Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സാന്ത്വനം കുവൈറ്റ് പത്തൊമ്പതാം വാർഷിക പൊതുയോഗം 24 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ

സാന്ത്വനം കുവൈറ്റ് പത്തൊമ്പതാം വാർഷിക പൊതുയോഗം 24 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ

സ്വന്തം ലേഖകൻ

ജീവകാരുണ്യ പ്രവർത്തനരംഗത്ത് സമാനതകളില്ലാത്ത സാമൂഹ്യസേവനം ചെയ്യുന്ന 'സാന്ത്വനം കുവൈറ്റ്' പത്തൊൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു. 24 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൊതുയോഗത്തിൽ സംഘടനയുടെ അംഗങ്ങളും, അഭ്യുദയ കാംക്ഷികളും, കുവൈറ്റിലെ പ്രവാസി സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

2019 ലെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ച് വിലയിരുത്തുന്നതോടൊപ്പം, അംഗങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾ മുൻ നിർത്തി നിർദ്ധന രോഗികൾക്ക് വേണ്ടി കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ച തുടങ്ങിയവ പൊതുയോഗത്തിന്റെ മുഖ്യ വിഷയങ്ങളായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2019 വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീറായ 'സ്മരണിക 2019' ഈ യോഗത്തിൽ വച്ച് പ്രകാശനം ചെയ്യും.

കഴിഞ്ഞ 19 വർഷങ്ങളിൽ 12 കോടിയിലേറെ രൂപ ചികിത്സാ, ദുരിതാശ്വാസ സഹായങ്ങളായി സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എത്തിച്ച് നൽകുവാൻ സാന്ത്വനം കുവൈറ്റിനു കഴിഞ്ഞിട്ടുണ്ട്.

2019 പ്രവർത്തന വർഷത്തിൽ മാത്രം 1200 ലധികം വരുന്ന രോഗികൾക്കായി ഒന്നേകാൽ കോടിയിലേറെ രൂപയുടെ ചികിത്സാ സഹായ പദ്ധതികളാണ് സംഘടന നടപ്പാക്കിയത്. ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർദ്ധനരായ രോഗികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ് രോഗികളും, ഒപ്പം പ്രത്യേക വാർഷിക സാമൂഹ്യക്ഷേമപദ്ധതികളും ഉൾപ്പെടുന്നു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലെ സഹായ പ്രവൃത്തികൾ, വീടുകളുടെ പുനർ നിർമ്മാണം തുടങ്ങിയ കാര്യങ്ങളും കഴിഞ്ഞ വർഷം കേരളത്തിൽ നടപ്പാക്കുകയുണ്ടായി.

സാന്ത്വനം പ്രസിദ്ധീകരിക്കുന്ന വാർഷിക സുവനീറിലേക്ക് ലഭിക്കുന്ന പരസ്യങ്ങൾ വഴി കണ്ടെത്തുന്ന അധിക വരുമാനമാണ് കുവൈറ്റിലെ സഹായങ്ങൾക്ക് വിനിയോഗിക്കുന്നത്.

എല്ലാ വർഷവും നടപ്പാക്കി വരുന്ന പ്രത്യേക സഹായ പദ്ധതിയിൽ കാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, പാലക്കാട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ, വയനാട്ടിലെ ശാന്തി ഡയാലിസിസ് സെന്റർ, വിവിധ പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയ്ക്കുള്ള സഹായങ്ങൾ ഉൾപ്പെടുന്നു. പ്രളയനാളുകളിൽ കേരളത്തിനു കൈത്താങ്ങായി നിന്ന നിർദ്ധനരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ചികിത്സാ-വിദ്യാഭ്യാസ സഹായങ്ങൾ കഴിഞ്ഞ വർഷത്തെ സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി നടപ്പാക്കുകയുണ്ടായി.

സാന്ത്വനത്തിന്റെ വാർഷിക പൊതുയോഗത്തിലേക്ക് കുവൈറ്റിലെ എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതോടൊപ്പം സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രവർത്തകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 50533630 (പൗലോസ്), 60072112 (അബ്ദുൾ സത്താർ), 66461397 (സന്തോഷ് കുമാർ) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP