Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയം മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകാൻ കോടതി ഉത്തരവ്; ജില്ലാ ഭരണകൂടം പള്ളി ഏറ്റടുത്ത ശേഷം ഓർത്തഡോക്സ് സഭയ്ക്ക് വിട്ടു നൽകാൻ ഉത്തരവിട്ടത് കോട്ടയം സബ് കോടതി; പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണം; 1934-ലെ ഭരണഘടന പ്രകാരം ഭരണപരമായ അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നടപടി; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ

കോട്ടയം മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകാൻ കോടതി ഉത്തരവ്; ജില്ലാ ഭരണകൂടം പള്ളി ഏറ്റടുത്ത ശേഷം ഓർത്തഡോക്സ് സഭയ്ക്ക് വിട്ടു നൽകാൻ ഉത്തരവിട്ടത് കോട്ടയം സബ് കോടതി; പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണം; 1934-ലെ ഭരണഘടന പ്രകാരം ഭരണപരമായ അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നടപടി; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകാൻ ജില്ലാ ഭരണകൂടത്തിന് കോടതിയുടെ ഉത്തരവ്. കോട്ടയം സബ്കോടതിയുടേതാണ് ഉത്തരവ്. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കണം എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിക്കുന്നു.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ വന്നിരുന്നു. ഇതനുസരിച്ച് പള്ളികൾ ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണർകാട് പള്ളി. അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് യാക്കോബായ സഭ അറിയിച്ചു.

യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണർകാട് പള്ളി. ആ പള്ളിക്ക് കീഴിൽ ഏകദേശം രണ്ടായിരത്തോളം യാക്കോബായ വിശ്വാസികളാണുള്ളത്. ആഗോളതലത്തിൽ പ്രശസ്തിയാർജിച്ച മരിയൻ തീർത്ഥാടന കേന്ദ്രം കൂടിയായ മണർകാട് പള്ളിയിൽ നാനാജാതി മതസ്ഥായ വിശ്വാസികൾ എത്താറുണ്ട്. കോടതി വിധിയിലൂടെ വർഷങ്ങളായി സഭയിലുണ്ടായ തർക്കത്തിന് പരിഹാരമായതായി ഓർത്തഡോക്സ് സഭാവൈദികനായ പികെ കുര്യാക്കോസ് കോടതി വിധിയോട് പ്രതികരിച്ചു. പള്ളി ഓർത്തഡോക്സ് സഭയുടെ ഭാഗമാണെന്നും സഭാഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും അധികാരം കൈമാറണമെന്നും വിധി വന്നിരിക്കുന്നു. സഭയിൽ ശാശ്വതമായ സമാധാനം ഉണ്ടാവും. ഇടവകാംഗങ്ങളെ തരംതിരിക്കുന്ന രീതി മാറുകയും എല്ലാ വിശ്വാസികൾക്കും പള്ളി കമ്മിറ്റിയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കോടതി വിധി നിർഭാഗ്യകരമായിപ്പോയെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ വട്ടവേലിൽ പ്രതികരിച്ചു. യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണ്. മറുവിഭാഗക്കാർ ഒരാളുപോലുമില്ല. മാർത്തോമസഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണർകാട് പള്ളി. എന്നാൽ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെ തുടർന്ന് സഭയ്ക്ക് തന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണർകാട് പള്ളിക്കുള്ളത്. ഇടവകക്കാരുപോലുമില്ലാത്ത ഓർത്തഡോക്സുകാർ പള്ളിക്ക് അവകാശം കൊണ്ടുവരുന്നത് ശരിയല്ല, നീതിയും ധർമവുമല്ലെന്നും അദ്ദേഹം പറഞ്ഞു.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934-ലെ ഭരണഘടന അനുസരിച്ചു വേണം നടത്തേണ്ടതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം പുതിയ മാനത്തിലേക്ക് കടന്നിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്‌സ് പള്ളി, ആലുവ തൃക്കുന്നത്ത് സെമിനാരി തുടങ്ങിയവയുടെ ഭരണാധികാരം കോടതിവിധിയിലൂടെ നേടിയ ഓർത്തോഡോക്‌സ് സഭ, മണർകാട് സെന്റ് മേരീസ് ഭദ്രാസന പള്ളിയുടെ അവകാശവാദത്തിനും മുതിരുന്നതായാണ് സൂചനകൾ.

1913ലെ ഉടമ്പടി പ്രകാരം പള്ളികൾ ഭരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ പള്ളികളിലെ യാക്കോബായ വിശ്വാസികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് മലങ്കര സഭയുടെ പള്ളികൾ 1934 ലെ ഭരണഘടനയ്ക്കു വിധേയമായാണ് ഭരിക്കപ്പെടേണ്ടത് എന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. മലങ്കര സഭയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ 1934ലെ ഭരണഘടന ഭേദഗതി ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. ഈ ഭരണഘടന യാക്കോബായ വിഭാഗം അംഗീകരിക്കുന്നില്ല. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി കേസിലാണ് വിധിയെങ്കിലും മലങ്കരസഭയുടെ കീഴിലുള്ള എല്ലാ പള്ളികൾക്കും ബാധകമാണ്. കോലഞ്ചേരിയോടൊപ്പം മണ്ണത്തൂർ സെന്റ് ജോർജ്, വരിക്കോലി സെന്റ് മേരീസ്, നെച്ചൂർ എന്നീ പള്ളികളുടെ കേസും ഒരുമിച്ചാണ് സുപ്രീംകോടതി പരിഗണിച്ചിരുന്നത്.

കേരളത്തിലെ വേളാങ്കണ്ണി എന്ന് അറിയപ്പെടുന്ന മണർകാട് പള്ളി ഇടവക അംഗങ്ങളിൽ നൂറിൽ താഴെ മാത്രമേ ഓർത്തഡോക്‌സ് വിഭാഗക്കാരുള്ളൂ. എങ്കിലും 1913 ലുണ്ടാക്കിയ ഉടമ്പടി സുപ്രീം കോടതി അംഗീകരിക്കാതെയിരിക്കുന്ന സാഹചര്യത്തിൽ മണർകാട് പള്ളിയിലും അവകാശം ഉന്നയിക്കുകയാണ് ഓർത്തഡോക്‌സ് സഭ ചെയ്ത്. 1995ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരം പള്ളികളുടെ ഭരണവും ഉടമസ്ഥാവകാശവും ഓർത്തോഡോക്‌സ് സഭ അംഗീകരിച്ച 1934 ഭരണഘടനപ്രകാരമായിരിക്കണം എന്ന് നിഷ്‌കർഷിച്ചിരുന്നു.

അയ്യായിരത്തോളം ഇടവകകളുള്ള യാക്കോബായ വിഭാഗത്തിന്റെ ഭരണാധികാരത്തിലാണ് ക്രൈസ്തവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ മണർകാട് ഇപ്പോൾ ഉള്ളത്. കൊച്ചു കുട്ടികളെ മാതാവിന്റെ പക്കൽ കാഴ്ച വെച്ച് വിശുദ്ധയുടെ കരുതലിനു സമർപ്പിക്കുന്ന നേർച്ചയെ അടിമ വയ്ക്കുക എന്ന ആചാരം മണർകാട് പള്ളിയുടെ സവിശേഷതയായി വിശ്വാസികൾ കരുതി പോരുന്നു. യേശുവിനെ മാതാപിതാക്കൾ ദേവാലയത്തിൽ കാഴ്ച വച്ചതിന്റെ അനുസ്മരണമായിട്ടാണ് അടിമ വയ്ക്കൽ ചടങ്ങ് നടക്കുന്നത്. എല്ലാവർഷവും എട്ട് നോമ്പ് ആചരിച്ചു സെപ്റ്റംബർ ഏഴാം തീയതി മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം തുറന്നുകൊടുക്കുന്ന നടതുറക്കൽ ചടങ്ങ് ഈ ദേവാലയത്തിലെ മാത്രം പ്രത്യേകതയാണ്.

അനുഗ്രഹം നേടി നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ ഭക്തജനങ്ങൾ ഈ ദേവാലയത്തിൽ എട്ടുനോമ്പിന് എത്തിയിരുന്നതായി ചരിത്രം പറയുന്നു. മലങ്കര സഭയിൽ ആദ്യം എട്ടുനോമ്പ് ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. വളരെ പഴക്കമുള്ള രണ്ട് വാളുകൾ ഇപ്പോഴും പള്ളി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ സംരക്ഷണത്തിനായി രാജകൊട്ടാരത്തിൽ നിന്നും വാളുകൾ നേരിട്ട് ഭരമേൽപ്പിച്ചിട്ടുള്ളവയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചരിത്രപരമായ പ്രാധാന്യവും സഭയുടെ പ്രധാന വരുമാന സ്രോതസും കൂടിയായ മണർകാട് പള്ളിയുടെ അധികാരത്തിനുള്ള കോടതി വിധി വിഷയം കൂടുതൽ സങ്കീർണമാക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP