Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യത്ത് നിർഭയവും സ്വതന്ത്രപരവുമായ മാധ്യമ പ്രവർത്തനം ഇന്നും നാട് കടത്തപ്പെടുകയാണെന്ന് എം.അനിൽ

രാജ്യത്ത് നിർഭയവും സ്വതന്ത്രപരവുമായ മാധ്യമ പ്രവർത്തനം ഇന്നും നാട് കടത്തപ്പെടുകയാണെന്ന് എം.അനിൽ

സ്വന്തം ലേഖകൻ

കുന്നത്തൂർ: - സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ വാർഷിക ദിനത്തോടനുബന്ധിച്ച് ചക്കുവള്ളി മിഴി ഗ്രന്ഥശാല 'മാധ്യമ ധർമ്മം ശരിയായ ദിശയിലോ' എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. ദേശാഭിമാനി ബ്യൂറോ റിപ്പോർട്ടർ ശ്രീ എം.അനിൽ വിഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു.

''പത്രങ്ങൾക്ക് പ്രധാനമായി രണ്ടുകടമകളുണ്ട് ജനസാമാന്യത്തിന്റെ അഭിപ്രായം സ്വരൂപപ്പെടുത്തുക, ജനസാമാന്യത്തിന്റെ അഭിപ്രായം അനുവർത്തിക്കുക, ഇതിൽ ഏറ്റവും പ്രധാനം ആദ്യത്തെതാണ്.'' ഈ നിലപാട് ഉയർത്തിപ്പിടിച്ച് നട്ടെല്ലുവളയ്ക്കില്ലെന്ന് പ്രഖ്യാപിച്ച മലയാള മാധ്യമ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.

അബ്ദുൾ ഖാദർ മൗലവി 'സ്വദേശാഭിമാനി' എന്ന പത്രത്തിന്റെ ഉടമയായിരുന്നു. അദ്ദേഹം പത്രം നടത്തിപ്പിൽ പൂർണ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തുകൊണ്ട് രാമകൃഷ്ണപിള്ളയെ 'സ്വദേശാഭിമാനി'യുടെ പത്രാധിപസ്ഥാനം ഏല്പിച്ചു. തിരുവിതാംകൂർ ദിവാനായ പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ 'സ്വദേശാഭിമാനി' പത്രം നിശിതമായി വിമർശിച്ചു. അഴിമതിക്കും അനീതിക്കുമെതിരേ നിർഭയനായ രാമകൃഷ്ണപിള്ള തന്റെ തൂലിക ചലിപ്പിച്ചു. രാജകൊട്ടാരത്തിലെ ധൂർത്തിനെ അദ്ദേഹം ചോദ്യംചെയ്തു. മഹാരാജാവിന് ഇതൊന്നും രസിച്ചില്ല. ദിവാന്റെ അഴിമതിയും സ്വഭാവദൂഷ്യങ്ങളും സ്വദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്തത് അധികാരികളെ ചൊടിപ്പിച്ചു. പത്രാധിപരെ എന്തു വിലകൊടുത്തും നാട്ടിൽനിന്നു പുറത്താക്കാൻ ഉന്നതതല ഗൂഢാലോചന നടന്നു. രാജാവിനോടും ദിവാനോടും മാപ്പപേക്ഷിച്ച് ആപത്തിൽനിന്നു രക്ഷപ്പെടാൻ ചില വിശ്വസ്ത സ്‌നേഹിതർ അപേക്ഷിച്ചെങ്കിലും സത്യത്തെ തള്ളിപ്പറയാൻ രാമകൃഷ്ണപിള്ള തയ്യാറായില്ല. ദിവാനും സേവകരും രാജാവും ചേർന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു.

1910 സെപ്റ്റംബർ 26-ന് സ്വദേശാഭിമാനി പ്രസ്സും പിള്ളയുടെ വീടും പൊലീസ് അടച്ചുപൂട്ടി മുദ്രവെക്കുകയും പത്രാധിപരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിള്ളയെ പൊലീസ് ഉപദ്രവിക്കുമെന്ന ഭയത്താൽ ജനക്കൂട്ടം പിന്നാലെ സ്റ്റേഷനിലെത്തി. എന്നാൽ അദ്ദേഹത്തിന് മാന്യമായ പെരുമാറ്റം പൊലീസിൽനിന്ന് ലഭിച്ചതിനാൽ ജനങ്ങൾ പിരിഞ്ഞുപോയി. അന്നുരാത്രിതന്നെ അദ്ദേഹത്തെ നാടുകടത്തി. ഇന്നത്തെപ്പോലെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്താണ് നാടുകടത്തപ്പെട്ടാലും ശരി നട്ടെല്ലുവളയ്ക്കില്ലെന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രഖ്യാപിച്ചത്. സത്യസന്ധമായ മാധ്യമപ്രവർത്തനത്തിന്റെ എക്കാലത്തേയും വലിയ മാതൃകയായാണ് മാധ്യമലോകവും പൊതുവിലും സ്വദേശാഭിമാനിയുടെ നിലപാടിനെ വാഴ്‌ത്തുന്നത്. മാധ്യമപ്രവർത്തനത്തിലെ സത്യസന്ധതയും അന്തസ്സും കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുന്ന മാധ്യമപ്രവർത്തകർ ഇന്നുമുണ്ട്. പക്ഷേ ഒരു വിഭാഗമെങ്കിലും സത്യം തമസ്‌ക്കരിച്ച് നുണക്കഥകൾ ചമയ്ക്കപ്പെടുന്നുണ്ട് എന്നത് പരിശോധിക്കണം. സത്യം തേടിയുള്ള ചർച്ചയാണ് മാധ്യമപ്രവർത്തകർ നടത്തേണ്ടത് എന്നത് ഓർക്കണം. എന്നാൽ ഇന്ന് പലരും സത്യത്തെ കുഴിച്ചുമൂടി താല്പര്യങ്ങളെ വാർത്തയാക്കി ചർച്ച ചെയ്യുകയും വിധിപ്രഖ്യാപിക്കുകയും വിവാദമാണ് വാർത്തയെന്നുകരുതി അതിനായി ശ്രമിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. മാധ്യമപ്രവർത്തനത്തിലെ സാമൂഹ്യബോധം ചോർന്നുപോകാൻ പാടില്ല വാർത്തയെ വെറും ഉൽപ്പനമാക്കി വിറ്റഴിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കരുത്.. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മാതൃകയാക്കി മലയാള മാധ്യമ ചരിത്രത്തിലെ ജ്വലിക്കുന്ന ഇന്നലെകളെ വീണ്ടെടുക്കണം.അതിനാവണം ഇന്നിന്റെ മാധ്യമ ധർമ്മം.

രാജ്യത്ത് നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനം ഇന്നും നാട് കടത്തപ്പെടുന്നു എന്ന് ദേശാഭിമാനി കൊല്ലം ജില്ലാ ബ്യൂറോ റിപ്പോർട്ടർ എം.അനിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണം നടത്തി. അനീഷ് എസ് ശ്രിശൈലം അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ഷാജഹാൻ അയന്തിയിൽ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP