Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസാഹിത്യ അക്കാദമി അവാർഡു കവി പ്രഭാവർമയ്ക്ക്; പുരസ്‌കാരം പാപബോധത്താൽ നീറുന്ന ശ്രീകൃഷ്ണനെ വരച്ചു കാട്ടിയ 'ശ്യാമമാധവ'ത്തിന്

കേന്ദ്രസാഹിത്യ അക്കാദമി അവാർഡു കവി പ്രഭാവർമയ്ക്ക്; പുരസ്‌കാരം പാപബോധത്താൽ നീറുന്ന ശ്രീകൃഷ്ണനെ വരച്ചു കാട്ടിയ 'ശ്യാമമാധവ'ത്തിന്

ന്യൂഡൽഹി: കവി പ്രഭാവർമയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. 'ശ്യാമമാധവം' എന്ന കൃതിക്കാണു പുരസ്‌കാരം. വയലാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കൃതിയാണ് ശ്യാമമാധവം. കൃഷ്ണായനം മുതൽ ശ്യാമമാധവം വരെ പതിനഞ്ച് അധ്യായങ്ങളുള്ള ഖണ്ഡകാവ്യം മുമ്പു വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു. വ്യത്യസ്തമായ ഒരു കാവ്യാനുഭവം പകർന്നു തരുന്നതാണ് ഈ കാവ്യം.

വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു 'കാവ്യഭാരതപര്യടന'മാണിത്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് ശ്യാമമാധവത്തിന്റെ പ്രമേയം. വൃത്ത - താള ഭംഗികളോടെ, കാവ്യബിംബ സന്നിവേശത്തോടെ, അതിമനോഹരമായ ആവിഷ്‌കാരരീതിയാണ് ഈ കവിതയിലുള്ളത്. ഇതിഹാസ പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താൽ നീറുന്ന മറ്റൊരു കൃഷ്ണനെ പ്രഭാവർമ്മ ഈ കാവ്യാഖ്യായികയിലൂടെ അനാവരണം ചെയ്യുന്നു.

മാനവരാശിയെ എന്നും അലട്ടുന്ന യുദ്ധവും സമാധാനവും എന്ന പ്രശ്നമാണ് സങ്കീർണ വ്യക്തിത്വമുള്ള ശ്രീകൃഷ്ണനെന്ന ഇതിഹാസ കഥാപാത്രത്തിന്റെ മനസ്സ് അനാവരണംചെയ്യുന്നതിലൂടെ ശ്യാമമാധവം ആവിഷ്‌കരിക്കുന്നത്. പാഴായിപ്പോയ ഒരു ജന്മമായിരുന്നു തന്റേതെന്ന് ഓരോ സംഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ട് പരിതപിക്കുകയാണ് ശ്യാമമാധവത്തിലെ കൃഷ്ണൻ.

1959ൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് കടപ്രയിലാണ് പ്രഭാവർമയുടെ ജനനം. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽഎൽബിയും കരസ്ഥമാക്കിയിട്ടുണ്ട്.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു. ദേശാഭിമാനി റസിഡന്റ് എഡിറ്ററായും, ഡൽഹി ബ്യൂറോ ചീഫ് ആയും, കൈരളി ടി വി ഡയറക്ടറർ ആയും, കേരള സാഹിത്യ അക്കാദമിയുടെ നിർവാഹക സമിതി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മാദ്ധ്യമ ഉപദേഷ്ടാവാണ് പ്രഭാവർമ.

സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ആർദ്രം, അവിചാരിതം എന്നീ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പാരായണത്തിന്റെ രീതി ഭേദങ്ങൾ' എന്ന പ്രബന്ധ സമാഹാരവും 'മലേഷ്യൻ ഡയറിക്കുറിപ്പുകൾ' എന്ന യാത്രാ വിവരണവും രചിച്ചിട്ടുണ്ട്. അർക്കപൂർണിമ എന്ന കവിതാസമാഹാരത്തിന് 1995 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2013 ൽ ശ്യാമമാധവം എന്ന കൃതിക്ക് വയലാർ അവാർഡും ലഭിച്ചു. ഇതുകൂടാതെ ചങ്ങമ്പുഴ അവാർഡ്, അങ്കണം അവാർഡ്, വൈലോപ്പള്ളി പുരസ്‌കാരം, മികച്ച ജനറൽ റിപ്പോർട്ടിങ്ങിന് ഉള്ള സംസ്ഥാന സർക്കാർ അവാർഡ് എന്നിങ്ങനെ സാഹിത്യരംഗത്തും, പത്രപ്രവർത്തന രംഗത്തും ഉള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP