Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദൃശ്യമാദ്ധ്യമ ലോകത്തെ അറിയപ്പെടാത്ത സംഘർഷങ്ങളുടെ കഥയുമായി ജോൺ ബ്രിട്ടാസിന്റെ 'ചില്ലുജാലകക്കൂട്ടിൽ'; മാദ്ധ്യമപ്രവർത്തകരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായി കൈരളി ടിവി എംഡിയുടെ നോവൽ

ദൃശ്യമാദ്ധ്യമ ലോകത്തെ അറിയപ്പെടാത്ത സംഘർഷങ്ങളുടെ കഥയുമായി ജോൺ ബ്രിട്ടാസിന്റെ 'ചില്ലുജാലകക്കൂട്ടിൽ'; മാദ്ധ്യമപ്രവർത്തകരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായി കൈരളി ടിവി എംഡിയുടെ നോവൽ

ആവണി ഗോപാൽ

തിരുവനന്തപുരം: ദൃശ്യമാദ്ധ്യമങ്ങളുടെ പുറകിലെ അറിയപ്പെടാത്ത സംഘർഷങ്ങളുടെ കഥയുമായി മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസിന്റെ നോവൽ. 'ചില്ലുജാലകക്കൂട്ടിൽ' എന്ന നോവൽ ഇരുപത്തേഴു കൊല്ലത്തെ തന്റെ മാദ്ധ്യമരംഗത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജോൺ ബ്രിട്ടാസ് ഒരുക്കിയിരിക്കുന്നത്.

ഇപ്പോൾ കൈരളി ടിവി എംഡിയായ ജോൺ ബ്രിട്ടാസ് മാദ്ധ്യമപ്രവർത്തകൻ, അഭിനേതാവ് എന്നീ മേഖലകളിൽ തന്റെ സാന്നിധ്യം അറിയിച്ചശേഷമാണ് സാഹിത്യരംഗത്തും തന്റേതായ ഇടം ലക്ഷ്യമിടുന്നത്.

ദേശാഭിമാനി ദിനപ്പത്രത്തിന്റെ ഡൽഹി ബ്യൂറോയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന ജോൺ ബ്രിട്ടാസ് രണ്ടായിരത്തിലാണ് ദൃശ്യമാദ്ധ്യമ രംഗത്തേക്കുവരുന്നത്. കൈരളി ടിവി എംഡിയായി പ്രവർത്തിച്ച അദ്ദേഹം ഇടയ്ക്ക് ഏഷ്യാനെറ്റിന്റെ ചാനൽ ഹെഡ്ഡായും പ്രവർത്തിച്ചു. തിരികെ വീണ്ടും കൈരളി ടിവിയിൽ എംഡിയാകുകയും ചെയ്തു. മാദ്ധ്യമരംഗത്തെ തന്റെ അനുഭവങ്ങളാണ് നോവൽ രചിക്കാൻ ബ്രിട്ടാസിനു പ്രേരണയായത്.

ഡിസി മെഗാ ബുക്ക് ഫെയറിന്റെ ഉദ്ഘാടന ചടങ്ങിൽ ജോൺ ബ്രിട്ടാസിന്റെ പുസ്തകം മെഗാതാരം മമ്മൂട്ടി പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ് ചീഫ് ന്യൂസ് എഡിറ്റർ ടി എൻ ഗോപകുമാർ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

അമൃതാനന്ദമയിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ നൽകുന്ന 'ഹോളിഹെൽ' എന്ന പുസ്തകം രചിച്ച ഗെയ്ൽ ട്രെഡ്‌വെല്ലുമായുള്ള ജോൺ ബ്രിട്ടാസിന്റെ അഭിമുഖം ഏറെ ചർച്ചയായ ഒന്നാണ്. ന്യൂയോർക്കിൽ ട്രെഡ്‌വെല്ലിനെ കണ്ടെത്തി അഭിമുഖം നടത്തിയ ജോൺ ബ്രിട്ടാസ് തന്റെ അനുഭവങ്ങൾ നേരത്തെ 'അമൃതാനന്ദമയീമഠം- ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ' എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

അതിനു പിന്നാലെയാണ് നോവൽ രചനയിലേക്കും ബ്രിട്ടാസ് കടന്നത്. 'ചില്ലുജാലകക്കൂട്ടിൽ' ജോൺ ബ്രിട്ടാസ് കടന്നുപോയ ജീവിത പരിസരങ്ങളിൽ നിന്ന് അടർത്തിയെടുത്ത നോവലാണെന്ന് മുഖവുരയിൽ സാഹിത്യകാരൻ എം മുകുന്ദൻ വ്യക്തമാക്കുന്നുണ്ട്. നോവൽ രചയിതാവിന്റെ ഏറ്റവും വലിയ സമ്പത്ത് സ്വന്തം അനുഭവങ്ങളാണ്. അറിയുന്ന, അനുഭവിച്ച ലോകാനുഭവങ്ങളെക്കുറിച്ച എഴുത്തുകാരൻ എഴുതുന്ന നോവലുകളാണ് വീണ്ടും വീണ്ടും വായിക്കപ്പെടുന്നത്. അത്തരത്തിലൊന്നാണ് ചില്ലുജാലകക്കൂട്ടിലെന്ന് എം മുകുന്ദൻ സാക്ഷ്യപ്പെടുത്തുന്നു.

ടിവിയിൽ പരമബോറു പരിപാടികൾ കണ്ട് മനം മടുക്കുന്ന പ്രേക്ഷകർ എപ്പോഴും നിരവധി പരാതികളാണ് ഉയർത്തുന്നത്. എന്നാൽ, അത്തരം പരിപാടികൾ അവതരിപ്പിക്കുന്നതിനു പിന്നിലെ നിരവധി സമ്മർദങ്ങളെക്കുറിച്ച് ആരും ഓർക്കാറില്ല. ആ സമ്മർദങ്ങളെക്കുറിച്ച് അറിയണമെങ്കിൽ ചില്ലുജാലകക്കൂട്ടിൽ വായിച്ചാൽ മതി.

ഓരോ ചാനലിന്റെയും ഓരോ പരിപാടികളുടെയും പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതിന് അവതാരകർ കാണിക്കുന്ന പെടാപ്പാടുകളെക്കുറിച്ചും എന്തുകൊണ്ട് അവരെല്ലാം അത്തരത്തിൽ ഒരുശ്രമം നടത്തുന്നുവെന്നതിനെക്കുറിച്ചും നോവൽ വിവരിക്കുന്നുണ്ട്. മനസിൽ സൂക്ഷിക്കുന്ന കലാമൂല്യങ്ങളും സാമൂഹ്യപ്രതിബദ്ധതയുമെല്ലാം മാറ്റിവച്ചു റേറ്റിങ് ഉയർത്താൻ കാട്ടുന്ന ശ്രമത്തിനു പിന്നിലുള്ള കഥകളെക്കുറിച്ചെല്ലാം തന്റെ നോവലിലൂടെ ജോൺ ബ്രിട്ടാസ് വിവരിക്കുന്നുണ്ട്.

സംഘർഷഭരിതമായ മാദ്ധ്യമലോകത്തെയാണ് നവീൻ എന്ന കഥാപാത്രത്തിലൂടെ ജോൺ ബ്രിട്ടാസ് ആസ്വാദകർക്കുമുന്നിൽ എത്തിക്കുന്നത്. പാവപ്പെട്ട കുടുംബത്തിൽ നിന്നെത്തി ഒടുവിൽ ഏഴക്ക ശമ്പളം വാങ്ങുന്ന ദൃശ്യമാദ്ധ്യമരംഗത്തെ രാജാവായി മാറുന്ന ഒരു കഥാപാത്രമാണ് നവീൻ. ദൃശ്യമാദ്ധ്യമ കോർപറേറ്റ് ലോകത്തെ അമ്പരിപ്പിക്കുന്ന രഹസ്യങ്ങളാണ് നോവലിലൂടെ വെളിച്ചത്തുവരുന്നത്. ആദ്യമായാണ് ഒരു മലയാള നോവൽ ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്നാണ് എം മുകുന്ദൻ അഭിപ്രായപ്പെട്ടത്.

കോർപ്പറേറ്റ് ഭീമന്മാരുടെ അന്തഃപുര രഹസ്യങ്ങളും പ്രണയിക്കുവാൻ പോലും സമയം കിട്ടാതെ നിരന്തര സംഘർഷങ്ങൾ ഏറ്റുവാങ്ങി പ്രവൃത്തിയെടുക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ കദനകഥയുമൊക്കെ ബ്രിട്ടാസ് ചില്ലുജാലകക്കൂട്ടിൽ വരച്ചുകാണിക്കുന്നു. സമകാലീന മലയാള നോവലുകളിൽ കാണുന്ന ഭാഷാപരമായ ദുർമേദസ് ഇല്ലെന്നും പരിമിതമായ പദാവലി കൊണ്ട് നിർമ്മിച്ച നോവലാണ് ഇതെന്നും അവതാരികയിൽ എം മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു.

ജോൺ ബ്രിട്ടാസ് നോവലെഴുതുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ചില്ലുജാലകക്കൂട്ടിൽ പ്രകാശിപ്പിച്ചുകൊണ്ട് നടൻ മമ്മൂട്ടി പറഞ്ഞത്. ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോകളുമായി ബന്ധപ്പെട്ട വിഷയം നോവലിന് തിരഞ്ഞെടുത്തത് നന്നായെന്നും പ്രകാശനവേളയിൽ അദ്ദേഹം പറഞ്ഞിരുന്നു.

കണ്ണൂർ ജില്ലക്കാരനായ ജോൺ ബ്രിട്ടാസ് പയ്യന്നൂർ കോളേജിൽ നിന്ന് ബിരുദവും തൃശൂർ കേരള വർമ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് ആറുവർഷത്തെ ഗവേഷണം പൂർത്തിയാക്കിയ അദ്ദേഹം 1988ലാണ് മാദ്ധ്യമരംഗത്ത് എത്തുന്നത്. കൈരളി-പീപ്പിൾ ചാനലുകളിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജങ്ഷൻ എന്ന പരിപാടി ഏറെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നാണ്. സംവാദ-അഭിമുഖ പരിപാടികൾക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡുകളുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്കും ജോൺ ബ്രിട്ടാസ് അർഹനായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP