Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ഇന്ത്യൻ പൈങ്കിളിക്കഥ

ഒരു ഇന്ത്യൻ പൈങ്കിളിക്കഥ

ജോയ് ഡാനിയേൽ

വായനയുടെ പശ്ചാത്തലം

റ് ബെസ്‌ററ് സെല്ലറുകളുടെ എഴുത്തുകാരൻ. ഇന്ത്യാചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബുക്കുകളുടെ രചയിതാവ്. ഒട്ടുമിക്കവാറും എല്ലാ ബുക്കുകളും സിനിമയാക്കപ്പെട്ടുകഴിഞ്ഞു. ലോകത്ത് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന 100 വ്യക്തിത്വങ്ങളിൽ ഒരാൾ. ചേതൻ ഭഗത്തിന്റെ ഏതു ബുക്ക് എടുത്താലും ആദ്യപേജിൽ മുഴച്ചു നിൽക്കുന്ന വചനങ്ങൾ ആണിത്. 'വൺ ഇന്ത്യൻ ഗേൾ' - ജെ.കെ റൗളിങ്ങിന്റെ പുതിയ പുസ്തകമായ 'ഹാരിപോട്ടർ ആൻഡ് ദി കഴ്‌സ്ഡ് ചൈൽഡ്' ന്റെ റെക്കോർഡ്‌പോലും ആമസോൺ പോർട്ടൽവഴി പ്രീ-പബ്ലിക്കേഷനായി തിരുത്തിക്കുറിച്ച കൃതി! പോരെ പൂരം! ഇതിൽ കൂടുതൽ വായനക്കാർക്ക് എന്ത് വേണം?

ചേതന്റെ 'ഫൈവ് പോയിന്റ് സം വൺ' , 'ടു സ്റ്റേറ്റ് ' ഇവയൊക്കെ വായിച്ച് ആസ്വദിച്ച ഒരു മൂഡിൽ ആണെന്ന് തോന്നുന്നു വായനക്കാർ ഇപ്പോളും 'ഹാഫ് ഗേൾഫ്രണ്ടും' 'വൺ ഇന്ത്യൻ ഗേളും' ഒക്കെ വായിക്കുന്നത്. അതേ ആവേശംകൊണ്ടുതന്നെയാണ് പ്രസിദ്ധീകരിച്ച് ഉടൻ തന്നെ എന്റെ കൈവശവും 'ഒരു ഇന്ത്യൻ പെൺകുട്ടി' എത്തപ്പെട്ടത്. എന്നാൽ കാത്ത്, കാത്തിരുന്നു കിട്ടിയ കുഞ്ഞ് ചാപിള്ളയായിപോയപോലെ ആണ് വായന കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടത്.

കഥ / കഥാപാത്രങ്ങൾ 

ഥയെപ്പറ്റി പുസ്തകത്തിന്റെ പുറംചട്ടയിൽ തന്നെ പറയുന്നുണ്ട് 'ഞാൻ രാധിക,കല്യാണം കഴിക്കാൻ പോകുന്നു. ഒരു ഇൻവെസ്‌റ്‌മെന്റ് ബാങ്കിൽ ജോലി ചെയ്യുന്നു. ചിലപ്പോൾ നിങ്ങൾ എന്റെ കഥ ഇഷ്ടപ്പെട്ടേക്കില്ല. ഞാൻ ഒത്തിരി പണം ഉണ്ടാക്കുന്നുണ്ട്. എനിക്ക് എന്റേതായ അഭിപ്രായം എല്ലാത്തിലും ഉണ്ട്. എനിക്ക് മുമ്പ് രണ്ടു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു (എന്നാൽ അകംപേജിൽ -പേജ് 07 - രാധിക പറയുന്നു എനിക്ക് വിവാഹേതര ലൈംഗിക ബന്ധം ഉണ്ടായിരുന്നു ; അത് പുറംചട്ടയിൽ ഒഴിവാക്കിയത് മനഃപൂർവ്വം ആയിരിക്കണം)'

ഗോവയിൽ തുടങ്ങി, ന്യുയോർക്കിലും, ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും തിരികെ ഗോവയിൽ നാടകീയ രംഗങ്ങളുമായും, പിന്നെ പെറുവിലൂടെ സാൻഫ്രാൻസിസ്‌കോയിൽ ഫേസ്‌ബുക്ക് ക്യാമ്പസിനു പുറത്ത് കഥ അവസാനിക്കുന്ന 272 പേജുകൾ ആണ് നോവലിനുള്ളത്.

ഗോവയിൽ ഒരു കല്യാണഒരുക്കത്തിന്റെ സെറ്റിലേക്കാണ് (ഹോട്ടൽ മാരിയോട്ട് എന്നും പറയാം) ചേതൻ തുടക്കത്തിൽ നമ്മളെ കൊണ്ടുപോകുന്നത്. അവിടെ പെൺകൂട്ടർ കല്യാണ ചെറുക്കന്റെ വീട്ടുകാരെ സ്വീകരിക്കാൻ ഉള്ള തിരക്കാണ്. 200-ൽ പരം ആൾക്കാർ ആഴ്ചയോളം വന്ന് വിവിധ പരിപാടികളോടെ നടക്കാൻ പോകുന്ന കല്യാണം. ചെറുക്കനും വീട്ടുകാരും വരുന്നു, രാധികയും പ്രതിസുതവരൻ ബ്രിജേഷും തമ്മിൽ കുശലം പറയുന്നു. മംഗളകരമായി നടക്കാൻ പോകുന്ന ചടങ്ങുകൾ. എന്നാൽ രാധികയ്ക് യു എസിൽ നിന്നും വരുന്ന ദേബഷീഷിന്റെ ഫോൺവിളി കഥയുടെ ഗതി മാറ്റി മറിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് രാധിക ന്യൂയോർക്കിൽ ജോലിക്ക് പോകുന്ന സീനിലേക്ക് ഫ്ളാഷ്ബാക്ക്. അവിടെ നിന്ന് വീണ്ടും സീൻ ഗോവയിൽ തിരിച്ചെത്തുമ്പോൾ രാധികയ്ക്ക് അടുത്ത ഒരു മെസേജ് ശ്രീലങ്കയിൽ നിന്നെന്നെത്തുന്നു-നീൽ. കല്യാണ ചെറുക്കൻ ബ്രിജേഷ്, രണ്ട് പഴയ ബോയ്ഫ്രണ്ടുകൾ. അവരുടെ ഇടയിൽ അന്തിച്ചു നിൽക്കുന്ന നായിക. തികച്ചും നാടകീയ രംഗങ്ങൾ.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: ചേതന്റെ മറ്റെല്ലാ ബുക്കുകൾ പോലെ ഒരെണ്ണം കൂടി. മറ്റെല്ലാത്തിലും ആണുങ്ങൾ കഥ പറയുന്നു, ഇവിടെ ഒരു പെണ്ണ് പറയുന്നു. ഒരു പെണ്ണിന്റെ പുറകെ രണ്ട് ബോയ്ഫ്രണ്ട് ഒരു പ്രതിശുതവരൻ. കാരണം ലോകത്തിലേക്കും ഏറ്റവും പെർഫെക്ട് ആയ പെണ്ണാണ് അവർക്ക് രാധിക. അതാണ് സോ കാൾഡ് 'ഒരു ഇന്ത്യൻ പെൺകുട്ടി' രാധിക.

മാതാപിതാക്കൾ, അതിഥി (സഹോദരി), ബിജേഷ് (പ്രതിസുതവരൻ), ദേബഷീഷ് (ആദ്യ കാമുകൻ), നീൽ (രണ്ടാമത്തെ കാമുകൾ) ഇവരൊക്കെയാണ് മുഖ്യകഥാപാത്രങ്ങൾ.

നോവലിൽ അധ്യായങ്ങളേക്കാൾ സീനുകൾ ആണ് പ്രധാനം. അതുകൊണ്ടായിരിക്കും പ്രസിദ്ധീകരിക്കും മുമ്പ് വായിച്ചിട്ട് സിനിമാ നടി കങ്കണ റൗത് ഇതിലെ നായിക ആകാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി തട്ടിക്കൂട്ടിയ മാതിരി ആണ് ചേതന്റെ കഴിഞ്ഞ കുറെ ബുക്കുകൾ. ഒന്നുകിൽ ചേതൻ സിനിമയ്ക്ക് തിരക്കഥ എഴുതണം, അല്ലെങ്കിൽ നോവൽ എഴുതണം. അല്ലാതെ കുറെ നാടകീയ മുഹൂർത്തങ്ങൾ എഴുതിപിടിപ്പിച്ച്, ഒരുമാതിരി രണ്ടു വള്ളത്തിൽ കാലുവച്ച് വായനക്കാരെ കടലിന്റെ നടുക്ക് തള്ളിയിടുന്ന ഏർപ്പാട് നല്ലതല്ല.

ഗോവയിലെ ഒരു ക്ളൈമാക്സ് രംഗത്തിൽ അതിരാവിലെ പഴയ രണ്ടു കാമുകന്മാരുമായി രാധിക കോഫി കുടിച്ച് ജീവിതത്തിലെ സുപ്രധാനമായ തീരുമാനം അറിയിക്കുന്നുണ്ട്. അത് സീരിയസ്സ് ആണോ തമാശയാണോ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഫെമിനിസം

നോവൽ വായിച്ച് കഴിക്കുമ്പോൾ ഫെമിനിസം എന്നാൽ വിവാഹത്തിന് മുമ്പ് മൂന്ന് നാല് ബോയ്ഫ്രണ്ട്ആയി കറങ്ങുക, വീട് വിട്ട് വലിയ നഗരത്തിൽ ഏതേലും ഒരുവന്റെകൂടെ കയറിതാമസിക്കുക, വലിയ ശമ്പളത്തിൽ ജോലി ചെയ്യുക, ബ്രെസീലിയൻ വാക്‌സ് ചെയ്യുക (വാക്‌സ് ചെയ്തത് ബോയ്ഫ്രണ്ടിനെ കാണിക്കാനായി ഹൃദയം തുടിക്കുക), സമയം കിട്ടുമ്പോൾ ഒക്കെ നന്നായി മദ്യപിക്കുക ഇതൊക്കെ ആണെന്ന് നമ്മൾ വായനക്കാർ തെറ്റിദ്ധരിച്ചുപോകും. കഥ തുടങ്ങും മുമ്പ്, ചേതൻ താൻ പരിചയപ്പെട്ടതും, തന്റെ ജീവിതത്തിൽ കൂടി കടന്നുപോയതുമായ പല പെൺകുട്ടികൾ ഈ 'ഇന്ത്യൻ പെൺകുട്ടി'യുടെ രചനയിൽ സഹായകമായിട്ടുണ്ട് എന്ന് പറയുമ്പോൾ, അയ്യേ... ഇയാൾ കണ്ടതെല്ലാം ഇത്തരം പെൺകുട്ടികളെ മാത്രം ആണോ എന്ന് വായനക്കാർ മൂക്കത്ത് വിരൽവച്ചാൽ അത്ഭുതപ്പെടാനില്ല.

രാധികയുടെ ഭാഷയിൽ 'സ്ത്രീകൾക്ക് രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, വ്യക്തിപരമായ, സാമൂഹികമായ തുല്യത അന്വേഷിക്കുകയും നിർവചിക്കുകയും അത് നേടുകയും, സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ഫെമിനിസം. അതിൽ വിശ്വസിക്കുന്ന ആൾ ഫെമിനിസ്റ്റും' ഈ നിർവചനം മാത്രം ബാക്കിനിർത്തി ഒരുമാതിരി ചീറ്റിപ്പോയ ഫെമിനിസം ആണ് കഥയിൽ കാണുന്നത്.

നായിക വലിയ ഫെമിനിസ്റ്റ് ഒക്കെ ആണെങ്കിലും ഇടക്കിടെ ഒക്കെ വികാരപരമായി സംസാരിക്കുകയും, കരയുകയും, മിഴികൾ തുടക്കുകയും ചെയ്യുന്നുണ്ട് എന്നൊരു ആശ്വാസം വായനക്കാർക്ക് ഇല്ലാതില്ല. എന്താണ് കഥാകാരൻ ഫെമിനിസം എന്നതുകൊണ്ട് ഈ കഥയിൽ ഉദ്ദേശിക്കുന്നത് എന്ന് വായനക്കാർക്ക് തുടക്കത്തിൽ ഉണ്ടാകുന്ന സംശയം കഥകഴിഞ്ഞാലും ബാക്കിനിൽക്കും.

അശ്ലീലം

ക്കാ അശ്ലീലം കൊണ്ട് 'സമ്പന്ന'മാണ് ചില അദ്ധ്യായങ്ങൾ. അദ്ധ്യായം ആറിൽ ബ്രെസീലിയൻ വാക്‌സ് എന്താണെന്നും, അത് എങ്ങിനെ ചെയ്യണം എന്നും നല്ല രീതിയിൽ വർണ്ണിക്കുന്നുണ്ട്. എട്ടാമത്തെ അദ്ധ്യായത്തിൽ ആകട്ടെ നായിക ആദ്യമായി ബോയ്ഫ്രണ്ടിന്റെ കൂടെ കിടപ്പറ പങ്കിടുന്നത് നല്ല രീതിയിൽ വിവരിച്ച് ചേതൻ വായനക്കരെ ഇക്കിളിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതുപോലെ ഫിലിപ്പിയൻ പെൻഗാലുസിയാൻ ദീപിൽ (ഇരുപത്തിയാറാമത്തെ അദ്ധ്യായത്തിൽ) അടുത്തൊരു സീൻ. സിനിമയ്ക്കിടെ ഇടക്കിടെ ബിറ്റിടുന്നപോലെ!

അല്ലെങ്കിൽതന്നെ ഇതിനു മുമ്പുള്ള എല്ലാ കൃതികളിലും പുട്ടിനിടക്ക് തേങ്ങ വിതറുംപോലേ വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ചേതൻ ഭഗത് കുത്തിത്തിരുകിയിട്ടുണ്ട്. തന്റെ കൃതികൾക്ക് അതില്ലെങ്കിൽ എന്തോ വലിയ കുറവ് ഉണ്ട് എന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടാകും. ആണും, പെണ്ണും, ലൈഗിംകതയും ഒക്കെ എത്രയോ എഴുത്തുകാർ മനോഹരമായി, അറപ്പുളവാകാത്ത രീതിയിൽ എഴുതിയിരിക്കുന്നു. എന്നാൽ ഇവിടെ എഴുത്തുകാരന്റെ സംതൃപ്തിക്കുവേണ്ടിമാത്രം ന്യൂജനറേഷൻ രീതിയിൽ കുത്തിത്തിരുകിയിരിക്കുന്ന അശ്ലീല രംഗങ്ങൾ വല്ലാത്ത വെറുപ്പ് ഉണ്ടാക്കുന്നുണ്ട് (നിങ്ങൾ ഞരമ്പ് രോഗി അല്ലെങ്കിൽ).

കൺസ്യൂമർ 

'ഇന്ത്യൻ പെണ്ണിന്റെ' മുഖവില 176 രൂപയാണ്. എന്നാൽ ഒരു ഒരു ഉപഭോക്താവ് എന്ന നിലയിൽ ഒരു 'മ ' പ്രസിദ്ധീകരണത്തിന് നമ്മൾ കൊടുക്കുന്ന വിലയിൽ കൂടുതൽ ഇടാൻ ഒരിക്കലും കഴിയില്ല. തന്റെ ആദ്യകാല കൃതികളുടെ പച്ചയിൽ ആണ് ചേതന്റെ അടുത്ത കാലത്തിറങ്ങിയ ബുക്കുകൾ ഒക്കെ വിറ്റുപോയിട്ടുള്ളത് എന്നതാണ് സത്യം.

അവസാന വാക്ക്

വെറുതെ വായിച്ച് സമയം തള്ളിനീക്കാൻ പറ്റുന്ന ഒരു പക്കാ മസാലനോവൽ മാർക്കെറ്റിങ്ങിലൂടെ എങ്ങിനെ ബെസ്‌ററ് സെല്ലർ ആക്കാം എന്നതിന് ഉദാഹരണമാണ് ഈ ബുക്ക്. എഴുപത് എൺപതുകളിലെ സിനിമാസ്‌റ്റൈൽ (നായകൻ, നായിക, കാബറെഡാൻസ്, വില്ലൻ, ബലാത്സംഗം... ക്‌ളൈമാക്‌സ്) പോലെ ഒരു സാധനം, ഇപ്പോൾ ഇറങ്ങുന്ന സിനിമകളുടെ ചുവടു പിടിച്ചുള്ള മാർക്കറിങ്ങ് തന്ത്രം. അതിൽ ചേതനും പ്രസാധകർ രൂപാ പബിക്കേഷൻസും നന്നായി വിജയിച്ചിരിക്കുന്നു.

അവസാനമായി രണ്ട് ഉപദേശം മാത്രം:

  1. ചേതൻ തന്റെ ആദ്യ ജോലിയായിരുന്ന ഹോങ്കോങ്ങിലെ ഗോൾഡ്മാൻ ബാങ്കിൽ തന്നെ തിരികെ കയറാൻ നോക്കണം
  2. അല്ലെങ്കിൽ നല്ല ഒരു ഇടവേള എടുത്ത് നല്ല ഒരു നോവൽ എഴുതുക (സിനിമകൾക്കുള്ള സീനുകൾ അല്ല). അതല്ലെങ്കിൽ 'വല്ല വാർക്ക പണിക്കും പോയ്കൂടെടോ' എന്ന് വായനക്കാരൻ നിലവിളിക്കേണ്ടി വരും.

(അഭിപ്രായങ്ങൾ ലേഖന്റേത് മാത്രമാണ്. ലേഖനത്തിലെ ആശയങ്ങളുമായി മറുനാടന് നേരിട്ട് ബന്ധം ഉണ്ടായിരിക്കുന്നതല്ല.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP