Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാൾ അന്വേഷണവും കണ്ടെത്തലും ഉള്ളംകൈയിലാക്കിയ എഴുത്തുകാരൻ; മറ്റേയാൾ ആഖ്യാനമികവിലെ വിസ്മയം; 2019 ലെ സാഹിത്യ നൊബേൽ ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്‌കെയ്ക്കും 2018 ലെ പുരസ്‌കാരം പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചുക്കിനും; ഹാൻഡ്‌കെ നാടകകൃത്തും വിവർത്തകനും; ആക്ടിവിസ്റ്റായ ഓൾഗ കഴിഞ്ഞ വർഷം മാൻ ബുക്കർ പുരസ്‌കാരം നേടിയ പ്രതിഭാശാലി

ഒരാൾ അന്വേഷണവും കണ്ടെത്തലും ഉള്ളംകൈയിലാക്കിയ എഴുത്തുകാരൻ; മറ്റേയാൾ ആഖ്യാനമികവിലെ വിസ്മയം; 2019 ലെ സാഹിത്യ നൊബേൽ ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്‌കെയ്ക്കും 2018 ലെ പുരസ്‌കാരം പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചുക്കിനും; ഹാൻഡ്‌കെ നാടകകൃത്തും വിവർത്തകനും; ആക്ടിവിസ്റ്റായ ഓൾഗ കഴിഞ്ഞ വർഷം മാൻ ബുക്കർ പുരസ്‌കാരം നേടിയ പ്രതിഭാശാലി

മറുനാടൻ ഡെസ്‌ക്‌

സ്‌റ്റോക്‌ഹോം: 2019 ലെയും 2018 ലെയും സാഹിത്യ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഈവർഷത്തെ പുരസ്‌കാരം ഓസ്ട്രിയയുടെ പീറ്റർ ഹാൻഡ്‌കെയ്ക്കാണ്. മാറ്റി വച്ച കഴിഞ്ഞ വർഷത്തെ പുരസ്‌കാരം പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചുക്കിനാണ്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

മനുഷ്യാനുഭവത്തിന്റെ സവിശേഷതകളും പരിധികളും ഭാഷാപരമായ ചാതുര്യത്തോടെ അന്വേഷിച്ച എഴുത്തുകാരനാണ് ഹാൻഡ്‌കെയെന്ന് അക്കാദമി വിശേഷിപ്പിച്ചു. സർവ്വവിജ്ഞാന തുല്യമായ അഭിനിവേശം ജീവിതത്തിന്റെ രൂപമാക്കി അതിരുകൾ കടക്കുന്ന ആഖ്യാനഭാവനയെന്നാണ് ഓൾഗ ടോകാർചുക്കിന്റെ എഴുത്തെന്ന് അക്കാദമി വിലയിരുത്തി.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ ഏറ്റവും സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ ഒരാളാണ് ഹാൻഡ്‌കെ. അദ്ദേഹത്തിന്റെ കൃതികളിലെല്ലാം പുതിയവ കണ്ടെത്താനുള്ള തീക്ഷണമായ ത്വര കാണാം. അവ അദ്ദേഹം പുതിയ സാഹിത്യ ആവിഷ്‌കാരങ്ങളിലൂടെ പ്രകാശിപ്പിച്ചുവെന്ന് അക്കാദമി പറഞ്ഞു. സോറോ ബിയോൻഡ് ഡ്രീംസ്, ഷോട്ട് ലെറ്റർ, ലോങ് ഫെയർവെൽ എന്നിവയാണ് ഹാൻഡ്‌കെയുംടെ നോവലുകൾ.ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനുമാണ് ഹാൻഡ്‌കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി സിനിമകൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

2018 ലെ നോബൽ ജേതാവായ ഓൾഗ ടോകാർചുക് കഴിഞ്ഞ വർഷം മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടിയ എഴുത്തുകാരിയാണ്. പോളിഷ് ആക്റ്റിവിസ്റ്റാണ്. ഒരുനൂറ്റാണ്ടിനിടെ സാഹിത്യ നൊബേൽ നേടുന്ന 15 ാമത്തെ വനിതയാണ് ഓൾഗ. ഈ ആഴ്ച പ്രഖ്യാപിച്ച മറ്റ് 11 നൊബേൽ പുരസ്‌കാര ജേതാക്കളും വനിതകളായിരുന്നു. ഫ്‌ളൈറ്റസ്, സിറ്റീസ് ഇൻ മീറ്റസ്, ദി ജേർണി ഓഫ് ദി ഹബുക്ക് പീപ്പിൾ, പ്രിമിവൽ ആൻഡ് അദർ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാർഡോബിൾ, ദി ഡോൾ ആൻഡ് ദി പേൾ എന്നിവയാണ് മുഖ്യകൃതികൾ.

അക്കാദമി സ്ഥിരാംഗത്തിന്റെ ഭർത്താവിനെതിരായ ലൈംഗിക വിവാദത്തെത്തുടർന്നാണ് കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ നൽകാതിരുന്നത്. സ്വീഡനിലെ സാംസ്‌കാരിക പ്രമുഖനായ ഷീൻ ക്ലോഡ് അർനോയ്‌ക്കെതിരെ ഉയർന്ന ലൈംഗികപീഡന ആരോപണമാണ് 2018ലെ സാഹിത്യ നോബലിന് തടസ്സമായത്. അക്കാദമിയിലെ സ്ഥിരാംഗവും കവിയുമായ കാതറീന ഫ്രോസ്റ്റൻസണിന്റെ ഭർത്താവാണ് അർനോ. അതീവരഹസ്യമായി സൂക്ഷിക്കാറുള്ള നൊബേൽ ജേതാക്കളുടെ പട്ടിക അർനോ വഴി ചോർന്നെന്നും ആക്ഷേപമുയർന്നു. കാറ്ററിനയെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് മൂന്നുപേർ കമ്മിറ്റിയിൽനിന്നു രാജിവച്ചു. ഇതോടെ 70 വർഷത്തിനുശേഷം സാഹിത്യമില്ലാതെ നൊബേൽ പ്രഖ്യാപനങ്ങൾ പൂർത്തിയായി. അധികം വൈകാതെ കാതറീനയും രാജിവച്ചു. അർനോയ്ക്ക് രണ്ടു വർഷം തടവുശിക്ഷയും വിധിച്ചു. വിഷയം കൈകാര്യം ചെയ്തതിനെക്കുറിച്ച് വിമർശനമുയർന്നതോടെ സാഹിത്യത്തിനുള്ള സമ്മാനം നൽകുന്ന അക്കാദമിയുടെ ആദ്യത്തെ വനിതാ സെക്രട്ടറിയായ സാറാ ഡാനിയുസും രാജിവച്ചു. ഇതോടെ 2019 ൽ 2018 ലെ ജേതാവിനെയും പ്രഖ്യാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP