Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൗലികാവകാശ ധ്വംസനങ്ങൾക്കെതിരെ മാനവികപ്രതിരോധം വേണം

മൗലികാവകാശ ധ്വംസനങ്ങൾക്കെതിരെ മാനവികപ്രതിരോധം വേണം

ന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന തുല്യനീതി ലംഘിച്ചുകൊണ്ട് മുസ്ലിം ദലിത് ന്യൂനപക്ഷ ങ്ങൾക്കു നേരെ നടക്കുന്ന പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ മതേതര മാനവിക കൂട്ടായ്മകളിലൂടെ പ്രതിരോധം തീർക്കാൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മനുഷ്യ സ്‌നേഹികളും തയാറാവണമെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിക്കുന്ന ഇസ് ലാമിക് സെമിനാർ ആവശ്യമുയർത്തി. അവകാശ ധ്വംസനങ്ങൾക്കെതിരെ മാനവിക പ്രതിരോധം എന്ന തലക്കെട്ടിൽ നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഫാഷിസത്തിനെതിരെ ജനാധിപത്യപരമായി സംഘടിക്കാൻ എം. വിൻസന്റ് എംഎ‍ൽഎ ആഹ്വാനം ചെയ്തു. എല്ലാവരും ചേർന്ന് നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാവരും ചേർന്ന് അനുഭവിക്കണമെന്ന താത്പര്യമാണ് ഇന്ത്യ മതേതര രാജ്യമായതിന്റെ പിന്നിലുള്ളതെന്ന വസ്തുത അദ്ദേഹം അനുസ്മരിച്ചു.

ആഗോളതലത്തിലും ദേശീയതലത്തിലും ഉയർന്നുവരുന്ന അവകാശധ്വംസനങ്ങൾ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും ഇതിനെതിരെ മുഴുവൻ ജനവിഭാഗങ്ങളു മുൾക്കൊള്ളുന്ന മാനവിക പ്രതിരോധം സാഹചര്യത്തിന്റെ അനിവാര്യ താത്പര്യമാണെന്നും ഫൈസൽ മഞ്ചേരി (കെ.ഐ.ജി) അഭിപ്രായപ്പെട്ടു.

ഭയപ്പെടുത്തി ഭരിക്കുന്നവർ അവകാശധ്വംസനത്തിന്റെ ആൾരൂപങ്ങളാവുക എന്നത് ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്ന യാഥാർഥ്യമാണെന്നും ഈ ഭീഷണിക്കെതിരെ ഒരുമിച്ചു നിന്ന് ശബ്ദിക്കണമെന്നും അബ്ദുൽ ഫത്താഹ് തയ്യിൽ (കെ.കെ.എം.എ) പറഞ്ഞു.

രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പുവരുത്തുന്ന ഒരു ഭരണഘടന ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാക്കൾ രാജ്യത്തിന് സമ്മാനിച്ചെങ്കിലും ഇന്ന് അധികാരത്തിന്റെ മുഷ്‌കിന് വഴങ്ങാത്തവർക്ക് നീതി നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രഭരണകൂടം നടപ്പാക്കുന്നതെന്ന് വർഗീസ് പുതുക്കുളങ്ങര (ഒ.ഐ.സി.സി) ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഫാഷിസ്റ്റു തീവ്രവാദ നിലപാടുകളെ ശക്തമായി ചെറുക്കാനും രാഷ്ട്രീയമായി നേരിടാനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സജ്ജമാണെന്ന് ജെ.സജി (കല) പ്രസ്താവിച്ചു.

ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ വളർച്ചക്ക് വഴിവച്ച സാഹചര്യങ്ങളെ വിലയിരുത്തി കൃത്യമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ പ്രതിരോധിക്കാൻ ഇതരരാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരുമിച്ച് ശ്രമിക്കണമെന്ന് ഫാറൂഖ് ഹമദാനി (കെ.കെ എം.സി.സി) അഭിപ്രായപ്പെട്ടു.

തീവ്രവാദ ഭീകരതകളെ ആദർശമായി സ്വീകരിച്ച ഐ.എസ്. പോലുള്ള മനുഷ്യത്വവിരുദ്ധ കക്ഷികൾക്ക് ഇസ് ലാമുമായി ബന്ധമില്ലെന്നും എല്ലാ പ്രതിലോമശക്തികളെയും തുറന്നു കാണിക്കാനും നീതി നിഷേധങ്ങൾക്കെതിരെ ഒരുമിച്ചു നിൽക്കണമെന്നും സി.പി. സലീം വ്യക്തമാക്കി.

പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ടി.കെ. അശ്‌റഫ് ആമുഖപ്രഭാഷണം നടത്തി. അബൂ മുആദ്..., പ്രസംഗിച്ചു. അശ്‌റഫ് എകരൂൽ സ്വാഗതവും അൻവർ ടി.പി നന്ദിയും പറഞ്ഞു.

ധർമ്മനിഷ്ഠയിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ നല്ല കുടുംബാന്തരീക്ഷം നല്ല തലമുറയുടെ സൃഷ്ടിപ്പിന് അനിവാര്യ ഘടകമാണെന്ന് ജാമിഅ അൽ ഹിന്ദ് ഡയരക്ടർ ഫൈസൽ മൗലവി പറഞ്ഞു. ഭൗതിക ജീവിത നേട്ടങ്ങൾക്കപ്പുറം യഥാർത്ഥ ജീവിത ലക്ഷ്യം ബോധ്യപ്പെടുത്തി ഉത്തമ വ്യകതികളായി ഇളം തലമുറ യെ വളർത്തിയെടുക്കാൻ നമ്മുടെ വീടകങ്ങൾ പാകപ്പെടണമെന്ന് മുസ്ലിമിന്റെ വീട് എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് അദേഹം ഓർമ്മിപ്പിച്ചു. കുട്ടികളുടെ ശാരീരികാവശ്യങ്ങൾക്കെന്നപോലെ മാനസിക ചോദനകൾക്കും പരിഗണനയും പ്രോത്സാഹനവും നൽകിയാലേ അവരുടെ വ്യകതിത്വരൂപീകരണത്തിൽ ക്രിയാത്മക സ്വാധീനം ചെലുത്താൽ രക്ഷിതാക്കൾക്ക് സാധിക്കുകയുള്ളൂവെന്ന് പ്രാക്ടിക്കൽ പാരന്റിങ്ങ് എന്ന വിഷയമവതരിപ്പിച്ച അബ്ദു റഷീദ് കുട്ടമ്പൂർ ചൂണ്ടിക്കാട്ടി. സദ്വൃത്തനായ സന്താനം എന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരി പ്രസംഗിച്ചു. സുനാഷ് ശുകൂർ അദ്ധ്യക്ഷത വഹിച്ചു. ഷമീർ അലി എകരൂൽ സ്വാഗതവും ഷബീർ നന്തി നന്ദിയും പറഞ്ഞു.

വിദ്യാർത്ഥി സമ്മേളനത്തിൽ മുഹമ്മദ് നഖ് വി , സി.പി സലീം, അബ്ദുൽ ഖാദർ എന്നിവർ വിഷയ മവതരിപ്പിച്ച് സംസാരിച്ചു. മുഹമ്മദ് അസ് ലം കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഷഫീഖ് ഹസൻ സ്വാഗതവും ഹാറൂൻ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

ബാലസമ്മേളനത്തിൽ ടി.കെ അഷ്‌റഫ്, ഫൈസാദ് സ്വലാഹി, അംജദ് മദനി എന്നിവർ വിഷയമവതരിപ്പിച്ചു. സാജു ചെംനാട് അദ്ധ്യക്ഷത വഹിച്ചു. റഫീഖ് കണ്ണൂക്കര, നിമിൽ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

സൃഷ്ടികളെല്ലാം സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയെന്ന വർഗീയതയില്ലാത്ത വിശ്വാസമാണ് മാനവിക ഐക്യത്തിന്റെ യഥാർഥ അടിത്തറയെന്നും വിശ്വാസങ്ങളിൽ വ്യത്യസ്തത പുലർത്തുമ്പോഴും മാനവികതയുടെ പേരിൽ സമാധാനപൂർവം സഹവർത്തിക്കണമെന്നും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹസംഗമം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. റവ. സുനിൽ ജോൺ, വിനീഷ് വിശ്വം, അബ്ദുറഷീദ് കുട്ടമ്പൂർ, മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രഭാഷണം നടത്തി. അബ്ദുസ്സലാം സ്വലാഹി അധ്യക്ഷത വഹിച്ചു. അസ്ഹർ അത്തേരി സ്വാഗതവും ഷാജു പൊന്നാനി നന്ദിയും പറഞ്ഞു.

വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടനം പേഷ്യന്റ്‌സ് ഹെൽപ്പിങ് ഫണ്ട് സൊസൈറ്റി വനിതാ വിഭാഗം മേധാവി ഹല്ല ആമിർ അൽ മുതൈ്വരി നിർമഹിച്ചു. അബ്ദുറഷീദ് കുട്ടമ്പൂർ (ഗൃഹഭരണവും ഫാമിലി ബജറ്റും), അസ്മാബി ടീച്ചർ (വിവാഹം, സ്‌നേഹവും കാരുണ്യവും), ഡോ. നസ് ല (ഇസ്ലാമും ആധുനിക വൈദ്യശാസ്ത്രവും), ഹുസൈൻ സലഫി (ഇസ്ലാമിലെ സ്ത്രീ രത്നങ്ങൾ) എന്നിവർ വ്യത്യസ്ത വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. സനിയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. ഫരീദ അബ്ദുൽ ഖാദർ സ്വാഗതവും നസീമ പി.പി നന്ദിയും പറഞ്ഞു.

സെമിനാറിന്റെ ഭാഗമായി കുവൈത്ത് ഇസ്ലാഹീ കൺവെൻഷൻ സംഘടിപ്പിച്ചു. ഗൾഫ് ഇസ്ലാഹീ സംഗമത്തിൽ വിവിധ സെന്ററുകളെ പ്രതിനിധാനം ചെയ്ത് ഹുസൈൻ സലഫി, അംജദ് മദനി (യു.എ.ഇ), ഫൈസൽ കെ.ടി, ഉസ്മാൻ (ഖത്തർ), ഇജാസ് (ഒമാൻ) എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP