Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരും മാത്രം; മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ കൂട്ടും; നിരീക്ഷിക്കാനും നടപടിയെടുക്കാനും ഗസറ്റഡ് ഓഫിസർ റാങ്കിലുള്ളവരെ നിയോഗിക്കും; കടകളിൽ അകലം ഉറപ്പാക്കിയില്ലെങ്കിൽ ഉടമകൾക്കെതിരെ കർശന നടപടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങൾക്കൊരുങ്ങി സർക്കാർ

വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരും മാത്രം; മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ കൂട്ടും; നിരീക്ഷിക്കാനും നടപടിയെടുക്കാനും ഗസറ്റഡ് ഓഫിസർ റാങ്കിലുള്ളവരെ നിയോഗിക്കും; കടകളിൽ അകലം ഉറപ്പാക്കിയില്ലെങ്കിൽ ഉടമകൾക്കെതിരെ കർശന നടപടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങൾക്കൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാർ കർശന നിയന്ത്രണങ്ങൾക്കൊരുങ്ങുന്നു. സാമൂഹിക അകലം പാലിക്കൽ ഉറപ്പാക്കുമെന്നും മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ കൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ കോവിഡ് വലിയ തോതിലുള്ള വ്യാപനത്തിലേക്കു പോകുമെന്ന ആശങ്കയാണുള്ളതെന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിയന്ത്രണ നടപടികൾക്കൊരുങ്ങുന്നത്. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമെങ്കിലും സമ്പർണ ലോക്ഡൗൺ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പകരം സമ്പർക്ക വ്യാപനം കുറയ്ക്കാനുള്ള മാർഗങ്ങളാണു തേടുന്നത്.

അതിനാൽ തന്നെ സർവ്വ മേഖലകളിലും കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഇനി മുതൽ വാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരും മാത്രമേ പാടുള്ളൂ. മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷിക്കാനും നടപടിയെടുക്കാനും ഗസറ്റഡ് ഓഫിസർ റാങ്കിലുള്ളവരെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിൽ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടകളിൽ സാമൂഹികഅകലം ഉറപ്പാക്കിയില്ലെങ്കിൽ ഉടമകൾക്കെതിരെ കർശന നടപടിയെടുക്കാനും നിർദ്ദേശം. അകലം പാലിക്കാത്തവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിടെയെടുക്കും. കടകളുടെ വലുപ്പം അനുസരിച്ച് ഒരുസമയത്ത് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം നിർദേശിച്ചിരുന്നെങ്കിലും പിന്നീടതു പാലിക്കാതെയായി. പല കടകളിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാനായി കർശന നിയന്ത്രണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. കോവിഡ് മുക്തർക്ക് തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നത് ആലോചിക്കും.

ഒരു വീട്ടിൽ ഒരാൾ പോസിറ്റീവായാൽ കുടുംബാംഗങ്ങളെ കർശന വീട്ടുനിരീക്ഷണത്തിലാക്കുകയും ലക്ഷണങ്ങൾ ഉള്ളവരെ പരിശോധിക്കുകയും ചെയ്യും. കോവിഡ് ലക്ഷണമില്ലാത്ത കുട്ടികൾ ഉൾപ്പെടെ എല്ലാ വിഭാഗക്കാർക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും വീട്ടിൽ കഴിഞ്ഞുള്ള ചികിത്സ നിർദേശിക്കാനുമാണ് തീരുമാനം. തീവ്രലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും. കോവിഡ് ലക്ഷണങ്ങൾ രൂക്ഷമായാൽ ചികിത്സിക്കാൻ 38 സെക്കൻഡ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്നലെ 4538 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് രൂക്ഷമാവുകയാണ്. 20 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 697. ഇന്നലെ പരിശോധിച്ചതു 36,027 സാംപിളുകൾ. കോഴിക്കോട് ജില്ലയിൽ തന്നെയാണു കൂടുതൽ കേസ് 918.

സമ്പർക്കത്തിലൂടെ 4246 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവർ 4246. ഇവരിൽ 249 പേരുടെ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 166 പേരും വിദേശത്തുനിന്നു വന്ന 47 പേരും 67 ആരോഗ്യപ്രവർത്തകരും കോവിഡ് പോസിറ്റീവായി.

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂർ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂർ 310, ആലപ്പുഴ 249, കോട്ടയം 213, കാസർകോട് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്കും കോവിഡ്.പ്രസ് സെക്രട്ടറി പി.എം.മനോജ് കോവിഡ് പോസിറ്റീവായെങ്കിലും നേരിട്ടു സമ്പർക്കമില്ലാത്തിനാൽ മുഖ്യമന്ത്രി ക്വാറന്റീനിൽ പോകേണ്ടി വന്നില്ല. പ്രസ് സെക്രട്ടറിയുടെ ഓഫിസിലെ ടൈപ്പിസ്റ്റിനു നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഓഫിസിലുള്ള മറ്റുള്ളവർ ക്വാറന്റീനിലാണ്.

ചെന്നിത്തലയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എ.എം.ഹബീബ് ഖാൻ കോവിഡ് ബാധിച്ചു വിശ്രമത്തിലാണ്. കുറെ ദിവസങ്ങളായി നേരിട്ടു സമ്പർക്കമില്ലാതിരുന്നതിനാൽ ചെന്നിത്തലയും ക്വാറന്റീനിൽ പോയില്ല. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലുള്ള മറ്റുള്ളവർ ക്വാറന്റീനിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP