Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾക്കും കുഞ്ഞ് മക്കളുണ്ടോ? അച്ഛനമ്മമാർ തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം: കെ സഞ്ജയ് കുമാർ ഗുരുദിൻ ഐ.പി.എസ് രചിച്ച 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ' എന്ന പുസ്തകം വായിക്കൂ: നിങ്ങളുടെ കുട്ടിയെ സുരക്ഷിതരാക്കാൻ തീർച്ചയായും ഈ പുസ്തകം സഹായിക്കും

നിങ്ങൾക്കും കുഞ്ഞ് മക്കളുണ്ടോ? അച്ഛനമ്മമാർ തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം: കെ സഞ്ജയ് കുമാർ ഗുരുദിൻ ഐ.പി.എസ് രചിച്ച 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ' എന്ന പുസ്തകം വായിക്കൂ: നിങ്ങളുടെ കുട്ടിയെ സുരക്ഷിതരാക്കാൻ തീർച്ചയായും ഈ പുസ്തകം സഹായിക്കും

തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ച് വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പത്തു വയസ്സുകാരി ഉൽപ്പെടെ ഗർഭിണിയാകുന്ന കഥകൾ നമ്മൾ ദിവസം തോറും പത്രത്താളുകളിൽ നിന്നും വായിച്ചറിയുന്നു. എന്നിട്ടും ഇത്തരം വാർത്തകൾ ദിനം തോറും കൂടിവരികയാണ്. ഈ വാർത്തകൾ എല്ലാം നമ്മുടെ കൺ മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ മക്കൾ ഇങ്ങനെ പീഡനത്തിന് ഇരയാകുന്നത്. മാതാപിതാക്കൾ ഇതിനെ കുറിച്ച് ചിന്തിക്കാറുണ്ടോ?

ഫേസ്‌ബുക്കും ട്വിറ്ററും വാട്‌സ് ആപ്പും എല്ലാം സൈബർ പീഡനവും ഓൺലൈൻ പീഡനവും തുടങ്ങി അനവധി കുരുക്കുകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഇതിനെ കുറിച്ച് ആദ്യം ബോധവാന്മാരാവേണ്ടത് അച്ഛനമ്മമാർ തന്നെയാണ്. മക്കൾ ഏത് വഴിക്ക് സഞ്ചരിക്കുന്നു എന്നത് അച്ഛനമ്മമാർ കൃത്യമായി അറിഞ്ഞിരിക്കണം. പൊലീസുകാരാണ് ഇത്തരം പല കേസുകളിലൂടെ കൂടുതലായി കടന്ന് പോവുന്നത്. കുട്ടികൾ ഇരയാക്കപ്പെടുന്ന പലതരത്തിലുള്ള ആക്രമണങ്ങളിലൂടെ കടന്ന് പോകുന്ന പൊലീസിന് പോലും പലപ്പോഴും പല കേസുകളും നൽകുന്നത് അമ്പരപ്പാണ്.

ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചടക്കമുള്ള അതി ഗൗരവകരമായ നിരീക്ഷണങ്ങളുമായി ഐ.പി.എസ് ഓഫീസറുടെ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെ ഇന്റർനെറ്റ് സുരക്ഷയുടെ വക്താവായി പ്രവർത്തിച്ച കെ. സഞ്ജയ് കുമാർ ഗുരുദിൻ ഐ.പി.എസ് രചിച്ച 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ' എന്ന 14 അധ്യായങ്ങളടങ്ങിയ പുസ്തകം രക്ഷിതാക്കളും അദ്ധ്യാപകരും ഡിജിറ്റൽ വിദ്യഭ്യാസം നേടേണ്ട പ്രാധാന്യത്തെക്കുറിച്ചും സൈബർ ലോകത്തെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും ചർച്ചചെയ്യുന്നു. ഓഗസ്റ്റ് ആദ്യ വാരം പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടായിരത്തിലേറെ കോപ്പികൾ വായനക്കാരിലേക്കെത്തി കഴിഞ്ഞു.

തന്റെ പതിനഞ്ചു വയസുള്ള മകളുടെ അശ്ലീല വീഡിയോ അവളുടെ ഫേസ്‌ബുക്ക് പേജിൽ കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഒരു അയൽവാസി രാത്രി ഫോൺ ചെയ്തത്. അതിൽ അവൾ 'ലൈക്ക്' ചെയ്തതായും കാണുന്നുണ്ടായിരുന്നു. നീയാണോ ഇത് ചെയ്തത്, എന്ന് മകളോട് ചോദിച്ചു. അവൾ അത് കണ്ണീരോടെ നിഷേധിച്ചു. 'ഇല്ലമ്മേ, ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല' അവളുടെ ഫേസ്‌ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തിരുന്നു. സഞ്ജയ് കുമാറിന്റെ മുന്നിലേക്കെതിയ ഒരു കേസാണിത്.

ഇങ്ങനെ പല കേസുകളും നമ്മുടെ കണ്ണിൻ മുമ്പിലുണ്ടെങ്കിലും എന്റെ കുട്ടിക്ക് ഇങ്ങനെ ഒന്നും വരില്ലെന്നാണ് പല മാതാപിതാക്കളുടെയും വിചാരം. ഇത് പല ആപത്തുകളിൽ കൊണ്ടു ചെന്ന് ചാടിക്കും. എന്നാൽ അപകടങ്ങൾ, ചതികൾ എവിടെയും ആർക്കും എപ്പോഴും സംഭവിക്കാവുന്നതാണെന്ന് നിരവധി കേസുകൾ ഉദാഹരിച്ച് ചൂണ്ടിക്കാണിക്കുകയാണ് തിരുവനന്തപുരത്തെ മുൻ ഡെപ്യൂട്ടി കമ്മീഷണർ കൂടിയായിരുന്ന സഞ്ജയ് കുമാർ.

ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഓരോ ഘട്ടത്തിലും ഏതൊക്കെ രീതിയിലുള്ള ചതിക്കുഴികളുമായാണ് കുട്ടികളെ കാത്തു നിൽക്കന്നതെന്നതിന്റെ സൂക്ഷ്മ വശങ്ങളും, പീഡനത്തിനിരയാകുന്ന കുട്ടികളിൽ പ്രകടമായ മാറ്റങ്ങൾ, എടുക്കേണ്ട മുൻ കരുതലുകൾ, എന്നിവയെല്ലാം അടങ്ങിയ ഒരു പഠനഗ്രന്ഥം തന്നെയാണ് സഞ്ജയ്യുടെ 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ?' എന്ന പുസ്തകം.

കുട്ടികൾ എന്തെങ്കിലും അപകടത്തിൽ ചാടിയാലും അത് തുറന്ന് പറയാൻ ഇവർ മടിക്കുന്നു. രക്ഷിതാക്കളോടുള്ള പേടിയാണ് പ്രധാനമായും ഇതിന് കാരണം. കൃത്യമായ ഉപദേശങ്ങളും ഇതോടെ ഇവർക്ക് ലഭിക്കാതെ പോകുന്നു. 'കുട്ടികൾ ഓൺലൈൻ പീഡനങ്ങൾക്ക് ഇരകളാകുന്നത് പലപ്പോഴും വേണ്ട സമയത്ത് കൃത്യമായ ഉപദേശങ്ങൾ ലഭിക്കാത്തതു കൊണ്ടാണ്. പാലിക്കേണ്ട സുരക്ഷാ മാർഗ്ഗങ്ങൾ എന്തെന്നോ, അപകടം നടന്നാൽ എന്തുചെയ്യണമെന്നോ അവർക്കറിയില്ല. പുറത്തുള്ള ലോകത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മക്കളെ ബോധവാന്മാരാക്കുമ്പോഴും ഓൺലൈൻ ഭീഷണികളെക്കുറിച്ച് ആരും പറഞ്ഞുകൊടുക്കാൻ ശ്രദ്ധിക്കാറില്ല. അതുകൊണ്ടു തന്നെ അവർ ഒരിക്കലും കേട്ടിട്ടില്ലാത്ത കുറ്റകൃത്യങ്ങളെക്കുറിച്ച്, അത്തരമൊരു അപകടത്തിൽ പെട്ടാൽ പോലും, രക്ഷിതാക്കളുടെ പ്രതികരണം ഭയന്ന് തുറന്നു പറയാൻ മടിക്കുന്നു,' സഞ്ജയ് കുമാർ പറയുന്നു.

കമ്പ്യൂട്ടറും ഇന്റർനെറ്റും എന്തിനേറെ നമ്മുടെ കയ്യിലിരിക്കുന്ന കുട്ടി ഫോൺ ആയാലും മതി നമ്മുടെ കുരുന്നുകളുടെ ജീവിതം മാറ്റി മറിക്കാൻ. അതിനാൽ അച്ഛനമ്മമാർ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക തന്നെ വേണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP