Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തടിയന്റവിട നസീറിന്റെ അനുയായി; സിമിയിലൂടെ എൻഡിഎഫിലെത്തിയ കണ്ണൂരുകാരൻ; പ്രവാചകനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ ആസൂത്രകൻ; ബംഗളൂരു സ്‌ഫോടന കേസിൽ പിടികിട്ടാനുണ്ടായിരുന്ന അവസാന പ്രതി; പിടിക്കുമെന്നായപ്പോൾ മുങ്ങിയത് പാക്കിസ്ഥാനിലേക്ക്; കല്യാണം കഴിച്ച് ബിസിനസ് തുടങ്ങി; സൗദിയിലെ നിർമ്മാണ കമ്പനിയിൽ ജോലി തരപ്പെടുത്തിയത് വ്യാജ പാസ്‌പോർട്ടുമായി; റോയുടെ ചാരക്കണ്ണുകൾ പതിഞ്ഞപ്പോൾ കുടുങ്ങി; എൻഐഎ അറസ്റ്റ് ചെയ്തതു കൊടുംഭീകരനെ

തടിയന്റവിട നസീറിന്റെ അനുയായി; സിമിയിലൂടെ എൻഡിഎഫിലെത്തിയ കണ്ണൂരുകാരൻ; പ്രവാചകനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ ആസൂത്രകൻ; ബംഗളൂരു സ്‌ഫോടന കേസിൽ പിടികിട്ടാനുണ്ടായിരുന്ന അവസാന പ്രതി; പിടിക്കുമെന്നായപ്പോൾ മുങ്ങിയത് പാക്കിസ്ഥാനിലേക്ക്; കല്യാണം കഴിച്ച് ബിസിനസ് തുടങ്ങി; സൗദിയിലെ നിർമ്മാണ കമ്പനിയിൽ ജോലി തരപ്പെടുത്തിയത് വ്യാജ പാസ്‌പോർട്ടുമായി; റോയുടെ ചാരക്കണ്ണുകൾ പതിഞ്ഞപ്പോൾ കുടുങ്ങി; എൻഐഎ അറസ്റ്റ് ചെയ്തതു കൊടുംഭീകരനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബെംഗളൂരു, ഡൽഹി സ്‌ഫോടനക്കേസിൽ പ്രതിയായ കണ്ണൂരുകാരൻ ഷുഹൈബ് സിമിയുടെ ആദ്യകാല പ്രവർത്തകൻ. ഷുഹൈബിനേയും ഗുൽനവാസിനേയും എൻഐഎ പിടികൂടിയത് റിയാദിൽ നിന്നെന്നും സൂചന. ഇന്റർപോളിന്റെ സഹായത്തോടെയായിരുന്നു പിടികൂടിയത്. ഇതിന് ശേഷം ഇവരെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എല്ലാം എൻഐഎ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. പ്രത്യേക എൻഐഎ സംഘമാണു രണ്ടാഴ്ച മുൻപു സൗദിയിലെ റിയാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം.

ലഷ്‌കർ കമാണ്ടറായിരുന്ന തടിയന്റവിട നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീന്റെ ആദ്യകാല പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി ഷുഹൈബ്, ലഷ്‌കർ ഇ തയിബയുടെ പ്രവർത്തകനായ ഉത്തർപ്രദേശ് സ്വദേശി ഗുൽനവാസ് എന്നിവരെയാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചത്. ഗുൽനവാസിനെ തിരുവനന്തപുരത്ത് ഐബി ആസ്ഥാനത്തും ഷുഹൈബിനെ കൊച്ചി എൻഐഎ ആസ്ഥാനത്തും ചോദ്യം ചെയ്യുകയാണ്. ഇന്നലെ വൈകിട്ട് 6.30ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇരുവരെയും എത്തിച്ചത്. ഇരുവരും സിമിയുടെ ആദ്യകാല പ്രവർത്തകരാണ്. പിന്നീടാണു ഷുഹൈബ് ഇന്ത്യൻ മുജാഹിദീനിലേക്കും ഗുൽനവാസ് ലഷ്‌കർ ഇ തയിബയിലേക്കും ചേർന്നത്. ഷുഹൈബ് കേരളത്തിൽ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകൾക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ മുജാഹിദീനിൽ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ൽ ബെംഗളൂരു സ്‌ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ഈ സ്‌ഫോടനക്കേസിൽ പിടികിട്ടാൻ ബാക്കിയുള്ള ഏക പ്രതിയാണ് ഇയാൾ. പാക്കിസ്ഥാനിൽ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയായിരുന്നു. ഇടയ്ക്കു റിയാദിൽ വന്നുപോകുന്നതായും ഇന്റർപോളിൽ നിന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചു. തുടർന്നാണ് നിർണ്ണായക നീക്കങ്ങൾ നടത്തിയത്. ബെംഗളൂരു സ്‌ഫോടനക്കേസിൽ ഒരാൾ മരിക്കുകയും അനേകം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അബ്ദുൾ നാസർ മദനിയും കേസിൽ പ്രതിയാണ്. ഗുൽനവാസ് ഡൽഹി സ്‌ഫോടനക്കേസിലെ പ്രതിയാണ്.

കശ്മീരിലേക്കു ഭീകരരെ റിക്രൂട്ട് ചെയ്യാൻ പ്രധാനപങ്ക് വഹിച്ച തടിയന്റവിട നസീർ കേരളാ ജിഹാദി ഗ്രൂപ്പിൽപെട്ടയാളാണ്. നസീറിന്റെ ബന്ധു കെ.വി. അബ്ദുൾ ജലീലാണു ബംഗളുരു സ്ഫോടനക്കേസിലെ പ്രധാനപ്രതി. കേസിലെ മറ്റൊരു പ്രതിയാണ് കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ ഷുഹൈബ്. മുമ്പ് ഇയാൾ എൻ.ഡി.എഫ്. പ്രവർത്തകനായിരുന്നു. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇയാളായിരുന്നു.

ഷുഹൈബിനെതിരെ എട്ട് കേസുകളുണ്ട്. 2008ലെ സ്‌ഫോടന പരമ്പരകൾക്ക് പിന്നാലെ ഇയാൾ ഒളിവിൽപോയി. പാക്കിസ്ഥാനിൽ നിന്ന് പിന്നീട് വ്യാജ പാസ്‌പോർട്ടിൽ സൗദിയിലേക്ക് കടന്നു.രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നവരെക്കുറിച്ചും വിദേശത്ത് സഹായം ചെയ്യുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് കണ്ടെത്താനാകുമെന്ന് എൻ.ഐ.എ പറഞ്ഞു. സൗദിയിലെ നിർമ്മാണ കമ്പനിയിലായിരുന്ന ഷുഹൈബിനെപ്പറ്റി നേരത്തേ എൻ.ഐ.എയ്ക്ക് വിവരം കിട്ടിയിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായവും തേടി. നീക്കം അതീവ രഹസ്യംപൊലീസിനെ അറിയിക്കാതെ തന്ത്രപരമായ ഓപ്പറേഷനിലൂടെയാണ് എൻ.ഐ.എ പ്രതികളെ പിടികൂടിയത്.

വിമാനമെത്തുന്നതിന് പത്തു മിനിട്ടിന് മുൻപ് എൻ.ഐ.എ, റാ, ഐ.ബി ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി. എയർപോർട്ട് അധികൃതരെപ്പോലും അവസാന നിമിഷമാണ് വിവരമറിയിച്ചത്. രണ്ടരമണിക്കൂർ വിമാനത്താവളത്തിൽ ചോദ്യംചെയ്ത ശേഷം ഗുൽനവാസിനെ ആദ്യം പുറത്തെത്തിച്ചു. പിന്നീട് അര മണിക്കൂറിനു ശേഷമാണ് ഷുഹൈബിനെ എത്തിച്ചത്. രണ്ട് പ്രതികളയും കൊച്ചിയിലേക്ക് കൊണ്ടുപോയി. ട്രാൻസിറ്റ് വാറണ്ട് നേടി ഷുഹൈബിനെ ബംഗളൂരുവിലെയും ഗുൽനവാസിനെ ഡൽഹിയിലെയും എൻ.ഐ.എ ഓഫീസുകളിലേക്ക് കൊണ്ടുപോവും.

കളമശേരി ബസ് കത്തിക്കൽ മുതൽ കനകമല ഐ.എസ്. യോഗം വരെ, സംസ്ഥാനത്ത് എൻ.ഐ.എ. അന്വേഷിച്ചതു ഭീകരബന്ധമുള്ള അരഡസനിലേറെ കേസുകളാണ്. ഇതിൽ പലതിലും ഷുഹൈബ് സംശയ നിഴലിയായിരുന്നു. ഒന്നരപതിറ്റാണ്ടു മുമ്പാണ് കേരളത്തിൽ രാജ്യാന്തര ഭീകരസംഘടനകളുടെ വേരുകളുണ്ടെന്നു വ്യക്തമാകുന്ന സംഭവങ്ങളുണ്ടായത്. കളമശേരി ബസ് കത്തിക്കൽ, പാനായിക്കുളം സിമി ക്യാമ്പ്, വാഗമൺ സിമി ആയുധ പരിശീലന ക്യാമ്പ്, തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ട്, കനകമല ഐ.എസ്. യോഗം തുടങ്ങിയ കേസുകൾ ഭീകരവാദത്തിന്റെ അന്തർസംസ്ഥാന ബന്ധങ്ങൾ പുറത്തുകൊണ്ടുവന്നു.

കേരളത്തിലെ എൻ.ഐ.എ. അന്വേഷിച്ച ആദ്യ കേസായിരുന്നു അബ്ദുൾ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ടു കളമശേരിയിൽ ബസ് കത്തിച്ച സംഭവം. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടു തടവിൽ കഴിഞ്ഞിരുന്ന മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അൽക്വയ്ദ ദക്ഷിണേന്ത്യൻ കമാൻഡർ തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ബസ് കത്തിക്കൽ കേസിൽ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി പത്താം പ്രതിയാണ്. 2006 സെപ്റ്റംബർ ഒമ്പതിനായിരുന്നു കളമശേരിയിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് കത്തിച്ചത്.

ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവവും കേരളത്തിലെ എൻ.ഐ.എ. ഏറ്റെടുത്ത പ്രധാന കേസുകളിലൊന്നാണ്. 33 പ്രതികളുണ്ടായിരുന്ന കേസിൽ വധശ്രമം, അന്യായമായി സംഘം ചേരൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ആരോപിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ എൻ.ഐ.എ. കേസ് ഏറ്റെടുത്തു. 10 പ്രതികൾക്കു കോടതി എട്ടുവർഷം കഠിന തടവും പിഴയും വിധിക്കുകയും ചെയ്തു. 2010 ഏപ്രിൽ മൂന്നിനാണ് മൂവാറ്റുപുഴയിലെ വാട്ടർ അഥോറിറ്റി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ആദ്യ ഗൂഢാലോചന നടന്നത്.

തുടർന്ന് കോതമംഗലം മുനിസിപ്പൽ പാർക്കിലും പ്രതികൾ ഒത്തുചേർന്നു തയ്യാറെടുപ്പ് നടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കേസിലെല്ലാം ഷുഹൈബിന് പങ്കുണ്ടെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP