Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജൻകേസിൽ ജയറാം പടിക്കലിനെ വിശ്വസിച്ചത് കരുണാകരന് വീഴ്‌ച്ചയായി; ചാരക്കേസിൽ കരുണാകരന് മാത്രം നീതി ലഭിച്ചില്ല; കേരള രാഷ്ട്രീയത്തിലെ കാണാകഥകൾ പരസ്യമാക്കി കെ. കരുണാകരന്റെ വിശ്വസ്തന്റെ പുസ്തകം; കെ.എസ്.പ്രേമചന്ദ്രക്കുറുപ്പിന്റെ 'ലീഡർക്കൊപ്പം മൂന്നരപ്പതിറ്റാണ്ട് 'പ്രകാശനം നാളെ

രാജൻകേസിൽ ജയറാം പടിക്കലിനെ വിശ്വസിച്ചത് കരുണാകരന് വീഴ്‌ച്ചയായി; ചാരക്കേസിൽ കരുണാകരന് മാത്രം നീതി ലഭിച്ചില്ല; കേരള രാഷ്ട്രീയത്തിലെ കാണാകഥകൾ പരസ്യമാക്കി കെ. കരുണാകരന്റെ വിശ്വസ്തന്റെ പുസ്തകം; കെ.എസ്.പ്രേമചന്ദ്രക്കുറുപ്പിന്റെ 'ലീഡർക്കൊപ്പം മൂന്നരപ്പതിറ്റാണ്ട് 'പ്രകാശനം നാളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരിൽ ഉയർന്ന ആരോപണങ്ങളുടെ വസ്തുതകൾ നിരത്തി ലീഡറുടെ വിശ്വസ്തനായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എസ്.പ്രേമചന്ദ്രക്കുറുപ്പിന്റെ പുസ്തകമിറങ്ങുന്നു. ലീഡർ ആരോപണവിധേയനായിരുന്ന രാജൻ കേസിലും പാമൊലിൻ കേസിലും ഐഎസ്ആർഒ കേസിലും എന്താണ് സംഭവിച്ചതെന്നതിന്റെ കൃത്യമായ വിവരങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ കേസുകളിലൊന്നും കെ. കരുണാകരന് പങ്കുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരും പ്രതിപക്ഷവും കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കളും ചേർന്ന് അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും കരുണാകരനൊപ്പം 36 വർഷം പ്രവർത്തിച്ച പ്രേമചന്ദ്രക്കുറുപ്പ് 'ലീഡർക്കൊപ്പം മൂന്നരപ്പതിറ്റാണ്ട് ' എന്നു പേരിട്ട സർവീസ് സ്റ്റോറിയിൽ വെളിപ്പെടുത്തുന്നു. പുസ്തകം നാളെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കെ.മുരളീധരൻ എംപിക്കു നൽകി പ്രകാശനം ചെയ്യും. തൈയ്ക്കാട് ഭാരത് ഭവനിൽ വെകുന്നേരം 5 മണിക്കാണ് ചടങ്ങ്. ചെറിയാൻ ഫിലിപ്പ് ലീഡർ അനുസ്മരണപ്രഭാഷണം നടത്തും. പ്രമുഖ അഭിഭാഷകൻ സി.ഉണ്ണിക്കൃഷ്ണൻ ചടങ്ങിൽ ആശംസ അർപ്പിക്കും. ലേബർ കമ്മിഷണർ, തൃശൂർ, മലപ്പുറം ജില്ലകളിൽ കലക്ടർ ഉൾപ്പെടെ ചുമതലകൾക്കു ശേഷം വിരമിച്ച പ്രേമചന്ദ്രക്കുറുപ്പ് ഇപ്പോൾ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രയുടെ ചെയർമാനാണ്.

രാജൻ കേസ് വിവാദമായപ്പോഴാണ്, ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരൻ സംഭവമറിഞ്ഞതെന്നു കുറുപ്പ് പറയുന്നു. സത്യമറിയാൻ, ഡിഐജിയായിരുന്ന ജയറാം പടിക്കലിനെ കരുണാകരൻ വീട്ടിലേക്കു വിളിച്ചുവരുത്തി. കേൾക്കുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്നും പറയാൻ മടിക്കരുതെന്നും ആവശ്യപ്പെട്ടപ്പോൾ രാജനെ ഒരു കാലത്തും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പടിക്കൽ ആണയിട്ടു.

സ്വന്തം കുട്ടികളുടെ കാഴ്ചശക്തി തിരിച്ചുകിട്ടാൻ വിദേശ ചികിത്സയ്ക്കു സൗകര്യമൊരുക്കിയ മുഖ്യമന്ത്രിയെ സ്വന്തം അച്ഛനെപ്പോലെയാണു കാണുന്നതെന്നും കള്ളം പറയാനാകില്ലെന്നും കൂടി പടിക്കൽ പറഞ്ഞതോടെ കരുണാകരൻ പൂർണമായി വിശ്വസിച്ചു. അദ്ദേഹത്തെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും തന്നോട് പടിക്കൽ അസത്യം പറയില്ലെന്നു കരുണാകരൻ തറപ്പിച്ചു പറഞ്ഞു. അതു പൂർണമായും കള്ളമായിരുന്നുവെന്നു കരുണാകരനു ബോധ്യപ്പെട്ടതു പിന്നീടാണ്. പാമൊലിൻ ഇറക്കുമതി ആരോപണം വന്നപ്പോഴും കരുണാകരൻ ഉദ്യോഗസ്ഥരെ വിശ്വസിച്ചു.

വിവാദമുണ്ടായപ്പോൾ ഡൽഹിയിലായിരുന്ന കരുണാകരൻ അന്നത്തെ ചീഫ് സെക്രട്ടറി പത്മകുമാറിനെ വിളിച്ച് തിരിമറി നടന്നിട്ടുണ്ടെങ്കിൽ തുറന്നു പറയാൻ ആവശ്യപ്പെട്ടു. പത്മകുമാർ എല്ലാം നിഷേധിച്ചു. പിന്നീട് അതു തെറ്റാണെന്നു ബോധ്യമായി. ഈ കേസിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ കരുണാകരന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കുമെന്നും കുറുപ്പ് എഴുതുന്നു. ഐഎസ്ആർഒ ചാരക്കേസ് കരുണാകരനെതിരെ ഉപയോഗിക്കാൻ ഒരു വിഭാഗം കോൺഗ്രസുകാർ തിരക്കഥ ചമച്ചു.

ഐഎസ്ആർഒ പോലെ സുരക്ഷയുള്ള സ്ഥലത്തു നിന്നു രേഖകളൊക്കെ ചോരുമോ എന്നു കരുണാകരൻ തന്നോടു സംശയം ചോദിച്ചിട്ടുണ്ട്. നമ്പി നാരായണൻ ഉൾപ്പെടെയുള്ളവർക്കു വർഷങ്ങൾക്കു ശേഷം നീതി കിട്ടി. അതു കിട്ടാതെ പോയതു കരുണാകരനു മാത്രമാണെന്നും കുറുപ്പ് വിലയിരുത്തുന്നു. സർക്കാർ സർവീസിനിടെ പ്രേമചന്ദ്രക്കുറുപ്പ് അഴിമതിക്കെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടങ്ങളെക്കുറിച്ചും അതിന്റെ പേരിൽ നേരിട്ട തിരിച്ചടികളെക്കുറിച്ചും പുസ്തകത്തിൽ വെളിപ്പെടുത്തലുകളുണ്ട്. എതിർചേരിയിൽ മന്ത്രിമാർ മുതൽ ഡ്രൈവർമാർ വരെ ഉണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായും പ്രഗൽഭനായ മുഖ്യമന്ത്രിയായും ഇന്ത്യൻ രാഷ്ട്രീയത്തിലെ കിങ്‌മേക്കറായും വിരാജിച്ച ലീഡറുടെ, ഇതുവരെയും ആരും പറഞ്ഞിട്ടില്ലാത്ത, വ്യക്തിത്വത്തിലെ സവിശേതകൾ ഈ കൃതിയിൽ കാണാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP