Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

20 വർഷം കാൻസറിനോട് ധീരമായി പടപൊരുതിയ ഒരു ഡോക്ടറുടെ ജീവിത കഥ: ധൈര്യത്തിന്റെ പാഠങ്ങൾ

20 വർഷം കാൻസറിനോട് ധീരമായി പടപൊരുതിയ ഒരു ഡോക്ടറുടെ ജീവിത കഥ: ധൈര്യത്തിന്റെ പാഠങ്ങൾ

ഴുത്തുകാരനും ന്യൂറോ സയന്റിസ്റ്റും ഫിസിഷ്യനുമായ ഡേവിഡ് സേർവൻ ഷ്രെയ്ബർ യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബെർഗിലെ സ്‌കൂൾ ഓഫ് മെഡിസിനിൽ സൈക്യാട്രി പ്രൊഫസറായിരുന്നു. മുപ്പതാമത്തെ വയസ്സിൽ സ്വന്തം എം ആർ ഐ മെഷീനിൽ തനിക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നതോടെയാണ് ആ ഡോക്ടറുടെ ജീവിതം മാറിമറിഞ്ഞത്. അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്ഥാനം പിടിച്ച ഹീലിങ് വിത്തൗട്ട് ഫ്രോയിഡ് ആൻഡ് പ്രൊസാക്, ആന്റി ക്യാൻസർ എന്നീ പുസ്തകങ്ങളിലൂടെ ഡേവിഡ് പകർന്നുകൊടുത്ത മനോധൈര്യത്തിന്റെ പാഠങ്ങൾ തന്റെ ഒടുവിലത്തെ പുസ്തകമായ നോട്ട് ദി ലാസ്റ്റ് ഗുഡ്‌ബൈയിലും തുടർന്നു.

ഈ പുസ്തകം പൂർത്തിയാക്കി എട്ട് ആഴ്ചകൾ കഴിഞ്ഞപ്പോൾ എന്റെ സഹോദരൻ ഡേവിഡ് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം മരണത്തെ സമീപിച്ച രീതി ജീവിതത്തിനായുള്ള ഒരു പാഠമാണ്. പതിമൂന്നു മാസത്തെ ട്യൂമർ ചികിത്സ കഴിഞ്ഞ് 2011 ജൂലൈ 24 ന് അദ്ദേഹം മരണമടഞ്ഞു. പോർക്കളത്തിലെ കാളയോടെന്നപോലെ ഡേവിഡ് രോഗത്തോടു പൊരുതി. വിജയം സുനിശ്ചിതമാണെന്ന പ്രസന്നതയോടെ, ധൈര്യത്തോടെ പൊരുതി. അതൊരിക്കലും സാധ്യമല്ലെന്ന് അയാൾക്ക് അറിയാമായിരുന്നിട്ടും പോരാട്ടം തുടർന്നു. കഠിനരോഗത്തിന്റെ നൊമ്പരത്തിനിടയിലും എളിമയോടെ അവൻ ജീവിച്ചു. മാസങ്ങൾ നീണ്ടുനിന്ന ഹൈ-ടെക് നടപടികൾക്കും വേദനാജനകമായ തുടർചികിത്സയ്ക്കും ശേഷം ക്യാൻസർ അവനെ വീണ്ടും കാർന്നുതിന്നാൻ തുടങ്ങി. അവന് അറിയാമായിരുന്നു -- ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു -- അവന് ഇനി ആയുസ്സ് ഏറെയില്ലെന്ന്. ജീവിതത്തിന്റെ ഏറ്റവും വലിയ പരീക്ഷണമായി അദ്ദേഹം ഇതിനെ അംഗീകരിച്ചു. നന്നായി മരിക്കാനായി ഒരുങ്ങി. അവസാന വെല്ലുവിളിയായിട്ടാണ് അദ്ദേഹം ഇതിനെ കണ്ടത്. നിസ്സഹായനായല്ലാതെ അധികാരമുള്ളവനായി തോന്നാൻ അവൻ ഒരുങ്ങി. അദ്ദേഹത്തിന്റെ അവസാനനാൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നു മനസ്സിലാക്കി ജീവിതത്തിലെ അസാധാരണമായ സമയം നല്കിയ സാധ്യതകളെ പൂർണമായും പ്രയോജനപൂർവം തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ തലച്ചോറിൽ ക്യാൻസർ പടർന്നുപിടിച്ചുകൊണ്ടിരുന്നു. അത് മസ്തിഷ്‌കത്തെ കീഴടക്കി. അവയവങ്ങൾ ഒന്നൊന്നായി ചലിക്കാതെയായി, കാഴ്ച മങ്ങി. അദ്ദേഹത്തിന്റെ ശബ്ദം സ്വകാര്യം പറയുന്നതിനേക്കാൾ ദുർബലമായി. ശ്രദ്ധിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് മണിക്കൂറുകൾകൊണ്ട് കുറഞ്ഞുകുറഞ്ഞു വന്നു. ഡേവിഡ് തന്റെ അവശേഷിക്കുന്ന ശാരീരികവും മാനസികവുമായ ശക്തി ഈ പുസ്തകമെഴുതാനായി സമർപ്പിച്ചു. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മറ്റുള്ളവരെ സഹായിക്കും എന്ന വിശ്വാസത്തിൽ. ഈ പുസ്തകം പുറത്തിറങ്ങിയതുതന്നെ ഒരത്ഭുതമാണ്. അദ്ദേഹത്തിന്റെ രോഗത്തിന്റെ പിടിയിൽനിന്ന് ഇത് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതു ഡേവിഡിന്റെ ഏറ്റവും വ്യക്തിപരമായ പുസ്തകമാണ്. വായനക്കാരന്റെ ആകാക്ഷയോടൊപ്പം അദ്ദേഹം ആഴത്തിൽ സഞ്ചരിച്ചു. അദ്ദേഹത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. മരിക്കുന്നതിനു ദിവസങ്ങൾക്കുമുമ്പ്, ഡേവിഡ് ഫ്രഞ്ച് ബെസ്റ്റ്‌സെല്ലേഴ്‌സിന്റെ പട്ടികയിലേക്കു കണ്ണോടിച്ചു. അദ്ദേഹത്തിന്റെ പുസ്തകം ആദ്യസ്ഥാനത്തായിരുന്നു. ക്യാൻസറിനെ ഏറ്റവും മികച്ച മാർഗത്തിലൂടെ ചെറുത്തു എന്ന അഭിമാനം ഇത് അദ്ദേഹത്തിൽ ജനിപ്പിച്ചു. അദ്ദേഹത്തെപ്പോലെ ഉപകാരമുള്ളതായി മാറാനോ, കഷ്ടപ്പെടുന്നവരുടെ വേദന ശമിപ്പിക്കാനോ അദ്ദേഹം ഇതിനെ അനുവദിച്ചില്ല. അവസാനംവരെയും ഡേവിഡ് ഹൃദയത്തിലെ ഡോക്ടറെ ഓർമ്മിപ്പിച്ചു. ഒരു സൗഖ്യദായകനായി സ്വയംമാറി. അദ്ദേഹത്തെ പരിചരിക്കാൻ അവസരം കിട്ടിയവർക്കും യാതന അനുഭവിക്കുന്ന ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്നവർക്കും അദ്ദേഹം എപ്പോഴും അവരെ സംരക്ഷിച്ചിരുന്നതായി തോന്നിയിരുന്നു. അദ്ദേഹം നമ്മുടെ കഷ്ടതകളെ വളരെ ക്ഷമയോടെ കേൾക്കും; അദ്ദേഹത്തിന്റെ ഭൗതികമായ ആശ്രയത്വം നമ്മളിൽ ശല്യമുണ്ടാകുമ്പോൾ ഉപകാരസ്മരണയോടെയുള്ള നോട്ടത്താൽ അദ്ദേഹം അതിനെ നശിപ്പിക്കും. അദ്ദേഹം നമ്മുടെ ആത്മാവിനെ സംരക്ഷിച്ചിരുന്നു. ഞാൻ ഓർക്കുന്നുണ്ട്്, മരണത്തിന് കീഴടങ്ങുന്നതിന് കുറച്ചു നാളുകൾക്കുമുമ്പ്, സംസാരിക്കാൻ കഴിയാതെയും ഏകദേശം മുഴുവനും നിശ്ചലനായും അദ്ദേഹം ആശുപത്രിക്കിടക്കയിൽ കിടന്നത്. വേദനാജനകമായ ഈ ഘട്ടത്തിൽ, അദ്ദേഹത്തിന്റെ ആശയവിനിമയം ചില ആംഗ്യവിക്ഷേപങ്ങളിലേക്കായി ഒതുങ്ങി. വലതുകൈയുടെ ചെറിയ ചലനങ്ങളും അദ്ദേഹത്തിന്റെ ആഴത്തിലുള്ള നീലക്കണ്ണുകൾക്കു മുകളിലുള്ള പുരികങ്ങളുടെ ചലനങ്ങളും മാത്രമായിരുന്നു ആശയവിനിമയത്തിന് അദ്ദേഹത്തെ സഹായിച്ചത്. അദ്ദേഹത്തെ സമാശ്വസിപ്പിക്കാനും ശക്തി പകരാനുമായി ഞാനെന്റെ കൈകൾകൊണ്ട് ആ കൈകളെ മുറുകെ പിടിച്ചു. തൊട്ടടുത്ത നിമിഷം ഞാൻ അത്ഭുതപ്പെട്ടുപോയി. എന്നെ നോക്കിക്കൊണ്ട്, എന്റെ കൈകൾക്കുള്ളിൽനിന്ന് കൈവിടുവിച്ച് അദ്ദേഹം എന്റെ കൈകളെ പിടിച്ചു. എല്ലാം ശരിയാകുമെന്ന് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹമെന്ന് ഞാൻ മനസ്സിലാക്കി. ഈ പുസ്തകത്തിന്റെ ഒരു ഭാഗത്ത്, ഡേവിഡ് തുറന്ന മനസ്സോടെ അദ്ദേഹത്തിലുണ്ടായിരുന്ന ധൈര്യത്തിന്റെ കലവറയെക്കുറിച്ച് അതിശയിക്കുന്നു. മരണാവസാനം താൻ വിറകൊണ്ടാൽ തന്നോടു ക്ഷമിക്കണമെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. അദ്ദേഹം ഒരിക്കലും വിറച്ചിരുന്നില്ല എന്ന് നിങ്ങളറിയണം. അദ്ദേഹം സമാധാനത്തോടെ, നേരത്തെതന്നെ തയ്യാറാക്കി വച്ച പാട്ടുകേട്ടുകൊണ്ട് മറുലോകത്തേക്കു യാത്രയായി. മൊസാർട്ടിന്റെ ഇരുപത്തിമൂന്നാം സിംഫണി കേട്ടുകൊണ്ട് വളരെ ശാന്തമായ ഉറക്കത്തിലേക്ക് അവൻ പോയി. ഡേവിഡ് മരണത്തെ ഭയപ്പെട്ടിരുന്നില്ല. മരണത്തിന്റെ അടുത്തെത്തി തിരികെയെത്തിയ അനുഭവങ്ങൾ ഉള്ളവർ വിവരിച്ചതുപോലെ, പ്രസിദ്ധമായ പ്രകാശതുരങ്കത്തിലൂടെ സ്‌നേഹത്തിന്റെ രാജ്യത്ത് എത്തിച്ചേരുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അങ്ങനെതന്നെയായിരിക്കട്ടെ, എന്റെ സഹോദരാ, നിന്റെ യാത്രയൊക്കെയും. നിന്റെ ഭാഗത്തുനിന്നും 'വിജയകരമായ മരണാനുഭവം' എന്ന് വിളിക്കാവുന്ന, അനന്യസാധാരണമായ ഒരുദാഹരണമാണ് നീ നല്കിയത്. ഹൃദയത്തിൽ സൂക്ഷിക്കാനായി വിലമതിക്കാനാകാത്ത സമ്മാനം നല്കിക്കൊണ്ട് നീ യാത്രയായി. അതുകൊണ്ടുതന്നെ ജീവിതത്തെ നേരിടാനായി സമയാസമയങ്ങളിൽ, നമുക്ക് ഇതിൽനിന്നും ശക്തിയാർജിക്കാൻ കഴിയും.

എമിലി സേർവൻ - ഷ്രെയ്ബർ

പുസ്തകത്തിന്റെ പേര് - ധൈര്യത്തിന്റ പാഠങ്ങൾ ( Not the Last Goodbye)
എഴുത്ത് - ഡേവിഡ് സേർവൻ ഷ്രെയ്ബർ
വിവർത്തകൻ - റോബി അഗസ്റ്റിൻ മുണ്ടക്കൽ
പബ്ലീഷർ - ഡി സി ലൈഫ്
കാറ്റഗറി - അനുഭവം
വില - 95/-

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP