Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയുമായുള്ള അടുപ്പം അതിരുവിട്ടു; ഒപ്പം താമസിക്കണമെന്ന് യുവതി വാശിപിടിച്ചതോടെ ഗസ്സിയാബാദിൽ നിന്നും ഹരിയാനയിൽ എത്തിച്ച് കൊന്നു തള്ളി; നാല് മക്കളുടെ അമ്മയായ യുവതിയുടെ മരണത്തിൽ യുവ ഡോക്ടർ അറസ്റ്റിൽ

ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയുമായുള്ള അടുപ്പം അതിരുവിട്ടു; ഒപ്പം താമസിക്കണമെന്ന് യുവതി വാശിപിടിച്ചതോടെ ഗസ്സിയാബാദിൽ നിന്നും ഹരിയാനയിൽ എത്തിച്ച് കൊന്നു തള്ളി; നാല് മക്കളുടെ അമ്മയായ യുവതിയുടെ മരണത്തിൽ യുവ ഡോക്ടർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഗസ്സിയാബാദ്: നാല് മക്കളുടെ അമ്മയായ യുവതിയുടെ മരണത്തിൽ യുവ ഡോക്ടർ അറസ്റ്റിൽ. ഗസ്സിയാബാദിലെ ദാസ്‌നയിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ഇസ്മയിലിനെ (33) യാണ് പൊലീസ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് ഹരിയാണയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും പൊലീസിന് യാതൊരു തുമ്പും ലഭിച്ചില്ല. ഇരുവരുടെയും ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഡോക്ടർ പിടിയിലായത്.

സെപ്റ്റംബർ എട്ടാം തീയതിയാണ് ഗസ്സിയാബാദിൽ നിന്നും യുവതിയെ ഹരിയാനയിൽ എത്തിച്ച് ഡോക്ടർ ഇസ്മയിൽ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളുമുള്ള ഡോക്ടർക്കൊപ്പം താമസിക്കണമെന്ന് യുവതി വാശിപിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാസങ്ങൾക്ക് മുമ്പ് ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവതിയെ ഡോക്ടർ പരിചയപ്പെട്ടത്. ഈ പരിചയം അടുപ്പത്തിലേക്കെത്തി. തുടർന്ന് ഡോക്ടർക്കൊപ്പം ഒരുമിച്ച് താമസിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ വിവാഹിതനായതിനാൽ ഇസ്മയിൽ ഇതിന് വിസമ്മതിച്ചെങ്കിലും യുവതി പിന്മാറിയല്ല. തനിക്ക് ഡോക്ടറോടൊപ്പം ജീവിക്കണമെന്ന് യുവതി വാശിപിടിച്ചു. ഇതോടെയാണ് യുവതിയെ കൊല്ലാൻ ഡോക്ടർ പദ്ധതി തയ്യാറാക്കിയത്.

യുവതിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഹരിയാണയിലെ കുരുക്ഷേത്രയിൽ മൃതദേഹം ഉപേക്ഷിച്ച ശേഷം ഗസ്സിയബാദിൽ തിരിച്ചെത്തിയ ഇസ്മയിൽ പതിവ് പോലെ ക്ലിനിക്കിൽ ജോലി തുടരുകയും ചെയ്തു. ഇതിന് പിന്നാലെ സെപ്റ്റംബർ ഏഴാം തീയതി മുതൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭർത്താവ് ഗസ്സിയാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും പൊലീസിന് യുവതിയെ കണ്ടെത്താനായില്ല.

തുടർന്ന് മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും അയൽസംസ്ഥാനങ്ങളിലെ പൊലീസ് സേനയ്ക്കും യുവതിയുടെ ചിത്രങ്ങളടക്കം പൊലീസ് കൈമാറിയിരുന്നു. കേസിൽ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിനിടെയാണ് ഒക്ടോബർ 15-ന് ഹരിയാണ പൊലീസിൽനിന്ന് ഫോൺ വിളി എത്തുന്നത്. കുരുക്ഷേത്രയിൽ കണ്ടെത്തിയ മൃതദേഹത്തിന് ചിത്രങ്ങളിലെ യുവതിയുമായി സാദൃശ്യമുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് ഗസ്സിയബാദ് പൊലീസ് ഹരിയാണയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പിന്നാലെ യുവതിയുടെ കൊലപാതകത്തിൽ അന്വേഷണവും ഊർജിതമാക്കി.

യുവതിയുടെ മൊബൈൽ ഫോൺ വിവരങ്ങളിൽനിന്ന് അന്വേഷണം ഡോക്ടറിലെത്തി. തുടർന്ന് യുവ ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും ആദ്യം കുറ്റം നിഷേധിച്ചു. ഒടുവിൽ മറ്റ് തെളിവുകളെല്ലാം പൊലീസ് നിരത്തിയപ്പോൾ ഡോക്ടർ കുറ്റം സമ്മതിക്കുകയായിരുന്നു. ഒപ്പം താമസിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിനാലാണ് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഡോക്ടർ പറഞ്ഞു. തുടർന്ന് ചണ്ഡീഗഢിൽ ഒരു വീട് ശരിയാക്കിയിട്ടുണ്ടെന്നും അവിടെ ഒരുമിച്ച് താമസിക്കാമെന്നും യുവതിയെ അറിയിച്ചു. സെപ്റ്റംബർ ഏഴാം തീയതി യുവതിയെയും കൂട്ടി ബൈക്കിൽ പഹർഗഞ്ചിലെത്തി. അവിടെ ഹോട്ടലിൽ മുറിയെടുത്തു.

രാത്രി യുവതി ഉറങ്ങിയതോടെ ഡോക്ടർ ഹോട്ടലിൽനിന്നിറങ്ങി. പിറ്റേദിവസം ഒരു കാർ വാടകയ്ക്ക് എടുത്താണ് ഹോട്ടലിൽ തിരിച്ചെത്തിയത്. കാറിൽ യുവതിയെയും കൂട്ടി ചണ്ഡീഗഢിലേക്ക് യാത്രതിരിച്ചു. യാത്രയ്ക്കിടെ യുവതിയുമായി വഴക്കുണ്ടായി. ആസ്തമ രോഗിയായ യുവതിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെ കൈയിലുണ്ടായിരുന്ന മൂന്ന് മരുന്നുകൾ യോജിപ്പിച്ച് ഇസ്മയിൽ യുവതിക്ക് കുത്തിവെച്ചു. തുടർന്ന് യുവതി അബോധാവസ്ഥയിലാവുകയും പിന്നാലെ ടൗവൽ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മരണം ഉറപ്പിച്ചതോടെ മൃതദേഹവുമായി കാറിൽ വീണ്ടും സഞ്ചരിച്ചു. ഹരിയാണയിലെ കുരുക്ഷേത്രയിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ മൃതദേഹം അവിടെ ഉപേക്ഷിച്ച് ഡോക്ടർ നാട്ടിലേക്ക് തിരിച്ചു. സംഭവത്തിന് ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ക്ലിനിക്കിൽ ജോലി തുടരുകയും ചെയ്തു. കേസിൽ കൊലപാതകക്കുറ്റത്തിന് പുറമേ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും തെറ്റായ വിവരം നൽകി കബളിപ്പിക്കാൻ ശ്രമിച്ചതിനും പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP