Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എഴുത്തച്ഛൻ പുരസ്‌കാരം കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക്

എഴുത്തച്ഛൻ പുരസ്‌കാരം കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക്

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളിയുടെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. സാഹിത്യഅക്കാദമി പ്രസിഡന്റ് പെരുംമ്പടവം ശ്രീധരൻ അദ്ധ്യക്ഷനും കെ.എൽ. മോഹന വർമ്മ, ഒ.വി.ഉഷ, പ്രൊഫസർ മുഹമ്മദ് അഹമ്മദ് സാസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് നമ്പൂതിരിയെ പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

തനിക്ക് സിദ്ധിച്ച മഹാഭാഗ്യമാണ് എഴുത്തച്ഛൻ പുരസ്‌ക്കാരമെന്ന് കവി വിഷ്ണുനാരായണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. പുരസ്‌കാര വിവരം കവിയെ നേരിൽ കണ്ടറിയിക്കാനും അഭിനന്ദിക്കാനുമായി കവിയുടെ വീട്ടിലെത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് എത്തിയിരുന്നു. സർക്കാരിന്റേ ആദരം മന്ത്രി കവിയെ അറിയിച്ചു.

സാഹിത്യ അക്കാദമി ചെയർമാൻ പെരുമ്പടവം ശ്രീധരൻ പത്രസമ്മേളനത്തിൽ സംബന്ധിച്ചു. കവി, ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം 32 വർഷം കോളേജധ്യാപകനായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി വിരമിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു.

1939 ജൂൺ രണ്ടിനു തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് ജനിച്ച വിഷ്ണു നാരായണൻ നമ്പൂതിരിയെ 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം, വള്ളത്തോൾ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, ഓടക്കുഴൽ അവാർഡ്, ആശാൻ പുരസ്‌കാരം, വയലാർ അവാർഡ്, ചങ്ങന്പുഴ അവാർഡ്, ഉള്ളൂർ അവാർഡ് തുടങ്ങിയവ വിഷ്ണു നാരായണൻ നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. ജോലിയിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷകാലമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്.

സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ, ചാരുലത എന്നിവയാണ് തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. 'കവിതയുടെ ഡി.എൻ.എ, അസാഹിതീയം എന്നിവ ലേഖന സമാഹാരങ്ങളാണ്. കാളിദാസന്റെ ഋതുസംഹാരം മലയാളത്തിലേക്കു വിവർത്തനം ചെയ്തു. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്കി ആദരിച്ചിട്ടുണ്ട്.

അസാഹിതീയം, അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും പുതുമുദ്രകൾ, ദേശഭക്തികവിതകൾ, വനപർവ്വം, സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്‌സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP