Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലച്ചുവടെ കൊലപാതകം: സംഭവസ്ഥലം കണ്ടപ്പോൾ ആദ്യം വാഹനാപകടമെന്ന് തോന്നിയെങ്കിലും പൊലീസ് ബുദ്ധിയിൽ ചില സംശയങ്ങൾ; വെള്ളിയാഴ്ച രാത്രി വാഴക്കാല കുണ്ടുവേലിയിലെ വീട്ടിൽ ജിബിൻ എത്തിയെന്നും വാക്കു തർക്കവും അടിപിടിയും ഉണ്ടായെന്നും വിവരം; സംഭവത്തലേന്ന് സംശയകരമായ ഫോൺകോൾ വന്നുവെന്ന് കുടുംബത്തിന്റെ മൊഴിയും; സിസി ടിവി ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ 24 മണിക്കൂറിനകം പ്രതികളെ വലയിലാക്കി എസിപി സ്റ്റുവർട്ട് കീലറും സംഘവും

പാലച്ചുവടെ കൊലപാതകം: സംഭവസ്ഥലം കണ്ടപ്പോൾ ആദ്യം വാഹനാപകടമെന്ന് തോന്നിയെങ്കിലും പൊലീസ് ബുദ്ധിയിൽ ചില സംശയങ്ങൾ; വെള്ളിയാഴ്ച രാത്രി വാഴക്കാല കുണ്ടുവേലിയിലെ വീട്ടിൽ ജിബിൻ എത്തിയെന്നും വാക്കു തർക്കവും അടിപിടിയും ഉണ്ടായെന്നും വിവരം; സംഭവത്തലേന്ന് സംശയകരമായ ഫോൺകോൾ വന്നുവെന്ന് കുടുംബത്തിന്റെ മൊഴിയും; സിസി ടിവി ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ 24 മണിക്കൂറിനകം പ്രതികളെ വലയിലാക്കി എസിപി സ്റ്റുവർട്ട് കീലറും സംഘവും

ആർ പീയൂഷ്

കൊച്ചി: പാലച്ചുവടെ യുവാവിന്റെ കൊലപാതകം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടുന്നതിനും മുൻപ് പ്രതികളെ പിടിക്കാൻ കഴിഞ്ഞതുകൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ്. കൊലപാതകമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇരുപതുപേർ അടങ്ങുന്ന പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. എട്ടാം തീയതി രാത്രി 12 മണിക്ക് വീട്ടിലെത്തിയ യുവാവിനെ ഒൻപതിന് പുലർച്ചെയാണ് തല്ലി കൊന്ന് റോഡരികിൽ ഉപേക്ഷിച്ചത്. പ്രഥമദൃഷ്ട്യാ വാഹനപകടം എന്ന് തോന്നുമെങ്കിലും തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർക്കും തൃക്കാക്കര എസ്‌ഐ മനേഷിനും തോന്നിയ ചില സംശയങ്ങളാണ് കൊലപാതകമാണ് എന്ന നിഗമനത്തിലെത്തിയത്. അന്വേഷണത്തിൽ രാത്രിയിൽ കൊലപാതകം നടന്ന വീടിന് സമീപത്ത് യുവാവിനെ കണ്ടു എന്ന മൊഴി ലഭിച്ചതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയുമായിരുന്നു.

എസി.പി, സിഐ, നാലു എസ്‌ഐമാർ എന്നിവരടങ്ങുന്ന ഒരു ടീമാണ് രൂപീകരിച്ചത്. ഇവരുടെ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നും ഒരു ഓട്ടോ റിക്ഷയിൽ യുവാവിന്റെ മൃതദേഹം കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടെടുത്തു. മൃതദേഹം കയറ്റിയ ഓട്ടോയുടെ മുന്നിൽ യുവാവ് വന്ന സ്‌ക്കൂട്ടറുമായി രണ്ടുപേർ പോകുന്നതും പിന്നാലെ ഒരു കാർ പിൻതുടരുന്നതും ദൃശ്യങ്ങളിൽ നിന്നും പൊലീസ് മനസ്സിലാക്കി. തുടർന്ന് കൊലപാതകം നടന്ന വീട്ടിലെ സ്ത്രീകളുൾപ്പെടയുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അലി എന്നയാളുടെ ഓട്ടോയിലാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹത്തിനൊപ്പം ഓട്ടോയിൽ കയറിയത് സലീമും മനാഫുമായിരുന്നു. യുവാവിന്റെ സ്‌ക്കൂട്ടറിൽ യാത്ര ചെയ്തത് ഷിഹാബ്, നിസാർ എന്നിവരായിരുന്നു. പാലച്ചുവട് എത്തിച്ച ശേഷം മൃതദേഹം റോഡരികിലേക്ക് തള്ളിയിട്ടു. പിന്നീട് യുവാവിന്റെ സ്‌ക്കൂട്ടറും മറിച്ചിട്ടു. ഇത് മനസ്സിലായതോടെയാണ് പൊലീസ് ഏഴു പ്രതികളെ വിവിധ സ്ഥലങ്ങലിൽ നിന്നും സൈബർ സെല്ലിന്റെയും ഷാഡോ പൊലീസിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികളെ പറ്റി വ്യക്തമായ സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. അവരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ.ടി.വർഗ്ഗീസിനെയാണ് ശനിയാഴ്‌ച്ച പുലർച്ചെ നാലരയോടെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ജിബിന് മർദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് മനസിലാക്കിയിരുന്നു. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്‌കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ഫോൺ കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണ്ണായകമായി.

യുവതിയുടെ വിവാഹം പെരുമ്പാവൂരുകാരനുമായാണ് നടന്നത്. ഇയാൾ ഗൾഫിലാണ്. ഇതിനിടെയാണ് ജിബിനുമായി അടുപ്പം തുടങ്ങിയത്. ഇത് കുടുംബ പ്രശ്നമായി മാറി. ഇതോടെ യുവതി വീട്ടിലേക്ക് മടങ്ങി. ഇതിന്റെ പകയിൽ ബന്ധുക്കളൊരുക്കിയതാണ് കൊലപാതകത്തിനുള്ള സാഹചര്യം. ഇതിലേക്ക് ജിബിൻ എത്തിപ്പെടുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ പാലച്ചുവട് വെണ്ണല റോഡിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിന് എതിർ വശത്താണ് വെണ്ണല സ്വദേശി ജിബിന്റെ മൃതദേഹം കണ്ടത്. മൃതശരീരത്തിന്റെ തൊട്ടടുത്തായി ജിബിന്റെ സ്‌കൂട്ടർ മറിഞ്ഞു കിടപ്പുണ്ടായിരുന്നു. സാഹചര്യ തെളിവുകൾ അനുസരിച്ച് ജിബിന്റെ മരണം അപകടമല്ല കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു. നെറ്റിയിൽ കണ്ട മുറിവു മൂലം തലയ്ക്കേറ്റ പരിക്കാവും മരണ കാരണമെന്ന നിഗമനത്തിലായിരുന്നു ഇതുവരെ പൊലീസ്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയിൽ ആഴത്തിൽ പരിക്കോ, ചതവോ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച രാത്രി വാഴക്കാല കുണ്ടുവേലിയിലെ ഒരു വീട്ടിൽ ജിബിൻ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തർക്കവും അടിപിടിയും ഉണ്ടായതായും പൊലീസ് കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ: യുവാവും യുവതിയും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് തലവേദനയായതോടെ ജിബിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഗൾഫിലുള്ള അനീസിനെ യുവതിയുടെ പിതാവായ അസീസ് വിളിച്ചു വരുത്തി. അങ്ങനെ കഴിഞ്ഞ എട്ടാംതീയതി യുവതിയുടെ പിതാവും ഭർത്താവും സഹോദരനുമുൾപ്പെടെയുള്ള ബന്ധുക്കൾ ജിബിനെ കാക്കനാട്ടെ വീട്ടിലേക്ക് വിളിച്ചു വരുത്താൻ തീരുമാനിച്ചു. അതിനായി യുവതിയുടെ ഫോണിൽ നിന്നും വാട്ട്‌സാപ്പ് വഴി സന്ദേശമയക്കുകയും ചെയ്തു. രാത്രി 12 മണിക്ക് വീട്ടിലെത്തണമെന്നും വീടിന്റെ പുറകു വശം വഴി കയറി വന്നാൽ മതിയെന്നുമായിരുന്നു നിർദ്ദേശം.

സന്ദേശം ലഭിച്ചതോടെ ജിബിൻ തന്റെ സ്‌ക്കൂട്ടറിൽ വാഴക്കാലയിലെ വീടിന്റെ സമീപത്തെത്തുകയും സ്‌ക്കൂട്ടർ റോഡ് സൈഡിൽ ഒതുക്കി വച്ചതിന് ശേഷം വീടിന്റെ പിൻവശത്തെ മതിൽ ചാടി കടന്ന് അടുക്കള വാതിൽ വഴി അകത്ത് കയറി. ഇതോടെ കാത്ത് നിന്ന ബന്ധുക്കൾ ജിബിനെ വളയുകയും വീടിന് പുറകു വശത്ത് സ്റ്റെയർകെയസിന് സമീപത്തുള്ള ഇരുമ്പ് ഗ്രില്ലിൽ കെട്ടിയിടുകയും ചെയ്തു. പിന്നീട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പതിനാലോളം പേരാണ് ജിബിനെ രണ്ടു മണിക്കൂറോളം കെട്ടിയിട്ട് മർദ്ദിച്ചത്. മർദ്ദനത്തിൽ വാരിയെല്ല് തകർന്നുപോയി. ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇതോടെ ജിബിൻ മരണപ്പെടുകയുമായിരുന്നു. മരിച്ചു എന്ന് ബോദ്ധ്യപ്പെട്ടതോടെ മൃതദേഹം എല്ലാവരും ചേർന്ന് ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ പാലച്ചുവട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. അപകടമരണം ആണ് എന്ന് വരുത്തി തീർക്കാൻ സ്‌ക്കൂട്ടറും സമീപത്ത് മറിച്ചിടുകയുമായിരുന്നു.

കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷയുടെ സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സംഭവം നടന്ന വീട്ടിൽ ജിബിൻ എത്തിയ സ്‌കൂട്ടർ മറ്റൊരാൾ ഓടിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.ഇതെല്ലാം നിർണ്ണായകമായി. ഇനിയും പിടികൂടാനുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്മിഷണർ എസ്.സുരേന്ദ്രൻ പറഞ്ഞു. ഞായറാഴ്ച രാവിലെ പ്രതികളായ മൂന്നുപേർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇതിൽ രണ്ടുപേർ വാഴക്കാലയിൽ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് ഹാജരായത്. പിന്നീട് കൂടുതൽ പേരും അറസ്റ്റിലായി. സംഭവത്തിൽ 14 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. യുവതിയുടെ പിതാവ് അസീസും ഭർത്താവ് അനീസും ഉൾപ്പെടെ ഏഴുപേർ ഒഴിവിലാണ്. യുവതിയുടെ സഹോദരൻ മനാഫ്, കുഴിപ്പറമ്പിൽ വീട്ടിൽ അലി, സലാം, യൂസഫ്, മുമ്മദ് ഫൈസൽ, കരിക്കോട് പറമ്പിൽ സിറാജുദീൻ,പുറ്റിങ്കൽ പറമ്പിൽ ജമാൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ തൃക്കാക്കര അസി.കമ്മീഷ്ണർ സ്റ്റുവർട്ട് കീലർ, കളമശ്ശേരി സിഐ എ.പ്രസാദ്, തൃക്കാക്കര എസ്‌ഐ കെ.പി മനീഷ്, മരട് എസ്‌ഐ ബൈജു.പി.ബാബു, ഹിൽപാലസ് എസ്‌ഐ കെ.ആർ ബൈജു, സൗത്ത് എസ്‌ഐ എൻ.എസ് റോയി, തൃക്കാക്കര സബ് ഡിവിഷനിലെ സ്‌ക്വാഡ് അംഗങ്ങളും. ഷാഡോ പൊലീസ് അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP