Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കോടതിയിൽ നടക്കുന്നത് ജനങ്ങൾ അറിയട്ടെ; കോടതി വിധികൾ മാത്രമല്ല, പൗരന്മാർക്കു വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ, മറുപടികൾ, സംവാദങ്ങൾ എന്നിവയും'; മാധ്യമങ്ങളെ വിലക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

'കോടതിയിൽ നടക്കുന്നത് ജനങ്ങൾ അറിയട്ടെ; കോടതി വിധികൾ മാത്രമല്ല, പൗരന്മാർക്കു വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ, മറുപടികൾ, സംവാദങ്ങൾ എന്നിവയും'; മാധ്യമങ്ങളെ വിലക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോടതിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനും നിർബന്ധമായും റിപ്പോർട്ട് ചെയ്യപ്പെടണമെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങളെ വിലക്കാനാവില്ലെന്നു സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിയുടെ പരാമർശങ്ങൾക്ക് എതിരായുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിലപാട്.

'മാധ്യമങ്ങൾ ശക്തമാണ്. കോടതിയിൽ സംഭവിക്കുന്നത് എന്തെന്നു അവർ റിപ്പോർട്ട് ചെയ്യട്ടെ. കോടതി വിധികൾ മാത്രമല്ല, പൗരന്മാർക്കു വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ, മറുപടികൾ, സംവാദങ്ങൾ എന്നിവയും പുറംലോകത്തെ അറിയിക്കണം. നിരീക്ഷണങ്ങൾ അതിശയോക്തിപരമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല.' തിരഞ്ഞെടുപ്പ് കമ്മിഷനോടു കോടതി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തിയതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച രൂക്ഷമായി വിമർശിച്ചിരുന്നു. കോവിഡ് കൂടുന്ന സാഹചര്യത്തിലും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും രാഷ്ട്രീയ റാലികൾ നിരോധിക്കാത്തതിൽ കമ്മിഷനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം എന്നാണു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. കോടതി വാക്കാൽ നടത്തിയ വിമർശനം അന്തിമ ഉത്തരവിലുണ്ടായിരുന്നില്ല.

ഹൈക്കോടതി പരാമർശം സ്ഥാപനത്തിനു കോട്ടമായെന്നും കോടതിയുടെ നിരീക്ഷണങ്ങൾ വാർത്തയാക്കുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്നും ആവശ്യപ്പെട്ടാണു തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചത്. 'ഇന്നത്തെ സാഹചര്യത്തിൽ കോടതി വിചാരണയുടെ ഉള്ളടക്കം റിപ്പോർട്ട് ചെയ്യരുതെന്നു മാധ്യമങ്ങളോടു ഞങ്ങൾക്കു പറയാനാവില്ല. അന്തിമ ഉത്തരവിനു തുല്യമായി പൊതുതാൽപര്യം മുൻനിർത്തിയാണു ഹൈക്കോടതിയിൽ ചർച്ചകളും നടക്കുന്നത്. പൊതുതാൽപര്യത്തെ കരുതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ കയ്പുള്ള ഗുളിക പോലെ കരുതിയാൽ മതി' തിരഞ്ഞെടുപ്പ് കമ്മിഷനോടു ജസ്റ്റിസ് എം.ആർ.ഷാ പറഞ്ഞു.

'ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തൂണുകളാണ് അവ. ചിലപ്പോൾ സ്വതന്ത്രമായ സംഭാഷണങ്ങൾ കോടതികളിൽ നടക്കും. ജഡ്ജിമാർ ചില നിരീക്ഷണങ്ങൾ നടത്തും. കോടതിയിലെ നടപടികൾ ജഡ്ജിമാർ എങ്ങനെയാണ് നിർവഹിക്കേണ്ടതെന്നു നിങ്ങൾക്കു നിയന്ത്രിക്കാനാവില്ല. അസൗകര്യപ്രദമായ ചോദ്യങ്ങൾ ചോദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്കു സ്വാതന്ത്ര്യമുണ്ട്.' ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം ചർച്ചയായതിനു പിന്നാലെ ഇത്തരം വാക്കാലുള്ള പരാമർശങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത വേദനിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അറിയിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിച്ഛായയെ ഈ റിപ്പോർട്ടുകൾ കളങ്കപ്പെടുത്തി. കോടതിയുടെ പരാമർശം മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ ബംഗാളിലെ ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. കോടതി ഉത്തരവ് ലഭ്യമായിരിക്കെ കോടതിമുറിക്കുള്ളിൽ നടക്കുന്നത് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. കരൂർ മണ്ഡലത്തിലെ അണ്ണാഡിഎംകെ സ്ഥാനാർത്ഥിയും തമിഴ്‌നാട് ഗതാഗത മന്ത്രിയുമായ എം.ആർ. വിജയഭാസ്‌കർ നൽകിയ ഹർജി പരിഗണിക്കവേയാണു കോടതി രൂക്ഷ പരാമർശങ്ങൾ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP