Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമണക്കേസ്: പ്രതികളുടെ ജാമ്യഹർജിയെ ശക്തമായി എതിർക്കാതെ സർക്കാർ; ഒമ്പതാം പ്രതി അജയ് കുമാറിനെ പിടികൂടാനുണ്ടെന്ന വിവരം മറച്ചുവച്ച് അസി.പബ്ലിക് പ്രോസിക്യൂട്ടർ; എട്ടുപ്രതികളുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമണക്കേസ്: പ്രതികളുടെ ജാമ്യഹർജിയെ ശക്തമായി എതിർക്കാതെ സർക്കാർ; ഒമ്പതാം പ്രതി അജയ് കുമാറിനെ പിടികൂടാനുണ്ടെന്ന വിവരം മറച്ചുവച്ച് അസി.പബ്ലിക് പ്രോസിക്യൂട്ടർ; എട്ടുപ്രതികളുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

പി.നാഗ് രാജ്‌

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ഗവ: സെക്രട്ടറിയേറ്റിന് തൊട്ടടുത്ത എസ് ബി ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ബാങ്ക് അടപ്പിക്കാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 8 പ്രതികൾ സമർപ്പിച്ച ജാമ്യ ഹർജികളെ കോടതിയിൽ സർക്കാർ കാര്യമായി എതിർത്തില്ല. ഒമ്പതാം പ്രതിയായ അജയകുമാറിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുണ്ടെന്ന വിവരവും വാദവേളയിൽ അസി.പബ്ലിക്‌പ്രോസിക്യൂട്ടർ മറച്ചുവെച്ചു. ജാമ്യഹർജികളിൽ ഇന്ന് (വെള്ളിയാഴ്ച ) കോടതി ഉത്തരവ് പ്രസ്താവിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ടി.മഞ്ജിത്താണ് സർക്കാർ നിലപാടറിയിക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നത്.

റിമാന്റിൽ കഴിയുന്ന ഒന്നു മുതൽ എട്ടുവരെ പ്രതികളായ എൻജിഒ യൂണിയൻ ജില്ലാ നേതാക്കളായ അശോകൻ ( ജില്ലാ ട്രഷറി ), ഹരിലാൽ ( സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് ), എൻജിഒ യൂണിയൻ സംസ്ഥാന നേതാക്കളായ സുരേഷ് ബാബു ( ജി. എസ്. ടി വകുപ്പ് ഇൻസ്‌പെക്ടർ ), സുരേഷ് (നികുതി വകുപ്പ് ഇൻസ്‌പെക്ടർ ), ശ്രീവത്സൻ (ട്രഷറി ഡയറക്ടറേറ്റ് ) , ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനു കുമാർ (ആരോഗ്യ വകുപ്പ്), അനിൽ കുമാർ (ആരോഗ്യ വകുപ്പ് ) എന്നിവരുടെ ജാമ്യഹർജിയിൽ വാദം കേൾക്കവേയാണ് സർക്കാർ നയം കോടതിയിൽ വ്യക്തമാക്കിയത്.

ആദ്യ രണ്ടു പ്രതികളുടെ ജാമ്യ ഹർജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇവർ മേൽക്കോടതിയെ സമീപിക്കാതെ രണ്ടാമതും ഇതേ കോടതിയിൽ ജാമ്യഹർജി സമർപ്പിക്കുകയായിരുന്നു. 3 മുതൽ 8 വരെയുള്ള പ്രതികളെ ചൊവ്വാഴ്ചയാണ് റിമാന്റ് ചെയ്തത്. തങ്ങൾ നിരപരാധികളാണെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നുമാണ് എല്ലാ പ്രതികളും സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നത്.

അതിക്രമിച്ചു കയറൽ , പൊതുമുതൽ നശിപ്പിക്കൽ, അസഭ്യ വാക്കുകൾ വിളിക്കൽ, വധഭീഷണി എന്നീ ജാമ്യമില്ലാ വകുപ്പുകൾ ആണ് എഫ് ഐആറിൽ ചുമത്തിയിട്ടുള്ളത്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ ആഭ്യന്തര വകുപ്പിടപെട്ട് പ്രതികളെ സ്റ്റേഷനിൽ കീഴടങ്ങിയെന്ന വ്യാജേന എത്തിക്കുകയായിരുന്നു. ജില്ലാ നേതാക്കളായ ആദ്യ രണ്ടു പ്രതികളുടെ കീഴടങ്ങൽ നാടകം ശക്തമായ പ്രതിഷേധത്തിനും വിമർശനത്തിനും ഇടവരുത്തി. എന്നാൽ ബാങ്കുമായി നടത്തിയ ഒത്തുതീർപ്പു ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന നേതാക്കളായ 6 പ്രതികളെ ഹാജരാക്കി ആഭ്യന്തര വകുപ്പ് മുഖം രക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP