Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

മാതൃഭൂമി സാഹിത്യ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്; ദേശാതിർത്തികൾക്കും ഭാഷാതിർത്തികൾക്കും ആദർശ-വിശ്വാസാതിർത്തികൾക്കും പൗരത്വനിയമങ്ങൾക്കും വിലക്കാനാവാത്ത വിസ്മയമാണ് ഖാദർ എന്ന ബുഹുമുഖപ്രതിഭയെന്ന് പുരസ്‌കാര നിർണ്ണയ സമിതി

മാതൃഭൂമി സാഹിത്യ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്; ദേശാതിർത്തികൾക്കും ഭാഷാതിർത്തികൾക്കും ആദർശ-വിശ്വാസാതിർത്തികൾക്കും പൗരത്വനിയമങ്ങൾക്കും വിലക്കാനാവാത്ത വിസ്മയമാണ് ഖാദർ എന്ന ബുഹുമുഖപ്രതിഭയെന്ന് പുരസ്‌കാര നിർണ്ണയ സമിതി

സ്വന്തം ലേഖകൻ

കോഴിക്കോട്: 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവി കെ.ജി.എസ്. ചെയർമാനും നോവലിസ്റ്റ് സാറാ ജോസഫ്, നിരൂപകൻ ആഷാ മേനോൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഈ വർഷത്തെ പുരസ്‌കാരത്തിന് യു.എ. ഖാദറിനെ തിരഞ്ഞെടുത്തത്.

ദേശാതിർത്തികൾക്കും ഭാഷാതിർത്തികൾക്കും ആദർശ-വിശ്വാസാതിർത്തികൾക്കും പൗരത്വനിയമങ്ങൾക്കും വിലക്കാനാവാത്ത വിസ്മയമാണ് യു.എ. ഖാദർ എന്ന ബുഹുമുഖപ്രതിഭ എന്ന് പുരസ്‌കാരസമിതി വിലയിരുത്തി. ബർമ്മ(മ്യാന്മാർ)ക്കാരിയായ മാതാവിന്റെ ഈ മകൻ ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സർഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയത് ലോകസാഹിത്യത്തിലെതന്നെ അപൂർവ്വാനുഭവമാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളിൽ നിറയുന്നു.

കേരളീയനായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടേയും മ്യാന്മാർ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ൽ കിഴക്കൻ മ്യാന്മാറിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ച യു.എ.ഖാദർ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആർട്സിൽ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്ത ഖാദർ 1990-ലാണ് സർക്കാർ സർവ്വീസിൽനിന്ന് വിരമിച്ചത്.

നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവായ ഖാദറിന്റെ 'തൃക്കോട്ടൂർ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളിൽ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂർ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തിൽ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് പ്രധാനരചനകൾ.

'തൃക്കോട്ടൂർ പെരുമ'യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാർഡും തൃക്കോട്ടൂർ നോവലുകൾക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ് എന്നീ പുരസ്‌കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി. ഡിസംബർ 30ന് തിങ്കളാഴ്ച കോഴിക്കോട്ട് കെ.പി. കേശവ മേനോൻ ഹാളിൽവച്ച് നടക്കുന്ന ചടങ്ങിൽ ടി. പത്മനാഭൻ മാതൃഭൂമി പുരസ്‌കാരം യു.എ. ഖാദറിന് സമർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP