Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കവടിയാറിലെ കഫേ കോഫീ ഡേയിലെത്തി മൂന്നരക്കോടി വാങ്ങിയ ഈജിപ്തുകാരൻ വെറും ഡമ്മിയോ? എല്ലാം ഖാലിദിന്റെ തലയിൽ വച്ചു കെട്ടി രക്ഷപ്പെടാൻ ഒരുക്കിയ തിരക്കഥയുടെ ഭാഗമാണ് സന്തോഷ് ഈപ്പന്റെ മൊഴിയെന്ന വിലയിരുത്തലിൽ സിബിഐ; യൂണിടാക്ക് ഉടമയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനും ആലോചന; സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ നൽകാൻ യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന മൊഴിയിലും സംശയങ്ങൾ; ലൈഫ് മിഷനിൽ ആദ്യ അറസ്റ്റ് സന്തോഷ് ഈപ്പന്റേതാകും

കവടിയാറിലെ കഫേ കോഫീ ഡേയിലെത്തി മൂന്നരക്കോടി വാങ്ങിയ ഈജിപ്തുകാരൻ വെറും ഡമ്മിയോ? എല്ലാം ഖാലിദിന്റെ തലയിൽ വച്ചു കെട്ടി രക്ഷപ്പെടാൻ ഒരുക്കിയ തിരക്കഥയുടെ ഭാഗമാണ് സന്തോഷ് ഈപ്പന്റെ മൊഴിയെന്ന വിലയിരുത്തലിൽ സിബിഐ; യൂണിടാക്ക് ഉടമയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനും ആലോചന; സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ നൽകാൻ യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന മൊഴിയിലും സംശയങ്ങൾ; ലൈഫ് മിഷനിൽ ആദ്യ അറസ്റ്റ് സന്തോഷ് ഈപ്പന്റേതാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി വിശ്വസിക്കാതെ സിബിഐ. സന്തോഷ് ഈപ്പനെ നുണ പരിശോധനയ്ക്ക് സിബിഐ വിധേയമാക്കിയേക്കും. സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ നൽകാൻ യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി സന്തോഷ് ഈപ്പൻ പറയുന്നു. ഇത് കേരളത്തിലെ പ്രമുഖരെ രക്ഷിക്കാനുള്ള നീക്കമാണെന്ന സംശയം സജീവമാണ്. ഇന്നലെ സിബിഐ. കൊച്ചി ഓഫീസിൽ തിങ്കളാഴ്ച രണ്ടരമണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പിലാണ് സന്തോഷ് ഈപ്പൻ നിരവധി നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കരാർ കിട്ടാൻ കൈക്കൂലി നൽകിയിട്ടില്ലെന്നും വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണം തന്നെ വിളിച്ചേൽപ്പിക്കുകയായിരുന്നെന്നും സന്തോഷ് ഈപ്പൻ സിബിഐ.യോടു വെളിപ്പെടുത്തി. ലൈഫ് മിഷൻ ക്രമക്കേടിൽ വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ.) ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ. കേസെടുത്തത്. യൂണിടാക് ഓഫീസിലും സന്തോഷ് ഈപ്പന്റെ വീട്ടിലുംനടന്ന റെയ്ഡിനുശേഷം തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സിബിഐ. ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു. ഇനിയും സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യും. സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കം.

ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ചില രേഖകളും സന്തോഷ് ഈപ്പൻ അന്വേഷണ സംഘത്തിനു നൽകി. ഇവ പരിശോധിച്ചശേഷം വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സിബിഐ. നൽകുന്ന സൂചന. നാലരക്കോടി രൂപയോളം കമ്മിഷൻ നൽകിയതായാണ് സന്തോഷ് ഈപ്പൻ നൽകിയ മൊഴി. ഇതിനെ കോഴയായി കാണാനാവില്ല. തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് സ്വപ്നയും കോൺസുലേറ്റ് ഉദ്യോഗസ്ഥരും പദ്ധതിയുടെ കാര്യങ്ങൾ വിശദീകരിച്ചത്. തന്റെ കമ്പനിയിൽ നേരത്തേ ജോലിചെയ്തിരുന്ന യദു രവീന്ദ്രനാണ് ഇതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇയാളാണ് സ്വപ്നയ്ക്കും സംഘത്തിനും തന്നെയും സ്ഥാപനത്തെയും പരിചയപ്പെടുത്തിയത്.

കരാറിന്റെ കമ്മിഷനായ നാലരക്കോടിയിൽ മൂന്നരക്കോടി കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ അക്കൗണ്ടന്റിന് തിരുവനന്തപുരത്തെത്തി നൽകി. ഇതേ മൊഴിയാണ് മറ്റു മൂന്ന് അന്വേഷണ ഏജൻസിക്കുമുന്നിലും സന്തോഷ് ഈപ്പൻ നൽകിയത്. സന്ദീപിന്റെ കമ്പനിയായ 'ഇസോമങ്കി'ലേക്ക് 70 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫറിലൂടെ കൈമാറി. ഇതല്ലാതെയും ചിലർക്ക് കമ്മിഷൻ നൽകിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. എ്ന്നാൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്നത് കമ്മിഷനായി കാണാനാവില്ലെന്നും ഇത് കോഴ നൽകലാണെന്നുമാണ് സിബിഐ.യുടെ വിലയിരുത്തൽ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ യൂണിടാക്കിൽ നിന്നു പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും സിബിഐ പരിശോധിക്കും.

ആദ്യഗഡു കോഴയായി കൈപ്പറ്റിയ യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് വെറും ഡമ്മിയാണെന്ന് സിബിഐ കരുതുന്നു. കോഴയിടപാട് ഖാലിദിന്റെ തലയിലാക്കി രക്ഷപെടാനുള്ള കള്ളക്കഥയാണെന്നാണ് സംശയം.2019 ജൂലായ്11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. ഓഗസ്റ്റ് മൂന്നിന് കോൺസുലേറ്റ് വാഹനത്തിലെത്തിയ ഖാലിദിന് കവടിയാറിൽ വച്ച് പണം കൈമാറിയെന്നാണ് യൂണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ പറയുന്നത്. നയതന്ത്രപരിരക്ഷയില്ലാത്ത ഖാലിദ് ഇത്രയും പണവുമായി ഓഗസ്റ്റ് അഞ്ചിന് രാജ്യം വിട്ടെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് സിബിഐ വിലയിരുത്തൽ.

യൂണിടാക് ഉടമയിൽനിന്ന് പണം സ്വീകരിക്കാൻ സ്വപ്നയും സംഘവും ഖാലിദിനെ രംഗത്തിറക്കിയെന്നാണ് സംശയം. ഓഗസ്റ്റ് 12ന് സ്വപ്നയെയും കോൺസുലേറ്റിൽ നിന്ന് പുറത്താക്കി.ഇതിനുശേഷമാണ് റെഡ്ക്രസന്റയച്ച രണ്ടാം ഗഡുവിൽ നിന്ന് സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ ഐസൊമോങ്ക് കമ്പനിയുടെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75 ലക്ഷം രൂപ കോഴയെത്തിയത്. ഖാലിദും സ്വപ്നയും സരിത്തും ഈസമയം കോൺസുലേറ്റിൽ നിന്ന് പുറത്തായിരുന്നു. എന്നിട്ടും കോഴയിടപാട് കൃത്യമായി നടന്നു. കോഴപ്പണം വിദേശത്ത് കടത്താൻ ആക്‌സിസ് ബാങ്കിൽ നിന്ന് ഒരുകോടി രൂപ ഡോളറാക്കിയെടുത്തു. ഇതെല്ലാം ദുരൂഹമായി സിബിഐ കാണുന്നു.

ഇനി ഇടപാടിൽ യൂണിടാക് ഉടമ മറ്റാരെയെങ്കിലും സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോയെന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകളിലേക്കു സിബിഐ നീങ്ങും. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ 20 കോടി രൂപയുടെ വിദേശ ധനസഹായം ലഭിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമ്മാണക്കരാർ ലഭിച്ചതിനു 75 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്കും ബാക്കി 3.50 കോടി രൂപ 2019 ഓഗസ്റ്റ് 2നു രാത്രി തിരുവനന്തപുരം കവടിയാറുള്ള കഫേ കോഫി ഡേ എന്ന കാപ്പിക്കടയുടെ സമീപം വിദേശ കറൻസിയായും ഖാലിദിനു കൈമാറിയെന്നാണു യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി.

അതിനിടെ ലൈഫ് മിഷൻ കേസിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം വടക്കാഞ്ചേരി നഗരസഭയിലെത്തി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തു. കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധന രണ്ടര മണിക്കൂർ നീണ്ടുനിന്നു. ഇന്നലെ രാവിലെ 10.35ന് എത്തിയ സിബിഐ ഉദ്യോഗസ്ഥർ ഫയൽ ആവശ്യപ്പെട്ടുള്ള കത്ത് നഗരസഭാ സെക്രട്ടറി കെ.എം മുഹമ്മദ് അനസിന് കൈമാറി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സെക്രട്ടറി കൈമാറി. ലൈഫ് കെട്ടിട നിർമ്മാണത്തിന് 2019 സെപ്റ്റംബറിൽ നഗരസഭ നൽകിയ പെർമിറ്റ്, നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് വൈദ്യുതി കണക്ഷൻ എടുക്കുന്നതിനായി ഇലക്ട്രിസിറ്റി ബോർഡിൽ അടച്ച രണ്ടര ലക്ഷം രൂപയുടെ രേഖകൾ എന്നിവയുടെ ഒറിജിനൽ ഫയലുകളാണ് കൈമാറിയത്.

ജില്ലാ ടൗൺ പ്ലാനറുടെ അപ്രൂവൽ പ്രകാരമുള്ള രേഖകളിലാണ് ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് പെർമിറ്റ് അനുവദിച്ചതെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. പെർമിറ്റിനായി ലൈഫ് മിഷൻ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP