനിൽക്കുന്ന അടരുകൾ തീർത്തതാണ് മോൻസിയുടെ മിക്ക കവിതകളും. എവിടയും സ്നേഹത്തിൽ തൊട്ടുവെച്ചിരിക്കുന്ന ഒരു ഭാഷ. സങ്കീർത്തനത്തിന്റെ വിശുദ്ധിയൊഴുകുന്നതുപോലെ സ്പർശിക്കുന്ന ഭാഷ.

“എനിക്ക് ബുദ്ധനെയാണ് ഇഷ്ടം

മോഹങ്ങൾ ഊരിക്കളഞ്ഞുയാത്ര ചെയ്തവൻ

എത്രരസമാണ് ബുദ്ധൻ

എന്തായിരുന്നു ഗാന്ധിജിയുടെ പ്രശ്നം.

പാവം കസ്തൂർബ

ബുദ്ധൻ സ്വച്ഛന്ദമായി ഒഴുകി, കാലത്തിലൂടെ

ബോധം തൂവൽ പോലെ”. (പോർബന്തർ എക്സ്പ്രസ്) പ്രണയത്തിന്റെ ആർദ്രത തലോടുന്നതും രതിയുടെ ഉന്മാദം ഉണരുന്നതും ഭാഷയുടെ വലയങ്ങളിൽ പെടുമ്പോഴാണ്. പൊടുന്നനവെ വെളുത്ത മഴ ആകാശത്തിൽനിന്ന് പൊട്ടിവീഴുംപോല അത്തരം സന്ദർഭങ്ങൾ സമാഹാരത്തിൽ നിരവധിയാണ്. ഇരുട്ടിൽ, മുലകൾ, പാടുന്ന ചുണ്ടുകൾ, പെന്നുണ്ണീ പൂങ്കരളേ, പമ്പരം, ഒന്നു തിരിഞ്ഞു കിടക്കൂ തുങ്ങിയ കവിതകളിലെല്ലാം പ്രണയങ്ങൾ കുടിപാർക്കുന്ന ഉടലുകൾ കാണാനാവും.

“ നിന്റെ ആസക്തികളും

ക്ഷീണമെന്തെന്നറിയാത്ത കളിഭ്രാന്തും

എനിക്ക് നന്നേ രസിച്ചു.

നിന്റെ മുഖമാണെങ്കിൽ എതോ ദ്വീപിലേക്ക്

പറക്കുന്ന പക്ഷിയെഓർമ്മിപ്പിച്ചു

മുല്ലപ്പൂ വസന്തത്തെക്കുറിച്ച

നീ പറഞ്ഞുകൊണ്ടിരുന്നു

എന്നിട്ട് എന്റെ അരക്കെട്ടിൽ

ഒരുവലിയ മുല്ലപ്പൂ മാല

ചുറ്റിക്കൊണ്ടിരുന്നു” (ഒളിച്ചുകളി അഥവാ മുല്ലപ്പൂവസന്തം)   കഥയുടെ ജീനുകൾ പെറുക്കിയെടുക്കാനാവുന്ന ഘടനയിലാണ് ഈ കവിതകളുടെ രൂപഭദ്രത. പോർബന്തർ എക്സ്പ്രസ്, യേശു കണ്ട്രിബാറിൽ, തുടങ്ങിയ കവിതകൾ 1985ൽ പുറത്തിറങ്ങിയ അറിവിന്റെ വൃക്ഷം എന്ന മോൻസിയുടെ കഥാസമാഹാരത്തിലെ കഥകളെയാണ് ഓർമ്മപ്പെടുത്തുന്നത്. അഭാവങ്ങളുടെ പുതിയ നിയമം എന്ന് എൻ. ശശിധരൻ മാഷ് അവതാരികയിൽ ഈ കവിതകളെ വിശേഷിപ്പിക്കുമ്പോൾ കാവ്യരൂപത്തിലേക്കും അതു കടന്നുവരുന്നുണ്ട്. പുതുകവിയിൽ രൂപപരമായ കല്ലേപ്പിളർക്കുന്ന കല്പനകളെന്നും നിലനിൽക്കുന്നില്ല. കവിത എഴുതപ്പെടണമെന്നു തന്നെയില്ല. ഒരു കവിതപോലും എഴുതാതതെ കവിയായി കവിതയിൽ അഭിരമിക്കുന്നവരോടൊപ്പമാണ് ഇന്നത്തെകവിത. മോൻസി ജോസഫിന്റെ കടൽ ആരുടെ വീടാണ് എന്ന സമാഹാരം അവർക്കുള്ളതാണ്. ഈ കവിതകൾ വായിച്ചു തീർന്നപ്പോൾ.

അബോധത്തിന്റെ ഇലകൾ കടലുപോലെ പരന്ന കാട്ടിൽ തിരയടിച്ചുകൊണ്ടിരുന്നു.

കടൽ ആരുടെ വീടാണ്
കവിത
മാതൃഭൂമി ബുക്ക്സ്
വില: 150/-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP