Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്; തനിക്കെതിരെ പരാതിക്കാരും തെളിവുകളുമില്ല; പൊലീസ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും കക്ഷികളാരും പണം കെടുത്തതായി മൊഴി നൽകിയിട്ടില്ല; എഫ്.ഐ.ആർ. റദ്ദാക്കാൻ അഡ്വ. സൈബി ജോസ് ഹൈക്കോടതിയിൽ ഹർജി നൽകി

കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്; തനിക്കെതിരെ പരാതിക്കാരും തെളിവുകളുമില്ല; പൊലീസ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും കക്ഷികളാരും പണം കെടുത്തതായി മൊഴി നൽകിയിട്ടില്ല; എഫ്.ഐ.ആർ. റദ്ദാക്കാൻ അഡ്വ. സൈബി ജോസ് ഹൈക്കോടതിയിൽ ഹർജി നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ തനിക്കെതിരേ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയെ സമീപിച്ചു. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കേസിൽ പരാതിക്കാർ ഇല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹർജി തിങ്കളാഴ്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ല.

അതിനാൽ അഴിമതി നിരോധന നിയമം വകുപ്പ് 7 (എ), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കേസിൽ പരാതിക്കാരോ തെളിവുകളോ ഇല്ലെന്നും ഹർജിയിൽ വിശദീകരിക്കുന്നു. പൊലീസ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും കക്ഷികളാരും പണം കെടുത്തതായി മൊഴി നൽകിയിട്ടില്ല. അതിനാൽ എഫ്.ഐ.ആർ. നിലനിൽക്കില്ലെന്നാണ് ഹർജിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസം സൈബിക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചെങ്കിലും ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന ഉദ്ദേശ്യത്തോടെ പണം വാങ്ങിയെന്ന തരത്തിൽ ഇതിൽ തിരുത്ത് വരുത്താൻ പിന്നീട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കേസ് റദ്ദാക്കാൻ സൈബി കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം പുതിയ സാഹചര്യത്തിൽ അഡ്വ സൈബിയെ അറസ്റ്റു ചെയ്യാൻ വരെ സാധ്യതയുണ്ട്. ഈസാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മുൻകൂർ ജാമ്യം കിട്ടിയാൽ മാത്രമേ സെബിക്ക് ജയിൽ വാസം ഒഴിവാക്കാൻ കഴിയൂ. 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിനു 'റാക്കറ്റിന്റെ' സ്വഭാവമുണ്ടെന്നു പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പറയുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിന്റെ അനുബന്ധമായി ചേർത്ത അഭിഭാഷകരുടെ മൊഴികളിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് അനുസരിച്ചു രജിസ്റ്റർ ചെയ്ത എഫ്ഐആർ പൊലീസ് ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

കേസിൽ രണ്ടു തരം കുറ്റങ്ങളാണു സൈബിക്കെതിരെ പൊലീസ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7(എ) പ്രകാരമുള്ള കൈക്കൂലിക്കുറ്റവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 420 പ്രകാരം കക്ഷിയെ വഞ്ചിച്ചു പണം തട്ടിയെടുത്ത കുറ്റവും. 7 വർഷം വരെ തടവും പിഴയുമാണു പരമാവധി ലഭിക്കാവുന്ന ശിക്ഷ. ജാമ്യമില്ലാ കുറ്റങ്ങൾ ഉള്ളതിനാൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമാണുള്ളത്. സെബി ഒളിവിൽ പോയെന്നാണ് പൊലീസ് നിഗമനം. അതിനിടെ കേസിൽ എഫ്ഐആറിൽ തിരുത്തു വരുത്താൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. 'പ്രതിക്ക് ചതി ചെയ്ത് അന്യായ ലാഭം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി' എന്ന ഭാഗത്താണ് 'പ്രതിക്ക് ചതിചെയ്ത് അന്യായലാഭം ഉണ്ടാക്കണമെന്നോ ബഹുമാനപ്പെട്ട ജഡ്ജിമാർക്കു കൈക്കൂലി കൊടുക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി' എന്നു തിരുത്തിയത്.

ആരോപണവിധേയൻ പൊതുസേവകനല്ലാത്തതിനാൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്താനുള്ള നിയമതടസ്സം പരിഹരിക്കാനാണു ജഡ്ജിമാരെക്കൂടി സാങ്കേതികമായി അന്വേഷണത്തിന്റെ പരിധിയിലാക്കുന്ന തിരുത്തൽ എഫ്ഐആറിൽ വരുത്തിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തിരുത്തൽ വരുത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചത്.

കേസിൽ 10 അഭിഭാഷകരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷക സംഘടനാ ഭാരവാഹിയായ സൈബി ജോസ് മുഖ്യപ്രതിയായ കേസിൽ കൂടുതൽ അഭിഭാഷകർ പങ്കാളികളാണെന്നാണു സൂചന. സൈബി അടക്കം 4 അഭിഭാഷകരും മുൻ ഗവൺമെന്റ് പ്ലീഡറും അടങ്ങുന്ന ഗൂഢസംഘമാണു കക്ഷികളെ കബളിപ്പിച്ചു പണം തട്ടിയതെന്നാണു മൊഴികളിലുള്ളത്. ഇവർക്കെതിരേയും അന്വേഷണം വരും. തന്റെ പേരു ദുരുപയോഗിച്ചു പീഡനക്കേസ് പ്രതിയായ സിനിമാ നിർമ്മാതാവിൽനിന്ന് 25 ലക്ഷം രൂപ സൈബി വാങ്ങിയെന്ന ആരോപണം ശ്രദ്ധയിൽപെട്ട ഹൈക്കോടതി ജഡ്ജി തന്നെ അന്വേഷണം ആവശ്യപ്പെട്ടതാണു വഴിത്തിരിവായത്.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ ഐബി 2 വർഷം മുൻപുതന്നെ ഇക്കാര്യം ആഭ്യന്തരവകുപ്പിനു റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പ്രത്യക്ഷ നടപടികളൊന്നും സ്വീകരിച്ചില്ല. ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലെ തീരുമാനത്തെത്തുടർന്നാണു പൊലീസിന്റെ ഉന്നതതല അന്വേഷണത്തിനു നിർദ്ദേശം നൽകിയത്. ഹൈക്കോടതി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ തെളിവുകൾ നൽകാൻ അഭിഭാഷകർ മുന്നോട്ടുവന്നതും നിർണായകമായി. കബളിപ്പിക്കപ്പെട്ട കക്ഷികളുടെ മൊഴി മാറ്റിക്കാനുള്ള നീക്കമുണ്ടായെങ്കിലും മൊഴി നൽകിയ അഭിഭാഷകർ കൂടുതൽ തെളിവുകൾ ഹാജരാക്കിയതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വഴിയൊരുക്കിയത്.

2020 ജൂലായ് 19 മുതൽ 2022 ഏപ്രിൽ 29 വരെയുള്ള രണ്ടുവർഷമാണ് കക്ഷികളിൽനിന്ന് സൈബി അമിതമായി പണം വാങ്ങിയിരിക്കുന്നതെന്നും എഫ്‌.െഎ.ആറിലുണ്ട്. എഫ്.ഐ.ആറിനൊപ്പം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നടത്തിയ പ്രഥമ അന്വേഷണത്തിന്റെ റിപ്പോർട്ടും കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക ടീം ഉടൻതന്നെ അന്വേഷണം തുടങ്ങും. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്‌പി. കെ.എസ്. സുദർശനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP