Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകം'; എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്; അംഗീകാരം, സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്; 'അഭിമാനവും സന്തോഷവും നൽകുന്ന നിമിഷം'; വായനക്കാരോട് നന്ദി പറഞ്ഞ് പ്രതികരണം

'പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകം'; എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്; അംഗീകാരം, സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്;  'അഭിമാനവും സന്തോഷവും നൽകുന്ന നിമിഷം'; വായനക്കാരോട് നന്ദി പറഞ്ഞ് പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്റെ പ്രിയങ്കരനായ നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.

സാംസ്‌കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് വച്ചാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. മലയാളസാഹിത്യത്തിന് നൽകുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വർഷം തോറും നൽകുന്ന പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ്.

സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ചെയർമാനും പ്രഫ. എം.കെ.സാനു, വൈശാഖൻ, ഡോ. എം വിനാരായണൻ, റാണി ജോർജ് ഐഎഎസ് എന്നിവർ അംഗങ്ങളുമായ പുരസ്‌കാര സമിതി വിലയിരുത്തി.

പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിർവചനങ്ങൾക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവയ്ക്കുന്ന എഴുത്തുകാരനാണ് സേതുവെന്നും പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാൻ കാണിച്ച സൂക്ഷ്മജാഗ്രത അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നുവെന്നും സമിതി പറഞ്ഞു. ഏകകണ്ഠമായി പുരസ്‌കാരത്തിന് സേതുവിനെ ശുപാർശ ചെയ്തത്.

ജീവിതാനുഭവങ്ങളുടെ ഒരു വലിയ ബാങ്ക് നിക്ഷേപമുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിർവ്വചനങ്ങൾക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവെയ്ക്കുന്ന എഴുത്തുകാരനാണ് സേതു. പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാൻ കാണിച്ച സൂക്ഷ്മജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നു. അതോടൊപ്പം തന്റെ രചനകളും ജീവിതവും വഴി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ ഉയർപ്പിപ്പിടിക്കുന്ന എഴുത്തുകാരനാണ് സേതു.

മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിർന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്കിന്റെ ഡയറക്ടർ, നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാൻ തുടങ്ങിയ വലിയ പദവികളിൽ മഹത്തായ സംഭാവനകൾ നൽകിയ ശ്രേഷ്ഠവ്യക്തിത്വമാണ് അദ്ദേഹം.

വലിയ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമാണ് ഇതെന്ന് സേതു പ്രതികരിച്ചു. ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം ലഭിക്കുക എന്നത് മലയാളഭാഷയിൽ എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമുള്ള കാര്യമാണ്. കഴിഞ്ഞ അമ്പത്തിയഞ്ച് കൊല്ലമായി എഴുതുന്നു. എല്ലാം കൊണ്ടും വളരെ സന്തോഷം ഉണ്ട്. തീരെ പ്രതീക്ഷിക്കാത്ത പുരസ്‌കാരം വന്നുചേർന്നതിൽ വളരെയധികം സന്തോഷമുണ്ട്. എല്ലാ വായനക്കാരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്നും സേതു പ്രതികരിച്ചു.

1942 ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ച സേതു പാലിയം ഹൈസ്‌കൂളിലും ആലുവ യുലി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിലും റെയിൽവേയിലും ജോലി ചെയ്ത ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഡയറക്ടർ, നാഷനൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാൻ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ജോലിയുടെ ഭാഗമായി ഇന്ത്യയാകെ സഞ്ചരിച്ചതിന്റെ അനുഭവം സേതുവിന്റെ എഴുത്തിനെ ദേശപരിമിതികൾക്കപ്പുറത്തേക്കു സഞ്ചരിക്കാൻ സഹായിച്ചിട്ടുണ്ട്.

കഥ, നോവൽ വിഭാഗങ്ങളിലായി മുപ്പത്തഞ്ചിലേറെ കൃതികൾ രചിച്ച സേതുവിന് 'പാണ്ഡവപുരം' എന്ന നോവലിനും 'പേടിസ്വപ്നങ്ങൾ' എന്ന കഥയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അടയാളങ്ങൾ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ചേക്കുട്ടി' എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും ലഭിച്ചു.

മറുപിറവി, പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകൾ, നവഗ്രഹങ്ങളുടെ തടവറ (പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്ത്), അടയാളങ്ങൾ (നോവലുകൾ), തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങൾ, ആശ്വിനത്തിലെ പൂക്കൾ, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങൾ, അരുന്ധതിയുടെ വിരുന്നുകാരൻ, ദൂത്, ഗുരു (കഥ), അപ്പുവും അച്ചുവും, ചേക്കുട്ടി (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, ഓടക്കുഴൽ പുരസ്‌കാരം വിശ്വദീപം പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP