Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭിഷേക നിറവിൽ ഡബ്ലിൻ സീറോ മലബാർ സഭ കുടുംബനവീകരണ ധ്യാനം സമാപിച്ചു

അഭിഷേക നിറവിൽ ഡബ്ലിൻ സീറോ മലബാർ സഭ കുടുംബനവീകരണ ധ്യാനം സമാപിച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ : നവീകരണത്തിന്റെ പുത്തൻ ചൈതന്യം പകർന്ന് ഡബ്ലിൻ സീറോ മലബാർ സഭയുടെ മൂന്ന് ദിവസം നീണ്ട കുടുംബ നവീകരണ ധ്യാനം സമാപിച്ചു.

സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ നേതൃത്വത്തിൽ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രിയാണു ഈ വർഷത്തെ ധ്യാനം നയിച്ചത്. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നത് ലഭിക്കുകതന്നെ ചെയ്യുമെന്ന് അച്ചൻ വിശ്വാസസമൂഹത്തെ ഓർമ്മിപ്പിച്ചു. സഭയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും, പ്രാദേശിക സഭയോടൊപ്പം വളരുവാനും വിശ്വാസികളോട് അച്ചൻ ആഹ്വാനം ചെയ്തു.

സെഹിയോൻ മിനിസ്റ്ററിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ആരാധനയും പ്രാർത്ഥനാ ശുശ്രുഷകളും വിശ്വാസ സമൂഹത്തിന് ആത്മീയ ഉണർവേകി. ദൈവീക അനുഭവങ്ങളുടേയും അനുഗ്രഹങ്ങളുടേയും സാക്ഷ്യങ്ങൾ വിശ്വാസികൾ ധ്യാന മദ്ധ്യേ പങ്കുവച്ചു.

ബ്ലാഞ്ചാർഡ്‌സ്ടൗൺ ഫിബിൾസ് ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ഫാ. സേവ്യർ ഖാൻ വട്ടായിലും,സഭാ നേതാക്കളും തിരി തെളിയിച്ച് ആരംഭിച്ച ധ്യാനത്തിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ ജനസമൂഹങ്ങളിൽ പെട്ട ആയിരങ്ങൾ പങ്കെടുത്തു.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസുവരെ വരെയുള്ളവർക്ക് 3 വിഭാഗങ്ങളായി നടത്തപ്പെട്ട ക്രിസ്റ്റീൻ ധ്യാനത്തിൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. ജീസസ്സ് യൂത്ത് അയർലണ്ട് ആണ് ക്രിസ്റ്റീൻ ധ്യാനം നയിച്ചത്.

ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും മറ്റ് ആത്മീയ ശുശ്രൂഷകൾക്കും പതിനഞ്ചോളം വൈദീകർ നേതൃത്വം നൽകി. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കൗൺസിലിങ്ങിനു വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരുന്നത്.

സമാപനദിവസം യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. കുടുംബജീവിതത്തിനു സമർപ്പണം, വിട്ടുകൊടുക്കൽ, ക്ഷമാപണം, സഹനം എന്നിവ അനിവാര്യമാണെന്നും, മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതുവഴി കുടുംബജീവിതം സന്തോഷകരമായി മാറ്റാൻ സാധിക്കുമെന്നും വചനസന്ദേശത്തിൽ ബിഷപ്പ് ഉത്‌ബോദിപ്പിച്ചു. ദൈവം ഒന്നേയുള്ളൂവെങ്കിൽ ധാർമ്മികതയും ഒന്നേയുള്ളൂവെന്ന് യൂറോപ്പിലേയും കേരളത്തിലേയും സാമൂഹ്യപശ്ചാത്തലങ്ങളെ താരതമ്യം ചെയ്ത് ബിഷപ്പ് തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഒരു മാവ് കായ്ച്ചാൽ കല്ലേറ് കൊള്ളും, കല്ലേറ് ഭയന്ന് മാവ് പൂക്കാതിരിക്കുന്നില്ല. സഭ വളരുമ്പോൾ വിമർശനം ഉണ്ടാവും.. സമീപ കാലങ്ങളിൽ സഭയ്ക്ക്‌നേരെയുള്ള രൂക്ഷവിമർശനങ്ങൾക്ക് മറുപടിയെന്നോണം ബിഷപ്പ് പറഞ്ഞു.

സമാപനദിവസം വൈകിട്ട് 7 മണിക്ക് ബ്ലാഞ്ചാർഡ്‌സ് ടൗൺ ലിറ്റിൽ പേയ്‌സ് ദേവാലയത്തിൽവച്ച് സീറോ മലബാർ സഭയുടെ സ്‌പെഷ്യലി ഗിഫ്റ്റഡ് ചിൽഡ്രൻസിന്റ കൂട്ടായ്മയായ 'SMILE' ന്റെ ആഭ്യമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥനാശുശ്രഷ നടന്നു. ഫാ. ക്ലമന്റ് പാടത്തിപറമ്പിൽ വി.കുർബാന അർപ്പിച്ചു. സേവ്യർഖാൻ വട്ടായിൽ അച്ചനും സെഹിയോൻ ടീമും കുട്ടികൾക്കായും കുടുംബങ്ങൾക്കായും പ്രത്യേക പ്രാർത്ഥന നടത്തി. ബിഷപ്പ് മാർ. സ്റ്റീഫൻ ചിറപ്പണത്തും ചാപ്ലിന്മാരും ചടങ്ങിൽ പങ്കെടുത്തു.

ധ്യാനത്തിൽ പങ്കെടുത്ത രണ്ടായിരത്തിൽപരം ആളുകൾക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ധ്യാന വിജയത്തിനായി ഡബ്ലിൻ സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റേയും, ബ്ലാഞ്ചാർഡ്‌സ്ടൗൺ വികാരി റവ. ഫാ. റോയ് വട്ടക്കാട്ടിന്റേയും, യൂത്ത് ഡയറകടർ റവ. ഫാ. രാജേഷ് മേച്ചിറാകത്തിന്റേയും, സോണൽ കമ്മറ്റിയുടേയും ബ്ലാഞ്ചാർഡ്‌സ്ടൗൺ കുർബാന സെന്ററിന്റേയും മറ്റ് കുർബാന സെന്ററുകളുടേയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണു നടത്തിയത് . ധ്യാനം നയിച്ച സേവ്യർഖാൻ വട്ടായിൽ അച്ചനും സെഹിയോൻ മിനിസ്ട്രിക്കും, ജീസസ്സ് യൂത്ത് അയർലണ്ടിനും, മറ്റ് സഹായ സഹകരണങ്ങൾ നൽകിയ ബഹു. വൈദീകർക്കും, ധ്യാനത്തിൽ പങ്കെടുത്തവർക്കും, പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഡബ്ലിൻ സീറോ മലബാർ സഭ നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP