Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നിങ്ങൾ അവളെ വിവാഹം കഴിക്കുമെങ്കിൽ ഞങ്ങൾ സഹായിക്കാം; അതല്ലെങ്കിൽ ജോലിയും പോകും.. ജയിലിൽ പോകേണ്ടിയും വരും': ബലാൽസംഗ കേസിലെ പ്രതിയായ സർക്കാർ ജീവനക്കാരൻ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്നാരാഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ചോദ്യം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

'നിങ്ങൾ അവളെ വിവാഹം കഴിക്കുമെങ്കിൽ ഞങ്ങൾ സഹായിക്കാം; അതല്ലെങ്കിൽ ജോലിയും പോകും.. ജയിലിൽ പോകേണ്ടിയും വരും': ബലാൽസംഗ കേസിലെ പ്രതിയായ സർക്കാർ ജീവനക്കാരൻ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്നാരാഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ചോദ്യം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബലാൽസംഗ കേസിലെ പ്രതിയായ സർക്കാർ ജീവനക്കാരൻ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്നാരാഞ്ഞ് സുപ്രീം കോടതി. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയ മഹാരാഷ്ട്ര സംസ്ഥാന വൈദ്യുതി ഉത്പാദന കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ ചോദ്യം. സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ പോക്‌സോ പ്രകാരമാണ് കേസ്. എൻഡി ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

' നിങ്ങൾക്ക് അവളെ വിവാഹം ചെയ്യണമെങ്കിൽ ഞങ്ങൾ സഹായിക്കാം. അതല്ലെങ്കിൽ ജോലിയും പോകും ജയിലിൽ പോകേണ്ടിയും വരും. നിങ്ങൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗപ്പെടുത്തി'- എസ്. എ.ബോബ്‌ഡെ ഹർജിക്കാരന്റെ അഭിഭാഷകനോട് പറഞ്ഞു. തന്റെ കക്ഷിക്ക് ജോലി നഷ്ടപ്പെടുമെന്ന് അഭിഭാഷകൻ വാദിച്ചപ്പോഴായിരുന്നു കോടതി പ്രതികരണം.എന്നാൽ, തന്റെ അമ്മ പെൺകുട്ടിയെ സന്ദർശിച്ചപ്പോൾ അവൾ വിവാഹവാഗ്ദാനം തള്ളിക്കളയുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നുവെന്ന് ഹർജിക്കാരൻ അറിയിച്ചു. പിന്നീട് പെൺകുട്ടിക്ക് 18 വയസ് തികയുമ്പോൾ വിവാഹം എന്ന കരാണ്ടാക്കി. എന്നാൽ, ആ സമയത്ത് ഹർജിക്കാരൻ വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോഴാണ് ബലാൽസംഗ പരാതി കോടതിയിൽ എത്തിയത്.

കോടതിയിൽ കേസ് വന്നപ്പോഴാണ് നിങ്ങൾ അവളെ കല്യാണം കഴിക്കുമോ എന്ന് ചീഫ് ജസ്‌ററിസ് ചോദിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി. നിർദ്ദേശങ്ങൾ അനുസരിക്കാമെന്ന് ചവാന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. നിങ്ങൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാൽസംഗം ചെയ്യും മുമ്പ് ആലോചിക്കണമായിരുന്നു. നിങ്ങൾ ഒരുസർക്കാർ ജീവനക്കാരൻ ആണെന്ന കാര്യം ഓർക്കണമായിരുന്നു, കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ്: നിങ്ങളെ ഞങ്ങൾ വിവാഹത്തിന് നിർബന്ധിക്കുകയില്ല. നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ അറിയിക്കുക. അതല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ അവളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്ന് നിങ്ങൾ പറയും

തന്റെ കക്ഷിയുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പ്രതിഭാഗം വക്കീലിന്റെ മറുപടി. പിന്നീട് ഹർജിക്കാരൻ കോടതിയെ ഇങ്ങനെ അറിയിച്ചു: 'ആദ്യം എനിക്ക് അവളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാൽ, അവൾ വിസമ്മതിച്ചു. ഇപ്പോൾ ഞാൻ വിവാഹിതനാണ്..അതുകൊണ്ട് കല്യാണം നടക്കുകയില്ല.' കേസിൽ വിചാരണ നടക്കുകയാണെന്നും കുറ്റപത്രം നൽകിയിട്ടില്ലെന്നും പ്രതി മോഹിത് സുഭാഷ് കോടതിയെ അറിയിച്ചു. താനൊരു സർക്കാർ ഉദ്യോഗസ്ഥൻ ആണന്നും അറസ്റ്റിലായാൽ സസ്‌പെൻഷനിൽ ആവുമെന്നും അയാൾ പറഞ്ഞു.

അതുകൊണ്ടാണ് ഞങ്ങൾ ഈയൊരു അനുകമ്പ കാണിച്ചത്. നിങ്ങളുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്യാം. നിങ്ങൾക്ക് സാധാരണ ജാമ്യത്തിന് അപേക്ഷിക്കാം'. തുടർന്ന് പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. പ്രതിക്ക് സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംഭവത്തിൽ പോക്സോ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തതോടെ പ്രതി സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. പരാതിക്കാരി ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കി. ഇതോടെയാണ് മോഹിത് സുപ്രീംകോടതിയെ സമീപിച്ചത്.

മറ്റൊരു കേസിൽ ദാമ്പത്യ കലഹം തീർക്കാൻ ചീഫ് ജസ്റ്റിസ് നയിക്കുന്ന ബഞ്ച് മധ്യസ്ഥതയ്ക്ക് വിട്ടിരുന്നു. നിങ്ങൾക്ക് രമ്യമായി ജീവിക്കാൻ കഴിയില്ലെങ്കിൽ രമ്യമായി പിരിയുക എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. അടുത്തിടെ മറ്റൊരുബലാൽസംഗ കേസിൽ പഞ്ചാബിൽ നിന്നുള്ള പ്രതിക്ക് ഇരയായ പെൺകുട്ടിയെ ആറുമാസത്തിനകം വിവാഹം കഴിക്കാമെന്ന ഉപാധിയിൽ വിടുതൽ നൽകിയിരുന്നു. ഓസ്‌ട്രേലിയയിൽ കഴിയുന്ന യുവതിയെ ആറുമാസത്തിനകം വിവാഹം ചെയ്തില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP