Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖുറാന്റെ മറവിൽ സ്വർണ്ണവും കടത്തിയെന്ന നിഗമനത്തിൽ എൻഐഎ; ലോറി സംഭവ ദിവസം 360 കിലോമീറ്റർ അധികം ഓടിയത് ദുരൂഹം; വാഹനത്തിൽനിന്നു ജി.പി.എസ്. യൂണിറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെങ്കിൽ ശാസ്ത്രീയ പരിശോധനയിലൂടെ റൂട്ട് കണ്ടെത്താനാകുമെന്നും വിലയിരുത്തൽ; വണ്ടി ബംഗളൂരുവിലേക്ക് പോയതിലും സംശയങ്ങൾ ഏറെ; പാഴ്‌സൽ എത്തിയതിന്റെ രേഖയും ഇല്ല; സർവ്വത്ര കൃത്രിമം എന്ന നിഗമനത്തിൽ ദേശീയ ഏജൻസി; മന്ത്രി ജലീലിന് ക്ലീൻ ചിറ്റ് നൽകാതെ അന്വേഷണം

ഖുറാന്റെ മറവിൽ സ്വർണ്ണവും കടത്തിയെന്ന നിഗമനത്തിൽ എൻഐഎ; ലോറി സംഭവ ദിവസം 360 കിലോമീറ്റർ അധികം ഓടിയത് ദുരൂഹം; വാഹനത്തിൽനിന്നു ജി.പി.എസ്. യൂണിറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെങ്കിൽ ശാസ്ത്രീയ പരിശോധനയിലൂടെ റൂട്ട് കണ്ടെത്താനാകുമെന്നും വിലയിരുത്തൽ; വണ്ടി ബംഗളൂരുവിലേക്ക് പോയതിലും സംശയങ്ങൾ ഏറെ; പാഴ്‌സൽ എത്തിയതിന്റെ രേഖയും ഇല്ല; സർവ്വത്ര കൃത്രിമം എന്ന നിഗമനത്തിൽ ദേശീയ ഏജൻസി; മന്ത്രി ജലീലിന് ക്ലീൻ ചിറ്റ് നൽകാതെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഖുറാന്റെ മറവിൽ സി ആപ്റ്റ് വാഹനത്തിൽ കൊണ്ടു പോയതിൽ സ്വർണ്ണവും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് എൻഐഎയും കസ്റ്റംസും. കോൺസുലേറ്റിൽനിന്നുള്ള പാഴ്സലുകളുമായി മലപ്പുറത്തേക്കു പോയ ദിവസം സി-ആപ്റ്റിന്റെ ലോറിയുടെ ജി.പി.എസ്. സംവിധാനം പത്ത് മണിക്കൂറോളം വിച്ഛേദിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയത് ഈ സംശയമാണ് സജീവമാക്കുന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ജി.പി.എസ്. പ്രവർത്തിച്ചിരുന്നെങ്കിൽ വാഹനത്തിന്റെ റൂട്ട് കൃത്യമായി ലഭിക്കുമായിരുന്നു. ഇത് മനഃപൂർവം വിച്ഛേദിച്ചതാണോ എന്നാണ് സംശയം. ഈ സാഹചര്യത്തിൽ സിആപ്ട് വാഹനത്തിൽ ഖുറാൻ കൊണ്ടു പോയതിന് പിന്നിൽ പ്രവർത്തിച്ചവരെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യും.

ലോറി സംഭവ ദിവസം 360 കിലോമീറ്റർ അധികം ഓടിയതായി കണ്ടെത്തിയിട്ടുണ്ട്. ലോഗ് ബുക്കിലെ കണക്കുകളിൽ ക്രമക്കേടുള്ളതായി സൂചനയുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. യു.എ.ഇ. കോൺസുലേറ്റിൽനിന്നുള്ള പാഴ്സൽ മലപ്പുറത്തേക്കു കൊണ്ടുപോയ സി-ആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടിച്ചെടുത്തു. ചൊവ്വാഴ്ച മൂന്നുതവണയായി നടന്ന പരിശോധനയുടെ തുടർച്ചയായാണ് ബുധനാഴ്ച രാവിലെ എൻ.ഐ.എ. സംഘമെത്തിയത്. വട്ടിയൂർക്കാവ് സി-ആപ്റ്റ് വളപ്പിൽവെച്ച് എൻ.ഐ.എ. ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. സർവ്വത്ര തട്ടിപ്പാണ് ഇതിൽ നിറയുന്നത്.

ജി.പി.എസ്. യൂണിറ്റ് വാഹനത്തിൽനിന്നു വേർപെടുത്തി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വാഹനത്തിൽനിന്നു ജി.പി.എസ്. യൂണിറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെങ്കിൽ ശാസ്ത്രീയ പരിശോധനയിലൂടെ റൂട്ട് കണ്ടെത്താനാകും. ജീവനക്കാരുടെ മൊഴികളിൽ വൈരുധ്യമുള്ളതുകൊണ്ടാണ് ജി.പി.എസ്. പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഇത് കേസിൽ അതീവ നിർണ്ണായകമാകും. അങ്ങനെ വന്നാൽ ജീവനക്കാരുടെ മൊഴികളിലെ സത്യം തെളിയും. അധികം ഓടിയത് എങ്ങോട്ടാണെന്നതും വ്യക്തമാകും. സി-ആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് വെഹിക്കിൾ സൂപ്പർവൈസർ സുരേഷിനെ എൻ.ഐ.എ. ഉദ്യോഗസ്ഥർ വീണ്ടും ചോദ്യംചെയ്തിരുന്നു. ജി.പി.എസ്. വേർപെട്ടത് യാദൃച്ഛികമാണെന്നാണ് ജീവനക്കാർ നൽകിയ മൊഴി.

ഡ്രൈവർ അഗസ്റ്റിനും ഇതുതന്നെ ആവർത്തിച്ചു. അച്ചടിച്ച ചോദ്യക്കടലാസുകൾ മലപ്പുറത്ത് വിതരണംചെയ്യാൻ സി-ആപ്റ്റിൽനിന്നു പോയ കെ.എൽ. എ.ഡബ്ല്യു. 6981 രജിസ്ട്രേഷനുള്ള മിനിലോറിയിലാണ് കോൺസുലേറ്റിൽനിന്നുള്ള 32 കെട്ടുകളും കൊണ്ടുപോയത്. സി-ആപ്റ്റിന്റെ അന്നത്തെ ഡയറക്ടർ എം. അബ്ദുൾറഹ്മാന്റെ നിർദ്ദേശപ്രകാരമാണ് പാഴ്സലുകൾ അയച്ചത്. മോട്ടോർവാഹന വകുപ്പിന്റെ സെർവറുമായി വാഹനങ്ങളുടെ ജി.പി.എസ്. ബന്ധിപ്പിക്കേണ്ടതുണ്ട്. എന്നാൽ, സി-ആപ്റ്റ് വാഹനങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്കു ബന്ധിപ്പിച്ചിരുന്നില്ല. അതേസമയം, സി-ആപ്റ്റ് ആസ്ഥാനത്തെ കംപ്യൂട്ടറിൽ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന വിധത്തിൽ ജി.പി.എസ്. ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ, മതഗ്രന്ഥങ്ങൾ കൊണ്ടുപോയ ദിവസത്തെ വിവരങ്ങളില്ല.

ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഘടിപ്പിക്കുന്നതോടെ വാഹനത്തിന്റെ യാത്രാവിവരങ്ങൾ പൂർണമായും ഓൺലൈനിൽ ലഭിക്കും. വാഹനം എവിടെയുണ്ടെന്നും ഏതു റൂട്ടിൽ ഓടുന്നു എന്നെല്ലാം അപ്പപ്പോൾ അറിയാം. മോട്ടോർവാഹന വകുപ്പിന്റെ കൺട്രോൾറൂമുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ജി.പി.എസ്. ഉപയോഗിക്കണമെന്നാണ് നിബന്ധന. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റിലേക്ക് യുഎഇ കോൺസുലേറ്റിൽ നിന്ന് എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങൾ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിൽ എത്തിച്ചത്. മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശപ്രകാരമായിരുന്നു സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത്. ഇക്കാര്യത്തിൽ കസ്റ്റംസ് ശേഖരിച്ച വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് എൻഐഎ പരിശോധന.

പാഴ്സലുകൾ കൊണ്ടുപോയ സമയത്ത് ഡെലിവറി സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന നിസാമിനെ അരമണിക്കൂറോളം ചോദ്യംചെയ്തു. നിസാമുമായി പുറത്തേക്കുപോയ എൻ.ഐ.എ. സംഘം, അദ്ദേഹത്തിന്റെ ഉള്ളൂരിലെ വീട്ടിൽനിന്ന് ഖുർആൻ കണ്ടെടുത്തു. സി-ആപ്റ്റ് എം.ഡി. സ്ഥലത്തില്ലായിരുന്നു. ഫിനാൻസ് അസി. ഡയറക്ടർ മനോജ് ബാബുവാണ് കാര്യങ്ങൾ വിശദീകരിച്ചത്. സി-ആപ്റ്റിൽ കോൺസുലേറ്റിന്റെ പാഴ്സൽ എത്തിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. അന്നത്തെ എം.ഡി. അബ്ദുറഹ്മാനാണ് പാഴ്സൽ കൊണ്ടുപോകാൻ നിർദ്ദേശം നൽകിയതെന്നും മന്ത്രി കെ.ടി.ജലീൽ നിർദ്ദേശിച്ച പ്രകാരമായിരുന്നു നടപടിയെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഇപ്പോൾ എൽ.ബി.എസ്. ഡയറക്ടറായ എം.അബ്ദുൾ റഹ്മാനെ എൽ.ബി.എസിലെത്തി ചോദ്യംചെയ്തു. തിരികെ സി-ആപ്റ്റിലെത്തി. സ്റ്റോറിലെ രേഖകൾ പരിശോധിച്ചു. ഡ്രൈവർ അഗസ്റ്റിൻ, വെഹിക്കിൾ സൂപ്പർവൈസർ സുരേഷ് എന്നിവരെ ചോദ്യംചെയ്തു. ലോറിയുടെ ജി.പി.എസ്. സംവിധാനം വിച്ഛേദിച്ചത് സംബന്ധിച്ച് വിശദീകരണം തേടി. പാഴ്സൽ കടത്തിനു പിന്നാലെ സി-ആപ്റ്റിലെ വാഹനം ബെംഗളൂരുവിൽ പോയത് എന്തിനാണെന്നും എൻ.ഐ.എ. ആരാഞ്ഞു.

സ്വപ്ന എത്തിച്ച 32 പാഴ്‌സലുകളിൽ ഒരെണ്ണം തുറന്ന് ജീവനക്കാരെ കാട്ടിയ ശേഷം ബാക്കിയുള്ളവ മലപ്പുറത്തേക്ക് കൊണ്ടുപോയെന്നാണ് മന്ത്രി ജലീൽ ആദ്യം പറഞ്ഞിരുന്നത്. തൂക്കത്തിൽ 14കിലോയുടെ വ്യത്യാസം എൻ.ഐ.എ കണ്ടെത്തിയതോടെ ഒരു പാക്കറ്റിലെ മതഗ്രന്ഥങ്ങൾ ജീവനക്കാർക്ക് നൽകിയെന്നാണ് പുതിയ വിശദീകരണം. ജീവനക്കാരെല്ലാം എൻ.ഐ.എയോട് ഇത് തന്നെ ആവർത്തിക്കുന്നു. കോൺസുലേ?റ്റിന്റെ പാഴ്‌സൽ സി-ആപ്റ്റിൽ എത്തിച്ചതെന്തിനെന്നും അതിന്റെ രേഖകൾ എവിടെയെന്നുമുള്ള ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മറുപടിയുണ്ടായില്ല.

അന്വേഷണം തുടങ്ങിയ ശേഷം അഞ്ച് ജീവനക്കാരെ സ്ഥലംമാറ്റിയതും അന്വേഷിക്കുന്നുണ്ട്. പാഴ്‌സൽ സ്വീകരിച്ചത് എന്തിന്, വാഹനം ഔദ്യോഗിക കാര്യത്തിനാണോ ബംഗളുരുവിൽ പോയത് തുടങ്ങിയ ചോദ്യങ്ങൾക്ക് അബ്ദുൽ റഹ്മാന് ഉത്തരമുണ്ടായില്ല. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻ.ഐ.എ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP