Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാൾവേ പള്ളിയിൽ ഓശാനശുശ്രൂഷയും പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും 24 ന്

ഗാൾവേ പള്ളിയിൽ ഓശാനശുശ്രൂഷയും പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും 24 ന്

നോബി സി മാത്യു

ഗാൾവേ :ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ ഓശാന ശുശ്രൂഷയും സുറിയാനി സഭയെ ദീഘകാലം സത്യവിശ്വാസത്തിൽ മേയിച്ചു ഭരിച്ച പിതാക്കന്മാരായ പരി .മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ ,പരിശുദ്ധ .സ്ലീബാ മോർ ഒസ്ത്താത്തിയോസ് ബാവ ,അഭിവന്ദ്യ കുര്യാക്കോസ് മോർ കൂറീലോസ് തിരുമേനി എന്നിവരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും മാർച്ച് 24 ശനിയാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെടുന്നു .

കർത്താവിന്റെ യെരുശലേം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിക്കുന്നതാണ് ഓശാനയുടെ ശുശ്രൂഷകൾ .പരി .മോറാൻ മോർ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ ബാവ 1980 മുതൽ 2014 വരെ ആകമാന സുറിയാനിസഭയെ ഭരിച്ചിരുന്ന 122 -)O മത്തെ അന്ത്യോഖ്യായുടെ പാത്രിയർക്കീസ് ബാവായാണ് .പരി .പിതാവ് 2014 മാർച്ച് 21 നു ജർമ്മിനിയിൽ വച്ച് കാലംചെയ്തു സിറിയയിലെ ഡമാസ്‌കസ്സിലുള്ള പാത്രിയർക്കൽ അരമനയിൽ മുൻഗാമികളുടെ നിരയിൽ കബറടക്കപ്പെട്ടു .പരി .പിതാവിന്റെ ഭരണകാലം സുറിയാനി സഭാമക്കൾക്കു പ്രത്യേകിച്ച് മലങ്കരയിലെ സഭാമക്കൾക്കു സുവർണ്ണ കാലമായിരുന്നു.പുതിയ ഭദ്രാസനകൾക്കു തുടക്കമിടുകയും പുതിയമെത്രാപ്പൊലീത്താമാരെ വാഴിച്ചാക്കുകയും അതുവഴി സഭയുടെ വികസനത്തിനു ആക്കം കൂട്ടുകയും ചെയ്തത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

പരി.സ്ലീബാ മോർ ഒസ്ത്താത്തിയോസ് ബാവ ശെമ്മാശനായിരിക്കുമ്പോൾ പാത്രിയർക്കാ പ്രതിനിധി അഭിവന്ദ്യ ശെമവൂൻ മോർ അത്താനാസിയോസ് തിരുമേനിയോടൊപ്പം 1881 ഇൽ മലങ്കരയിൽ എത്തുകയും 1889 ഇൽ പാത്രിയർക്കാ പ്രതിനിധിയുടെ അകാലനിര്യാണത്തെത്തുടർന്ന് മലങ്കരയിലുടനീളം സുവിശേഷീകരണത്തിനായി പുറപ്പെടുകയും ചെയ്തു .കർത്താവും ശിഷ്യന്മാരും സംസാരിച്ച സുറിയാനി ഭാഷയിൽ സുവിശേഷീകരണം നടത്തിയ സ്ലീബാ ശെമ്മാശൻ പരിഭാഷകരെ ഉപയോഗിച്ചാണ് അക്കാലത്തു ആശയവിനിമയം സാധ്യമാക്കിയിരുന്നത് .സുറിയാനിയിലുള്ള അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം തിരിച്ചറിഞ്ഞ പരി.ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി(പരുമല തിരുമേനി) അദ്ദേഹവുമായി വളരെപ്പെട്ടെന്നു സൗഹൃദത്തിലാവുകയും അത് അവസാനം വരെ സൂക്ഷിക്കുകയും ചെയ്തു 1906 ഇൽ തിരികെച്ചെല്ലാനുള്ള പരി .പാത്രിയർക്കീസ് ബാവായുടെ കൽപ്പനലഭിക്കുകയും 25 വർഷത്തെ മലങ്കരയിലെ ആത്മീയ ജീവിതത്തിനു ശേഷം ഇറാഖിലുള്ള ദയറായിലേക്കു മടങ്ങിപ്പോകുകയും ചെയ്തു .തുടർന്ന് വൈദീകനായും റമ്പാനായും ഉയർത്തപ്പെട്ട അദ്ദേഹം 1908 ഇൽ അന്ത്യോക്യായുടെ പരി .അബ്ദുള്ള രണ്ടാമൻ പാത്രിയർക്കീസ് ബാവായാൽ സ്ലീബാ മോർ ഒസ്ത്താത്തിയോസ് എന്ന പേരിൽ മെത്രാപ്പൊലീത്തയായും തുടർന്ന് ഭാരതത്തിലെ പാത്രിയർക്കാ പ്രതിനിധിയായും നിയമിക്കപ്പെട്ട് വീണ്ടും മലങ്കരയുടെ മണ്ണിൽ ആഗതനായി.സഭാവഴക്കുകളുടെ ആരംഭകാലയമായ ആ സമയം അഭിവന്ദ്യ .പൗലോസ് മോർ കൂറീലോസ് തിരുമേനിയോടും പൗലോസ് മോർ അത്താനാസിയോസ് തിരുമേനിയോടും ഒപ്പം അദ്ദേഹം അന്ത്യോഖ്യ സിംഹാസനത്തിന്റെ കാവൽ ഭടനായി നിലകൊണ്ടു .മലങ്കരയിലെ വിവിധ ദേവാലയങ്ങൾക്കു തുടക്കമിട്ട പരി .പിതാവ് 1930 മാർച്ച് 19 ന് കാലം ചെയ്തു ആർത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയിൽ കബറടക്കപ്പെടുകയും 2000 -)O മാണ്ടിൽ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിക്കുകയും 2008 മുതൽ അദ്ദേഹത്തിന്റെ നാമം വി.കുർബാനമധ്യേ അഞ്ചാം തുബ്ദെനിൽ സ്മരിക്കപ്പെടുകയും ചെയ്യുന്നു

കൊല്ലം, നിരണം,തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായി 1974 ഇൽ പരി .പാത്രിയർക്കീസ് ബാവായാൽ വാഴിക്കപ്പെട്ട അഭിവന്ദ്യ കുര്യാക്കോസ് മോർ കൂറീലോസ് മെത്രാപ്പൊലീത്ത തെക്കൻ ഭദ്രാസനങ്ങളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചുനിർത്താൻ തീവ്രപരിശ്രമം നടത്തി .സ്വന്തം കുടുംബവിഹിതം പോലും സഭയുടെ വളർച്ചക്കായി ചിലവഴിച്ച തിരുമേനി സൺഡേ സ്‌കൂൾ പ്രസ്ഥാനത്തിന്റെ അമരക്കാരനായി ദീർഘനാൾ ശുശ്രൂഷിച്ചു .അഭിവന്ദ്യ പിതാവ് 1995 മാർച്ച് 21 ന് കാലം ചെയ്തു അടൂർ ദയറായിൽ കബറടക്കപ്പെട്ടു .

മാർച്ച് 24 ന് വി .കുർബാനയ്ക്കും ഓശാനയുടെ പ്രത്യേക ശുശ്രൂഷകൾക്കും വന്ദ്യ .കുരിയൻ പുതിയപുരയിടം കശീശ്ശാ കാർമ്മികത്വം വഹിക്കുന്നതാണ് എന്ന് വികാരി വന്ദ്യ .ജോബിമോൻ സ്‌കറിയ കശീശ്ശാ അറിയിച്ചു .വി .കുർബാനയ്ക്ക് ശേഷം പരി .പിതാക്കമാരുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക ധൂപപ്രാർത്ഥനയും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണെന്നു ട്രസ്റ്റി വിനോദ് ജോർജ് സെക്രട്ടറി ബിജു തോമസ് എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP