Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്രഖ്യാപിത ഹർത്താൽ ക്രിമിനൽ കുറ്റമെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; രണ്ട് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി കൊലപ്പെടുത്തിയതോടെ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിന് എതിരെ സ്വമേധയാ കേസെടുത്ത് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്; തീരുമാനം മുൻകൂർ അനുമതി തേടാതെ മിന്നൽ ഹർത്താൽ പാടില്ലെന്ന കോടതിവിധി ലംഘിച്ച സാഹചര്യത്തിൽ; പിന്നോട്ടില്ലെന്നും നിയമപരമായി തന്നെ നേരിടുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്; ആഹ്വാനം സോഷ്യൽ മീഡിയയിലൂടെയെന്ന് സർക്കാരും

അപ്രഖ്യാപിത ഹർത്താൽ ക്രിമിനൽ കുറ്റമെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; രണ്ട് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി കൊലപ്പെടുത്തിയതോടെ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിന് എതിരെ സ്വമേധയാ കേസെടുത്ത് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്; തീരുമാനം മുൻകൂർ അനുമതി തേടാതെ മിന്നൽ ഹർത്താൽ പാടില്ലെന്ന കോടതിവിധി ലംഘിച്ച സാഹചര്യത്തിൽ; പിന്നോട്ടില്ലെന്നും നിയമപരമായി തന്നെ നേരിടുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്; ആഹ്വാനം സോഷ്യൽ മീഡിയയിലൂടെയെന്ന് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻകൂർ അനുമതി തേടാതെ ഹർത്താൽ നടത്തരുതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ഹൈക്കോടതി. ഇന്ന് കാസർകോട് രണ്ട് യുവ കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി സിപിഎമ്മുകാർ വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ഹർത്താൽ നടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിരീക്ഷണം. ഇതിന് പിന്നാലെ കോടതി യൂത്ത് കോൺഗ്രസിനെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന് ഒരുമാസം മുൻപ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി. ഹർത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നത്. കാസർകോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റരാത്രി കൊണ്ട് ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെയാണ് ഇപ്പോൾ സ്വമേധയാ കേസെടുത്തിരിക്കുന്നത്. കോടതി അലക്ഷ്യ നടപടി അടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം ഇത് നിയമപരമായി തന്നെ നേരിടുമെന്ന നിലപാടാണ് യൂത്ത് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. രണ്ട് പ്രവർത്തകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും കോൺഗ്രസ് നേതൃത്വം ഹർത്താലിന് ആഹ്വാനം നടത്താതിരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം നൽകുകയായിരുന്നു.

മുന്നറിയിപ്പില്ലാതെ ഹർത്താൽ പ്രഖ്യാപിച്ചത് ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് നിരീക്ഷിച്ചത്. നിയമം ലംഘിക്കുന്വർക്ക് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. ഫേസ്‌ബുക്കിലൂടെയാണ് ഹർത്താൽ ആഹ്വാനം ഉണ്ടായതെന്ന് വിഷയം പരിഗണിക്കവെ സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഏതു നിയമനടപടിയും നേരിടാൻ തയ്യാറാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസും കോടതി പരാമർശത്തോട് പ്രതികരിച്ചു.

ആരെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്താൽ സർക്കാർ സർവീസുകൾ നിർത്തരുതെന്ന് കോടതി നിർദ്ദേശിച്ചു. ഹർത്താൽ ആഹ്വാനം കോടതിയലക്ഷ്യമാണ്. ക്രിമിനൽ കുറ്റമാണ്. - കോടതി വ്യക്തമാക്കി. നേരത്തെ ഒരു വിധിയിൽ ഇത്തരത്തിൽ കോടതി വ്യക്തമാക്കിയിരുന്നു. ഉത്തരവുകൾ ലംഘിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ വകുപ്പുണ്ടോ എന്നും കോടതി ഇന്ന് ആരാഞ്ഞു. മുമ്പ് ഇത്തരത്തിൽ അപ്രഖ്യാപിത ഹർത്താൽ വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മിന്നൽ ഹർത്താൽ നടത്തരുതെന്ന വിധിക്ക് എതിരാണ് ഇന്നത്തെ ഹർത്താലെന്ന് നിരീക്ഷിച്ചാണ് കോടതിയലക്ഷ്യമാണെന്ന് കോടതി വ്യക്തമാക്കിയത്.

അതേസമയം, തങ്ങളുടെ രണ്ട് പ്രവർത്തകരുടെ ജീവനെടുത്താണ് സിപിഎം കളിച്ചിരിക്കുന്നതെന്നും ഇത്തരമൊരു സാഹചര്യത്തിൽ ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് രേഖപ്പെടുത്തുന്നതെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP