Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെങ്കൽ ചൂളയിൽ പണിയെടുത്ത് എന്നെ വളർത്തിയ അമ്മയാണ് എനിക്കെല്ലാം; മെഡൽ ലഭിച്ചകാര്യം ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ അമ്മ എന്നിൽ കണ്ണീർ നിറച്ചു; അഭിനന്ദനങ്ങളുമായി സച്ചിൻ ടെണ്ടുൽക്കർ വിളിച്ചതാണ് ഏറ്റവും സന്തോഷം തോന്നിയ നിമിഷം: പാരലിമ്പിക്‌സിൽ ഹൈജമ്പ് സ്വർണം നേടിയ മാരിയപ്പൻ തങ്കവേലു മറുനാടനോട്

ചെങ്കൽ ചൂളയിൽ പണിയെടുത്ത് എന്നെ വളർത്തിയ അമ്മയാണ് എനിക്കെല്ലാം; മെഡൽ ലഭിച്ചകാര്യം ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ അമ്മ എന്നിൽ കണ്ണീർ നിറച്ചു; അഭിനന്ദനങ്ങളുമായി സച്ചിൻ ടെണ്ടുൽക്കർ വിളിച്ചതാണ് ഏറ്റവും സന്തോഷം തോന്നിയ നിമിഷം: പാരലിമ്പിക്‌സിൽ ഹൈജമ്പ് സ്വർണം നേടിയ മാരിയപ്പൻ തങ്കവേലു മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: റിയോ പാരലിമ്പിക്‌സിൽ രാജ്യത്തിനായി സ്വർണം നേടിയതിന് ശേഷമുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണയും വിശ്വസിക്കാനാകുന്നില്ലെന്നും ഇതൊന്നും ഒരിക്കലും താൻ പ്രതീക്ഷിച്ചതല്ലെന്നും പാരലിമ്പിക്‌സിൽ ഹൈജമ്പ് സ്വർണം നേടിയ മാരിയപ്പൻ തങ്കവേലു മറുനാടൻ മലയാളിയോട്. പാരലിമ്പിക്‌സ് മെഡൽ ജേതാക്കളെ ആധരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു തങ്കവേലു. മെഡൽ നേടിയ ശേഷം തന്നെ ആളുകൾ തിരിച്ചറിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഈ 21 കാരൻ പറയുന്നു.

ഒരു ഗ്രാമത്തിനു മാത്രം അറിയാമായിരുന്ന തന്നെ ഇപ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ തിരിച്ചറിയുന്നു. ഇതിനു കാരണം പരിശീലകരും എന്റെ അമ്മയുമാണ്. ഇപ്പോൾ എന്നെ കാണുമ്പോൾ ആളുകൾ ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനായി വരുന്നു. ആദ്യമൊക്കെ ഇതിൽ വലിയ നാണം തോന്നിയിരുന്നു തനിക്കെന്നും തങ്കവേലു പറഞ്ഞു. മറുനാടൻ മലയാളിയുമായി സംസാരിക്കുമ്പോൾ തന്നെ തനിക്കൊപ്പം സെൽഫിയെടുക്കാനായി എത്തിയ വിദ്യാർത്ഥികളുടെ നീണ്ട നിര കണ്ട് കുട്ടിത്തം മാറാത്ത ആ മുഖത്ത് പിന്നെയും ചെറിയ അങ്കലാപ്പ് കാണാമായിരുന്നു. മെഡൽ ലഭിച്ച ശേഷം ഫോണിൽ സംസാരിച്ചപ്പോൾ അമ്മ പൊട്ടിക്കരയുകയായിരുന്നുവെന്നും അത് കേട്ട് തനിക്ക് സങ്കടം തോന്നിയെന്നും മാരിയപ്പൻ പറയുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തിയത് എന്റെ അമ്മയ്ക്കും രാജ്യത്തിനുമുള്ളതാണ് എന്റെ മെഡൽ.

ഒളിമ്പിക്‌സ് മെഡൽ നേടിയെത്തിയതിന്റെ യാതൊരു ഭാവവുമില്ല മാരിയപ്പന്റെ മുഖത്ത്. ഹൈജംമ്പിനെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു. സ്‌കൂൾ തലത്തിലായാലും ലോക വേദിയിലായാലും ഹൈജംമ്പിൽ ഒന്നാമനാവുക എന്നതുമാത്രമായിരുന്നു താന്റെ ലക്ഷ്യം. മെഡൽ നേടാന് കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് റിയോയിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അഞ്ചാം വയസിൽ അപകടത്തിൽ നഷ്ടമായ കാൽപാദവും വച്ച് ഇവിടെ വരെ എത്തിയ ആ ആത്മവിശ്വാസം തന്നെ ധാരാളമായിരുന്നു വിജയം നേടാൻ മാരിയപ്പന്. തങ്കവേലുവിന്റെ കായിക ജീവിതത്തിലെ വഴിത്തിരിവായിരുന്നു കോച്ച് സത്യനാരായണ. 2013 ൽ നടന്ന ദേശീയ പാര-അത്ലറ്റിക് മീറ്റിലാണ് സത്യനാരായണ തങ്കവേലുവിനെ കാണുന്നത്. 2015 ൽ സത്യനാരായണ തങ്കവേലുവിനെ വിളിച്ചു, അവനെ പരിശീലിപ്പിക്കാനുള്ള താതപര്യം പ്രകടിപ്പിക്കുകയും ബെംഗളൂരുവിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. സത്യനാരായണയുടെ കീഴിൽ തങ്കവേലുവിലെ കായികതാരം പിന്നീട് ലോകനിലവാരത്തിലേക്ക് വളരുകയായിരുന്നു. മാരിയപ്പനുമായുള്ള അഭിമുഖത്തിലേക്ക്...

  • രാജ്യത്തിന് വേണ്ടി മെഡൽ നേടുക എന്നത് എല്ലാവരെയും സംബന്ധിച്ചടത്തോളം വലിയ കാര്യമാണ്. പാരാലിമ്പിക്‌സിൽ താങ്കൾക്ക് സ്വർണ മെഡൽ നേടാൻ സാധിച്ചു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

പാരാലിമ്പിക്‌സിലേക്ക് യോഗ്യത നേടിയപ്പോൾ തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടായിരുന്നു. അംഗ പരിമിതർക്കുള്ള ലോക കായികമേളയിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ കാര്യം തന്നെയല്ലേ. അതും തന്നെപ്പോലെ സാധാരണ ചുറ്റുപാടുകളിൽ നിന്നും വന്ന ഒരാൾക്ക്. സത്യനാരായണൻ സാറിന്റെ പിന്തുണയാണ് മെഡൽ നേടാൻ ഏറ്റവും സഹായകമായത്. ഫൈനൽ ജംമ്പിനായി തയ്യാറെടുത്തപ്പോൾ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ തന്റെ ഈഴം എത്താൻ ആകുന്തോറും മനസിലാകെ ഒരു ടെൻഷൻ തോന്നിയിരുന്നു. ഇതു മനസിലാക്കിയ പരിശീലകൻ സത്യനാരായണൻ സാർ അടുത്തു വരികയും ധൈര്യം തരികയുമായിരുന്നു. 'നീ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ നാട്ടിൽ ചെയ്യുന്ന പോലെ തന്നെ അങ്ങു ചെയ്താ മതി' ആ വാക്കുകൾ വലിയ പ്രചോദനമാണ് നൽകിയത്. സത്യനാരായണൻ സാർ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും ഇത്തരം നേട്ടങ്ങൾ പ്രാപ്തമാവില്ലായിരുന്നു.

  • മെഡൽ നേടിയ നിമിഷത്തെ എങ്ങനെ ഓർത്തെടുക്കുന്നു?

എനിക്ക് ഒപ്പം തന്നെ സത്യനാരായണൻ സാറിന്റെ കീഴിൽ പരിശീലനം നടത്തുന്ന വരുണിനു വെങ്കല മെഡൽ കൂടി ലഭിച്ചിരുന്നു. സത്യം പറഞ്ഞാൽ ഇരുവർക്കും ഒരുമിച്ച് മെഡൽ ലഭിച്ചതാണ് വിശ്വസിക്കാൻ കഴിയാഞ്ഞത്. വരുണിന് വെങ്കല മെഡലിനേക്കാൾ വലുത് നേടാനുള്ള കഴിവുണ്ട്. ഞങ്ങൾക്കിരുവർക്കും മെഡൽ ലഭിച്ചത് സ്വപ്‌നമാണോ സത്യമാണോയെന്ന ആദ്യ നിമിഷങ്ങളിൽ വിശ്വസിക്കാനായില്ല. സ്വർണ മെഡൽ ഏറ്റുവാങ്ങാനായി പോഡിയത്തിൽ കയറിയപ്പോൾ സന്തോഷവും കണ്ണീരുമെല്ലാം ഒരുമിച്ചെത്തിയ അവസ്ഥയായിരുന്നു. എനിക്ക് മെഡൽ ലഭിച്ചതിനു പിന്നിൽ ഏറ്റവും കൂടുതൽ പ്രയത്‌നിച്ചതും പ്രോത്സാഹനങ്ങൾ നൽകിയതും സ്‌കൂൾ തലം മുതൽ പരിശീലിപ്പിച്ച അദ്ധ്യാപകരാണ്. ഇവരെല്ലാം മനസിലേക്ക് ഓടിയെത്തിയ സമയമായിരുന്നു അത്. സ്‌റ്റേഡിയൽ ഓടി നടന്ന് എല്ലാവർക്കും മധുരം നൽകുകയായിരുന്നു സത്യനാരായണൻ സാർ.

  • രാജ്യത്തിന് വേണ്ടി നേടിയ മെഡൽ അഭിമാന നേട്ടമായിരുന്നു. ആരൊക്കെ വിളിച്ചു അഭിനന്ദിച്ചു?

മെഡൽ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർ അഭിനന്ദിച്ചതാണ് ഏറ്റവും സന്തോഷം തോന്നിയ നിമിഷം. നമ്മളൊക്കെ ആരാധിക്കുന്ന നിരവധി താരങ്ങൾ അഭിനന്ദിച്ചപ്പോൾ സന്തോഷം തന്നെയാണ് തോന്നിയത്. തുറന്നു പറഞ്ഞാൽ അത്രയുമൊക്കെ ലഭിക്കാൻ ഭാഗ്യം ഉണ്ടായി എന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പല സ്വീകരണ ചടങ്ങുകളിലും പങ്കെടുത്തു. ആളുകൾ കൂട്ടത്തോടെ വന്ന് അഭിനന്ദിക്കുന്നു. കെട്ടിപ്പിടിച്ചും തോളത്ത് തട്ടിയും ചേർത്ത് നിർത്തി ഫോട്ടോയെടുത്തും ആളുകൾ സമീപിക്കുമ്പോൾ സന്തോഷം അല്ലാതെ എന്തു തോന്നാൻ.

  • ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പ്രകടനവും പാരാലിമ്പിക്‌സിലെ പ്രകടനവും

ഒളിമ്പിക്‌സിൽ ഒരു മെഡൽ നേട്ടത്തിനായി രാജ്യം മുഴുവൻ കണ്ണു നട്ട് കാത്തിരുന്നു. ഇന്ത്യയ്ക്ക് എപ്പോൾ ഒരു മെഡൽ കിട്ടുമെന്ന് രാജ്യത്തിനകത്തും വിദേശത്തും വരെ ചർച്ചയായി. ഒന്നു പറയട്ടെ, മെഡൽ നേടിയാൽ മാത്രമെ, മികച്ച താരമാകൂ എന്ന സമീപനം തന്നെ തെറ്റാണ്. കഠിനാധ്വാനം ചെയ്താണ് ഒളിമ്പിക്‌സ് താരങ്ങൾ അവിടെ വരെ എത്തിയത്. നിർഭാഗ്യം കൊണ്ടാണ് പല മെഡലുകളും നമുക്ക് നഷ്ടമായത്. എനിക്ക് മെഡൽ നേടാനാകുമെന്ന് ഉറച്ച് വിശ്വാസം തന്നെ ഉണ്ടായിരുന്നു. പിന്നെ അവിടെ എത്തിയപ്പോഴുണ്ടായിരുന്ന ടെൻഷനൊക്കെ സത്യനാരായൺ സാറിന്റെ വാക്കുകൡലൂടെ ഇല്ലാതായി. മികച്ച പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നമുക്ക് കായിക ഭൂപടത്തിൽ ഇന്ത്യയെ ഇനിയും മുന്നോട്ടു നയിക്കാനാകും.

  • അമ്മയെയും കുടുംബത്തെയും കുറിച്ച്

അഞ്ചാം വയസിൽ സ്‌കൂളിലേക്ക് പോകുമ്പോൾ ഒരു ബസ് അപകടത്തിലാണ് എനിക്ക് കാൽപാദം നഷ്ടമായത്. വളരെ കഷ്ടപ്പെട്ടാണ് പിന്നീട് അമ്മ എന്നെ വളർത്തിയത്. ചെങ്കൽ ചൂളിയിൽ പണിയെടുത്തും ഉന്തുവണ്ടിയിൽ പഴങ്ങളും പച്ചക്കറികളും കച്ചവടം നടത്തിയാണ് വരുമാനം കണ്ടെത്തിയിരുന്നത്. സാധാരണ ഗതിയിൽ ഇത്തരം ചുറ്റുപാടുകളിൽ നിന്നും വരുന്ന കുട്ടികളോട് പഠിച്ച് നല്ല ജോലി വാങ്ങുക എന്ന ഉപദേശമാകും എല്ലാവരും നൽകുക. എന്നാൽ കായിക രംഗത്തേക്കുള്ള എന്റെ താൽപര്യം മനസിലാക്കി എനിക്കൊപ്പം നിൽക്കുകയായിരുന്നു അമ്മ. മെഡൽ നേടിയ ഉടനെ പ്രാർത്ഥനയോടെ കാത്തിരുന്ന ഗ്രാമത്തിലുള്ള അമ്മയെ ഫോണിൽ വിളിച്ചപ്പോൾ അവർ കരയുന്നുണ്ടായിരുന്നു. മെഡൽ നേടിയ ശേഷം ഒരുപാട് പാരിതോഷികങ്ങളും സമ്മാന തുകയുമെല്ലാം കിട്ടുന്നതുകൊണ്ട് അമ്മയെ ഇപ്പോൾ ജോലിക്ക് വിടാറില്ല. അതുതന്നെയാണ് ഏറ്റവും സന്തോഷവും അഭിമാനവും. രണ്ട് സഹോദരന്മാരും ഒരു ചേച്ചിയുമാണ് ഉള്ളത്. ചേച്ചിയെ വിവാഹം കഴിപ്പിച്ച് അയച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP