Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികളിൽ അസ്ട്രാസെനെക്കയുടെ പ്രമേഹ മരുന്ന് ഫലപ്രദം

സ്വന്തം ലേഖകൻ

കൊച്ചി: പ്രമേഹ രോഗത്തിനുള്ള അസ്ട്രസെനെക ഫാർമ ഇന്ത്യ ലിമിറ്റഡിന്റെ ഡാപാഗ്ലിഫ്ളോസിൻ മരുന്ന് വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികൾക്ക് ആശ്വാസം പകരുന്നതായി ക്ലിനിക്കൽ പരീക്ഷണങ്ങൾ തെളിയിച്ചു.

പ്രമേഹത്തിനെതിരേയുള്ള കമ്പനിയുടെ ഏറ്റവും പുതിയ മരുന്നായ ഡാപാഗ്ലിഫ്ളോസിന്റെ ക്ലിനിക്കൽ പരീക്ഷങ്ങളുടെ പൂർണ ഫലം പുറത്തുവിട്ടുകൊണ്ടാണ് അസ്ട്രസെനെക ഫാർമ കമ്പനി ഇക്കാര്യം പുറത്തുവിട്ടത്. പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കു ഫലപ്രദമായ ഡാപാഗ്ലിഫ്ളോസിൻ വിട്ടുമാറാത്ത കിഡ്നി രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പ്രമേഹമുള്ളവരിലും ഇല്ലാത്തവരിലും ഇതിന്റെ ഫലം സ്ഥിരത കാണിച്ചുവെന്നും കമ്പനി അറിയിച്ചു.

വിട്ടുമാറാത്ത വൃക്കരോഗം (ക്രോണിക് കിഡ്നി ഡിസീസ്-സികെഡി) ആഗോളതലത്തിൽ ഒരു പ്രധാന രോഗമായി മാറുകയാണ്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലോകമെമ്പാടും പ്രമേഹവും രക്ത സമ്മർദ്ദവും വർധിക്കുന്നതാണ്. ഇന്ത്യയിൽ വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ വ്യാപനം 17.2 ശതമാനമായി കണക്കാക്കപ്പെടുന്നു, ഇന്ത്യയുടെ 100 കോടിയിലധികമുള്ള ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, വർദ്ധിച്ചുവരുന്ന വിട്ടുമാറാത്ത വൃക്കരോഗം രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഭാവിയിൽ വലിയ പ്രശ്‌നങ്ങളാണ് ഉയർത്തുന്നത്.

വിട്ടുമാറാത്ത വൃക്കരോഗം എന്നാൽ വൃക്കകൾ തകരാറിലായി എന്നാണ്. തകരാറിലായ വ്യക്കകൾക്ക് രക്തം ശുദ്ധീകരിക്കുവാൻ സാധിക്കാതെ വരുന്നു. ഇത്തരം അവസ്ഥയെ ''ക്രോണിക്'' എന്ന് വിളിക്കുന്നു. കാരണം വൃക്കകളുടെ തകരാറ് വളരെക്കാലംകൊണ്ട് സാവധാനത്തിലാണ് സംഭവിക്കുന്നത്. വിട്ടുമാറാത്ത വൃക്കരോഗം ഹൃദ്രോഗം പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഒരാൾക്ക് കിഡ്‌നി രോഗമുണ്ടെങ്കിൽ, ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. വൃക്കരോഗം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ കാരണങ്ങളിലൊന്നാണ്.

കാലുകളിലും കണങ്കാലുകളിലും വീക്കം, ചൊറിച്ചിൽ, പേശിവേദന, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവപോലുള്ള ചെറിയ ലക്ഷണങ്ങളാണ് വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വ്യക്തികളിൽ കണ്ടുവരുന്നത്. എന്നാൽ വൃക്കകളുടെ പ്രവർത്തനം ഗണ്യമായി തകരാറിലാകുന്നതുവരെ വിട്ടുമാറാത്ത വൃക്കരോഗം കാര്യമായി പ്രകടമാകാറില്ല.

സെറം ക്രിയാറ്റിനിൻ, രക്തത്തിലെ യൂറിയ, മൂത്രത്തിലെ ആൽബുമിൻ തുടങ്ങിയ പരിശോധനകൾ വ്യക്കരോഗികൾക്ക് ഏറ്റവും പ്രധാനമാണ്. ഒരിക്കൽ രോഗനിർണയം നടത്തിയാൽ, വൃക്കയ്ക്ക് കേടു സംഭവിക്കുന്നതിന്റെ വേഗം കുറയ്ക്കുന്നതിനായി, രോഗത്തിന്റെ അടിസ്ഥാകാരണങ്ങളെ നിയന്ത്രിക്കുന്നതിലാണ് ചികിത്സ കേന്ദ്രീകരിക്കുക. വിട്ടുമാറാത്ത വൃക്കരോഗം വൃക്കയുടെ പൂർണമായ തകരാറിലേക്ക് പുരോഗമിക്കുന്നു. ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കുകയോ ചെയ്യുന്നില്ലെങ്കിൽ രോഗം മാരകമായി മാറും. വൃക്കരോഗം ഹൃദയസ്തംഭനം, ഹൃദയാഘാതം തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികളിൽ, നിലവിലുള്ള പരിചരണത്തോടൊപ്പം ഡാപാഗ്ലിഫ്ളോസിൻ മരുന്നു പരീക്ഷിച്ച രോഗികളിൽ വൃക്കയുടെ പ്രവർത്തനം മോശമാകുന്നതു കുറയുകയും ഹൃദ്രോഗംകൊണ്ടോ വൃക്കരോഗംകൊണ്ടോ മരണമടയുന്നവരുടെ എണ്ണത്തിൽ പ്ലാസിബോ (രോഗിയുടെ തൃപ്തിക്കു വേണ്ടി മരുന്നെന്ന പേരിൽ നൽകുന്ന മരുന്നല്ലാത്ത വസ്തു) വിഭാഗത്തേക്കാൾ 39 ശതമാനം കുറവു സംഭവിച്ചതായും മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിൽ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹരോഗികളിലും അല്ലാത്തവരിൽനിന്നും ലഭിച്ച ഫലം സ്ഥിരതയുള്ളതായിരുന്നു.

''ജീവിതശൈലിയിലെ മാറ്റങ്ങൾ, വർധിച്ച ആയുർദൈർഘ്യം, സാംക്രമികേതര രോഗങ്ങളുടെ വ്യാപനം എന്നിവ കാരണം വിട്ടുമാറാത്ത വൃക്കരോഗം ഇന്ത്യ ഉൾപ്പെടെയുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ ഒരുപോലെ ബാധിക്കുന്നു. നിലവിൽ ലഭ്യമായ ചികിത്സകൾ ഉണ്ടായിരുന്നിട്ടും, വിട്ടുമാറാത്ത വൃക്കരോഗത്തെ ഫലപ്രദമായ മാനേജ് ചെയ്യുവാൻ നല്ലൊരു പങ്കിനും ആഗോളതലത്തിൽ തന്നെ സാധിക്കുന്നില്ല. ഇന്ത്യയിൽനിന്നുള്ള 201 രോഗികൾ ഉൾപ്പെടെ 4304 രോഗികളിലാണ് ഡാപാഗ്ലിഫ്ളോസിൻ ആഗോള ക്ലനിക്കൽ ട്രയൽ (ഡാപാ- സികെഡി ട്രയൽ) നടത്തിയത്. വിട്ടുമാറാത്ത വൃക്കരോഗമുള്ളവരിൽ ഡാപാഗ്ലിഫ്ളോസിൻ ഫലം നൽകിയെന്നാണ് കണ്ടത്. ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് ഫലം നൽകിയതിനൊപ്പം വിട്ടുമാറാത്ത കിഡ്നിരോഗത്തിനും ഡാപാഗ്ലിഫ്ളോസിൻ ഫലപ്രദമാണെന്നാണ് കാണിക്കുന്നന്നത്,'', അസ്ട്രസെനെക ഇന്ത്യ മെഡിക്കൽ അഫയേഴ്സ് ആൻഡ് റെഗുലേറ്ററി വൈസ് പ്രസിഡന്റ് ഡോ. അനിൽ കുക്ക്റെജെ പറഞ്ഞു.

'' രണ്ടു ദശകങ്ങളായി പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുടെ ചികിത്സയിൽ പ്രവർത്തിക്കുന്ന ഡോക്ടറെന്ന നിലയിൽ വിട്ടുമാറാത്ത കിഡ്നി രോഗങ്ങളെ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ബോധവാനാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം അല്ലെങ്കിൽ ഇവ രണ്ടു മൂലം കേരളത്തിലെ രോഗികളിൽ 70 ശതമാനത്തിലധികം പേരും ഡയാലിസിസ് വേണ്ടിവരുന്ന, ഭേദപ്പെടുത്താനാകാത്ത വൃക്കരോഗങ്ങളിൽ എത്തിപ്പെടുന്നു. വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അവ പൂർണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താമെങ്കിലും രോഗലക്ഷണങ്ങൾ ഇല്ലാത്തതുമൂലം രോഗികൾ അതിനെ അവഗണിക്കുന്നു. മൈക്രോഅൽബുമിനൂറിയയുടെ സാന്നിധ്യം വൃക്കരോഗത്തിന്റെ ആദ്യകാല സൂചകമായിരിക്കാം. പ്രമേഹമുള്ളതോ ഇല്ലാത്തതോ ആയ മാറാ വൃക്കരോഗികളിൽ ഡാപാഗ്ലിഫ്ളോസിൻ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം മികച്ച ഫലമാണ് രോഗികളിൽ ഉണ്ടാക്കിയിട്ടുള്ളത്. മാറാ വൃക്കരോഗികളുടെ അതിജീവനത്തിൽ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്.'', ജ്യോതിദേവ്സ് ഡയബെറ്റ്സ് റിസേർച്ച് സെന്റർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവ്ദേവ് പറഞ്ഞു.

പ്രമേഹമുള്ളവരോ ഇല്ലാത്തവരോ ആയ മുതിർന്ന രോഗികളിൽ വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ ചികിത്സയിൽ കാര്യമായ നേട്ടങ്ങൾ കാണിച്ച ഒരേയൊരു എസ്ജിഎൽടി 2 ഇൻഹിബിറ്റർ ആണ് ഡാപാഗ്ലിഫ്ളോസിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP