Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർകോഴ കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലൻസ് ഹൈക്കോടതിയിൽ; നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസിൽ ഇതുവരെ നടത്തിയതെന്നും അന്വേഷണ ഏജൻസി; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കെ എം മാണിക്ക് മേൽ സമ്മർദ്ദമായി കോഴ കേസ്

ബാർകോഴ കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലൻസ് ഹൈക്കോടതിയിൽ; നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസിൽ ഇതുവരെ നടത്തിയതെന്നും അന്വേഷണ ഏജൻസി; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കെ എം മാണിക്ക് മേൽ സമ്മർദ്ദമായി കോഴ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർകോഴ കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസിൽ ഇതുവരെ നടത്തിയതെന്നും കോടതി ആവശ്യപ്പെട്ടാൽ തുടർ അന്വേഷണം നടത്താമെന്നും വ്യക്തമാക്കി കൊണ്ടാണ് വിജിലൻസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. നേരത്തെ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പാളിച്ചകൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. സർക്കാർ അനുമതിയോടെ പുനരന്വേഷണം നടത്തണം എന്ന നിർദേശത്തോടെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി റിപ്പോർട്ട് തള്ളിയത്.

കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണമാണുള്ളത്. ഇത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലാത്ത കാര്യമല്ലാത്തതിനാൽ ഇയാൾക്ക് നിയമ പ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും അന്വേഷണത്തിന് വിജിലൻസിന്റെ മുൻകൂർ അനുമതി സത്യവാങ്മൂലം പറയുന്നു. വിജിലൻസ് കോടതിയുടെ ഈ നടപടി ചോദ്യം ചെയ്ത് കെഎം മാണി ഹൈക്കോടതിയെ സമീപിച്ച ഹർജിയിലാണ് വീണ്ടും അന്വേഷണം നടത്താൻ തയ്യാറാണെന്ന് നിലപാട് വിജിലൻസ് വ്യക്തമാക്കിയത്. തന്നെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി നടപടി അസാധുവാക്കണമെന്നും തനിക്ക് നേരെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹൈക്കോടതിയിലെത്തിയത്.

എന്നാൽ മാണിക്ക് പിന്നാലെ വി എസ് അച്യുതാനന്ദനും ഹർജിയുമായി ഹൈക്കോടതിയിലെത്തി. മാണിക്ക് നേരെ വീണ്ടും അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാരിന്റെ അനുമതി തേടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസ് ഹൈക്കോടതിയിലെത്തിയത്. രണ്ട് പേരുടേയും ഹർജി പരിഗണിച്ചു കൊണ്ടാണ് കേസിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടത്.

പൂട്ടികിടക്കുന്ന ബാറുകൾ തുറക്കാൻ മുൻ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് 2014 ഒക്ടോബറിൽ ആരോപണമുന്നയിച്ചതോടെയാണ് കേരള രാഷ്ട്രീയത്തിൽ ബാർ കോഴ കേസിന്റെ ആരംഭം. കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതായിരുന്നു ഈ ആരോപണം. ആരോപണത്തെ തുടർന്ന് നവംബറിൽ വി എസ് അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പരാതിയെ തുടർന്ന് ഡിസംബറിൽ മാണിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

എന്നാൽ 2015 ൽ ജൂലൈയിൽ മാണിക്കെതിരെ തെളിവില്ലെന്ന വിജിലൻസിന്റെ ആദ്യ റിപ്പോർട്ട് പുറത്തുവരുന്നു. തുടർന്ന് പല തവണ കേസുകൾ മാറ്റിവെച്ചെങ്കലും വി എസ് അച്യുതാനന്ദൻ മാണിക്കെതിരെ ശക്തമായ നിലപാടുമായി നീങ്ങിയതോടെ കേസ് വീണ്ടും സജീവമാകുകയായിരുന്നു. 2017 ലും മാണിക്കെതിരെ കേസ് സജീവമായി നിലനിന്നു. ബാർ കോഴ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി, ബാർകേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി ആർ സുകേശൻ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP