Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡിജിറ്റൽ ഡാറ്റയിലുള്ളത് ശിവശങ്കറിനെ കുടുക്കുന്ന ചാറ്റുകൾ; രണ്ടാം മന്ത്രിയുമായുള്ള സ്വപ്‌നയുടെ സന്ദേശം കൈമാറലിന് സ്വർണ്ണ കടത്തുമായി ബന്ധമില്ലെന്നും വിലയിരുത്തൽ; ജൂൺ 30 നും ജൂലൈ പത്തിനുമിടെ ഡിലീറ്റ് ചെയ്തത് 4000 ജി.ബി. ഡേറ്റ; വാട്ട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാനായെങ്കിലും സംഭാഷണങ്ങൾ തിരിച്ചെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു സി- ഡാകും; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും; ജലീലിന്റെ മൊഴികളും സംശയ നിഴലിൽ; അന്വേഷണം എയർ ഇന്ത്യാ സാറ്റ്‌സിലേക്കും

ഡിജിറ്റൽ ഡാറ്റയിലുള്ളത് ശിവശങ്കറിനെ കുടുക്കുന്ന ചാറ്റുകൾ; രണ്ടാം മന്ത്രിയുമായുള്ള സ്വപ്‌നയുടെ സന്ദേശം കൈമാറലിന് സ്വർണ്ണ കടത്തുമായി ബന്ധമില്ലെന്നും വിലയിരുത്തൽ; ജൂൺ 30 നും ജൂലൈ പത്തിനുമിടെ ഡിലീറ്റ് ചെയ്തത് 4000 ജി.ബി. ഡേറ്റ; വാട്ട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാനായെങ്കിലും സംഭാഷണങ്ങൾ തിരിച്ചെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു സി- ഡാകും; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും; ജലീലിന്റെ മൊഴികളും സംശയ നിഴലിൽ; അന്വേഷണം എയർ ഇന്ത്യാ സാറ്റ്‌സിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സ്വപ്ന സുരേഷും സരിത്തും നയതന്ത്രവഴിയല്ലാതെയും സ്വർണം കടത്തിയെന്നു സൂചന ദേശീയ അന്വേഷണ ഏജൻസിക്ക് കിട്ടി. ഇവരുടെ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോൺ, പെൻ ഡ്രൈവുകൾ എന്നിവയിൽ നിർണ്ണായക തെളിവുകളാണുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണു ഡിലിറ്റ് ചെയ്ത ഡേറ്റകളെന്നാണു വിവരം. സ്വപ്നയെ ചോദ്യം ചെയ്തതിന്റെ വെളിച്ചത്തിൽ അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കും. മന്ത്രി കെടി ജലീലിനൊപ്പം രണ്ടാമതൊരു മന്ത്രിയും എൻഐഎയുടെ നിരീക്ഷണത്തിലാണ്.

സ്വപ്‌നയുടേയും സരിത്തിന്റേയും കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോൺ, പെൻ ഡ്രൈവുകൾ എന്നിവയിൽ നിന്നു നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുത്തപ്പോഴാണു നിർണായക സൂചനകൾ ലഭിച്ചത്. നയതന്ത്ര സ്വർണക്കടത്ത് സംഭവവികാസങ്ങൾ അരങ്ങേറിയ ജൂൺ 30 നും ജൂലൈ പത്തിനുമിടെ ഇവർ 4000 ജി.ബി. ഡേറ്റയാണു ഡിലീറ്റ് ചെയ്തത്. ഇതിൽ വിഐപികളെ കുടുക്കാൻ പോന്ന തെളിവുകളുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സ്വപ്‌നാ സുരേഷിന്റെ ഇനിയുള്ള ചോദ്യം ചെയ്യൽ അതിനിർണ്ണായകമാകും. ഈ തെളിവുകൾ കസ്റ്റംസിനും ഇഡിക്കും എൻഐഎ കൈമാറും.

അതിനിടെ വാട്ട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാനായെങ്കിലും സംഭാഷണങ്ങൾ തിരിച്ചെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു സി- ഡാക് വൃത്തങ്ങൾ എൻ.ഐ.എയെ അറിയിച്ചു. യു.എ.ഇക്കു പുറമേ മറ്റു ചില രാജ്യങ്ങളിലെ നമ്പറുകളിലേക്കും നിരന്തരം ചാറ്റിങ് നടന്നിട്ടുണ്ട്. സ്വപ്നയുമായി അടുപ്പമുള്ള മറ്റൊരു മന്ത്രിയുടെ സന്ദേശങ്ങളും എൻ.ഐ.എ. വിശകലനം ചെയ്യുകയാണ്. എന്നാൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ മന്ത്രിയിൽ നിന്നും ലഭിച്ചിട്ടില്ല.

അതിനിടെ യു.എ.ഇ. കോൺസുലേറ്റിലെ അക്കൗണ്ട്സ് വിഭാഗത്തിൽനിന്നു 2019 മേയിൽ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്ക്കെതിരേയും ചില തെളിവുകൾ ലഭിച്ചു. സ്വപ്നയും സംഘവും നടത്തിയ ക്രമക്കേടുകൾ ഇവർ അറിഞ്ഞിരുന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഇവർ രാജിവച്ചതിനു പിന്നാലെയാണു കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരൻ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്.

എയർഇന്ത്യ സാറ്റ്സിലെ ചില ജീവനക്കാരുമായി സ്വപ്ന ബന്ധം സ്ഥാപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എയർലൈൻ ജീവനക്കാരുമായി ബന്ധമുണ്ടാക്കിയതു സ്വർണക്കടത്തിനു വേണ്ടിയായിരുന്നെന്നാണു സംശയം. സ്വപ്ന നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് സാറ്റ്‌സ്. അതിനിടെ സ്വപ്നയുടെ രാജിക്കു ശേഷം യുഎഇ കോൺസുലേറ്റിൽ ജോലിയിൽ പ്രവേശിച്ചവരെ വീണ്ടും ചോദ്യം ചെയ്യും. ഇവയരെ ജോലിക്കെടുത്തതിൽ സ്വപ്നയുടെയുടെ ഇടപെടലും ശിവശങ്കറിന്റെ സഹായവും ഉണ്ടായിരുന്നെന്നാണു സൂചന.

കാർഗോ ഹാൻഡ്ലിങ് ഏജൻസിയായ ഭദ്രാ ഇന്റർനാഷണലിലും ഇവർ പലരെയും ജോലിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതെല്ലാം സ്വർണ്ണ കടത്തിൽ ആനുകൂല്യം കിട്ടാനായിരുന്നുവെന്നാണ് വിലയിരുത്തൽ. സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കൊച്ചിയിലെ എൻ.ഐ.എ. കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും കോടതിയിൽ ഹാജരാക്കും.

അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാൽ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നിലവിൽ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. എന്തുകൊണ്ടാണ് ബന്ധുക്കളെ കാണാൻ അനുമതി നൽകാത്തതെന്നും ബന്ധുക്കളെ കാണാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് എല്ലാദിവസവും ബന്ധുക്കളെ കാണാൻ കോടതി അനുമതി നൽകി.

സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ എൻ.ഐ.എ. അന്വേഷണത്തിൽ നിർണായക പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്ത് കേസിലെ നാല് പ്രതികളെ കഴിഞ്ഞദിവസം എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സ്വപ്നയെ കൂടി കസ്റ്റഡിയിൽ കിട്ടിയതോടെ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും.

സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊബൈൽ ഫോണുകളിൽനിന്നും ലാപ്ടോപ്പിൽനിന്നും വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കിയും ചോദ്യംചെയ്യൽ നടക്കും. സ്വപ്ന മറ്റ് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴികളിലെ വൈരുദ്ധ്യവും എൻ.ഐ.എ. സംഘം പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP