Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിൽ സർക്കാറിന് കോടതിയുടെ പ്രഹരം; പദ്ധതിയിലെ സിബിഐ അന്വേഷണത്തെ തടയില്ലെന്ന് ഹൈക്കോടതി; സർക്കാർ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; സിബിഐ അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്ന് നിർദ്ദേശം; ഹർജി യുണിടാക്കിനും സാനി വെഞ്ച്വേഴ്‌സിനും വേണ്ടിയെന്നും സംശയം പ്രകടിപ്പിച്ചു കോടതി; അടുത്ത മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും; സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ മുടക്കി അഭിഭാഷകനെ ഇറക്കിയും സർക്കാറിന് രക്ഷയില്ല

ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിൽ സർക്കാറിന് കോടതിയുടെ പ്രഹരം; പദ്ധതിയിലെ സിബിഐ അന്വേഷണത്തെ തടയില്ലെന്ന് ഹൈക്കോടതി; സർക്കാർ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; സിബിഐ അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്ന് നിർദ്ദേശം; ഹർജി യുണിടാക്കിനും സാനി വെഞ്ച്വേഴ്‌സിനും വേണ്ടിയെന്നും സംശയം പ്രകടിപ്പിച്ചു കോടതി; അടുത്ത മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും; സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ മുടക്കി അഭിഭാഷകനെ ഇറക്കിയും സർക്കാറിന് രക്ഷയില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. കേസിൽ സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാർ സഹകരിക്കണമെന്നും ലൈഫ് മിഷൻ സിഇഒക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി ഹർജി നൽകിയത് പദ്ധതിയുടെ നടത്തിപ്പുകാരായ യുണിടാക്കിനും സാനി വെഞ്ചേഴ്‌സിനും വേണ്ടിയാണോ എന്നും സംശയം പ്രകടിപ്പിച്ചു. കേസ് വീണ്ടും അടുത്തമാസം പരിഗണിക്കും.

നേരത്തെ രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് സിബിഐ നടത്തുന്നതെന്നാണ് കേരള സർക്കാർ കോടതിയിൽ വാദിച്ചത്. രാഷ്ട്രീയക്കാരൻ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നതെന്നും കോടതിയെ സർക്കാർ ബോധിപ്പിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.വി വിശ്വനാഥനാണ് ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് സർക്കാറിന് വേണ്ടി ഹാജരായത്. ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എംഎ‍ൽഎ. നൽകിയ പരാതിയും ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ.രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ. ആണ് ഹർജി ഫയൽ ചെയ്തത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി.

സിബിഐ.അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര സർക്കാർ നടപടി തെറ്റാണെന്നും എഫ്.ഐ.ആർ. നിയമവിരുദ്ധമാണെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന പൊലീസ് സംവിധാനം മറികടന്ന് ഏതെങ്കിലും ഏജൻസിയോട് അന്വേഷണം നടത്താൻ ഉത്തരവിടാനാകില്ലെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം മുറുകവേ ഏറ്റവും പ്രതിസന്ധിയിൽ ആകാൻ പോകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തിന് തടയിടാൻ ഉറപ്പിച്ചു കൊണ്ടു തന്നെയാണ് സർക്കാർ കോടതിയെ സമീപിച്ചതും.

അതേസമയം വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ വിദേശ സഹായം വാങ്ങുന്നതിനു യാതൊരു വിലക്കുമില്ലെന്നാണ് സർക്കാറിന്റെ വാദം. അത്തരം വിലക്കുള്ള കമ്പനികളല്ല യൂണിടാക്കും സെയ്ൻ വെഞ്ച്വേഴ്സും എന്ന വാദവുമായാകും ലൈഫ് മിഷൻ ഇടപാടിലെ സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുക. അവർ വിദേശസഹായം വാങ്ങിയെന്നു കരുതിയാൽ തന്നെ നിയമപ്രകാരം കുറ്റമല്ല. ബിസിനസിന്റെ ഭാഗമായി സാധന സാമഗ്രികൾ, സേവനങ്ങൾ തുടങ്ങിയവയ്ക്കു വിദേശത്തു നിന്നു ഫീസായോ, ചെലവായോ പണം സ്വീകരിക്കാം. അതിനാൽ ലൈഫ് മിഷൻ ഇടപാട് വിദേശസംഭാവനാ നിയന്ത്രണ നിയമത്തിനു കീഴിൽ വരില്ലെന്നാണു സർക്കാർ നിലപാട്.

സിബിഐയുടെ എഫ്ഐആർ നിയമവിരുദ്ധവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നു സർക്കാർ പറയുന്നു. അനിൽ അക്കരയുടെ പരാതി രാഷ്ട്രീയപ്രേരിതം. പ്രാഥമിക അന്വേഷണം പോലും നടത്താതെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ ദുരുദ്ദേശ്യം വ്യക്തമെന്നും വാദമുണ്ട്. സംസ്ഥാന പൊലീസിനെ മാറ്റിനിർത്തി പ്രത്യേക ഏജൻസി അന്വേഷിക്കണമെന്നു വിജ്ഞാപനമിറക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ല. സർക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. നിർമ്മാണ കരാർ യൂണിടാക് കമ്പനിയും യുഎഇ കോൺസൽ ജനറലും തമ്മിലാണ്. യൂണിടാക്കിനെയും സെയിൻ വെഞ്ച്വേഴ്സിനെയും തിരഞ്ഞെടുത്തതു സ്പോൺസറാണ്. ഇതിൽ സംസ്ഥാനത്തിനോ ലൈഫ് മിഷനോ പങ്കില്ലെന്നും സർക്കാർ വാദിക്കുന്നു.

അതേസമയം ലൈഫ് മിഷൻ പദ്ധതിയിലെ ഇടപാടുകളുടെ അന്വേഷണത്തിൽ സിബിഐ ഏറെ മുന്നേറിക്കഴിഞ്ഞതായി സൂചന. ലൈഫ് മിഷന്റെ നിർമ്മാണകരാർ ലഭിച്ച സന്തോഷ് ഈപ്പനെ തന്നെയാണ് സിബിഐ മുഖ്യ കരുവാക്കിയത്. മിഷനുമായി ബന്ധപ്പെട്ടു അറിയാവുന്ന കാര്യങ്ങൾ മുഴുവൻ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സന്തോഷ് ഈപ്പന്റെ ഭാര്യ യൂണിടാക് ഡയരക്ടർ ആണ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഭാര്യയെ കൂടി സിബിഐ വിളിച്ചു വരുത്തിയിരുന്നു. ഇത് സന്തോഷ് ഈപ്പനെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു വഴി കൂടിയായിരുന്നു.

സന്തോഷ് ഈപ്പനെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ പ്രതി ചേർത്തത് ലെഫ് മിഷൻ എംഡി സന്തോഷ് ഈപ്പനെ മാത്രമാണ്. കൃത്യമായ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ ഭാര്യയെ സാക്ഷിയാക്കുകയോ പ്രതിപ്പട്ടികയിൽ നിന്ന് മാറ്റുകയോ ചെയ്യുമെന്ന സൂചനകളാണ് സിബിഐ നൽകിയത്. ഇതിന്റെ സന്ദേശം മനസിലായതിനാൽ അറിയാവുന്ന കാര്യങ്ങൾ മുഴുവൻ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോഴ നൽകിയില്ല കമ്മിഷൻ നൽകി എന്നാണ് സന്തോഷ് ഈപ്പൻ പറഞ്ഞത്. ഇടനിലക്കാർക്ക് കമ്മിഷൻ നൽകുക സ്വാഭാവികമാണ്. അതിനാൽ കമ്മിഷൻ നൽകി. ഈ കമ്മിഷൻ ഒരു കൈക്കൂലിയല്ല എന്നാണ് ഈപ്പൻ പറഞ്ഞത്.

ലെഫ് മിഷനെ കുറിച്ചും അതിന്റെ ഉള്ളുകള്ളികളെക്കുറിച്ചും വ്യക്തമായ ചിത്രം സന്തോഷ് ഈപ്പന്റെ കയ്യിലുണ്ട് എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ സിബിഐയ്ക്ക് മനസിലാക്കാൻ കഴിഞ്ഞത്. ലൈഫ് മിഷൻ കമ്മിഷന്റെ കാര്യങ്ങൾ, സ്വപ്ന സുരേഷ് സുരേഷ് ബന്ധം തുടങ്ങി എല്ലാ കാര്യങ്ങളും ഈപ്പൻ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിട്ടുണ്ട്. ഒരു കമ്പനി എന്ന നിലയിൽ കരാർ ലഭിക്കാൻ ഏതറ്റം വരെയും പോകേണ്ടി വരും എന്ന കാര്യമാണ് സിബിഐയ്ക്ക് മുന്നിൽ ഈപ്പൻ വെളിപ്പെടുത്തിയത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ നീങ്ങുമ്പോൾ ഇതിനു ഇടനിലക്കാരായി ആളുകൾ ഉണ്ടാകും.

കരാർ ലഭിക്കുമ്പോൾ വിയർപ്പിന്റെ വില അവർക്ക് കമ്മിഷൻ എന്ന രീതിയിൽ നൽകും. പക്ഷെ ഇത് കൈക്കൂലിയല്ല. സ്വപ്ന ഇടനിലക്കാരിയാണ്. സ്വപ്ന വഴിയാണ് തനിക്ക് കമ്മിഷൻ ലഭിച്ചത്. അതുകൊണ്ട് തന്നെ സ്വപ്ന പറഞ്ഞ രീതിയിൽ കമ്മിഷൻ ആയി തുക നൽകി. വടക്കാഞ്ചേരി പ്രോജക്റ്റ് ഒരു തുടക്കം മാത്രം. മറ്റു ലൈഫ് മിഷൻ പ്രോജക്ടുകളും ലഭിക്കും. അതിനൊക്കെ കമ്മിഷൻ തുകയും നൽകേണ്ടി വരും. ഇത് നൽകാൻ കമ്പനി എന്ന നിലയിൽ തങ്ങൾ തയ്യാറാണ്. ഏത് കമ്പനിയും കരാർ എടുത്താൽ ഇടനിലക്കാർക്ക് കമ്മിഷൻ നൽകും. ആ രീതിയിലുള്ള ഇടപാടാണ് നടന്നത്.

സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുമ്പോൾ പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയ സിബിഐ മുകളിൽ ആരൊക്കെ എന്ന രീതിയിൽ ചോദ്യങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഈ മൊഴിയിൽ നിന്നാണ് ലൈഫ് മിഷൻ സിഇഒ യു.വി.ജോസിലെക്കും ശിവശങ്കറിലേക്കും സഞ്ചരിച്ചത്. ശിവശങ്കറിലേക്ക് സഞ്ചരിക്കുമ്പോൾ ലൈഫ് മിഷൻ ചെയർമാൻ ആയ മുഖ്യമന്ത്രിയിലേക്കും സ്വാഭാവികമായി അന്വേഷണം നീങ്ങും. അവതാരങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അകറ്റി നിർത്തും എന്ന് പ്രഖ്യാപനം നടത്തിയിട്ട് സ്വപ്ന പോലുള്ള അവതാരങ്ങൾ എങ്ങനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് വന്നും എന്നും കമ്മിഷൻ കൈപ്പറ്റി എന്നും ചോദിക്കുമ്പോൾ ലൈഫ് മിഷൻ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിബിഐയ്ക്ക് മുന്നിൽ മറുപടി പറയേണ്ടി വരും. അത് റെഡ് ക്രസന്റും യൂണിറാക്കും തമ്മിലുള്ള ഇടപാടാണ് എന്ന് മുഖ്യമന്ത്രിക്ക് പറഞ്ഞ ഒഴിയാൻ കഴിയില്ല. കാരണം കരാർ ഒപ്പ് വെച്ചിരിക്കുന്നത് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലാണ്. ധാരണാപത്രം ഒപ്പ് വെച്ചതും മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചും.

യു.വി.ജോസ് സിബിഐയ്ക്ക് നൽകിയ മൊഴിയിൽ പറഞ്ഞത് മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് പദ്ധതികൾ നടപ്പിലാക്കിയത്. സിഇഒ എന്ന നിലയിൽ പദ്ധതി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. കരാർ എല്ലാം മുകളിൽ നിന്നും വന്നതാണ്. സ്വയം രക്ഷപ്പെടാനുള്ള ശക്തമായ മൊഴികൾ യു.വി.ജോസിന്റെ കയ്യിൽ നിന്നും വന്നപ്പോൾ കൂടുതൽ കുരുക്കിലാകുക ലൈഫ് മിഷനിൽ യു.വി.ജോസിനെ നിയന്ത്രിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തന്നെയാണ്. സിബിഐ വന്നതിനാൽ ശിവശങ്കർ അറസ്റ്റിലാകാനുള്ള സാധ്യതകൾ ഏറെയാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയാൽ ശിവശങ്കറിന്റെ അറസ്റ്റ് വന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP