Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്രത്തിന്; വൈദ്യുതി-റവന്യൂ വകുപ്പുകളിലെ നിയമനവും സ്‌പെഷ്യൽ പബ്‌ളിക് പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരവും കെജ്രിവാൾ സർക്കാരിന് തന്നെ; ലഫ്റ്റനന്റ് ഗവർണർ ഡൽഹി മന്ത്രിസഭയുടെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കണമെന്ന വിധിയിൽ വ്യക്തത വരുത്തി സുപ്രീംകോടതി; കെജ്രിവാളും ബിജെപിയും ഏറ്റുമുട്ടുന്ന കേസിൽ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം

അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്രത്തിന്; വൈദ്യുതി-റവന്യൂ വകുപ്പുകളിലെ നിയമനവും സ്‌പെഷ്യൽ പബ്‌ളിക് പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരവും കെജ്രിവാൾ സർക്കാരിന് തന്നെ; ലഫ്റ്റനന്റ് ഗവർണർ ഡൽഹി മന്ത്രിസഭയുടെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കണമെന്ന വിധിയിൽ വ്യക്തത വരുത്തി സുപ്രീംകോടതി; കെജ്രിവാളും ബിജെപിയും ഏറ്റുമുട്ടുന്ന കേസിൽ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം

ന്യൂഡൽഹി: ഡൽഹിയിലെ കെജ്രിവാൾ സർക്കാരും ആം ആദ്മി പാർട്ടിയും സംസ്ഥാനത്തെ ലെഫ്റ്റനന്റ് ഗവർണർക്കെതിരെ നൽകിയ അധികാര തർക്ക കേസിൽ പരസ്പര ഭിന്നമായ വിധികൾ പുറപ്പെടുവിച്ച് കോടതി. കേന്ദ്രസർക്കാരിന്റെ നയങ്ങൾ നടപ്പാക്കാനായി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരെയാണ് ലെഫ്റ്റനന്റ് ഗവർണർ നിലകൊള്ളുന്നതെന്ന് ആം ആദ്മി സർക്കാർ വാദിക്കുന്നു. ഇത്തരത്തിൽ കോടതിയിലെത്തിയ അധികാരത്തർക്കത്തിലാണ് രണ്ടംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരും ഭിന്നാഭിപ്രായം പുറപ്പെടുവിച്ചത്. ഇതോടെ കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു.

എന്നാൽ ഡൽഹി സർക്കാരിന്റെ വാദങ്ങൾക്ക് തിരിച്ചടിയെന്നോണം അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്രത്തിനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേട്ട് വിധി പുറപ്പെടുവിച്ചത്. സർക്കാർ സേവനങ്ങളും ഉദ്യോഗസ്ഥ സ്ഥലം മാറ്റവും സംബന്ധിച്ച തർക്കമാണ് കോടതിയിലെത്തിയത്. വിധി രണ്ടു ജസ്റ്റിസുമാരും ഭിന്നമായി രേഖപ്പെടുത്തിയതോടെ കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു.

കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്നത് ഡൽഹി അഴിമതി വിരുദ്ധ ബ്യുറോയെയാണെന്നും ഡൽഹി സർക്കാറിനെയല്ലെന്നും കോടതി പറഞ്ഞു. ഡൽഹി സർക്കാറും ലഫ്റ്റ്നന്റ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കം സംബന്ധിച്ച കേസിൽ 2018 ജൂലൈയിലെ വിധിയിൽ വ്യക്തത തേടിക്കൊണ്ടുള്ള ഹർജികളിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. ആറ് വിഷയങ്ങളാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. നാലു വിഷയങ്ങളിൽ കേന്ദ്രത്തിന് അനുകൂലമായാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. അഴിമതി വിരുദ്ധ ബ്യൂറോ, ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവും, അന്വേഷണ കമ്മീഷൻ എന്നിവ കേന്ദ്ര സർക്കാറിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, വൈദ്യുത വകുപ്പ്, റവന്യൂ വകുപ്പ്, ഗ്രേഡ് രണ്ട്, മൂന്ന് ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവും, സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരം എന്നിവ ഡൽഹി സർക്കാറിന്റെ കീഴിലാണ്. കൃഷിഭൂമിയുടെ അടിസ്ഥാന വില പുനർ നിർണയം ഡൽഹി സർക്കാറിന്റെ കീഴിലാണെങ്കിലും ലെഫറ്റനന്റ് ഗവർണർക്ക് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ ഇക്കാര്യത്തിൽ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജോയിന്റ് സെക്രട്ടറിക്ക് താഴെ അടക്കം എല്ലാ നിയമനങ്ങളും കേന്ദ്ര വിഷയമെന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തൽ. ഇത്തരത്തിൽ ഭിന്നാഭിപ്രായം വന്ന സാഹചര്യത്തിൽ ഇക്കാര്യം ഇനി മൂന്നംഗ ബെഞ്ച് പരിഗണിക്കും.

ഡൽഹി ലഫ് ഗവർണർ മന്ത്രിസഭയുടെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മുമ്പ് വിധിച്ചിരുന്നു. ഇതോടൊപ്പം തന്നെ മൂന്ന് പ്രത്യേക വിധി ന്യായങ്ങളിലായി ലഫ് ഗവർണർക്ക് പരമാധികാരം ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതാണ്. ചില പ്രത്യേക മേഖലകളിൽ ഒഴികെ ഡൽഹി സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. സർക്കാരിന്റെ തീരുമാനം ഗവർണറെ അറിയിക്കേണ്ടതാണെങ്കിലും എല്ലാ കാര്യങ്ങളും അറിയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ തർക്കം തുടർന്നതോടെയാണ് കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് വിഷയം വീണ്ടും കോടതിയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP