Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുട്ടറ്റം വെള്ളമുള്ള തോട്ടിൽ കുളിക്കാൻ രാവിലെ പോയ അംഗൻവാടി അദ്ധ്യാപിക തിരിച്ചെത്തിയില്ല; അന്വേഷണത്തിനിടെ മൃതദേഹം കണ്ടത് തോട്ടുവക്കിലെ മാളത്തിൽ; നാട്ടുകാരും വീട്ടുകാരും ദുരൂഹത ആരോപിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല; ചെറുവട്ടൂരിലെ നിനിയുടെ മരണം സംഭവിച്ചിട്ട് പത്തുവർഷം; നിനി മരിക്കുന്നത് വീട്ടിലെത്തിയ സുഹൃത്ത് ഭർത്താവ് ബിജുവിന് അശ്ളീല സിഡി നൽകിയെന്ന കാര്യം സ്വന്തം വീട്ടിൽ പറഞ്ഞതിന് പിന്നാലെ

മുട്ടറ്റം വെള്ളമുള്ള തോട്ടിൽ കുളിക്കാൻ രാവിലെ പോയ അംഗൻവാടി അദ്ധ്യാപിക തിരിച്ചെത്തിയില്ല; അന്വേഷണത്തിനിടെ മൃതദേഹം കണ്ടത് തോട്ടുവക്കിലെ മാളത്തിൽ; നാട്ടുകാരും വീട്ടുകാരും ദുരൂഹത ആരോപിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല; ചെറുവട്ടൂരിലെ നിനിയുടെ മരണം സംഭവിച്ചിട്ട് പത്തുവർഷം; നിനി മരിക്കുന്നത് വീട്ടിലെത്തിയ സുഹൃത്ത് ഭർത്താവ് ബിജുവിന് അശ്ളീല സിഡി നൽകിയെന്ന കാര്യം സ്വന്തം വീട്ടിൽ പറഞ്ഞതിന് പിന്നാലെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുട്ടറ്റം വെള്ളമുള്ള തോട്ടിൽ കുളിക്കാൻ രാവിലെ പോയ അംഗൻവാടി അദ്ധ്യാപിക തിരിച്ചെത്തിയില്ല. ഉറ്റവരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടുകിട്ടിയത് തോട്ടുവക്കിലെ മാളത്തിൽ തിരുകികയറ്റിയ നിലയിൽ ജഡം. വെള്ളം ഉള്ളിൽച്ചെന്നാതാണ് മരണത്തിന് കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന തള്ളി വീട്ടുകാരും നാട്ടുകാരും. ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ പൊലീസ് ആരംഭിച്ച അന്വേഷണം പത്തുവർഷം പിന്നിടുമ്പോഴും തുടങ്ങിയിടത്തുതന്നെ.സിബിഐ അന്വേഷണത്തിന് സർക്കാർ കനിവ് തേടി ഉറ്റവവരും നാട്ടുകാരും.

ചെറുവട്ടൂർ കരിവേലിപ്പടി ബിജുവിന്റെ ഭാര്യ നിനി മരിച്ചിട്ട് ഇന്ന് 10 വർഷം പൂർത്തിയായി.ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിനി കൊല്ലപ്പെടുകയായിരുന്നുവെന്ന് വ്യക്തമായത്. 2009 മാർച്ച് 11-ന് വൈകുന്നേരം വീടിന് സമീപത്ത് തോടുവക്കിലെ മാളത്തിൽ തിരുകിക്കയറ്റിയ നിലയിലാണ് ജഡം കാണപ്പെട്ടത്.

കോതമംഗലം പൊലീസ് ചാർജ് ചെയ്ത കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികൾ നടന്നിരുന്നു. ഇതെ തുടർന്നാണ് ഗവൺമെന്റ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

നിനിയുടെ കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.വി.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. 150-ലേറെ പേരെ ചോദ്യംചെയ്യുകയും അയൽവാസിയായ ഒരാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തിരുന്നു. പിന്നീട് ഡിവൈ.എസ്‌പി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിൽ നടന്ന രണ്ടാംഘട്ട അന്വേഷണത്തിലും കൊലപാതകത്തിനു ഉത്തരവദികളായവരെ കണ്ടെത്തുന്നതിനാനശ്യമായ ചെറുസൂചനപോലും ലഭിച്ചില്ല.

രാവിലെ പ്രഭാതഭക്ഷണം തയ്യാറാക്കി വച്ചതിനുശേഷം വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനായി പോയ നിനിയുടെ ജഡം തോട്ടുവക്കിലെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ട് ബിജുവും അമ്മയും ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ നിനിയെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കുളിക്കടവിൽ നിന്ന് ഏകദേശം 150 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. നിനിയുടെ മരണം കൊലപാതകമാണന്ന് അന്നതന്നെ അന്വേഷണഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടുവാൻ അന്വേഷണസംഘത്തിന് സാധിക്കാത്തതിന്റെ പേരിൽ തുടരന്വേഷണം ഗവൺമെന്റ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ നിനിയുടെ ഭർത്ത്യവീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന പ്രചരണം ശക്തമായിരുന്നെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്നുള്ളതാണ് സത്യം. നിനിയുടെ മരണത്തിന് ശേഷം പ്രതിയെ രക്ഷപ്പെടുത്തുന്ന രീതിയിൽ ചില രാഷ്ട്രീയ ഇടപ്പെടലുകൾ ഉണ്ടായെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ നിരവധി വീഴ്ചകൾ ഉണ്ടായെന്നും ഇതിനാലാണ് പ്രതിയെ കണ്ടെത്താൻ കഴിയാത്തതെന്നുമുള്ള വിലയിരുത്തലുകളും നിലനിൽക്കുന്നു.

നിനി മരണപ്പെട്ട ശേഷം ഭർത്താവിനെക്കുറിച്ചും ഇയാളുടെ ചില സൂഹൃത്തുക്കളെക്കുറിച്ചും വീട്ടുകാർ ചില ആരോപണങ്ങൾ അന്വേഷണസംഘത്തിന്റെ മുന്നിൽ ഉന്നയിച്ചിരുന്നു. മരണപ്പെടുന്നതിന് തലേ ദിവസമാണ് ഭർത്താവ് ബിജു നിനിയെ സ്വന്തം വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. സുഹൃത്ത് ബിജുവിന് അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെടുന്ന സീഡീകൾ നൽകിയിരുന്നതായും ഇത് താൻ ചോദ്യം ചോദ്യം ചെയ്തിരുന്നതായും നിനി അമ്മയോട് വെളിപ്പെടുത്തിയിരുന്നു.

ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥർ വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നാണ് നിനിയുടെ അമ്മ വത്സയുടേയും പിതാവ് കുഞ്ഞൻപിള്ളയുടേയും പരാതി. പട്ടാപകൽ കുളിക്കടവിൽ വച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ട് 10 വർഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്നത് നാട്ടുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുട്ടിനു താഴെ മാത്രം ആഴമുണ്ടായിരുന്ന തോട്ടിൽ നിനി മുങ്ങി മരിക്കാൻ സാധ്യത വളരെ കുറവാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെള്ളം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

മുങ്ങി മരിക്കാൻ വേണ്ടത്ര വെള്ളമില്ലെങ്കിലും മുക്കിക്കൊന്നിരിക്കാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പെരുമ്പാവൂർ അല്ലപ്ര ഇടപ്പാട്ട് കുടുംബാംഗമായ നിനിയുടെ വിവാഹം കഴിഞ്ഞിട്ട് നാലുവർഷം പിന്നിട്ടിരുന്നെങ്കിലും കുട്ടികളുണ്ടായിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വോഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ കേസ് സിബിഐ.ക്ക് കൈമാറണമെന്നാണ് ഇപ്പോൾ പരക്കെ ഉയർന്നിട്ടുള്ള ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP